റെഡി ടു വെയ്റ്റ് (കാത്തിരിക്കാൻ സന്നദ്ധമാണ്) എന്നത് ശബരിമലയിലെ യുവതിപ്രവേശനവുമായ ി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഉയർന്നുവന്ന ഒരു മുദ്രാവാചകമാണ്. ശബരിമല സന്നി ധാനത്ത് കയറാൻ അമ്പത് വയസ്സുവരെ കാത്തിരിക്കാൻ ഞങ്ങൾ സന്നദ്ധമാണ് എന്ന സന്ദേശമാണ് ഈ പ്രയോഗത്തിലൂടെ ആചാരസംരക്ഷണവാദികൾ മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയത്തിൽ ഇത്ത രമൊരു ദീർഘ കാത്തിരിപ്പിന് സന്നദ്ധമായ സംഘം എന്ന നിലക്കായിരിക്കും ഇന്ത്യൻ നാഷനൽ ലീ ഗ് എന്ന പാർട്ടി ചരിത്രത്തിൽ ഇടംപിടിക്കുക. ഇടതുപക്ഷത്ത് കയറിയിരിക്കാനുള്ള കാൽനൂറ്റാണ്ട് കാലത്തെ അവരുടെ കാത്തിരിപ്പിന് ഡിസംബർ 26ന് അറുതിയായിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃയോഗം ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ബി, ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികൾക്കൊപ്പം ഐ.എൻ.എല്ലിനെയും എൽ.ഡി.എഫിൽ ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തിരിക്കുകയാണ്.
മുന്നണിരാഷ്ട്രീയം എന്ന ആശയം മികച്ച രീതിയിൽ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലായി രാഷ്ട്രീയം വിഭജിക്കപ്പെട്ടിട്ട് കാലമേറെയായി. കോട്ടപോലെ നിൽക്കുന്ന ഈ മുന്നണികൾക്കു പുറത്ത് വേറൊരു പാർട്ടി രക്ഷപ്പെട്ടുവരുകയെന്നത് ക്ലേശകരമാണ്. വിവിധ സാമൂഹിക വിഭാഗങ്ങളെയും രാഷ്ട്രീയധാരകളെയും സമന്വയിപ്പിക്കാൻ കഴിയുന്നുവെന്നതാണ് മുന്നണിരാഷ്ട്രീയത്തിെൻറ പ്രത്യേകതകളിലൊന്ന്. പ്രാതിനിധ്യ മൂല്യത്തിെൻറ കോണിലൂടെ നോക്കുമ്പോൾ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നതാണ് ഈ സംവിധാനം. അംഗസംഘടനകളെ വർധിപ്പിച്ചും അതിലൂടെ വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം കൂട്ടിയും മാത്രമേ വിജയിക്കാൻ കഴിയൂ എന്ന തിരിച്ചറിവ് ഇത് മുന്നണികൾക്ക് നൽകുന്നുണ്ട്. ആ നിലക്ക് നോക്കുമ്പോൾ നാല് പുതിയ ഘടകകക്ഷികൾകൂടി വരുന്നുവെന്നത് എൽ.ഡി.എഫിെൻറ ജനകീയതയെ വിപുലപ്പെടുത്തും.
പുതുതായി വന്ന ഘടകകക്ഷികളിൽ എൽ.ജെ.ഡി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവ നേരേത്ത എൽ.ഡി.എഫിെൻറ കൂടെയുണ്ടായിരുന്നവർതന്നെയാണ്. കേരള കോൺഗ്രസ് (ജോസഫ്) മാണി ഗ്രൂപ്പിൽ ലയിച്ച് യു.ഡി.എഫിലേക്ക് പോയപ്പോൾ അതിനോട് വിയോജിച്ചുനിന്ന സംഘമാണ് ജനാധിപത്യ കേരള കോൺഗ്രസ്. ജനതാദൾ സെക്കുലർ വിട്ട് വേറെ ദളമായി യു.ഡി.എഫിലേക്കു പോയ സംഘമാണ് ഇപ്പോൾ എൽ.ജെ.ഡിയായി തിരിച്ചെത്തിയിരിക്കുന്നത്. കേരള കോൺഗ്രസ്-ബി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന് മത്സരിക്കുകയും ഒരു സീറ്റിൽ വിജയിക്കുകയും ചെയ്തവരാണ്. അങ്ങനെ നോക്കുമ്പോൾ പുതിയ പാർട്ടികൾ എൽ.ഡി.എഫിലേക്കു വന്നു എന്നു പറയാൻ പറ്റില്ല. അതേസമയം, തങ്ങളോടൊപ്പം നിൽക്കുന്നവരെ ഔദ്യോഗികമായി മുന്നണിയിലെടുക്കുന്നതിലൂടെ ഭാവാത്മകമായ സന്ദേശം നൽകാൻ എൽ.ഡി.എഫിന് സാധിക്കുന്നുണ്ട്. പഴയ വരട്ടുവിധികളിൽനിന്ന് അൽപംകൂടി വിശാലതയുള്ളവരായി തങ്ങൾ മാറുന്നുവെന്ന സന്ദേശം. പുതുതായി വലിയൊരു ജനക്കൂട്ടത്തെ കൊണ്ടുവരാൻ സാധിക്കുന്നതല്ലെങ്കിലും മുന്നണിയുടെ പ്രതിച്ഛായ നന്നാക്കാൻ അത് സഹായിക്കും. തുറന്ന സമീപനം എന്നത് ഏതു രാഷ്ട്രീയ പ്രസ്ഥാനത്തെയും കൂടുതൽ ജനാധിപത്യവത്കരിക്കുകയേയുള്ളൂ.
എൽ.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട ഈ കാഴ്ചപ്പാടുകൾ പറയുമ്പോൾതന്നെ സവിശേഷമായ ചില കാര്യങ്ങൾ പറയാതിരിക്കാനാകില്ല. ഐ.എൻ.എൽ എന്ന പാർട്ടിയെ മുന്നണിയിലെടുക്കാൻ ഇത്രയും കാലമെടുത്തത് എന്ത് എന്നതുതന്നെയാണ് അതിൽ പ്രധാനം. കാൽ നൂറ്റാണ്ടായി ആചാരമെന്നപോലെ എൽ.ഡി.എഫിനെ പിന്തുണച്ചുപോന്ന പാർട്ടിയാണത്. ബി.ജെ.പിയുടെ കൂടെ നിന്നവർപോലും എളുപ്പം എൽ.ഡി.എഫിെൻറ ഭാഗമായപ്പോഴും പുറത്തുനിൽക്കാനായിരുന്നു അവരുടെ വിധി. ആ പാർട്ടിയുടെ മുസ്ലിം പശ്ചാത്തലമാണ് ഈ നിലപാടെടുക്കാൻ എൽ.ഡി.എഫിനെ േപ്രരിപ്പിച്ചത്. മുസ്ലിം പശ്ചാത്തലമുള്ള വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമെല്ലാം ബാധകമായ ‘മതേതര ടെസ്റ്റി’ന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു ഐ.എൻ.എൽ. ഇപ്പോൾ ഒരുപക്ഷേ, മറ്റു പല ഘടകകക്ഷികളെയും ഉൾപ്പെടുത്തുമ്പോൾ ഐ.എൻ.എല്ലിനെ പുറത്തുനിർത്തുന്നതിന് ന്യായം പറയാൻ കഴിയില്ല എന്നു വന്നപ്പോഴായിരിക്കണം അവരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്തുതന്നെയായാലും ഐ.എൻ.എല്ലിനെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദകരമാണ്. പ്രയാസപ്പെട്ട് തങ്ങൾ നിലനിർത്തിപ്പോരുന്ന പാർട്ടി കേരളത്തിലെ പ്രമുഖമായ മുന്നണിയുടെ ഭാഗമായതിൽ അവർക്ക് സന്തോഷിക്കാം. അപ്പോഴും അവരെ ഇത്രയും കാലം പടിക്കു പുറത്തുനിർത്തിയതിെൻറ കാരണം എൽ.ഡി.എഫിന് പൊതുവെയും സി.പി.എമ്മിന് വിശേഷിച്ചും വിശദീകരിക്കാൻ കഴിയില്ല.
ആദിവാസി നേതാവായ സി.കെ. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ പാർട്ടി മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും അവരെ സഹകരിപ്പിക്കാമെന്നു മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. നേരേത്ത ബി.ജെ.പി മുന്നണിയിലുണ്ടായിരുന്ന അവർ ഈയിടെയാണ് ആ സങ്കേതം വിട്ടത്. വലിയ ബഹുജന പിന്തുണയുള്ള പാർട്ടിയല്ലെങ്കിലും സമൂഹത്തിലെ ഏറ്റവും ദുർബലമായ ജനവിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന, അവരിൽനിന്നുയർന്നുവന്ന പാർട്ടിയെന്ന നൈതികമൂല്യം അവർക്കുണ്ട്. അത്തരമൊരു കൂട്ടരെ അകത്ത് കയറ്റിയിരുത്തുക എന്നതായിരുന്നു ഇടതുപക്ഷ രാഷ്ട്രീയത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നത്. ഇന്നലെവരെ ബി.ജെ.പിയോടൊപ്പം നിന്നവർ എന്നൊരു അപരാധം നിശ്ചയമായും ജാനുവിനെതിരെ ഉന്നയിക്കാം. അതേസമയം, രാഷ്ട്രീയ നിസ്സഹായാവസ്ഥയാണ് അങ്ങനെയൊരു മോശം നിലപാടെടുക്കാൻ അവരെ േപ്രരിപ്പിച്ചതെന്നും കാണാവുന്നതാണ്. ഇടതുപക്ഷ മൂല്യങ്ങളോടാണ് ആഭിമുഖ്യമെങ്കിൽ വൈകാതെതന്നെ അവരെയും മുന്നണിയുടെ ഭാഗമാക്കുകയാണ് എൽ.ഡി.എഫ് ചെയ്യേണ്ടത്. ഐ.എൻ.എല്ലിനോട് ചെയ്ത അപരാധം ഇക്കാര്യത്തിൽ ആവർത്തിക്കില്ല എന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.