പിന്തുടരണം, കർണാടകയുടെ കാൽവെപ്പ്

ഏതുനിമിഷവും കത്തിപ്പടരാവുന്ന രീതിയിൽ വർഗീയ വിദ്വേഷത്തെ എരിയിച്ചുനിർത്തിക്കൊണ്ട് രാജ്യമൊട്ടുക്ക് വിദ്വേഷ പ്രസംഗകർ നിറഞ്ഞാടുകയാണ്. പൊതുവേദികളിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ അവമതിക്കുകയും അവഹേളിക്കുകയും കൊലവിളിക്കുകയും ചെയ്തവർ നിയമനിർമാണ സഭകളിലും അതാവർത്തിക്കുന്നു. വിഡിയോ സന്ദേശങ്ങളായും പാട്ടുകളായും പ്രസംഗങ്ങളായും പ്രസരിക്കുന്ന വെറുപ്പിൽ മുങ്ങിയ കാലാൾ പടയാളികൾ തെരുവുകളിലിറങ്ങി കലാപങ്ങളും വർഗീയ അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കുന്നു. ആൾക്കൂട്ടക്കൊലപാതകങ്ങൾ രാജ്യത്തുടനീളം ഒരു പകർച്ചവ്യാധി കണക്കെ വ്യാപിക്കുകയാണ്.

വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും സാഹോദര്യത്തെയും തകർക്കുമെന്ന് പരമോന്നത നീതിപീഠം പലതവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പരാതി ലഭിക്കാൻ കാത്തുനിൽക്കാതെ, പ്രസംഗകന്റെ മതം നോക്കാതെ സ്വമേധയാ കേസെടുക്കണമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് 2023 ഏപ്രിൽ 28ന് ഉത്തരവിട്ടിരുന്നു. അനുകൂലമല്ലാത്ത നിർദേശങ്ങളും വിധിയും സുപ്രീംകോടതിയിൽനിന്ന് വന്നാലും പാലിക്കേണ്ടതില്ലെന്ന മട്ടിലാണ് രാജ്യത്തെ പല സർക്കാറുകളും, അതുകൊണ്ടുതന്നെ വിദ്വേഷ പ്രസംഗകർ ഒരു മുടക്കവും വരുത്തുന്നതുമില്ല. അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് രാജ്യമാണ്, ഇവിടത്തെ സാധാരണ ജനങ്ങളാണ്.

ഈയൊരു പശ്ചാത്തലത്തിൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ നടത്തിയ ചുവടുവെപ്പിനെ ധീരം എന്ന് വിളിക്കാതിരിക്കാനാവില്ല. രാജ്യത്ത് ഇതാദ്യമായി ഒരു സംസ്ഥാനം വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ പാസാക്കിയിരിക്കുന്നു. സമുദായങ്ങൾക്കോ വർഗങ്ങൾക്കോ വ്യക്തികൾക്കോ എതിരെ വെറുപ്പും ശത്രുതയും സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ വാക്കുകളിലൂടെയോ അടയാളങ്ങളിലൂടെയോ ദൃശ്യരൂപങ്ങളിലൂടെയോ ആശയവിനിമയം നടത്തുന്നത് വിദ്വേഷ പ്രസംഗത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

സുപ്രീംകോടതി നിർദേശത്തിന് ചുവടുപിടിച്ചാണ് പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയത്. വിദ്വേഷത്തിനെതിരായ ഏതൊരു കാൽവെപ്പും ആത്മാർഥമെങ്കിൽ അഭിനന്ദിക്കപ്പെടുകതന്നെ വേണം. എന്നാൽ, രാജ്യം ഭരിക്കുന്ന പാർട്ടിയും കർണാടകയിലെ പ്രതിപക്ഷ കക്ഷിയുമായ ബി.ജെ.പിക്ക് അതത്ര ബോധിച്ചിട്ടില്ല. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവരുന്നത് എന്നാണ് അവരുടെ പക്ഷം. പ്രതിപക്ഷ നേതാവ് ആർ. അശോക് സഭയിൽ വെച്ച് ബിൽ കീറിയെറിയുകയും ചെയ്തു. വിദ്വേഷം പറയൽ ജന്മാവകാശമാണെന്ന് വർഗീയ സംഘങ്ങൾ കരുതിപ്പോരുന്നുണ്ടാവണം.

കർണാടകയിൽ ബി.ജെ.പി-ജനതാദൾ സർക്കാറിന്റെ ഭരണകാലത്ത് വിദ്വേഷ പ്രസംഗകരുടെ ജംബൂരിയായിരുന്നു. അതിന് അനുബന്ധമായി സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ ഒട്ടേറെ വർഗീയ കലാപങ്ങളും കൊലപാതക പരമ്പരകളും അരങ്ങേറി. വെറുപ്പിന്റെ വ്യാപനത്തിനെതിരെ മതനിരപേക്ഷ ജനകീയ കൂട്ടായ്മകൾ മുൻകൈയെടുത്ത് ആവിഷ്കരിച്ച പ്രചാരണങ്ങളുടെ ഗുണഫലമായിരുന്നു സംസ്ഥാനത്തുണ്ടായ ഭരണമാറ്റം. ‘വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നു’ എന്ന പ്രചാരണ വാക്യവുമായി ന്യൂനപക്ഷ സമുദായങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും വിശ്വാസവും പിന്തുണയും ആർജിച്ച സർക്കാറിൽനിന്ന് ജനം തീർച്ചയായും ആഗ്രഹിച്ചതാണ് ഇത്തരമൊരു നടപടി.

ഒട്ടനവധി പുരോഗമനാത്മകമായ നയങ്ങൾ രാജ്യത്ത് ആദ്യമായി നടപ്പിൽവരുത്തിയ സംസ്ഥാനമായ കേരളത്തിനെതിരായും ഇവിടത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യംവെച്ചും ആസൂത്രിതമായ വിദ്വേഷ പ്രചാരണം സംഘ്പരിവാർ വാട്ട്സ്ആപ് നിലയങ്ങൾ കുറേകാലമായി നടത്തുന്നുണ്ട്. അതിന്റെ തുടർച്ചയെന്നോണം വിദ്വേഷപ്രസംഗത്തിന്റെ നിർവചനത്തിൽ വരുന്ന തരം കുറ്റങ്ങൾ കേരളത്തിൽ ദിനംപ്രതി പെരുകിവരുന്ന സാഹചര്യമാണ്. വർഗീയ ഫാഷിസ്റ്റുകളുടെ വിദ്വേഷ പ്രസംഗങ്ങൾക്കും പോസ്റ്റുകൾക്കുമെതിരെ ഭരണകൂടവും പൊലീസും സ്വീകരിച്ചുപോരുന്ന നിസ്സംഗതയും നിശ്ശബ്ദതയുമാണ് അവർക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം. കേരളത്തിൽ ഭരണം പിടിക്കുക അസാധ്യമാണെങ്കിലും വർഗീയ വിദ്വേഷം ആളിക്കത്തിച്ച് പരമാവധി മുതലെടുപ്പ് നടത്താൻ ഒരുങ്ങി വർഗീയ ഫാഷിസ്റ്റ് സംഘങ്ങൾ നിറഞ്ഞാടവെ അതിനെ കർശനമായ നിയമം കൊണ്ടുതന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനെ തടയുന്നതിന് കർണാടക നിയമസഭയുടെ മാതൃക പിൻപറ്റി വിദ്വേഷ പ്രസംഗ വിരുദ്ധ നിയമനിർമാണത്തിന് മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാനത്തെ ഇരു മുന്നണികളിൽനിന്നുമുള്ള നിയമസഭ സാമാജികരോട് ‘മാധ്യമം’ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ വാളയാറിൽ നടന്ന വംശീയതയിലൂന്നിയ ആൾക്കൂട്ടക്കൊലപാതകം പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ, ജനവിഭാഗങ്ങളുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടാതിരിക്കാൻ അത് അത്യാവശ്യമാണ്. വിദ്വേഷത്തെ അകറ്റിനിർത്താത്തിടത്തോളം കേരളം ഫാഷിസ്റ്റ് ഭീഷണിയിൽനിന്ന് മുക്തമല്ലെന്ന് മറക്കാതിരിക്കുക.

Tags:    
News Summary - Karnataka's footsteps should be followed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.