അച്ചടക്കം വേണം; പരാതികള്‍ക്ക് പരിഹാരവും

കണിശവും കര്‍ക്കശവുമായ അച്ചടക്കത്തിനു വിധേയരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് ഏതു രാജ്യത്തെയും പട്ടാളം. ഒരു തരത്തിലുള്ള അനുസരണക്കേടും നിയമലംഘനവും പ്രതിരോധ സേനയില്‍ പൊറുപ്പിക്കപ്പെടുകയില്ല. ആ നിലക്ക് ഇന്ത്യയുടെ കരസേനാധിപന്‍ ബിപിന്‍ റാവത്ത്, സൈനികര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരാതിപറഞ്ഞാല്‍ നടപടിയുണ്ടാവുമെന്ന് കരസേന ദിനത്തില്‍ ജവാന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയത് തികച്ചും സ്വാഭാവികവും അവസരോചിതവുമായി കാണേണ്ടതാണ്. പരാതി പറയാന്‍ നിയമാനുസൃതമായ വഴികള്‍ ഉണ്ടായിരിക്കെ, അതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചാല്‍ അത് ശിക്ഷാര്‍ഹമായിത്തീരും എന്ന് ചൂണ്ടിക്കാട്ടിയ പട്ടാള മേധാവി പരാതികള്‍ പ്രചരിക്കുന്നത് ജവാന്മാരുടെ മനോവീര്യം തകര്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുമുമ്പ് ബി.എസ്.എഫ് ജവാന്‍ തേജ്പൂര്‍ യാദവ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്‍െറ മോശം നിലവാരത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പരാതിപ്പെട്ടിരുന്നു. അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ സൈന്യത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സൈന്യത്തില്‍ വിവേചനം നിലനില്‍ക്കുന്നതായി കേന്ദ്ര റിസര്‍വ് പൊലീസ് സേനാംഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ തുറന്നടിച്ചു. ഈ പശ്ചാത്തലത്തിലാണ് സൈനിക മേധാവിയുടെ താക്കീത്. ജവാന്മാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു ആഭ്യന്തര സംവിധാനം നിലവിലുണ്ട്.

അതേസമയം, ഏറെ വലുതും വൈവിധ്യപൂര്‍ണവുമായ നമ്മുടെ പട്ടാളത്തില്‍ കാര്യങ്ങളെല്ലാം സുതാര്യവും അഭികാമ്യവുമായാണ് നടക്കുന്നതെന്ന് അവകാശപ്പെടാന്‍ വയ്യാത്ത സാഹചര്യമാണുള്ളതെന്ന് ധരിക്കേണ്ടിയിരിക്കുന്നു. നേരത്തേ ഭക്ഷണത്തെച്ചൊല്ലി സമൂഹ മാധ്യമത്തില്‍ പരാതിപ്പെട്ട ബി.എസ്.എഫ് ജവാനെപ്പറ്റി എന്തുപറഞ്ഞാലും അപര്യാപ്തവും തരംതാണതുമായ വിഭവങ്ങളാണ് സൈന്യത്തില്‍ വിതരണം ചെയ്യപ്പെടുന്നതെന്നും പട്ടാളത്തിന്‍െറ ഭക്ഷ്യസാധനങ്ങള്‍ പുറമേക്ക് വില്‍ക്കപ്പെടുന്നുവെന്നും ആരോപണങ്ങളുയര്‍ന്നു. ഒന്നരലക്ഷം ജവാന്മാരെ ഓഫിസര്‍മാരുടെ സഹായികളും സേവകരുമായിട്ടാണ് ഉപയോഗിക്കുന്നതെന്നും ഇത് വ്യാപകമായ അസംതൃപ്തിക്ക് നിമിത്തമാവുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഓഫിസര്‍മാരുടെ ഭാര്യമാരെ വീട്ടുകാര്യങ്ങളില്‍ സഹായിക്കലും വസ്ത്രം അലക്കലും ഷൂ പോളിഷ് ചെയ്യലും കാര്‍ കഴുകലുമൊക്കെയാണത്രെ ‘സഹായകുമാരുടെ’ ജോലി. ഡറാഡൂണില്‍ താന്‍ പോസ്റ്റ്ചെയ്യപ്പെട്ടപ്പോള്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ നിമിത്തം നിരാഹാര സമരം കിടക്കേണ്ടിവന്ന കാര്യം ലാന്‍സ് നായക് യാഗ്യ പ്രതാപ് സിങ് ഈയിടെ ഒരു വിഡിയോവിലൂടെ പുറംലോകത്തെ അറിയിക്കുകയുണ്ടായി. ജനറല്‍ റാവത്ത് അതിനെ ന്യായീകരിച്ചപ്പോള്‍ പ്രതാപ് സിങ്ങിന്‍െറ പത്നിയുടെ പ്രതികരണം ശ്രദ്ധേയമാണ്. ‘‘എന്‍െറ ഭര്‍ത്താവ് പട്ടാളത്തില്‍ ചേര്‍ന്നത് രാജ്യത്തെ സേവിക്കാനാണ്; ഓഫിസര്‍മാരുടെ വീട്ടുവേല ചെയ്യാനല്ല.’’ അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ വേതനത്തിലും മറ്റും അനുഭവിക്കുന്ന ഭീമമായ വിവേചനങ്ങളും പരാതിക്കിടയാകുന്നുണ്ട്.

നമ്മുടെ ജവാന്മാര്‍ തൊഴില്‍ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളുടെ അങ്ങേയറ്റത്തെ പ്രതികൂലാവസ്ഥകൂടി കണക്കിലെടുക്കണം ഈ പരാതികള്‍ പരിശോധിക്കുമ്പോള്‍. അതികഠിനമായ തണുപ്പ്, ഒട്ടും സുഗമമല്ലാത്ത ഗതാഗതം, പരിക്കേറ്റാല്‍ പെട്ടെന്ന് ആശുപത്രികളിലത്തെിക്കാനുള്ള പ്രയാസങ്ങള്‍, സിയാച്ചിന്‍ മഞ്ഞുമലയിലെയും മറ്റും മനുഷ്യോചിതമല്ലാത്ത പരിസ്ഥിതി ഉള്‍പ്പെടെയുള്ള വെല്ലുവിളി നേരിട്ട് രാജ്യത്തെ പ്രതിരോധിക്കുന്ന ജവാന്മാരുടെ മനോവീര്യം തളരാതെയും പരമാവധി ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും അവരെ കാത്തുരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്‍െറ പൊതുബാധ്യതയാണ്.

ജമ്മു-കശ്മീരിലും വടക്കുപടിഞ്ഞാറന്‍ മേഖലയിലും വിന്യസിക്കപ്പെട്ട സൈനികരുടെ അതിക്രമങ്ങളെപ്പറ്റി ആ പ്രദേശങ്ങളിലെ സാമാന്യ ജനം ന്യായമായി പരാതിപ്പെടാറുണ്ട്. അതേസമയം, സൈന്യത്തിന് നല്‍കിയ അമിതാധികാര നിയമത്തിന്‍െറ ഫലം മാത്രമല്ല, സൈനികര്‍ സ്വയം അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍കൂടി ഈ അധികാര ദുര്‍വിനിയോഗത്തിന് കാരണമാക്കുന്നില്ളേ എന്ന് പഠിക്കപ്പെടണം.

രണ്ടര ലക്ഷം കോടി രൂപയാണ് ഒടുവിലത്തെ ദേശീയ ബജറ്റില്‍ പ്രതിരോധത്തിനായി നീക്കിവെച്ചിരിക്കുന്നത്. എന്നിരിക്കെ, ജവാന്മാരുടെ ജീവിത സാഹചര്യങ്ങളും മനോവീര്യവും ഉയര്‍ത്താനുള്ള നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. വിദേശരാജ്യങ്ങളില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ലോകത്തുതന്നെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് പ്രസ്തുത ആയുധങ്ങള്‍ പരമാവധി വിദഗ്ധമായും സൂക്ഷ്മമായും ഉപയോഗിക്കേണ്ട മനുഷ്യകരങ്ങളെ ഒരര്‍ഥത്തിലും അവഗണിക്കാനാവില്ല. അച്ചടക്കത്തെക്കുറിച്ച സൈനിക മേധാവിയുടെ മുന്നറിയിപ്പ് ഉദ്ദേശിച്ച ഫലം ചെയ്യണമെങ്കില്‍ അത് പാലിക്കപ്പെടാനുള്ള ഉപാധികള്‍കൂടി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടിയിരിക്കുന്നു.

Tags:    
News Summary - indian army should be obedient, but complaints will rectify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.