ആഭ്യന്തര വകുപ്പ് നിശ്ചയമായും പരാജയമാണ്

ആമുഖമില്ലാതെയും വളച്ചുകെട്ടില്ലാതെയും പറയാവുന്ന കാര്യമിതാണ്: കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡന വാര്‍ത്താപരമ്പരകള്‍ ഇത്തരമൊരു വിലയിരുത്തലിന് നമ്മെ നിര്‍ബന്ധിക്കുന്നതാണ്. എന്നാല്‍, അവ മാത്രമല്ല, പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ശേഷമുള്ള പൊലീസിന്‍െറ മൊത്തത്തിലുള്ള പ്രകടനം ഒരുനിലക്കും ആശാവഹമല്ല എന്നതാണ് വാസ്തവം. ഇടതുപക്ഷത്തിന്‍െറ ഭാഗത്തുനിന്ന് ഈ വിമര്‍ശനത്തിനുള്ള റെഡിമെയ്ഡ് മറുപടി ഇതായിരിക്കും: ‘‘കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഇതേക്കാള്‍ മോശമായിരുന്നില്ളേ.’’ കഴിഞ്ഞ സര്‍ക്കാര്‍ മോശമായി പ്രവര്‍ത്തിച്ചതുകൊണ്ടാണല്ളോ ജനങ്ങള്‍ ഈ സര്‍ക്കാറിനെ തെരഞ്ഞെടുത്തത്. അവരുടെ മോശം പ്രകടനമല്ല നിലവിലെ സര്‍ക്കാറിനെ വിലയിരുത്താനുള്ള മാനദണ്ഡം.

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തിലാണ് കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുപക്ഷം  അധികാരത്തില്‍ വരുന്നതും. അധികാരത്തില്‍ വന്നയുടന്‍ ജിഷയുടെ ഘാതകനെ പിടികൂടാന്‍ കഴിഞ്ഞത് സര്‍ക്കാറിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അതിലുമപ്പുറം, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ടായിരുന്നു. അതിന് കാരണവുമുണ്ട്. പൊലീസ് മന്ത്രിക്കുണ്ടാവേണ്ട വ്യക്തിത്വ സവിശേഷതകള്‍ ആവോളമുള്ള ആളാണ് അദ്ദേഹം. നിശ്ചയദാര്‍ഢ്യം, ആജ്ഞാശക്തി, ധീരത എല്ലാം ചേര്‍ന്ന ഉരുക്കുമനുഷ്യന്‍ എന്നതാണ് അദ്ദേഹത്തിന്‍െറ പ്രതിച്ഛായ. എന്നാല്‍, പൊലീസിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, സേനയുടെ പൊതുവായ അവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്ന്  പറയാന്‍ കഴിയും.

പിണറായി വിജയന്‍ അധികാരത്തിലത്തെിയാല്‍ അടുത്ത ദിവസം മുതല്‍ സ്വിച്ചിട്ടതുപോലെ സര്‍വകാര്യങ്ങളും മാറിമറിയും എന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. പൊലീസ് എന്നതാകട്ടെ പതിറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ട സംവിധാനമാണ്. അതിന് അതിന്‍െറതായ രീതികളുണ്ട്. പൊതുബോധത്തെ ഗ്രസിച്ച തിന്മകള്‍ പൊലീസിലുമുണ്ടാവും. അതെല്ലാം ശരിയായിരിക്കെതന്നെ, ഇടതുസര്‍ക്കാറിന്‍െറ  പൊലീസ് സേനയില്‍നിന്ന് പ്രതീക്ഷിക്കുന്ന മിനിമം ഗുണങ്ങളുണ്ട്. അവ കേരള പൊലീസില്‍ കാണാനില്ല എന്നാണ് പറഞ്ഞുവരുന്നത്.

സ്ത്രീ വിരുദ്ധത, ദലിത് വിരുദ്ധത, ന്യൂനപക്ഷ വിരുദ്ധത, ആള്‍ക്കൂട്ട സദാചാരം തുടങ്ങിയ, പൊതുബോധത്തെ നിശ്ചയിക്കുന്ന കാര്യങ്ങളൊക്കെ അതേപടി കൊണ്ടുനടക്കുന്ന സംവിധാനമായി പൊലീസ് സേന മാറാന്‍ പാടില്ലായിരുന്നു. എപ്പോഴും ഇരയോടൊപ്പം അര ചാണെങ്കിലും അടുപ്പം കാണിക്കണം അവര്‍. പക്ഷേ, സ്ത്രീപീഡനം മുതല്‍ സദാചാര പൊലീസിങ് വരെയുള്ള സംഭവങ്ങളില്‍ പൊലീസ് വേട്ടക്കാരോടൊപ്പം നില്‍ക്കുന്നതിന്‍െറ അനുഭവങ്ങളാണ് കാണാന്‍ കഴിയുന്നത്.

പാലക്കാട് വാളയാറില്‍ വ്യത്യസ്ത ദിവസങ്ങളിലായി സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായ സംഭവം വലിയ ഞെട്ടലോടെയേ കേള്‍ക്കാന്‍ കഴിയൂ. ആദ്യ സംഭവത്തില്‍തന്നെ പൊലീസ് വേണ്ടവിധം ഇടപെട്ടിരുന്നെങ്കില്‍ മറ്റ് ആത്മഹത്യകള്‍ സംഭവിക്കില്ലായിരുന്നു. കൊച്ചിയില്‍ ശിവസേന ആക്രമണം അഴിച്ചുവിടുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുക മാത്രമായിരുന്നു പൊലീസ്. പൊലീസിന് അവിടെ വീഴ്ചപറ്റിയെന്ന് പിണറായി വിജയന്‍തന്നെ നിയമസഭയില്‍ സമ്മതിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ സദാചാര പൊലീസിങ്ങിന് വിധേയമായി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത് മാസം കഴിഞ്ഞെങ്കിലും ഒരാളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോഴിക്കോട് മടപ്പള്ളി കോളജില്‍ അതിക്രമത്തിന് ഇരയായ സല്‍വ അബ്ദുല്‍ ഖാദര്‍ എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എസ്.എഫ്.ഐയുടെ മുന്‍കൈയില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച പരാതികള്‍ പല കാമ്പസുകളില്‍നിന്നും വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍, ഇവയിലും നിസ്സംഗമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറത്തെ കൊടിഞ്ഞി ഫൈസലിനെ കൊന്ന കേസില്‍ തുടക്കത്തില്‍ സ്വീകരിച്ച സമീപനവും ആര്‍.എസ്.എസുകാരായ പ്രതികള്‍ക്ക് എളുപ്പം ജാമ്യം കിട്ടാന്‍ പാകത്തില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ച സമീപനവും വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം പ്രഭാഷകനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ അതേ കാര്യത്തിന് ഹിന്ദുത്വ പ്രഭാഷകക്കെതിരെ സാധാരണ വകുപ്പുകള്‍ മാത്രം ചുമത്തിയതും പിണറായി വിജയന്‍െറ പൊലീസ്തന്നെയാണ്. അതേസമയം, സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കുന്ന പരാതികളുടെ മേല്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നതിനെ ഇടതുപക്ഷത്തുതന്നെയുള്ള ആളുകള്‍ വിമര്‍ശിച്ചിട്ടുമുണ്ട്.

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ഉയര്‍ത്തുന്നത്. അവര്‍ക്ക് അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടാവും. അതേസമയം, കാര്യങ്ങള്‍ ശരിയാംവിധംതന്നെയാണോ പോകുന്നത് എന്ന ആത്മപരിശോധന നടത്താന്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും സന്നദ്ധമാവുകതന്നെ വേണം.

Tags:    
News Summary - home ministry is a failiure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.