സംസ്ഥാന ഗവർണർമാരുടെ പ്രസക്തിയും പ്രവർത്തന മേഖലയും അധികാരവും എക്കാലത്തും വിവാദ വിഷയമാണ്. ഇപ്പോൾ ഇതേപ്പറ്റി ഗൗരവത്തിലുള്ള ആലോചനകൾ തുടങ്ങേണ്ടത് കർണാടക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരാവശ്യമായിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ അടുത്ത കാലത്തുണ്ടായ ചില തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള അനിശ്ചിതാവസ്ഥയിൽ അതത് ഗവർണർമാർ എടുത്ത തീരുമാനങ്ങൾക്ക് ഒരേയൊരു അടിസ്ഥാന തത്ത്വമേ ഉള്ളൂ: എല്ലാം ബി.ജെ.പിക്ക് അനുകൂലം. ആ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാത്തിടത്ത് അവരുൾപ്പെട്ട സഖ്യത്തിന് അധികാരം നൽകി. ഗോവയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി (17 സീറ്റ്; ബി.ജെ.പിക്ക് 13). എന്നാൽ, ബി.ജെ.പി ഉണ്ടാക്കിയ മുന്നണിയെയാണ് ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത്. മേഘാലയയിൽ കോൺഗ്രസിന് 21 സീറ്റുണ്ടായിരുന്നെങ്കിലും രണ്ടു സീറ്റുള്ള ബി.ജെ.പിക്ക് മുന്നണി സർക്കാറുണ്ടാക്കാൻ ഗവർണർ അവസരം നൽകി. മണിപ്പൂരിൽ കോൺഗ്രസിന് 28ഉം ബി.ജെ.പിക്ക് 21ഉം സീറ്റാണ് കിട്ടിയത്. ഗവർണർ സർക്കാർ രൂപവത്കരിക്കാൻ വിളിച്ചത് ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെയല്ല, ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയുടെ മുന്നണിയെ. ഇവിടെയെല്ലാം മുന്നണി തട്ടിക്കൂട്ടിയ ബി.ജെ.പി ഭരണത്തിലേറിയപ്പോൾ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് തഴയപ്പെട്ടു. എന്നാൽ, കർണാടകയിൽ സ്ഥിതി മാറി. വലിയ കക്ഷി ബി.ജെ.പിയാണെങ്കിലും കോൺഗ്രസും ജനതാദൾ -എസും സഖ്യത്തിലായതോടെ അവർ ഭൂരിപക്ഷമുള്ള മുന്നണിയായി. എന്നാൽ, ഇവിടെ ഗവർണർ വാജുഭായ് വാല ഭൂരിപക്ഷമുള്ള സഖ്യത്തെ അവഗണിച്ച് ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചു. ബി.ജെ.പിക്ക് സ്വന്തമായി ഭൂരിപക്ഷമില്ലാതിരിക്കെ, മറുപക്ഷത്തിന് അതുണ്ടായിരിക്കെ, ബി.ജെ.പിയെ ഭരണമേൽപിച്ച് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം നൽകുന്നതിെൻറ അർഥമെന്താണ്? നെറികെട്ട കുതിരക്കച്ചവടത്തിന് രാജ്ഭവൻ കൂട്ടുനിൽക്കുന്നു എന്നുതന്നെ. 224 അംഗ സഭയിൽ 104 സീറ്റ് മാത്രമുള്ള ബി.ജെ.പിക്കും 117 അംഗങ്ങളുടെ പിന്തുണയുള്ള കോൺഗ്രസ് -ജെ.ഡി.എസ് സഖ്യത്തിനും തമ്മിൽ ഗവർണർ യോഗ്യത കണ്ടത് ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക്. വിവേചനാധികാരത്തിെൻറ നഗ്നമായ ദുരുപയോഗമാണ് ഇവിടെ നടന്നത്.
മറ്റു പല സംസ്ഥാനങ്ങളിലും ഗവർണർമാരുടെ തീരുമാനങ്ങൾ യുക്തിരഹിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിമർശനമുയർന്നതാണ്. കർണാടകയിൽ ഗവർണറുടെ പക്ഷപാതിത്വം മറയില്ലാതെ പ്രകടമായി എന്നുമാത്രം. രസകരമായ വസ്തുത, ഏറ്റവും വലിയ ഒറ്റക്കക്ഷിയെ തഴഞ്ഞ് സഖ്യത്തിന് അവസരം കൊടുത്തപ്പോഴും ഭൂരിപക്ഷമുള്ള സഖ്യത്തെ തഴഞ്ഞ് ഭൂരിപക്ഷമില്ലാത്ത വലിയ കക്ഷിക്ക് അവസരം കൊടുത്തപ്പോഴും സുപ്രീംകോടതി സാധുത നൽകി എന്നതാണ്. കോടതിയുടെ ന്യായം ഒന്നു മാത്രം. അത് ഗവർണറുടെ വിവേചനാധികാരത്തിൽപെട്ടതാണ് എന്ന്. തങ്ങളുടെ മുമ്പാകെയുള്ള നിയമം ഉയർത്തിപ്പിടിക്കുകയാണ് കോടതി ചെയ്തത്. എന്നാൽ, എന്താണീ ‘വിവേചനാധികാരം’? അതിെൻറ മാനദണ്ഡങ്ങളെന്ത്? ജനഹിതം നടപ്പാക്കുകയെന്നതല്ലെന്ന് തീർച്ച. കർണാടക ഗവർണറുടെ തീരുമാനം വിവേചനാധികാരമനുസരിച്ചാണെങ്കിൽ ആ അധികാരത്തിന് തന്നിഷ്ടമെന്നാണ് പേരു പറയേണ്ടത്. ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ച ഹിതത്തിനെതിരായി വരുന്ന തീരുമാനത്തെ ഗവർണറുടെ ‘വിവേചനാധികാര’മെന്നു പറഞ്ഞ് ന്യായീകരിക്കുന്നതെങ്ങനെ? ഇങ്ങനെ പച്ചയായി തന്നിഷ്ടം നടപ്പാക്കാനുള്ള അധികാരം രാജ്ഭവനുണ്ടെങ്കിൽ പിന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതെന്തിന്? വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ നിയമിച്ചിട്ടുള്ളത് ജനാധിപത്യ ബോധത്തെക്കാൾ പാർട്ടി പക്ഷപാതിത്വം സ്വന്തമായുള്ള വ്യക്തികളെയാണ് എന്നിരിക്കെ നിയമത്തിലെ പഴുത് ജനാധിപത്യത്തിെൻറ കഴുമരമാവുകയാണ്.
മുഖ്യമന്ത്രിയെ നിയമിക്കേണ്ടത് ഗവർണറാണെന്ന് ഭരണഘടനയുടെ 164 (1)ാം വകുപ്പ് പറയുന്നു. ഇതിനർഥം ഗവർണർക്ക് തന്നിഷ്ടം പ്രവർത്തിക്കാമെന്നാണോ? ‘ഭൂരിപക്ഷ പിന്തുണയുള്ള കക്ഷിയെയോ സഖ്യത്തെയോ’ ആണ് ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിക്കേണ്ടതെന്ന സർക്കാരിയ കമീഷെൻറ വിശദീകരണം പ്രസക്തമാണ്. കർണാടക (2003), ഝാർഖണ്ഡ് (2005), ഡൽഹി (2013), ഗോവ (2017), മണിപ്പൂർ (2017), മേഘാലയ (2018) എന്നിവിടങ്ങളിലെല്ലാം വലിയ കക്ഷിക്ക് ഭൂരിപക്ഷമില്ലാതിരിക്കുകയും ചെറുകക്ഷികൾ സഖ്യം ചേർന്ന് ഭൂരിപക്ഷമാവുകയും ചെയ്തപ്പോൾ അവരെ ഭരണമേൽപിച്ചതിന് ആ വിശദീകരണം ന്യായമായുണ്ടായിരുന്നു. എന്നാൽ, കർണാടകയിൽ അങ്ങനെയൊന്നുമില്ല -ഗവർണർക്ക് അങ്ങനെ തോന്നി, അത്രതന്നെ! ഗോവയുടെ കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞു: ‘‘ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലെങ്കിൽ സർക്കാറുണ്ടാക്കാൻ ശക്തിയുള്ളവരെ ക്ഷണിക്കണം.’’ ഏതെങ്കിലും പാർട്ടി മറ്റു കക്ഷികളുമായി കൂട്ടുചേർന്ന് അവകാശവാദമുന്നയിച്ചാൽ അത് തെളിയിക്കാനുള്ള അവസരം നൽകണമെന്ന് 2006ലെ രാമേശ്വർ പ്രസാദ് കേസിലും സുപ്രീംകോടതി നിഷ്കർഷിച്ചിരുന്നു. ഇതേ സുപ്രീംകോടതി ഗവർണറുടെ വിവേചനാധികാരമെന്ന സംശയകരമായ ന്യായത്തിന്മേൽ ജനാധിപത്യവിരുദ്ധവും കീഴ്വഴക്കവിരുദ്ധവുമായ നടപടി റദ്ദുചെയ്തിരിക്കുന്നതും നാം കാണുന്നു. 15 ദിവസത്തെ സാവകാശം നൽകില്ലെന്നും ഉടനെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നുമുള്ള തീർപ്പ് തെല്ല് ആശ്വാസകരമാണെങ്കിലും ഗവർണറുടെ വിവേചനാധികാരം നിരുപാധികമാണെന്ന വ്യംഗ്യമായ നിഗമനത്തിലെ അപകടം തിരിച്ചറിഞ്ഞേ പറ്റൂ. ഇത്തരം സാഹചര്യങ്ങളിൽ ഗവർണർ പിന്തുടരേണ്ട മാർഗ നിർദേശക തത്ത്വങ്ങൾക്ക് അടിയന്തരമായി രൂപംനൽകേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.