ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടന യായ വെൽത്ത് ഹംഗർ ഹിൽഫെയും ചേർന്ന് തയാറാക്കിയ ആഗോള പട്ടിണി സൂചി ക (ജി.എച്ച്.ഐ)യിൽ ഇന്ത്യയുടെ സ്ഥാനം അമ്പരപ്പിക്കുന്നതും അസ്വാസ്ഥ്യ ജനകവുമാണ്. പോഷകാഹാരക്കുറവ്, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടിക ളിലെ തൂക്കക്കുറവ്, ഇതേ പ്രായക്കാരായ കുട്ടികളുടെ വളർച്ചക്കുറവ്, ബാല മരണ നിരക്ക് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നടത്തപ്പെട്ട പഠനത്തിൽ 102ാം സ്ഥാനത്താണ് ഇന്ത്യ! നേപ്പാൾ (74), ശ്രീലങ്ക (66), ബംഗ്ലാദേശ് (88), മ്യാന്മർ (69), പാകിസ്താൻ (94) എന്നീ രാജ്യങ്ങളുടെ ഏറെ പിറകിലാണ് നമ്മുടെ രാജ്യം ചെന്നുനിൽക്കുന്നത്. 2010ൽ 95ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, വികസനത്തെക്കുറിച്ച ഹിമാലയൻ അവകാശവാദങ്ങളുമായി ഭരണത്തിെൻറ ആറാം വർഷത്തിലേക്കു കടന്ന നരേന്ദ്ര മോദി സർക്കാറിെൻറ കീഴിൽ 102ാം സ്ഥാനത്തേക്ക് ‘കുതിച്ചിരിക്കുന്നു’.
പതിവനുസരിച്ച് പഴി മുഴുവൻ ജനപ്പെരുപ്പത്തിനാണെങ്കിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയുടെ സ്ഥാനം 25 ആണെേന്നാർക്കുക. വിപ്ലവത്തിെൻറ എഴുപതാം വാർഷികം ആേഘാഷിക്കുന്ന ചൈന 85 കോടി ജനങ്ങളെ ദാരിദ്ര്യരേഖക്കു പുറത്തു കടത്തിയിരിക്കുന്നു; നാമോ? സ്വാതന്ത്ര്യത്തിെൻറ 72ാം വാർഷികമാഘോഷിച്ചപ്പോഴും 22 കോടി പട്ടിണിക്കാരുടെ ഭാരം പേറുകയാണ്. ആകപ്പാടെ ദേശീയ-അന്തർദേശീയ വേദികളിൽ പ്രധാനമന്ത്രിക്ക് എടുത്തുകാട്ടാൻ കഴിയുന്നത് െവളിയിട വിസർജന മുക്തമായ ഇന്ത്യയെക്കുറിച്ചാണ്. അക്കാര്യത്തിൽപോലും ഇന്ത്യ മികച്ച നില കൈവരിച്ചിട്ടിെല്ലന്നാണ് ഉപര്യുക്ത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 1975ൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തിന് ‘ഗരീബി ഹഠാേവാ’ എന്ന മുദ്രാവാക്യം നൽകിയ ഇന്ദിര ഗാന്ധിയുെട ഭരണകാലം മുതൽക്കാരംഭിച്ച പട്ടിണിക്കെതിരായ യുദ്ധം ഇനിയും ലക്ഷ്യപ്രാപ്തിയുടെ അടുത്തൊന്നും എത്തിയില്ലെന്നറിയുന്നത് എന്തുമാത്രം പരിതാപകരമല്ല!
സാമ്പത്തികമായി സാമാന്യം മെച്ചപ്പെട്ട നിലവാരം പുലരുന്നതായി നാം അവകാശപ്പെടുന്ന കേരളത്തിൽപോലും 2017 ഡിസംബറിൽ ആവിഷ്കരിച്ച വിശപ്പ് രഹിത കേരളം പദ്ധതി ലക്ഷ്യംകണ്ടില്ലെന്നാണ് ഒടുവിലത്തെ വിവരം. വരുമാനമില്ലാത്തവർക്ക് സൗജന്യമായും അർഹരായ മറ്റുള്ളവർക്ക് സൗജന്യനിരക്കിലും ഒരുനേരത്തെ ആഹാരമെങ്കിലും ഉറപ്പുവരുത്താനുള്ള പദ്ധതി ആലപ്പുഴയിൽ മാത്രമാണത്രെ വിജയകരമായി നടപ്പാക്കാനായത്.
ആറു മുതൽ 23 മാസം വരെ പ്രായമുള്ള 93 ശതമാനം കുട്ടികൾക്കും മിനിമം ആഹാരമെങ്കിലും ലഭിക്കുന്നില്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി രാഷ്ട്രീയം അൽപം കുറച്ച് രാജ്യത്തെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ ഒട്ടൊരു പരിഹാസേത്താടെ മോദിയെ ഉപദേശിച്ചിരിക്കുന്നത്. ഇതു പറയുേമ്പാൾ 45 വർഷം തുടർച്ചയായും ഇടവേളക്കുശേഷം പതിറ്റാണ്ട് കാലവും ഇന്ത്യ ഭരിച്ച പാർട്ടിയാണ് അദ്ദേഹത്തിേൻറത് എന്ന കാര്യം മറക്കരുതായിരുന്നു. പഞ്ചവത്സര പദ്ധതികളുടെ ബാക്കിപത്രം ലോകത്തേറ്റവും പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ അവശേഷിക്കുന്നതാണെന്ന വസ്തുത എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. സോഷ്യലിസ്റ്റ് പാതയിലൂടെയാണ് മുേന്നറുന്നതെന്നവകാശപ്പെട്ട മുൻഗാമികളുടെ യുഗം അവസാനിച്ചുവെങ്കിലും ഇന്ത്യ ഭരണഘടനാപരമായി ഇപ്പോഴും സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് മറക്കരുത്. ലോകത്തേറ്റവും ചീർത്തുവീർത്ത സമ്പന്നന്മാരുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നതിൽ തല ഉയർത്തിപ്പിടിക്കുന്ന ഭരണാധികാരികൾ തെരുവുകളിലും ചെറ്റക്കുടിലുകളിലും കടത്തിണ്ണകളിലുമായി അന്തിയുറങ്ങുന്ന ജനകോടികളുടെകൂടി നാടാണ് നമ്മുടേതെന്ന ആഗോള കുപ്രസിദ്ധി കണ്ടില്ലെന്നു നടിക്കുകയാണ്. അവസാനത്തെ പൊതുമേഖല സ്ഥാപനവും സ്വകാര്യ മുതലാളിമാർക്ക് കൈമാറി, ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് സമാഹരിക്കുന്ന ലക്ഷം കോടികൾ ചന്ദ്രയാൻ പരാജയകരമായി വിക്ഷേപിക്കുന്നതിനും ഇതിഹാസ കഥാപാത്രങ്ങളുടെയും ദേശീയ നേതാക്കളുടെയും പടുകൂറ്റൻ പ്രതിമകൾ സ്ഥാപിക്കുന്നതിനുമായി ചെലവിടുകയാണ്. ഈ നയം തുടർന്നാൽ ആഗോള പട്ടിണിക്കാരുടെ അടുത്തവർഷത്തെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 102നേക്കാൾ താഴെ പതിക്കുമെന്നതിൽ സംശയം വേണ്ട. ആഭ്യന്തരയുദ്ധത്തിൽ ആകെ തകർന്നുകിടക്കുന്ന യമൻപോലും ഇപ്പോൾ ഇന്ത്യക്ക് മീതെയാണെന്നറിയുേമ്പാഴാണ് നമ്മുടെ ഭരണാധികാരികളുടെ അനാസ്ഥയും അലംഭാവവും തെറ്റായ മുൻഗണനാക്രമവും എന്തുമാത്രം ലജ്ജാകരമാണെന്ന് വിലയിരുത്തേണ്ടിവരുക.
പട്ടിണിപ്പേക്കോലങ്ങളായ കുട്ടികളുടെ എണ്ണത്തിൽ ദരിദ്രരാജ്യങ്ങളോട് മത്സരിക്കുന്നതിനു പകരം എവ്വിധവും അവരെ ആരോഗ്യവും വിദ്യാഭ്യാസവും സംസ്കാരവുമുള്ള പൗരന്മാരാക്കി മാറ്റാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്. യഥാർഥ ജനകീയ പ്രശ്നങ്ങളിൽനിന്ന് മുഖംതിരിച്ച് തൽക്കാലം ജനങ്ങളുടെ ആർപ്പുവിളികളും കൈയടിയും നേടിത്തരുന്ന അതിൈവകാരിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രാജ്യം ഭരിക്കുന്നവർ. ഇന്ത്യയിലെ മുഴുവൻ പൗരന്മാരെക്കൊണ്ടും രാവും പകലും ജയ് ശ്രീരാം വിളിപ്പിച്ചാലും ഒരൊറ്റ പശുവിനെയും ചാവാൻ വിടാതിരുന്നാലും ഒെരാറ്റ കുഞ്ഞിനും പോഷകാഹാരം ഉറപ്പുവരുത്താനാവില്ലെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? മുത്തലാഖ് മൊഴിയുന്ന മുഴുവൻ പുരുഷന്മാരെയും ജീവപര്യന്തം തടവിലിട്ടാലും അവരുടെ മുൻ ഭാര്യമാരിലാർക്കെങ്കിലും ഒരുനേരത്തെ ആഹാരം കിട്ടുമോ? അയോധ്യയിൽ ബാബരി മസ്ജിദ് പൊളിക്കപ്പെട്ട അതേ സ്ഥാനത്ത് അനേകായിരം കോടികൾ മുടക്കി രാമക്ഷേത്രം പണിതാലും ശ്രീരാമെൻറ ഒരൊറ്റ ആരാധകനെങ്കിലും അന്തിയുറങ്ങാൻ ഇടം ലഭിക്കുമോ? ഉന്മാദദേശീയതയും മതഭ്രാന്തും പരകോടിയിലെത്തിക്കാൻ സമയവും ഉൗർജവും വിഭവശേഷിയും കളഞ്ഞുകുളിക്കുന്നവർ ഒരൽപം ശാന്തമായി ചിന്തിക്കാൻ നേരം കാണുമെങ്കിൽ സാമ്പത്തിക, വികസന നയങ്ങൾ മൗലിക പുനഃപരിശോധനക്ക് വിധേയമാക്കണം. കുട്ടികൾക്ക് മതിയായ പോഷകാഹാരം ലഭ്യമാക്കുന്നതിനും അവരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും പ്രഥമ പരിഗണന നൽകണം. തൊഴിലില്ലായ്മ തീർത്തും അവസാനിപ്പിക്കാനും ജീവിക്കാനാവശ്യമായ വേതനം എല്ലാ ഒാരോ പൗരനും കരഗതമാക്കാനും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.