നമ്മെ ഭരിക്കുന്ന പേടി

നിര്‍ഭയത്വവും അന്തസ്സും അറിവും വിളഞ്ഞുനില്‍ക്കുന്ന രാജ്യമാണ് രവീന്ദ്രനാഥ ടാഗോര്‍ അടക്കം എല്ലാവരും മനസ്സില്‍ കണ്ടത്. പക്ഷേ, വിവരാവകാശത്തിന്‍െറയും ജനാധിപത്യ സുതാര്യതയുടെയും ഈ കാലത്തെ ചില വിചിത്ര സംഭവങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരുന്നുകൂടാ. രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോട്ടുപിന്‍വലിക്കലിന്‍െറ കാര്യമെടുക്കുക. സാമ്പത്തിക വിദഗ്ധരോ നിയമജ്ഞരോ ജനപ്രതിനിധികളോ അറിയാതെ നടത്തിയ ഈ ‘മിന്നലാക്രമണം’ ആരുടെ തീരുമാനമായിരുന്നു? കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ചൂണ്ടിക്കാട്ടിയപ്പോള്‍, റിസര്‍വ് ബാങ്ക് പാര്‍ലമെന്‍റ് സമിതിക്കു മുമ്പാകെ പറഞ്ഞത് അത് സര്‍ക്കാറിന്‍െറ തീരുമാനമായിരുന്നു എന്നാണ്.

അന്തിമമായി ഇതുവരെ ഇതിന്‍െറ പിതൃത്വം തീര്‍പ്പാക്കപ്പെട്ടിട്ടില്ല എന്നതല്ല ഇപ്പോഴത്തെ വിഷയം. നോട്ടുനിരോധനത്തെപ്പറ്റി റിസര്‍വ് ബാങ്കിനു മുമ്പാകെ ‘ബ്ളൂംബര്‍ഗ് ന്യൂസ്’ ഉന്നയിച്ച കുറെ ചോദ്യങ്ങളുണ്ട്. വിവരാവകാശനിയമപ്രകാരം ചോദിച്ചതായിരുന്നിട്ടും ബാങ്ക് ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി. ചില കാര്യങ്ങളെപ്പറ്റി തങ്ങള്‍ക്ക് വിവരമില്ല എന്നും അറിയിച്ചു. മാത്രമല്ല, പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ച സമയത്ത് ബാങ്കുകളില്‍ അത്തരം നോട്ടുകള്‍ എത്രയുണ്ടായിരുന്നു എന്ന ചോദ്യത്തിന് വല്ലാത്തൊരു മറുപടിയാണ് റിസര്‍വ് ബാങ്ക് നല്‍കിയത്: ഈ വിവരം പുറത്തുവിടുന്നവരുടെ ജീവനും ദേഹസുരക്ഷക്കും ഭീഷണിയുണ്ട് എന്നായിരുന്നു അത്. നിയമാനുസൃത സ്ഥാപനത്തിന് നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍, ജനാധിപത്യ സുതാര്യത പുലര്‍ത്താന്‍, ആരെയാണ് ഭയപ്പെടേണ്ടിവരുന്നത്? എന്തുകൊണ്ടോ ഈ ചോദ്യം സര്‍ക്കാര്‍ പോലും ചോദിച്ചില്ല.

കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിലും നാം ഈ അജ്ഞാത ഭീതിയുടെ നിഴല്‍പ്പാടുകള്‍ കണ്ടു. എം.പിയും മുന്‍ മന്ത്രിയുമായ ഇ. അഹമ്മദ് ലോക്സഭയുടെ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. ഏറെ വിവാദമുണ്ടാക്കിയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. മക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കിയില്ളെന്നു മാത്രമല്ല, അവരെ ഉന്തിപ്പുറത്താക്കുകയും ചെയ്തു. മാത്രമല്ല, ആരുടെയും അനുമതിയില്ലാതെ, തൊഴില്‍ ധാര്‍മികത ലംഘിച്ച്, മണിക്കൂറുകളോളം അതികഠിനമായ ‘എക്മോ’ പ്രവര്‍ത്തനം അദ്ദേഹത്തിന്‍െറ ദേഹത്തിന്മേല്‍ ചെയ്തു.

തങ്ങള്‍ പഠിച്ചതിനും പരിശീലിച്ചതിനും വിരുദ്ധമായി ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എന്തിനിങ്ങനെയൊക്കെ ചെയ്തു? എന്തിന് ഒരു ജനനേതാവിന്‍െറ മരണം മറച്ചുവെച്ചു? മക്കളോട് ഡോക്ടര്‍മാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു മറുപടിയുണ്ട്: മുകളില്‍നിന്ന് കല്‍പനയുണ്ടായിരുന്നുപോലും! ഇവിടെയും കേള്‍ക്കുന്നത് അജ്ഞാതമായ ആ ഭീതിയുടെ കമ്പനമാണ്. ആരാണ് അവരോട് ഇങ്ങനെ കല്‍പിച്ചത്? എന്തിന്? പവിത്രമായ വൈദ്യവൃത്തിയില്‍ ഗൗരവമുള്ള പ്രതിജ്ഞയോടെ പ്രവേശിച്ച ആ ഡോക്ടര്‍മാര്‍ക്ക് ധാര്‍മികത ലംഘിക്കേണ്ടിവന്നുവെങ്കില്‍ എന്തായിരുന്നു അവരെ അതിന് നിര്‍ബന്ധിച്ച ആ ഭീതി? മനുഷ്യത്വത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും സാമാന്യ മര്യാദയുടെയും സകല മാനദണ്ഡങ്ങളെയും തകര്‍ത്തുകളഞ്ഞ ആശുപത്രിയും ഡോക്ടര്‍മാരും സ്വധര്‍മത്തിനെതിരായി ആര്‍ക്കാണ് വിധേയപ്പെട്ടത്? എന്തിനു വേണ്ടി? ഒരു ആശുപത്രിയില്‍ ഭീതിയുടെ ഏജന്‍റുമാരായി കുറെ സെക്യൂരിറ്റിക്കാരെ വെച്ചുകൊണ്ട് ‘ഹൊറര്‍ നാടകം’ ആടിയത് എന്തിനായിരുന്നു?

റിസര്‍വ് ബാങ്കിന്‍െറ മൗനത്തിലും ആര്‍.എം.എല്‍ ഹോസ്പിറ്റലിന്‍െറ ഒളിച്ചുകളിയിലും കാണുന്ന ആ അജ്ഞാതമായ ഭീതി ഭരണകൂടത്തെ അലോസരപ്പെടുത്തിയതായി കാണുന്നില്ല. ഇ. അഹമ്മദിന്‍െറ മൃതദേഹത്തോട് കാണിച്ച അനാദരവിനെപ്പറ്റി ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റിന് അനുമതി കിട്ടിയില്ല. ഏതോ ഭീതി എല്ലാവരെയും ഭരിക്കുന്നുവെന്ന് വ്യക്തമായ നാളുകള്‍. പാര്‍ലമെന്‍റിനെയും റിസര്‍വ് ബാങ്കിനെയും ആശുപത്രിയെയും നിയന്ത്രിക്കുന്നത് പേരറിയാത്ത ഏതോ പേടിയാണെന്ന് പറയേണ്ടിവരുന്നു. ആ ഭീതിയെ പേരിട്ടു വിളിക്കാനും അതില്‍നിന്ന് രാജ്യത്തെ ശുദ്ധീകരിക്കാനും കഴിയാത്തിടത്തോളം ജനാധിപത്യത്തിന് വിലയോ സ്വാതന്ത്ര്യത്തിന് അര്‍ഥമോ ഉണ്ടാകില്ല. ഇവയെക്കുറിച്ച് അന്വേഷിക്കാനും ജനങ്ങളെ രക്ഷിക്കാനുമുള്ള ബാധ്യതയില്‍നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. ജനപ്രതിനിധികള്‍ക്കും ആ ബാധ്യതയുണ്ട്.

സര്‍ക്കാറില്‍നിന്ന് ജനങ്ങളറിയേണ്ടത് അവരെ അറിയിച്ചേ തീരൂ. നോട്ടുനിരോധനത്തിന്‍െറ യുക്തിരാഹിത്യം ചോദ്യംചെയ്യപ്പെടുമെന്നതു കൊണ്ട് ഭീകരര്‍ക്കെതിരായ ‘മിന്നലാക്രമണ’മെന്ന് ആദ്യമേ പറഞ്ഞുവെക്കുന്നു. ഭീതി എന്ന മന$ശാസ്ത്ര ആയുധം സമര്‍ഥമായി ഉപയോഗിക്കപ്പെട്ട മറ്റൊരു സന്ദര്‍ഭമായിരുന്നു തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭം. പ്രക്ഷോഭകാരികള്‍ കര്‍ഷക ആത്മഹത്യയെപ്പറ്റിയും നോട്ടുനിരോധന ദുരിതത്തെപ്പറ്റിയും മുദ്രാവാക്യം വിളിച്ചപ്പോഴാണല്ളോ അവരില്‍ മാവോയിസ്റ്റ് ത്രീവവാദികളുണ്ടെന്ന പേടിപ്പടക്കം പൊട്ടിച്ചത്. ഈ പേടി ജനങ്ങളെ നിയന്ത്രിക്കാനുള്ളതാണ്. നഷ്ടപ്പെട്ട അധികാരവും സ്വാതന്ത്ര്യവും തിരിച്ചെടുക്കാന്‍ ജനങ്ങള്‍ ഈ പേടി തിരിച്ചറിയണം; അതില്‍നിന്ന് മോചനം നേടണം. ടാഗോര്‍ മനസ്സില്‍ കണ്ട ഭീതിമുക്തമായ രാജ്യം ഇവിടത്തുകാരുടെ അവകാശമാണ്.

Tags:    
News Summary - the fear which governce us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.