പരാജയപ്പെട്ട പ്രഭാഷണം

നവംബര്‍ എട്ടിന് നിര്‍വഹിച്ച ദൂരദര്‍ശന്‍ പ്രഭാഷണത്തില്‍നിന്ന് വിഭിന്നമായി, രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഡിസംബര്‍ 31ലെ പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിന്. 50ലേറെ ദിവസമായി അനുഭവിക്കുന്ന നോട്ട് യാതനക്ക് സമാശ്വാസം ലഭിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ അതിലുണ്ടാകുമെന്ന് അദ്ദേഹത്തിന്‍െറ ഏറ്റവും വലിയ വിമര്‍ശകര്‍പോലും കരുതിയിരുന്നു. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെച്ച സാമ്പത്തിക നേട്ടങ്ങളുടെ വസ്തുനിഷ്ഠ വിവരങ്ങളും നിലവില്‍ സൃഷ്ടിക്കപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ധീരമായി അഭിമുഖീകരിക്കുന്ന  സമഗ്രമായ സാമ്പത്തിക പരിപാടികളും അദ്ദേഹത്തിന്‍െറ പ്രസംഗത്തിലുണ്ടാകുമെന്നും പ്രതീക്ഷിച്ചു.

പക്ഷേ, കടുത്ത മോദി ഭക്തനെപ്പോലും ഭഗ്നാശനാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ സംസാരവും വാഗ്ദാനങ്ങളും. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട നിരാശയുടെ പ്രതിധ്വനി അദ്ദേഹത്തിന്‍െറ വാക്കുകളില്‍ പ്രകടമായിരുന്നു. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയുടെ ക്ഷതം നിയന്ത്രണവിധേയമാണെന്ന് ധ്വനിപ്പിക്കാനുള്ള വൃഥാശ്രമമായി അത് ഒടുങ്ങിയിരിക്കുന്നു. 2017 ഇന്ത്യക്കാര്‍ക്ക് അത്ര മെച്ചപ്പെട്ടതായിരിക്കാനിടയില്ളെന്ന് പറയാതെ പറയുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതുവത്സര തലേന്നത്തെ പരാജയപ്പെട്ട പ്രഭാഷണം.

പണനിയന്ത്രണത്തില്‍ ഇളവ് പ്രതീക്ഷിച്ചവര്‍ കേട്ടത് പ്രതിപക്ഷം കളിയാക്കിപ്പറഞ്ഞതുപോലെ ബജറ്റവതരണ വാഗ്ദാനങ്ങളാണ്. അതില്‍തന്നെ ഭൂരിഭാഗവും നേരത്തേ തീരുമാനിച്ചതും പ്രഖ്യാപിച്ചതുമാണ്. 2013ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിലുള്ളതാണ് ഗര്‍ഭിണികള്‍ക്ക് 6000 രൂപ അനുവദിക്കുന്ന കാര്യം. എന്നാല്‍, മോദി അധികാരത്തിലേറിയിട്ട് ഇതുവരെ അത് നടപ്പാക്കിയിട്ടില്ല എന്നതാണ് വസ്തുത. കിസാന്‍ കാര്‍ഡ് വേണ്ടത്ര പ്രയോജനകരമല്ലാത്തതിനാല്‍ റൂപെ ഡെബിറ്റ് കാര്‍ഡുമായി സംയോജിപ്പിക്കാനുള്ള പദ്ധതി ധനമന്ത്രി നേരത്തേ പ്രഖ്യാപിച്ചതുമാണ്. നിര്‍മാണമേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ സഹായകരമായേക്കുമെന്ന് കരുതപ്പെടുന്നതാണ് പാര്‍പ്പിട വായ്പയിലെ ഇളവ്. പാവപ്പെട്ടവര്‍ ഈ ഇളവ് പ്രയോജനപ്പെടുത്തുന്നത് അസാധുവാക്കാന്‍ ഇടവരുത്തുന്നതാണ് കാര്‍ഷിക, വാണിജ്യ, ചെറുകിട മേഖലയിലെ സാമ്പത്തിക തകര്‍ച്ചയും പണച്ചുരുക്കമുണ്ടാക്കുന്ന പ്രതിസന്ധിയും.

ചെറുകിട കച്ചവടക്കാര്‍ക്കുള്ള ആദായനികുതി ഇളവെന്നതും വരുമാനകമ്മി കടുക്കുന്ന സാമ്പത്തിക സാഹചര്യത്തില്‍ എത്രത്തോളം നടപ്പാകുമെന്ന കാര്യവും സംശയാസ്പദമാണ്. കൂടാതെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും ബാങ്കിങ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് വിമര്‍ശനവുമുയരുന്നുണ്ട്. വാണിജ്യരംഗം പഴയതുപോലെ തിരിച്ചുവരണമെങ്കില്‍ ബാങ്കുകളുടെ പണനിയന്ത്രണം എത്രയും വേഗം പിന്‍വലിക്കല്‍ അത്യാവശ്യമായിരുന്നു. നിക്ഷേപത്തിന് പ്രതീക്ഷ വര്‍ധിക്കാന്‍ പണലഭ്യതയെക്കുറിച്ച് കൃത്യമായ വിവരം കൈമാറാന്‍ സാധിക്കണമായിരുന്നു. ചുരുങ്ങിയപക്ഷം ഏകദേശം എത്ര ലക്ഷം കോടി രൂപയുടെ കള്ളപ്പണവും വ്യാജനോട്ടുമാണ് നിര്‍മാര്‍ജനം ചെയ്തതെന്നെങ്കിലും പറയണമായിരുന്നു. 51 ദിവസത്തിന്‍െറ നരകയാതനക്കും വിപണി നഷ്ടത്തിനും സാധൂകരണമെങ്കിലും ആകുമായിരുന്നു; പ്രഭാഷണത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍.

നോട്ട് അസാധുവാക്കല്‍ ഒരു വലിയ ശുചീകരണപ്രക്രിയയായി വിശദീകരിക്കുന്ന പ്രധാനമന്ത്രി പക്ഷേ, കള്ളപ്പണത്തെ തടയുന്ന പുതിയ നടപടികളെക്കുറിച്ച യാതൊരു സൂചനയും മുന്നോട്ടുവെച്ചിട്ടില്ല. അതിനുള്ള ത്രാണി നഷ്ടമായിരിക്കുന്നുവെന്നാണ് പ്രസംഗത്തിലെ അദ്ദേഹത്തിന്‍െറ ശരീരഭാഷ വ്യക്തമാക്കുന്നത്.
 പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ സവിശേഷതയായ കൂട്ടായ ഭരണക്രമം എന്നതില്‍ നിന്നുമാറി പ്രസിഡന്‍ഷ്യല്‍ രീതിയുടെ ഏകാത്മകതയുടെ സ്വഭാവം ആര്‍ജിച്ചിരിക്കുന്നു ഇന്ത്യയിലെ ഭരണരീതി എന്ന ആരോപണത്തെ  അരക്കിട്ടുറപ്പിക്കുന്നതാണ് നോട്ട് അസാധുവാക്കല്‍ പ്രക്രിയയുടെ മുഴുവന്‍ നടപടിക്രമങ്ങളും. കേന്ദ്രത്തിലെ മന്ത്രിമാരും വിവിധ വകുപ്പുകളും അപ്രസക്തരായിത്തീര്‍ന്നിരിക്കുന്നു. എല്ലാം പ്രധാനമന്ത്രി പറയുന്നു, പ്രഖ്യാപിക്കുന്നു. കൂട്ടുത്തരവാദിത്തവും പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ സവിശേഷതകളും കൂടിയാണ് അസാധുവാക്കപ്പെട്ടിരിക്കുന്നത്.

പാര്‍ലമെന്‍റിന്‍െറയും റിസര്‍വ് ബാങ്കിന്‍െറയും മൂല്യംകൂടി തകര്‍ന്നുപോയിട്ടും പൊള്ളയായ വാഗ്്വിലാസവുമായി സാങ്കല്‍പിക ശത്രുക്കളുടെ സംഹാരത്തില്‍ ഏര്‍പ്പെട്ട ഡോണ്‍ ക്വിക്സോട്ടിനെ ഓര്‍മിപ്പിക്കുന്നരീതിയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് ത്രാണി നല്‍കുന്നത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷത്തിന്‍െറ അനൈക്യമാണ്.  സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതുപോലെ മോദി ഭാഗ്യവാനാണ്; ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ഒരു ദശകം പിന്നോട്ട് നയിച്ചിട്ടും പ്രത്യക്ഷവും പരോക്ഷവുമായി അനേകം പേരുടെ മരണത്തിന് ഇടവരുത്തിയതുമായ മഹാ വിഡ്ഢിത്തം ചെയ്തിട്ടും ഇപ്പോഴും പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിയുന്നതിനാല്‍, വീണ്ടും വീണ്ടും വ്യാജവും അയുക്തികവുമായ പ്രഭാഷണങ്ങള്‍ നടത്താന്‍ സാധിക്കുന്നതരത്തില്‍ ഒരു പ്രതിപക്ഷത്തെ ലഭിച്ചതിനാല്‍, പ്രതിഷേധത്തിന്‍െറ തപ്തതയില്‍ തിളക്കുന്ന ഗ്രാമീണ ഇന്ത്യയുടെ ഹൃദയത്തെ ഏറ്റെടുക്കാന്‍ വിശ്വാസ്യതയുള്ള ഒരു നേതാവും രാജ്യത്തില്ലാത്തതിനാല്‍.

Tags:    
News Summary - failure speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.