നീതിക്കായി അവർ ഇനിയെത്രനാൾ കാത്തിരിക്കണം?

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്നാ​ലെ, 2020 ഫെ​​​​ബ്രു​​​​വ​​​​രി 23ന് വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ വംശീയാക്രമണത്തെ ​മാധ്യമങ്ങളിലും നിയമവ്യവഹാരങ്ങളിലുമെല്ലാം വിശേഷിപ്പിക്കാറുള്ളത് ‘ഡൽഹി കലാപം’ എന്നാണ്.

രാജ്യത്ത് പൗരത്വ സമരം അതി​ന്റെ മൂർധന്യതയിൽ എത്തിനിൽക്കുകയും ജനാധിപത്യ സമൂഹം മുഴുവൻ അതിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോഴാണ് ‘​ഗോലി മാരോ സാലോം കോ ’ എന്ന ആക്രോശാഹ്വാനത്തോടെ സംഘ്പരിവാരം വംശീയാക്രമണത്തിന് കോപ്പുകൂട്ടിയത്. ഭരണവർഗത്തിന്റെ പരോക്ഷ പിന്തുണയിൽ നടന്ന ആ ആസൂത്രിത നീക്കം വിജയം കണ്ടു; കോവിഡ് ലോക്ഡൗണിന്റെ കൂടി മറവിൽ പൗരത്വ സമരത്തെ അടിച്ചമർത്താൻ അതിലൂടെ സാധിച്ചു. ഏകപക്ഷീയമായൊരു വംശീയാക്രമണമായിരുന്നു അതെന്ന് അന്നേ വ്യക്തമായതാണ്. പക്ഷേ, കലാപാനന്തരം പിടികൂടപ്പെട്ടവരും പ്രതിചേർക്കപ്പെട്ടവരുമെല്ലാം ഇരകൾക്കൊപ്പം നിലയുറപ്പിച്ചവരും പൗരത്വ സമരത്തിന്റെ മുൻനിരയിലുള്ളവരുമൊക്കെയായിരുന്നു. അന്ന് തടവിലാക്കപ്പെട്ട പൗരത്വ സമര നേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഇപ്പോഴും അഴിക്കുള്ളിൽതന്നെയാണ്; നിയമത്തിന്റെ സങ്കീർണതകളെ ഭരണകൂടം ബോധപൂർവം ഉപയോഗപ്പെടുത്തിയപ്പോൾ ആ സാമൂഹിക പ്രവർത്തകർക്ക് നഷ്ടമായത് വിലപ്പെട്ട അഞ്ച് വർഷമാണ്. ജാമ്യത്തിനായി അവരിപ്പോൾ പര​മോന്നത നീതി പീഠത്തിന്റെ മുന്നിലെത്തിയിട്ട് ആഴ്ചകളായി. അവിടെയും കാത്തുകെട്ടി കിടക്കാനാണ് അവർക്ക് വിധിയെന്നാണ് കഴിഞ്ഞദിവസത്തേതടക്കമുള്ള കോടതി നടപടികൾ വ്യക്തമാക്കുന്നത്.

അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ചാ​ര​ണ​യി​ല്ലാ​തെ ജ​യി​ലി​ൽ ക​ഴി​യു​കയായിരുന്ന ശ​ർ​ജീ​ൽ ഇ​മാം, ഉ​മ​ർ​ ഖാ​ലി​ദ്, ഗു​ൽ​ഫി​ഷ ഫാ​ത്തി​മ, ഖാ​ലി​ദ് സൈ​ഫി, അ​ത​ർ ഖാ​ൻ, മു​ഹ​മ്മ​ദ് സ​ലീം ഖാ​ൻ, ശി​ഫാ​ഉ​റ​ഹ്മാ​ൻ, മീ​രാ​ൻ ഹൈ​ദ​ർ, അ​ബ്ദു​ൽ ഖാ​ലി​ദ്, ശ​ദാ​ബ് അ​ഹ്മ​ദ്, ത​സ്‍ലിം അ​ഹ്മ​ദ് എ​ന്നി​വർക്ക് ജാമ്യം നിഷേധിച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി വിധി പുറപ്പെടുവിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനായിരുന്നു. ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2022 ഏ​പ്രി​ൽ 22ന് ഹൈകോടതിയിലെത്തിയ കേസാണിതെന്നോർക്കണം. സത്യവാങ് മൂലം സമർപ്പിക്കുന്നത് ഡൽഹി പൊലീസ് മനഃപൂർവം വൈകിപ്പിച്ചും ജഡ്ജിമാർ പലകുറി കേസിൽനിന്ന് പിൻവാങ്ങിയുമെല്ലാമാണ് കേവലമായൊരു ജാമ്യഹരജി മൂന്നര വർഷം നീണ്ടുപോയത്. ഒടുവിൽ, ജാമ്യം നിഷേധിച്ച് വിധിപുറപ്പെടുവിച്ചപ്പോൾ കോടതി അതിന്റെ ന്യായവും വ്യക്തമാക്കി. ദീ​ർ​ഘ​കാ​ല ത​ട​വി​ന്റെ​യും വി​ചാ​ര​ണ​യി​ലെ കാ​ല​താ​മ​സ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത് എ​ല്ലാ കേ​സു​ക​ളി​ലും സാ​ർ​വ​ത്രി​ക​മാ​യി ബാ​ധ​ക​മാ​യ നി​യ​മ​മ​ല്ലെ​ന്നായിരുന്നു ആ ന്യായം. അഥവാ, കാലമെത്ര നീണ്ടുപോയാലും സാ​ങ്കേതികമായ നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടുപോകൂ എന്ന്. ഇതിനിടയിൽ മനുഷ്യരുടെ നീതി എന്നത് കോടതിക്ക് വിഷയമായില്ല. ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ഈ ചെറുപ്പക്കാർ സുപ്രീംകോടതിയെ സമീപിച്ചതാണ്. സെപ്റ്റംബർ 12ന് ഹരജി ഫയലിൽ സ്വീകരിച്ച് നടപടികൾ ഒരാഴ്ചത്തേക്ക് നീട്ടി. തുടർന്ന് കേസ് പരിഗണിച്ചതും നീട്ടാൻവേണ്ടി മാ​​​ത്രമായിരുന്നു. സെപ്റ്റംബർ 22ന് കേസ് വീണ്ടും പരിഗണനയിൽ വന്നപ്പോൾ ഡൽഹി പൊലീസിന് കോടതി നോട്ടീസയച്ചു. ഹൈകോടതിയിലെ അതേ സത്യവാങ്മൂലവുമായി എത്തിയ പൊലീസിനെ ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അൻജാരിയയും നിർത്തിപ്പൊരിച്ചുവെങ്കിലും കേസ് പിന്നെയും നീളുകതന്നെയാണ്.

ഈ കേസിൽ ഏറ്റവും സങ്കടകരമായ കാര്യം, ഇപ്പോൾ ജാമ്യത്തിനായി കോടതി വരാന്തകളിൽ അലയുന്ന ഒരാൾക്കെതിരെപ്പോലും, ആക്രമസംഭവങ്ങളുമായി ബന്ധ​പ്പെട്ട തെളിവുകളില്ല എന്നതാണ്. കലാപത്തിന് ആഹ്വാനം നൽകി എന്നാരോപിച്ച്‍ യു.എ.പി.എ ഉൾപ്പെടെ ചുമത്തിയിട്ടുള്ള ഇവർക്കെതിരെ തെളിവ് ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സമാധാനപരമായി നടന്ന പ്രതിഷേധത്തെ ക്രിമിനൽ കുറ്റമായി പൊലീസ് ചിത്രീകരിക്കുകയായിരുന്നുവെന്ന് പറയാം. പൗ​ര​ത്വ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​ക്കി​യ വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളാ​ണ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്ക് പൊ​ലീ​സ് പ്ര​ധാ​ന​മാ​യും തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

എ​ന്നാ​ൽ, വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലൊ​ന്നും ഉ​മ​ർ ഖാ​ലി​ദ് ഉൾപ്പെടെയുള്ളവർ സ​ന്ദേ​ശമ​യ​ച്ച​താ​യി പൊ​ലീ​സി​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മറുവശത്താകട്ടെ, വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കലാപത്തിന് സംഘ്പരിവാർ കേന്ദ്രങ്ങൾ ആഹ്വാനം ചെയ്തതിന്റെ തെളിവുകൾ എമ്പാടുമുണ്ടുതാനും. 2020 ജൂ​​​​​​ൺ 29ന്​ ​​​​​ഡ​​​​​ൽ​​​​​ഹി മെ​​​​​ട്രോ​​​​​പോ​​​​​ളി​​​​​റ്റ​​​​​ൻ മ​​​​​ജി​​​​​സ്​​​​​​ട്രേ​​​​​റ്റി​​​​​ന്​ ഡ​​​​ൽ​​​​ഹി പൊ​​​​ലീ​​​​സ്​ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ​കു​​​​​റ്റ​​​​​പ​​​​​ത്ര​​​​ത്തി​​​​ൽ, വം​​​​ശീ​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​ർ പ​​​​ര​​​​സ്​​​​​പ​​​​രം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ന്​ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച ‘ക​​​​​​ട്ട​​​​​​ർ ഹി​​​​​​ന്ദു​​​​​​​ത്​ ഏ​​​​​​ക്​​​​​​​ത’ എ​​​​ന്ന വാ​​​​ട്​​​​​സ്​​​ആ​​​പ്​​ ഗ്രൂ​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ച്​ വി​ശ​ദ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ആക്രമണം കൊടുമ്പിരിക്കൊണ്ട ഫെ​​​​ബ്രു​​​​വ​​​​രി 26ന് ​​​​രാ​​​​​​ത്രി 11ന്​ ​​​​അ​​​​തി​​​​ൽ ​വ​​​​ന്നൊ​​​​രു സ​​​​ന്ദേ​​​​ശം ഇ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു: ‘‘ര​​​​ണ്ടു​ മ​​​​ണി​​​​ക്കൂ​​​​ർ മു​​​​മ്പ്​ ഭ​​​​ഗീ​​​​ര​​​​ഥി വി​​​​ഹാ​​​​റി​​​​ൽ ഞ​​​​ങ്ങ​​​​ൾ ര​​​​ണ്ട്​ മു​​​​ല്ല​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി’.’’ ഇ​​​​ങ്ങ​​​​നെ ഒ​​​​മ്പ​​​​തു​പേ​​​​രെ കൊ​​​​ന്ന്​ അ​​​​ഴു​​​​ക്കു​​​​ചാ​​​​ലി​​​​ൽ ത​​​​ള്ളി​​​​യ​​​​തായും തുടർ സന്ദേശങ്ങളിൽ വ്യക്തമാകുന്നു. ആ​​​​​​ളു​​​​​​ക​​​​​​ളെ പി​​​​​​ടി​​​​​​കൂ​​​​​​ടി പേ​​​​​​ര്, വി​​​​​​ലാ​​​​​​സം എ​​​​​​ന്നി​​​​​​വ ചോ​​​​​​ദി​​​​​​ച്ച്​ മ​​​​​​തം ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം ‘ജ​​​​​​യ് ശ്രീ​​​​​​റാം’ വി​​​​​​ളി​​​​​​ക്കാ​​​​​​ൻ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ക്കു​​​​​​ക​​​​​​യും ​ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​വ​​​​രെ മ​​​​​​ർ​​​​​​ദി​​​​​​ച്ച്​ അ​​​​​​വ​​​​​​ശ​​​​​​രാ​​​​​​ക്കി​ അ​​​​​​​ഴു​​​​​​ക്കു​​​​​​ചാ​​​​​​ലി​​​​​​ലേ​​​​​​ക്ക്​ വ​​​​​​ലി​​​​​​ച്ചെ​​​​​​റി​​​​​​യു​​​​ക​​​​യു​മാ​യി​രു​​​​ന്നെ​ന്നാ​​​​ണ്​ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇത്തരം ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയവർ ഇന്ന് ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നുവെന്നറിയുമ്പോഴാണ് നമ്മുടെ പൗരാവകാശത്തിനുവേണ്ടി, നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ നേരിടുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ആഴം വ്യക്തമാകുന്നത്. നീതിയുടെ വാതിലുകൾ തുറക്കപ്പെടാൻ അവരിനിയും എത്രനാൾ കാത്തിരിക്കേണ്ടിവരും?

Tags:    
News Summary - Delhi riots case: How long must they wait for justice?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.