കുറുന്തോട്ടിക്കു വാതം പിടിച്ചാല്‍

കുറ്റകൃത്യങ്ങള്‍ ദിനേന കൂടിവരുന്ന നമ്മുടെ നാട്ടിലെ കേസ് അന്വേഷണങ്ങളുടെയും ശിക്ഷാനടപടികളുടെയും നിലയെന്താണ്? 1953 മുതല്‍ ഇങ്ങോട്ടുള്ള പതിറ്റാണ്ടുകള്‍ വെച്ചു പരതുമ്പോള്‍ ദയനീയമാണ് കാര്യങ്ങള്‍ എന്ന് ഈയിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 വരെയുള്ള ആറു പതിറ്റാണ്ടിനിടെ, ഇന്ത്യയില്‍ കേസന്വേഷണത്തിലും ശിക്ഷാവിധികളിലും ഇന്ത്യ ബഹുദൂരം പിറകോട്ടു പോകുകയാണ്. കൊലപാതകക്കേസുകളില്‍ 1953ല്‍ 51 ശതമാനം പേര്‍ക്ക് ശിക്ഷ വിധിച്ചെങ്കില്‍ 2013ല്‍ അത് 36.5 ശതമാനമായിരിക്കുന്നു. തട്ടിക്കൊണ്ടുപോക്കില്‍ ഇത് 48ല്‍നിന്ന് 21.3 ആയി. മോഷണത്തില്‍ 47ല്‍ നിന്ന് 29 ശതമാനമായി ചുരുങ്ങി. 2013ല്‍ ബലാത്സംഗക്കേസുകളില്‍ 26.5 ശതമാനം പേര്‍ക്കെതിരെ മാത്രമേ ശിക്ഷാവിധിയുണ്ടായുള്ളൂ. കുറ്റകൃത്യങ്ങള്‍ക്കുനേരെ കര്‍ക്കശസമീപനം കൈക്കൊള്ളേണ്ട അന്വേഷണ ഏജന്‍സികളും ഒൗദ്യോഗിക സംവിധാനങ്ങളും ചുമതല നിര്‍വഹിക്കുന്നില്ളെന്നു മാത്രമല്ല, പലപ്പോഴും നീതിന്യായ സംവിധാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ പെരുകുന്ന അഴിമതി സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൈക്കൂലിക്കു മാത്രം കാര്യങ്ങള്‍ നീങ്ങുന്ന ഇന്ത്യയിലെ പൊതുസേവന സംവിധാനങ്ങളില്‍ പൊലീസും കോടതിയും ഉള്‍പ്പെടുന്നുണ്ടെന്നു പറയുന്നു. നീതിപാലകരും നിയമസംവിധാനവും മുച്ചൂടും അഴിമതിയിലാണെന്നല്ല. എന്നാല്‍, പ്രമാദമായ കേസുകളില്‍ പോലും അന്വേഷണം വഴിമുട്ടിനില്‍ക്കുന്നതിലും തെറ്റായ ദിശയില്‍ നീങ്ങി പാതിവഴിയില്‍ എല്ലാം അവസാനിപ്പിക്കുന്നതിലും അന്വേഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ പങ്കുണ്ട്. മറുഭാഗത്ത് രാഷ്ട്രീയപ്രേരിതമായും സമ്മര്‍ദങ്ങളുടെ ഫലമായും ഇല്ലാത്ത കേസുകള്‍ ചമക്കുകയും അതിന്‍െറ പേരില്‍ നിരപരാധികളെ പിടികൂടി വര്‍ഷങ്ങളോളം ജയിലിലിടുകയും യൗവനം അവിടെ വലിച്ചൂറ്റിക്കളഞ്ഞശേഷം തെളിവില്ലാ പേരുപറഞ്ഞ് മോചിപ്പിക്കുകയും ചെയ്യുന്ന ഭീകരത അരങ്ങുതകര്‍ക്കുന്നുമുണ്ട്. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നീങ്ങുക. 1987ല്‍ ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കുപ്രസിദ്ധമായ പി.എ.സി എന്ന സംസ്ഥാന പൊലീസ് സേന ഒറ്റയടിക്ക് 42 പേരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ രണ്ടു ദിവസത്തിനകം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റ് അന്വേഷണം ഏറ്റെടുത്തെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ആദ്യത്തെ രണ്ടു പ്രഥമ വിവരറിപ്പോര്‍ട്ടുകള്‍ നശിപ്പിച്ചു. ഒടുവില്‍ കേസില്‍ കുറ്റാരോപിതരായ 16 പൊലീസുകാരെയും ‘തെളിവില്ളെന്നു കണ്ട്’ കോടതി വിട്ടയച്ചു.

അതേസമയം, കഴിഞ്ഞ ഡിസംബര്‍ 22ന് ഡല്‍ഹി ഹൈകോടതി ഇര്‍ശാദ് അലി, മുആരിഫ് ഖമര്‍ എന്നിവരെ 11 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തെളിവില്ളെന്നുകണ്ട് വിട്ടയച്ചു. അന്വേഷണ ഏജന്‍സികള്‍ ‘ചാരന്മാരായി’ ഉപയോഗപ്പെടുത്തിയശേഷം ഇവരെ കള്ളക്കേസില്‍ അകപ്പെടുത്തുകയായിരുന്നുവെന്ന് സി.ബി.ഐ കണ്ടത്തെി. കേസില്‍ കളിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നീതിപീഠം അത് പരിഗണിച്ചില്ല. 2005ലെ ഡല്‍ഹി സ്ഫോടനക്കേസിന്‍െറ പേരില്‍ ജയിലിലടക്കപ്പെട്ട മുഹമ്മദ് റഫീഖ് ഷായെയും മുഹമ്മദ് ഹുസൈന്‍ ഫാസിലിനെയും 11 വര്‍ഷത്തിനുശേഷം ജയില്‍ തുറന്നുവിടാന്‍ കോടതി പറഞ്ഞ ന്യായം, ഇരുവരുടെയും കേസിലെ പങ്ക് തെളിയിക്കുന്നതില്‍ അന്വേഷണ ഏജന്‍സി ദയനീയമായി പരാജയപ്പെട്ടു എന്നായിരുന്നു. ഇതത്തേുടര്‍ന്ന് ഭീകരാക്രമണങ്ങളുടെ പേരില്‍ രാജ്യത്ത് നിലവിലുള്ള മറ്റു കേസുകളുടെ അന്വേഷണത്തിലും കുറ്റവിചാരണയിലും സംശയമുയരുക സ്വാഭാവികമാണ്. അങ്ങനെയുള്ള സംശയമുനകളൊടിക്കാന്‍ തക്ക ന്യായങ്ങളൊന്നും പല കേസുകളിലും ഉയര്‍ന്നുകാണുന്നുമില്ല.

വിചാരണത്തടവുകാരായി രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ ജയിലില്‍ കഴിയുന്നവരുടെ കേസുകള്‍ കോടതിക്കുമുന്നില്‍ സമയബന്ധിതമായി എത്തുകയോ വിചാരണ പൂര്‍ത്തിയാകുകയോ ചെയ്യാതെ അനിശ്ചിതമായി നീണ്ടുപോകുകയാണ്. കുറ്റവിചാരണ പൂര്‍ത്തിയാകുന്നതോടെ പുറത്തുകടക്കാനാവുമെന്ന നിരപരാധികളുടെ പ്രതീക്ഷകള്‍ ഇതുവരെ അസ്ഥാനത്തായിട്ടില്ല. ഭീകരവാദകേസുകളില്‍ പോലും എത്ര ലാഘവത്തോടെയാണ് നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് എന്നാണല്ളോ ഇത് തെളിയിക്കുന്നത്. ഇന്ത്യന്‍ ജയിലുകളിലെ അന്തേവാസികളില്‍ 66 ശതമാനവും വിചാരണത്തടവുകാരാണ്. ലോകത്തെങ്ങുമുള്ള വിചാരണത്തടവുകാരുടെ 32 ശതമാനം വരുമിത്. നിരപരാധികളെ തടവിലിടുന്ന രാജ്യത്തിന് രണ്ടു ദുരന്തമാണ് ഏറ്റുവാങ്ങേണ്ടിവരുക.

ഈ മറവില്‍ യഥാര്‍ഥഭീകരര്‍ രക്ഷപ്പെടുകയും അവര്‍ പിന്നെയും ക്രൂരതകള്‍ ആവര്‍ത്തിക്കുകയും ചെയ്യും. മറുഭാഗത്ത്, തടവിലടക്കപ്പെടുന്ന നിരപരാധരുടെ കുടുംബത്തിലും ബന്ധുക്കളിലും നാട്ടുകാരിലുമൊക്കെ ഗവണ്‍മെന്‍റിനും ഒൗദ്യോഗികസംവിധാനങ്ങള്‍ക്കുമെതിരായ വികാരമുയര്‍ന്നുവരുകയും ചെയ്യും. ഇന്നോളം അന്യായമായി തടവിലായശേഷം മോചിപ്പിക്കപ്പെടുന്നവരുടെ പാഴായ കൊല്ലത്തിനു നഷ്ടപരിഹാരം കണക്കാക്കി നല്‍കുകയോ അവരുടെ അന്യായ തടവിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്ന രീതിയോ ഇന്ത്യയില്‍ നിലവിലില്ല. അതിനാല്‍, ഇത്തരം കഥകള്‍ അവസാനിക്കുന്നുമില്ല.

അന്വേഷണം നേരാംവണ്ണം നീങ്ങാത്തതിനും വഴിവിട്ടു നീങ്ങുന്നതിനും ഉത്തരവാദികള്‍ ഏജന്‍സികള്‍തന്നെ. അഴിമതിക്കെതിരായ അന്വേഷണത്തിന് രൂപംകൊടുത്ത സി.ബി.ഐയുടെ രണ്ടു മുന്‍ തലവന്മാര്‍ ഇപ്പോള്‍ അഴിമതി അന്വേഷണം നേരിടുകയാണല്ളോ. കുറുന്തോട്ടിക്കു വാതം പിടിച്ച നാട്ടില്‍ പിന്നെ ആര് ആരെ ചികിത്സിക്കാനാണ്!

Tags:    
News Summary - crime investigations in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.