പ്രളയകാല ദുരന്തത്തെ സ്നേഹത്തിെൻറ വള്ളങ്ങളിൽ കയറി, സഹവർത്തിത്വത്തിെൻറ പാലങ്ങൾ പണിതുകൊണ്ട് നാം അതിജീവിച്ചിരിക്കുന്നു. അപരദ്വേഷം മനസ്സിൽ രൂഢമൂലമായ ജനുസ്സുകളുടെ പാഴ്ശ്രമങ്ങൾ മാറ്റിനിർത്തിയാൽ പ്രളയജലമെത്തിയിടത്തൊക്കെ നന്മയുടെ മലർവാടികൾ വിരിയിക്കാനായി. ഹൃദയത്തെ ആനന്ദംകൊള്ളിക്കുന്ന, മനുഷ്യനെന്നത് എത്ര മനോഹര പദമെന്ന് അഭിമാനിക്കാവുന്ന എത്രയെത്ര സംഭവങ്ങളാണ് പ്രളയകാലത്ത് ഒഴുകിപ്പരന്നത്. രക്ഷാപ്രവർത്തനങ്ങളിൽ നാം പ്രകടിപ്പിച്ച ഒരുമയും കരുതലും സന്നദ്ധതയുമെല്ലാം ലോകത്തിനുതന്നെ വിസ്മയമായി. ഇതേ ഒരുമയോടെ പുതിയ കേരളത്തെ പണിതുയർത്താനാകണം നമുക്ക്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇനി നടക്കേണ്ടത് പുനരധിവാസമല്ല, പുതുകേരളത്തിെൻറ നിർമിതിയാണ്. പ്രളയം മലയാളിസമൂഹത്തെ കൂടുതൽ ഉത്കൃഷ്ടരും വിവേകികളുമാക്കി പരിവർത്തിപ്പിച്ചു എന്ന് ഏവർക്കും പറയാനാകുന്ന അനുപമ മാതൃക രചിക്കാനുള്ളതാകണം ഇനിയുള്ള നാളുകൾ. അതിനായി സർക്കാർ സംവിധാനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും സന്നദ്ധസംഘങ്ങളും ഒന്നിച്ചൊന്നായി അണിചേരണം. അതിന് മുൻകൈയെടുക്കാനും നേതൃത്വം വഹിക്കാനും മുഖ്യമന്ത്രി മുന്നിലുണ്ട്.
രൂക്ഷമായ പ്രളയക്കെടുതിയുടെ കാരണങ്ങൾ കണ്ടെത്താൻ വിവിധ മേഖലകളിലെ വിദഗ്ധരെ സംയോജിപ്പിച്ച് സർക്കാർ ഒരു സംഘത്തെ നിശ്ചയിക്കുകയാണ് പുതിയ കേരള നിർമാണത്തിെൻറ ആദ്യപടി. സ്വതന്ത്രവും സുതാര്യവുമായ അത്തരമൊരു സംഘത്തിെൻറ റിപ്പോർട്ട് ഭാവി കേരള നിർമിതിക്ക് അത്യന്താപേക്ഷിതമാണ്. അതൊരിക്കലും നിലവിലെ സർക്കാറിെൻറ പ്രവർത്തനപ്പിഴവ് അളക്കുന്നതിനുവേണ്ടിയല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നാം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഭരണനിർവഹണ രീതികൾ മുതൽ വികസനസമീപനങ്ങൾ വരെ നിശിതമായ വിശകലനത്തിന് വിധേയമാക്കാനുള്ളതാണ്. കാർഷികരംഗത്തും നിർമാണരംഗത്തും പുലർത്തുന്ന സാമ്പ്രദായിക മാതൃകകളും ഉപഭോഗ സംസ്കാരവും വിചാരണ ചെയ്യപ്പെടാൻകൂടിയാണ്. മാധവ് ഗാഡ്ഗിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ച വിമർശനങ്ങളെ മുഖവിലക്കെടുക്കാനും പരിശോധിക്കാനും ആ കമ്മിറ്റിക്ക് സാധിക്കണം. നമുക്ക് സംഭവിച്ച പിഴവുകൾ ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. അതുകൊണ്ട് ദുരന്തകാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധസമിതിയെ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ഇനിയൊട്ടും അമാന്തംകാട്ടരുത്. കാരണം, തെറ്റുകളിൽനിന്ന് പാഠം പഠിച്ചവർ നിർമിക്കുന്നതായിരിക്കണം പുതിയ കേരളം. ഒാരോ മലയാളിയുടെയും മനോഘടന തൊട്ട് ഭരണനിർവഹണം വരെ നവീകരിക്കപ്പെട്ടതായിരിക്കണം പുതിയ കേരളം.
പുതിയ കേരളത്തിെൻറ നിർമിതി ഗൗരവത്തിലാെണങ്കിൽ വരുന്ന ഏതാനും മാസങ്ങൾ ആശയരൂപവത്കരണത്തിേൻറതായിരിക്കണം. അന്തർദേശീയ അനുഭവസമ്പത്തും വൈജ്ഞാനികശേഷിയുമുള്ള യൗവനത്തിെൻറ കരുത്തുണ്ട് കേരളത്തിന്. പുതിയ കേരളത്തിെൻറ മാസ്റ്റർ പ്ലാനിൽ അവരുടെകൂടി മുദ്രയുണ്ടാകണം. കേരളത്തിലേക്ക് പണമയക്കാനുള്ള ആൾക്കൂട്ടമായി മാത്രമായി പ്രവാസിസമൂഹത്തെ പരിഗണിച്ചാൽ പോരാ. പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാസംഘങ്ങളെ അയക്കാൻ സമൂഹമാധ്യമങ്ങളെ സമർഥമായി ഉപയോഗിക്കാൻ പ്രവാസ ലോകത്തിരുന്ന് സാധിച്ചതുപോലെ പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള ക്രിയാത്മകതയും അനുഭവസമ്പത്തും അവർക്കുണ്ട്. ലോകപ്രസിദ്ധമായ കമ്പനികൾക്ക് നേതൃത്വം നൽകുകയും വികസിപ്പിക്കുകയും ചെയ്യുന്നവരാണവർ. നാം വിദേശത്തേക്ക് കയറ്റിയയച്ച മനുഷ്യബുദ്ധിയെയും ചെറുപ്പത്തിെൻറ ക്രയശേഷിയെയും പൂർണാർഥത്തിൽ പ്രയോജനപ്പെടുത്തിയാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നാടിെൻറ മുഖച്ഛായ തിരുത്താനാകും. ഇതിനർഥം അടിയന്തര നിർമാണപ്രവൃത്തികൾ ഗൃഹപാഠങ്ങൾ പൂർത്തിയാകുന്നതുവരെ വൈകിക്കണമെന്നല്ല. പക്ഷേ, തത്ത്വദീക്ഷയില്ലാതെ പഴയപടി എല്ലാ എടുപ്പുകളും പുനർനിർമിക്കാൻ തുനിഞ്ഞാൽ നാം കൂടുതൽ മലകളെയും പുഴകളെയും തുരക്കാൻ തീരുമാനിച്ചുവെന്നുതന്നെയാണ്. അത് കൂടുതൽ വലിയ ദുരന്തത്തിലേക്കാണ് നയിക്കുക. രണ്ടു ദശകത്തിലധികമായി ആവർത്തിക്കുന്ന ഉരുൾപൊട്ടലുകെളയും വെള്ളപ്പൊക്കങ്ങളെയും ഗൗനിക്കാതിരുന്നതിെൻറ പിഴകൂടിയാണ് ഇപ്പോൾ നാം ഒടുക്കുന്നത്.
ഭരണനിർവഹണ രംഗത്തും വലിയ അഴിച്ചുപണി ആവശ്യപ്പെടുന്നുണ്ട് പ്രളയാനന്തര കേരളം. ജൈവവൈവിധ്യവും ഭൗമവ്യത്യസ്തതകളുമുള്ള കേരളത്തിൽ ഭൂവിനിയോഗത്തിലും കെട്ടിടനിർമാണത്തിലും കാർഷിക പരിപാലനത്തിനും വ്യവസായ നിർമാണത്തിലും കൃത്യവും ശാസ്ത്രീയവുമായ ചട്ടങ്ങൾ പുനർനിർമിച്ചാൽ മാത്രമേ പ്രകൃതിദുരന്തങ്ങളെ അകലത്തിൽ നിർത്താനാകൂ. സ്ഥലപരിഗണനകൾവെച്ച് വിഭവ ഉപയോഗങ്ങളിൽ വ്യത്യസ്ത സമീപനങ്ങളും നിയമങ്ങളും രൂപവത്കരിക്കേണ്ടിവരും. താമസസ്ഥലങ്ങളെയും കാർഷിക, വ്യവസായ സ്ഥലങ്ങളെയും വേർതിരിച്ച് നിജപ്പെടുത്തേണ്ടിവരും. സമ്പൂർണമായി സ്വയം മാറ്റിപ്പണിയാൻ സജ്ജമായ ജനതക്കും ഭരണകൂടത്തിനും മാത്രമേ പരിസ്ഥിതിസൗഹൃദ നവകേരളത്തെ സൃഷ്ടിക്കാനാകൂ എന്ന് ചുരുക്കം. പ്രളയം നമ്മെ ഉണർത്തിയിരിക്കുന്നു. ഇനി വേണ്ടത് ഇച്ഛാശക്തിയാണ്. പ്രളയജലത്തെ അതിജീവിക്കാൻ നാം കാണിച്ച മിടുക്ക് ഒരിക്കൽകൂടി ആവർത്തിച്ചാൽ പുതിയ കേരളമെന്നത് അപ്രാപ്യമായ സ്വപ്നമൊന്നുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.