പശു എന്നത് ഒരു മൃഗത്തിെൻറ പേര് എന്നതിലുപരി ദേശീയ ഭ്രാന്ത് ആയി മാറിയ സന്ദർഭത്തിലാണ് നാം ഇപ്പോൾ ഉള്ളത്. രാജസ്ഥാനിലെ ആൽവാറിൽ പെഹ്ലു ഖാൻ എന്ന ഹരിയാന സ്വദേശിയായ ക്ഷീര കർഷകനെ ആളുകൾ അടിച്ചു കൊന്നത് കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്. പെഹ്ലു ഖാൻ ചെയ്ത തെറ്റ് തെൻറ വാഹനത്തിൽ പശുക്കളെ കൊണ്ടു പോയി എന്നതാണ്. കാർഷിക ആവശ്യത്തിനാണ് താൻ പശുക്കളെ കൊണ്ടുപോകുന്നതെന്ന രേഖകൾ വരെ ആ മനുഷ്യെൻറ കൈയിലുണ്ടായിരുന്നു. എന്നിട്ടും സംഘ്പരിവാർ നേതൃത്വത്തിലുള്ള ഗോരക്ഷകർ ആ സാധു മനുഷ്യനെ നടുറോഡിൽ അടിച്ചുകൊന്നു. പൊലീസാകട്ടെ, പെഹ്ലു
ഖാെൻറയും ഒപ്പമുണ്ടായിരുന്ന സഹായികളുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു! പശുക്കളെ കൊണ്ടുപോകുന്നതിനിടെ ആളുകൾ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വാർത്തകൾ ഉത്തരേന്ത്യയിൽ പുതുമയല്ലാതായി മാറിയിരിക്കുന്നു. എന്നാൽ നടുറോഡിൽ ഇങ്ങനെ പരസ്യമായി മർദനമേറ്റ് പിടഞ്ഞ് ചോരവാർന്ന് മരിക്കുന്നവർക്ക് വേണ്ടി സംസാരിക്കാൻ രാജ്യത്ത് ആരുമില്ല. അതേ സമയം, കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധ പരിപാടിയുടെ ഭാഗമായി പശുവിനെ അറുത്തത് ദേശീയ വിവാദമായി മാറി. ദേശീയ ചാനലുകൾ വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിച്ചു. ഡൽഹിയിൽ ഒന്നിലേറെ പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു. രാഹുൽ ഗാന്ധി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ട് സംഭവവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തു. നോക്കൂ, മനുഷ്യ ജീവനുകളെക്കാൾ എത്രയോ അധികമാണ് ഈ ഭ്രാന്തൻ കാലത്ത് പശുക്കൾക്ക് നമ്മുടെ നാട്ടിൽ കിട്ടുന്നത്.
ബുധനാഴ്ച രാജസ്ഥാൻ ഹൈകോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമ നടത്തിയ ഒരു ശിപാർശ ഈ സന്ദർഭത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും പശുവിനെ കൊല്ലുന്നവർക്ക് ജീവപര്യന്തം തടവ് നൽകണെമന്നുമാണ് ആ ജഡ്ജി ശിപാർശ ചെയ്തിരിക്കുന്നത്. ഇക്കാര്യം ഭംഗം കൂടാതെ കേന്ദ്രത്തിെൻറ ശ്രദ്ധയിൽപെടുത്താനും തുടർനടപടികൾ സ്വീകരിക്കാനും രാജസ്ഥാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു ഈ ജഡ്ജി. രസകരമായ കാര്യം, ഗോവധവുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് തീർപ്പാക്കവെ നടത്തിയ ശിപാർശയല്ല ഇത് എന്നതാണ്. രാജസ്ഥാനിലെ ഹിംഗോണിയയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ മോശപ്പെട്ട സാഹചര്യത്തിൽ കഴിയുന്നതുമായ ബന്ധപ്പെട്ട കേസിനിടെയാണ് അസാധാരണവും വിചിത്രവുമായ ഈ ശിപാർശ ഹൈകോടതി ജഡ്ജി നൽകിയിരിക്കുന്നത്.
കന്നുകാലി കശാപ്പിന് ഫലത്തിൽ വിലക്കേർപ്പെടുത്തുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ പുതിയ വിവാദ ഉത്തരവിെൻറ പശ്ചാത്തലത്തിൽ അതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ബുധനാഴ്ച കേരള ഹൈകോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഹൈകോടതി കേന്ദ്രത്തിെൻറ നടപടിയെ പിന്തുണക്കുകയാണ് ചെയ്തത്. കേന്ദ്രത്തിെൻറ ഉത്തരവ് ശ്രദ്ധയോടെ വായിച്ചിരുന്നെങ്കിൽ ഇക്കണ്ട പ്രതിഷേധങ്ങളൊന്നും ഉണ്ടാവുകയില്ലായിരുന്നുവെന്ന് ഓർമപ്പെടുത്താനും കോടതി മറന്നില്ല. കേന്ദ്രത്തിെൻറ ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കോടതി എന്തിനാണ് പ്രതിഷേധങ്ങളെ കുറിച്ച് പറയുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.
യുക്തിബോധത്തെ അമ്പരപ്പിക്കുന്ന തരത്തിലാണ് പശുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യത്ത് മുന്നോട്ടു പോവുന്നത്. ഉന്മാദത്തിെൻറയും വിശ്വാസ തീവ്രതയുടെയും തലത്തിലേക്ക് പശു വ്യവഹാരങ്ങൾ വളർന്നുകഴിഞ്ഞിരിക്കുന്നു. അത്തരമൊരു സന്ദർഭത്തിൽ യുക്തിദീക്ഷ പുലർത്തേണ്ട സ്ഥാപനങ്ങളാണ് കോടതികൾ. അങ്ങനെ വരുമ്പോൾ, രാജസ്ഥാൻ ഹൈകോടതിയുടെ നടപടി ഏത് ഗണത്തിലാണ് പെടുക എന്നത് ചിന്താശീലരായ ഏവരും ആലോചിച്ചു നോക്കേണ്ടതാണ്.
ഫെഡറലിസത്തിെൻറ തത്ത്വങ്ങളെ നിരാകരിക്കുന്നതും ബഹുജനത്തിെൻറ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതുമായ കേന്ദ്രത്തിെൻറ പുതിയ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയും ഈ സന്ദർഭത്തിൽ പ്രസ്താവ്യമാണ്. വടക്കുള്ള രാജസ്ഥാൻ കോടതി പശുവിനെ അറുക്കുന്നവർക്ക് ജീവപര്യന്തം ആവശ്യപ്പെടുമ്പോൾ തെക്കുള്ള മധുര കോടതി അറവിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്ര നടപടിയെ സ്റ്റേ ചെയ്യുന്നു. ഭരണ ഘടന തത്ത്വങ്ങളും നിയമത്തിെൻറ വ്യവസ്ഥകളും മുമ്പിൽ വെച്ചല്ലേ കോടതികൾ തീർപ്പുകളിലെത്തുന്നതെന്ന സംശയം സാധാരണക്കാരിൽ ഉണ്ടാകാൻ ഇതൊക്കെയും ധാരാളമാണ്. ദേശീയ ഉന്മാദത്തിെൻറയും പ്രാദേശിക വികാരങ്ങളുടെയും ഒപ്പം നടന്ന് വിധികൾ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങൾ മാത്രമായി കോടതികൾ മാറിയോ എന്ന് അവർ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. പശുവിനെ ചൊല്ലിയുള്ള നടപടികൾ രാജ്യനിവാസികളെ നെടുകെ പിളർത്തുന്ന അവസ്ഥയിലേക്ക് വളരുകയാണ്. കോടതികൾ വരെ അതിെൻറ ഭാഗമാകുന്നുവെന്ന് സംശയിക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വിവേകമതികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.