കോടതിവിധികള്‍ തലക്കെട്ടുകളായ ദിവസങ്ങളായിരുന്നു കഴിഞ്ഞ വാരം മുഴുവൻ. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ നടന്ന നിഷ്ഠുരമായ ലൈംഗിക അതിക്രമ -കൊലപാതക സംഭവങ്ങളില്‍ പലതും പൊലീസ് സ്റ്റേഷനില്‍ തുണ്ടുകടലാസായി പോലും രേഖപ്പെടുത്തപ്പെട്ടില്ലെന്നിരിക്കെ പിഞ്ചുമകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും തന്നെ കൂട്ട ബലാല്‍ക്കാരത്തിന് ഇരയാക്കുകയും ചെയ്ത ആക്രമികള്‍ക്കെതിരെ ബില്‍ക്കീസ് ബാനു എന്ന യുവതി നടത്തുന്ന നിയമപോരാട്ടത്തിെൻറ തുടര്‍ച്ചയായിരുന്നു വിധിവൃത്താന്തങ്ങളിലൊന്ന്. ഗുജറാത്ത് പൊലീസ് ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിച്ച കേസ് മനുഷ്യാവകാശ കമീഷന് ഇടപെട്ട് സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റി പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണ നടത്തുകയും 2008ല്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ തള്ളിയ മഹാരാഷ്ട്ര ഹൈകോടതി കഴിഞ്ഞ ദിവസം ശിക്ഷ ശരിവെക്കുകയായിരുന്നു.
2012ല്‍ ജ്യോതി സിങ് (നിര്‍ഭയ) എന്ന യുവതി ഡല്‍ഹിയിലെ ബസില്‍ സംഘടിത ലൈംഗിക അതിക്രമത്തിനിരയാവുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ നാലു പ്രതികള്‍ക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതാണ് മറ്റൊന്ന്. നിര്‍ഭയക്ക് ലഭിച്ച നീതി തനിക്കും ലഭിക്കണമെന്നും അതിക്രമം നടത്തിയവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബില്‍ക്കീസ് ബാനു പ്രഖ്യാപിച്ചുകഴിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബില്‍ക്കീസ് കേസില്‍ സി.ബി.ഐ വാദിച്ചിരുന്നുവെങ്കിലും ഹൈകോടതി നിരാകരിക്കുകയായിരുന്നു. വധശിക്ഷ വിധിച്ചില്ലെന്നതു മാറ്റിനിര്‍ത്താം- എന്നിരിക്കിലും ബില്‍ക്കീസിന് നീതി ലഭിച്ചു എന്നു പറയാനാകുമോ? കേസില്‍ ആദ്യ വിധി വരാന്‍ സംഭവം നടന്ന് ആറു വര്‍ഷമെടുത്തു, ഹൈകോടതി വിധി വരുന്നത് 15 വര്‍ഷത്തിനു ശേഷം. അപ്പീലുകളുമായി കേസ് ഇനി സുപ്രീംകോടതിയിലേക്ക്. ഇക്കാലമത്രയും ഭീഷണികളെയും പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി നീതി തേടി ആ സ്ത്രീ താണ്ടിയ വഴിദൂരങ്ങളില്‍ ഒപ്പം നടന്നത് ബലാല്ക്കാരത്തിനിരയാകവെ വയറ്റില്‍ വളര്‍ന്നിരുന്ന കുഞ്ഞുള്‍പ്പെടെ കുടുംബത്തില്‍ അവശേഷിക്കുന്ന ഏതാനും പേരും ചുരുക്കം ചില പൗരാവകാശ പ്രവര്‍ത്തകരും മാത്രം.
ബില്ക്കീസിനെതിരായ അതിക്രമം നടന്ന് പത്തര വര്‍ഷത്തിനു ശേഷമുണ്ടായ നിര്‍ഭയ കേസില്‍ നാലര വര്‍ഷംകൊണ്ട് സുപ്രീംകോടതി വിധിയുെമത്തിയിരിക്കുന്നു. ഇന്ത്യയുടെ മകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിര്‍ഭയക്ക് നീതി ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ ഒപ്പമുണ്ടായിരുന്നു. ബില്ക്കീസിെൻറ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയത് ഇപ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും അവരുടെ അനുചരന്മാരുമാകയാല് ഒരു കുടുംബത്തിലെ 14 പേരെ വധിക്കുന്നതും ബലാല്‍സംഗം ചെയ്യുന്നതും അപൂര്‍വ കുറ്റമായി കാണാന്‍ ഉത്തമ നീതിമാന്മാര്ക്കുപോലും മനസ്സുറക്കുന്നില്ല. എന്നാല്‍, നിര്‍ഭയ കേസില്‍ പ്രതികള്‍ രാഷ്്ട്രീയ സ്വാധീനമേതുമില്ലാത്ത നാലുപേരാകയാല് അവര്‍ക്ക് ശിക്ഷ വിധിച്ച് കുരുക്ക് മുറുക്കി രാഷ്ട്രത്തിെൻറ ‘പൊതു മനഃസാക്ഷിയെ’ തൃപ്തിപ്പെടുത്താന്‍ ഉത്സാഹമേറെയാണ്. അവധാനത കൂടാതെ കേസ് നടപടികള്‍ പൂര്‍ത്തിയായി എന്നല്ലാതെ നിര്‍ഭയക്ക് നീതി നല്കാന് കഴിഞ്ഞുവെന്ന് രാഷ്ട്രത്തിന് ആശ്വസിക്കാനാകുമോ? ബില്‍ക്കീസ് ബാനുവിന് ഇപ്പോഴും വിലാസം മറച്ചുവെച്ച് ഒളിവിലെന്നപോലെ ജീവിക്കേണ്ടിവരുന്നുവെന്നാല് അത് നിര്‍ഭയയോടുള്ള നീതിനിഷേധംകൂടിയാണ്.
നിര്‍ഭയ കേസിനെ മുന്‍നിര്‍ത്തി, 16 വയസ്സിനു മുകളിലുള്ളവര്‍ ഹീന കുറ്റങ്ങള്‍ ചെയ്താല്‍ മുതിര്‍ന്നവര്‍ക്ക് നല്കുന്ന അതേ ശിക്ഷ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആൻഡ് പ്രൊട്ടക്ഷൻ) ബില്‍ 2015 പാര്‍ലമെൻറ് പാസാക്കിയെടുത്തു. എന്നാല്‍, ഇതേ കേസിെൻറ വെളിച്ചത്തില്‍, കേന്ദ്ര സര്‍ക്കാറിനാല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനും കഴിഞ്ഞ ദിവസം ഇഹലോക വാസം വെടിഞ്ഞ ജസ്റ്റിസ് ലീലാ സേത്ത്, ഗോപാല്‍ സുബ്രഹ്മണ്യം എന്നീ അംഗങ്ങളുമടങ്ങുന്ന സമിതി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പലതും തള്ളിക്കളഞ്ഞു. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിഷ്ഠുരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് മറയായ സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പുനഃപരിശോധിക്കണമെന്നായിരുന്നു പ്രധാന ശിപാര്‍ശകളിലൊന്ന്. എന്നാല്‍, നിര്‍ഭയ കേസില്‍ സുപ്രീംകോടതി വിധി വന്ന ദിവസങ്ങളില്‍തന്നെ അസമിലേക്കുകൂടി ഈ അടിച്ചമര്‍ത്തല്‍ നിയമം വ്യാപിപ്പിച്ചിരിക്കുകയാണ് അധികൃതർ. നിയമം നിലവിലുള്ള മണിപ്പൂരില്‍ തംങ്ജം മനോരമ എന്ന യുവതിയെ അസം റൈഫിള്‍സിലെ ഉന്നതര്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം സേനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു കാണിച്ച് പുനഃപരിശോധന ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാർ.
ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പുരിലെ സെന്‍ട്രല്‍ ജയിലില്‍ മാവോവാദി ബന്ധം ആരോപിച്ച് പിടികൂടുന്ന ആദിവാസി പെണ്‍കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ വൈദ്യുതാഘാതമേല്പിക്കുന്നത് പതിവാണെന്ന് വെളിപ്പെടുത്തിയ ഡെപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോംഗ്രെയെ സര്‍വിസ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സര്‍വിസില്‍നിന്ന് പുറത്തുനിര്‍ത്തിയതും അതേദിവസം. ലൈംഗിക അതിക്രമ സംഭവങ്ങളില്‍ ഇരയുടെയും വേട്ടക്കാരുടെയും ജാതി -മത -സാമൂഹിക അവസ്ഥകളെ പരിഗണിച്ചു മാത്രമേ പൊതുമനഃസാക്ഷി ഉയരുകയും ശിക്ഷ വിധിക്കപ്പെടുകയുമുള്ളൂ എന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു ഇത്തരം സംഭവങ്ങൾ. ഇത് നിര്ഭയയോടു മാത്രമല്ല, ക്രമസമാധാനവും നിയമവാഴ്ചയും സ്വപ്നംകാണുന്ന രാജ്യത്തെ ഓരോ സ്ത്രീ പുരുഷന്മാരോടുമുള്ള നീതിനിഷേധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.