പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ട, അങ്ങനെയായിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആര്‍.എസ്.എസാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി കെ.പി.സി.സിയുടെ വിശാല നിര്‍വാഹകസമിതിയില്‍ തുറന്നടിച്ചത് കോണ്‍ഗ്രസ് നേതാക്കളില്‍തന്നെ ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആന്‍റണി പറഞ്ഞത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ളെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍െറ വിശദീകരണത്തിലാണ് ആശ്വാസം കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍, ആന്‍റണി ഇതുവരെ തന്‍േറതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവന നിഷേധിച്ചിട്ടില്ളെന്നതാണ് ശ്രദ്ധേയം.
കോണ്‍ഗ്രസിനടിയിലെ മണ്ണ് ചോര്‍ന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്നുകൂടി ആന്‍റണി നിര്‍വാഹക സമിതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫിനും അതിലെ മുഖ്യ ഘടകമായ കോണ്‍ഗ്രസിനും നേരിട്ട വന്‍ തിരിച്ചടിക്കു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതാണെന്ന വസ്തുത നിഷേധിക്കാനോ ചെറുതായിക്കാണാനോ യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും സാധ്യമല്ല. കോണ്‍ഗ്രസുകാരോ സഹയാത്രികരോ ആയ സവര്‍ണജാതിക്കാരില്‍ വലിയൊരുവിഭാഗം തീവ്ര ഹിന്ദുത്വ ചേരിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ദേശീയതലത്തില്‍ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായ പ്രതിഭാസത്തിന്‍െറ പ്രതിഫലനംതന്നെയാണ് പിന്നീട് കേരളത്തിലും ദൃശ്യമായത്. ഇവിടെ ഇടതുപക്ഷത്തിന്‍െറ കൂടെ നിന്നിരുന്ന പിന്നാക്ക ഹിന്ദുക്കളില്‍ ഒരുവിഭാഗത്തെയും ആകര്‍ഷിക്കാന്‍ തീവ്രവലതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെന്നുകൂടി ഇതോട് ചേര്‍ത്തുവായിക്കണം.
ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം സൂക്ഷ്മവിശകലനത്തില്‍ പെട്ടെന്നുണ്ടായ വഴിത്തിരിവല്ല. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനമായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രംഗപ്രവേശനം ചെയ്ത മുതല്‍തന്നെ ഹിന്ദുത്വവാദികളും മതേതരത്വ പ്രതിബദ്ധത പുലര്‍ത്തിയവരും അതിന്‍െറ നേതൃത്വത്തിലുണ്ടായിരുന്നുവെന്നത് സുവിദിത ചരിത്രമാണ്. പില്‍ക്കാലത്ത് ഹിന്ദു മഹാസഭയും ആര്‍.എസ്.എസും സജീവമായപ്പോള്‍ അവയോട് അനുഭാവമുള്ളവരും ദേശീയ പ്രസ്ഥാനത്തിലില്ലാതിരുന്നില്ല. ദ്വിരാഷ്ട്രവാദം ശക്തിയാര്‍ജിക്കുകയും രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെന്ന് താല്‍പര്യപ്പെട്ടവര്‍ ഹിന്ദുത്വവാദികള്‍ മാത്രമായിരുന്നില്ളെന്നും കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ തലപ്പത്തുള്ള ചിലരും അതാഗ്രഹിച്ചിരുന്നുവെന്നതും അനിഷേധ്യ സത്യമാണ്.
ശതകോടികള്‍ ചെലവിട്ട് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിന്‍െറ പടുകൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ശഠിക്കുന്നതിന്‍െറ പിന്നിലെ ചേതോവികാരവും നിഗൂഢമല്ല. എന്നാല്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ വിട്ടുവീഴ്ചയില്ലാത്ത മതേതരത്വ പ്രതിബദ്ധതയും ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവവുമാണ് രാജ്യത്തെയും കോണ്‍ഗ്രസിനെയും നാളിതുവരെ മതേതര പാതയില്‍ നിര്‍ത്തിയത്. പക്ഷേ, നെഹ്റുവിന്‍െറ പിന്‍ഗാമികള്‍ ദേശീയതയുടെ പേരില്‍ ഹിന്ദുത്വത്തോട് സന്ധിചെയ്യാന്‍ മിനക്കെട്ടതിന്‍െറ സ്വാഭാവിക പരിണതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന അജണ്ടയുമായി മുന്നിട്ടിറങ്ങാന്‍ തീവ്രഹിന്ദുത്വ ശക്തികളെ പ്രാപ്തരാക്കിയതെന്ന് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബൗദ്ധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഇന്ത്യ മഹാരാജ്യത്തെ ബഹുസ്വരതയുടെ അടയാളവും മാതൃകയുമായി കാണാന്‍ ജവഹര്‍ലാലിനും സമാനമനസ്കര്‍ക്കും സാധിച്ചിരുന്നു.
എന്നാല്‍, ഇന്ത്യ സഹസ്രാബ്ദങ്ങളായി ആര്‍ഷസംസ്കാരത്തിന്‍െറ കളിത്തൊട്ടിലാണെന്നും പുറത്തുനിന്ന് കടന്നുവന്ന മതങ്ങള്‍ക്കോ സംസ്കാരങ്ങള്‍ക്കോ രാജ്യത്തോട് കൂറുപുലര്‍ത്താനാവില്ളെന്നും ഉദ്ഘോഷിച്ച്, തദനുസൃതമായ അജണ്ട ഒന്നൊന്നായി പുറത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരായ തീവ്രഹിന്ദുത്വ ശക്തികളുടെ മിഥ്യാ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനോ ചരിത്രത്തിലും വിദ്യാഭ്യാസത്തിലും സാംസ്കാരിക സ്ഥാപനങ്ങളിലും അവര്‍ ചെലുത്തുന്ന ദുസ്സ്വാധീനത്തെ പ്രതിരോധിക്കാനോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പില്‍ക്കാല നേതാക്കള്‍ക്ക് കഴിഞ്ഞില്ളെന്നു മാത്രമല്ല അവരില്‍ പലരും ‘രാത്രി ആര്‍.എസ്.എസുകാരായി’ നടക്കുന്നവരും ആയിരുന്നുവെന്നത് സത്യംമാത്രം. മാറിയ സാഹചര്യത്തില്‍ രാത്രിയും പകലും സംഘികളുടെ കൂടെ ശയിക്കുകയും നടക്കുകയുമാവാമെന്ന് അത്തരക്കാര്‍ കരുതുന്നുവെങ്കില്‍ അത് സ്വാഭാവികമാണ്.
മതേതര ഇന്ത്യയെ ആഴത്തില്‍ പരിക്കേല്‍പിച്ച ബാബരി മസ്ജിദ് ധ്വംസനത്തിന് നിശ്ശബ്ദനായി കൂട്ടുനിന്ന പ്രധാനമന്ത്രി നരസിംഹറാവു കോണ്‍ഗ്രസുകാരനായിരുന്നു എന്ന സത്യം ഓര്‍മിച്ചാല്‍, കാലം കോണ്‍ഗ്രസിലെ വലിയൊരു ഭാഗത്തെ തങ്ങളുടെ കാല്‍ക്കീഴിലത്തെിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ കേവലം ദിവാസ്വപ്നമല്ളെന്ന് ബോധ്യമാവും. ഒഴിച്ചുപോക്ക് തടയണമെങ്കില്‍ ഫാഷിസത്തിനും ഉന്മാദ ദേശീയതക്കുമെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടുകയെന്ന ചഞ്ചലവും ഭീരുത്വപരവുമായ സമീപനം പാര്‍ട്ടി കൈയൊഴിയണം. എങ്കില്‍, എങ്കില്‍മാത്രം പാര്‍ട്ടിയില്‍നിന്നകന്ന മതേതരവാദികളും മത ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസില്‍ ഒരിക്കല്‍കൂടി പ്രതീക്ഷകളര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.