ചൈനയിലെ സിൻജ്യങ് പ്രവിശ്യയിലെ ഉയിഗൂർ വംശജരായ മുസ്ലിംകൾക്കെതിരെ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വ്യവസ്ഥാപിത വംശ ശുദ്ധീകരണ നടപടി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വാർത്തകൾ അടുത്ത ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. ബുധനാഴ്ച അമേരിക്കയിൽ പ്രവാസികളായി കഴിയുന്ന തിബത്തൻ, ഉയിഗൂർ വംശജരുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് മുന്നിൽ ഈ വിഷയത്തിൽ പ്രതിഷേധപ്രകടനം നടന്നു. ചൈനയുടെ വടക്കുകിഴക്ക് ഭാഗത്ത്, കസാഖ്സ്താൻ, കിർഗിസ്താൻ, മംഗോളിയ, പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സിൻജ്യങ് പ്രവിശ്യയിലെ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂറുകൾ എന്നറിയപ്പെടുന്ന മുസ്ലിം ജനവിഭാഗം. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജ്യങ്ങിൽ പ്രകൃതിവിഭവങ്ങളുടെ വൻ കലവറയുണ്ട്. പൗരാണികമായ സിൽക്ക് റൂട്ട് കടന്നുപോവുന്നത് ഈ മേഖലയിലൂടെയാണ്. ആധുനിക ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയുടെ പ്രധാനപ്പെട്ട കേന്ദ്രവും സിൻജ്യങ് തന്നെയാണ്. ഭൂമിശാസ്ത്രപരവും തന്ത്രപരവുമായ പ്രാധാന്യം കാരണം സിൻജ്യങ് ചൈനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. എന്നാൽ, കമ്യൂണിസ്റ്റ് മേലങ്കിയണിഞ്ഞ ചൈനയിലെ ഹാൻ വംശീയ ഭരണകൂടവുമായി ആശയപരമായോ വൈകാരികമായോ ചേർച്ചയില്ലാത്തവരാണ് സിൻജ്യങ്ങിലെ ജനങ്ങൾ. ഈ കാരണംകൊണ്ടുതന്നെ ശത്രു സമൂഹത്തെയെന്നപോലെയാണ് ചൈനീസ് ഭരണകൂടം എപ്പോഴും അവരെ കണ്ടുകൊണ്ടിരുന്നത്. ആ സമീപനം അതിെൻറ ഏറ്റവും ക്രൂരമായ മുഖം കാണിച്ചു തുടങ്ങിയതിെൻറ അനുഭവങ്ങളാണ് അടുത്ത ദിവസങ്ങളിൽ അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്നത്.
10 ലക്ഷത്തോളം ഉയിഗൂർ വംശജരെ വിവിധ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ജനീവ ആസ്ഥാനമായ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി തന്നെ പറയുന്നു. എന്നാൽ, ഇവ തടങ്കൽ പാളയങ്ങളല്ല, ‘രാഷ്ട്രീയ പുനർ വിദ്യാഭ്യാസ കേന്ദ്ര’ങ്ങളാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക ഭാഷ്യം. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ മാവോയുടെ പദ്ധതിക്ക് ‘മഹത്തായ സാംസ്കാരിക വിപ്ലവം’ എന്ന് പേരിട്ടവരാണ് ചൈനീസ് കമ്യൂണിസ്റ്റുകൾ. ‘രാഷ്ട്രീയ പുനർവിദ്യാഭ്യാസം’ എന്ന് പറയുമ്പോൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നതെന്തെന്ന് ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളു. നമസ്കാരം, നോമ്പ് പോലെയുള്ള മതചടങ്ങുകൾ; താടി, തൊപ്പി, ഹിജാബ് തുടങ്ങിയ മതചിഹ്നങ്ങൾ എന്നിവക്ക് മാത്രമല്ല കുട്ടികൾക്ക് ഇഷ്ടപ്പെട്ട പേരിടുന്നതിന് അവിടെ വിലക്ക് നിലനിൽക്കുകയാണ്. ഭരണകൂടം കരിമ്പട്ടികയിൽ പെടുത്തിയ പേരുകൾ കുഞ്ഞുങ്ങൾക്കിട്ടാൽ ജനനസർട്ടിഫിക്കറ്റുകൾ പോലും കിട്ടാത്ത സ്ഥിതിയാണെന്ന് മനുഷ്യാവകാശ സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു.
സിൻജ്യങ്ങിലെ ജനസംഖ്യഘടന തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും ചൈനീസ് സർക്കാർ നടത്തുന്നുണ്ട്. രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽനിന്ന് ഹാൻ വംശജരെ കുട്ടത്തോടെ സിൻജ്യങ്ങിൽ കൊണ്ടുവന്ന് പാർപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദശകങ്ങളായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ സിൻജ്യങ്ങിലെ ഹാൻ ജനസംഖ്യ 39 ശതമാനത്തിലെത്തിക്കാൻ ചൈനീസ് ഭരണകൂടത്തിനായി. ഹാൻ വംശജർക്ക് നഗരകേന്ദ്രങ്ങളിൽ എല്ലാവിധ ആനുകൂല്യങ്ങളും ഭരണകൂടം അനുവദിക്കുമ്പോൾ ഉയിഗൂറുകളെ ചേരികളിൽ തള്ളി ജീവിതം ദുസ്സഹമാക്കുകയാണ്. ഇത് സൃഷ്ടിക്കുന്ന സംഘർഷങ്ങൾ പലയിടത്തും പൊട്ടിപ്പുറപ്പെടാറുണ്ട്. ഭരണകൂട വേട്ട ഭയന്ന് നൂറുകണക്കിന് ഉയിഗൂറുകൾ ഇതിനകം അയൽ നാടുകളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അവരിൽ പലരും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും രാഷ്ട്രീയ അഭയാർഥികളായി കഴിയുകയാണ്. അവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ ഉയിഗൂർ സംഘടനകളാണ് മേഖലയിൽ ഭരണകൂടം നടപ്പാക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നത്.
മുസ്ലിം ലോകത്ത് പൊതുവേയും പശ്ചിമേഷ്യയിൽ പ്രത്യേകിച്ചും രൂപപ്പപെട്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം ഉയിഗൂർ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ഗൗരവത്തിൽ ഉന്നയിക്കാൻ മുസ്ലിം രാഷ്ട്രങ്ങൾക്ക് സാധിക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ തത്ത്വാധിഷ്ഠിതമായി ഇടപെടാറുള്ള തുർക്കി ഭരണകൂടത്തിനും ഉയിഗൂർ പ്രശ്നത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ട്. തുർക്കി സമ്പദ്ഘടനയെ ലക്ഷ്യംവെച്ച് അമേരിക്ക ആരംഭിച്ച ഉപരോധവും തുടർന്ന് തുർക്കി നാണയമായ ലിറക്ക് സംഭവിച്ച വൻ ഇടിവും ആ രാജ്യത്തിെൻറ സമ്പദ്ഘടനയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ചൈനയും റഷ്യയുമായുള്ള വ്യാപാരം വർധിപ്പിച്ചുകൊണ്ടാണ് ഈ പ്രതിസന്ധിയെ മറികടക്കാൻ അവർ ശ്രമിക്കുന്നത്. അതിനിടെ ചൈനക്കെതിരെ ഒരു രാഷ്ട്രീയ പ്രശ്നം ഉന്നയിക്കാൻ തുർക്കി സ്വാഭാവികമായും മടിക്കും. ഈ അനുകൂല കാലാവസ്ഥകളെ മുതലാക്കിയാണ് ഉയിഗൂറുകൾക്കെതിരായ അടിച്ചമർത്തൽ നടപടി ചൈന ശക്തമാക്കിയിരിക്കുന്നത്. അടിസ്ഥാന മനുഷ്യാവകാശ തത്ത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ നടപടിക്കെതിരെ സാർവദേശീയതലത്തിൽ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ട്. വലിയൊരു മാനുഷിക ദുരന്തം സംഭവിക്കുന്നതിന് മുമ്പ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ജനാധിപത്യ വാദികളും ഉണർന്നു പ്രവർത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.