പഴയ മിത്രവും പുതിയ കരാറും

ഗോവയില്‍ ‘ബ്രിക്സ്’ രാഷ്ട്ര (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കിടെ റഷ്യയുമായി 16 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച ഇന്ത്യ അന്താരാഷ്ട്രീയ സഖ്യസമവാക്യങ്ങളില്‍ ചുവടുമാറ്റത്തിന് മുതിരുകയാണ്. കരാറില്‍ ഒപ്പുവെച്ചശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി ചേര്‍ന്നുനടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ’പഴയ ഒരു സുഹൃത്ത് പുതിയ രണ്ടെണ്ണത്തെക്കാള്‍ മെച്ചം’ എന്ന ചൊല്ല്  ഉരുവിടുകയുണ്ടായി. റഷ്യന്‍ ഭാഷയില്‍ ഉദ്ധരിച്ച ചൊല്ലിന് മറുപടിയായി പുടിന്‍ നല്‍കിയ പുഞ്ചിരിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. സഹസ്രകോടികളുടെ ഡോളര്‍ പ്രത്യക്ഷവരുമാനത്തിനും ഇന്ത്യന്‍ കമ്പനികളുമായി പങ്കാളിത്തമുറപ്പിക്കാന്‍ ലഭിച്ച സൗകര്യത്തിലൂടെ വേറെയും ആയിരം കോടികളുടെ പരോക്ഷവരുമാനത്തിനും വഴിതുറക്കുന്ന കരാര്‍ റഷ്യക്ക് സന്തോഷം പകരുന്നതുതന്നെ. ഇന്ത്യയാകട്ടെ, പഴയ കൂട്ടുകാരനെ പുതിയ കരാറില്‍ കൊളുത്തി വലിക്കാന്‍ നോക്കുന്നത് മുഖ്യമായും പ്രതിരോധലക്ഷ്യങ്ങള്‍ വെച്ചാണ്. ജെറ്റ്, ഡ്രോണ്‍ വിമാനങ്ങളെയും ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാന്‍ കരുത്തുള്ള റഷ്യന്‍ നിര്‍മിത എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം, അതിര്‍ത്തി സുരക്ഷക്ക് ഉപയോഗിക്കുന്ന കമോവ് 226 ചോപര്‍ വിമാനങ്ങള്‍, 200 കോപ്ടറുകള്‍, നാല് മിസൈല്‍ നിയന്ത്രിത ചാരക്കപ്പലുകള്‍ തുടങ്ങി 60,000 കോടി രൂപയുടെ പ്രതിരോധകരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നത്. ഇതിനുപുറമെ വാണിജ്യം, നിക്ഷേപം, പെട്രോളിയം, റെയില്‍വേ, ചരക്കുഗതാഗതം, ബഹിരാകാശം, വിവരവിനിമയ കൈമാറ്റം, സ്മാര്‍ട്സിറ്റി നിര്‍മാണം എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനത്തിന് സഹകരണം തേടുന്ന വന്‍തുകക്കുള്ള കരാറുകളുമുണ്ട്. കേന്ദ്രത്തിന്‍െറ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കോപ്ടര്‍-ചോപര്‍ നിര്‍മാണങ്ങള്‍ ഏറ്റെടുക്കാനാണ് പരിപാടി.

കൂടങ്കുളം ആണവപദ്ധതിയുടെ രണ്ടാം യൂനിറ്റ് രാഷ്ട്രത്തിന് സമര്‍പ്പിച്ച നേതാക്കള്‍ മൂന്നും നാലും യൂനിറ്റുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. ചുരുക്കത്തില്‍ ഇന്ത്യയുടെ മികച്ച പ്രതിരോധായുധ വിതരണക്കാര്‍ എന്ന സ്ഥാനം മോസ്കോ നിലനിര്‍ത്തിയിരിക്കുന്നു. ഫ്രാന്‍സില്‍നിന്ന് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇന്ത്യ ആയുധങ്ങള്‍ക്കായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും കണ്ണയക്കുന്ന നേരത്താണ് റഷ്യ ഈ നേട്ടമുണ്ടാക്കിയത്. എന്നാല്‍, പഴയ മിത്രത്തെ പുതിയ കരാറിലൂടെ വീഴ്ത്താന്‍ ഇന്ത്യക്കാവുമോ എന്നതാണ് കാതലായ ചോദ്യം. ഇക്കണ്ട ആയുധങ്ങളും പ്രതിരോധസന്നാഹങ്ങളും തീര്‍ത്ത് ഇന്ത്യ നേരിടാന്‍ സജ്ജമായിരിക്കുന്ന ഭീഷണികളെ കൈകാര്യം ചെയ്യുന്നതില്‍ മോസ്കോ എന്ത് സഹായമാണ് ചെയ്യുക? കരാറിടപാടുകള്‍ ഏകപക്ഷീയമാകില്ളെന്നും അതിര്‍ത്തി കടന്ന ഭീകരതയെയടക്കം നേരിടുന്നതിലും ഇന്ത്യക്കെതിരെ അതിര്‍ത്തി കടന്നും രാഷ്ട്രാന്തരീയ മര്യാദകളുടെ മതില്‍ തകര്‍ത്തും പാകിസ്താന്‍ നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളെ ചെറുക്കുന്നതിലും റഷ്യയുടെ പിന്തുണ ഉറപ്പിക്കാന്‍ സഹസ്രകോടികളുടെ കരാറുകള്‍ സഹായകമായിത്തീരും എന്നുറപ്പിക്കാനാവുമോ? അത്ര വ്യക്തമല്ല ഉത്തരം.

ആയുധക്കച്ചവടം പൊടിപൊടിക്കുമ്പോഴും കരാറിനൊടുവിലെ ഉപചാരങ്ങളൊഴിച്ചാല്‍ റഷ്യന്‍ പ്രസിഡന്‍റ് ഒന്നും വിട്ടുപറഞ്ഞിട്ടില്ല. അതിര്‍ത്തി കടന്ന ഭീകരതയിലൂടെ ഇന്ത്യയെ ആഭ്യന്തരവും ബാഹ്യവുമായ സംഘര്‍ഷത്തിലേക്ക് വഴിച്ചിഴച്ച പാകിസ്താന്‍െറ ശ്രമങ്ങളെ അപലപിക്കാനോ അവരുമായുള്ള ഒത്തുപോക്കിനെ പരാമര്‍ശിക്കാനോ തയാറായില്ല. 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഉറി ഭീകരാക്രമണത്തിനുശേഷം റഷ്യ പാകിസ്താനുമായി തങ്ങളുടെ ആദ്യ സംയുക്ത സൈനികാഭ്യാസം നടത്തി. മൂന്നാഴ്ച മുമ്പുനടന്ന ഈ അഭ്യാസത്തിനെതിരെ രണ്ടുതവണ മോസ്കോയെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഗോവയില്‍, അതിര്‍ത്തി കടന്ന ഭീകരതക്കെതിരെ പിന്തുണതേടിയ മോദിക്ക് മറുപടിയായി ഏഴ് മിനിറ്റ് സംസാരത്തിനൊടുവില്‍ ഒറ്റവാക്കില്‍ പിന്തുണ അറിയിച്ചതല്ലാതെ മറ്റു വിശദാംശങ്ങളിലേക്കൊന്നും പുടിന്‍ കടന്നില്ല.

നെഹ്റുവിന്‍െറ കാലത്ത് തുടങ്ങിയ റഷ്യന്‍ ചായ്വും ചേരിചേരാ രാഷ്ട്രസഖ്യത്തിന്‍െറ ശില്‍പി എന്ന നിലയില്‍ ഇന്ത്യ കൊണ്ടുനടന്ന ലോക ഭരണക്രമത്തിലെ തലയെടുപ്പുള്ള സ്ഥാനവും കുറച്ചുകാലമായി ഇന്ത്യ കൈയൊഴിഞ്ഞ നിലയിലാണ്. ഭരണത്തിലേറിയതു മുതല്‍ മോദിയുടെ മുഴുവന്‍ കണ്ണും അമേരിക്കയുടെ നേര്‍ക്കായി. മോദി അമേരിക്കയിലേക്ക് ചെന്നും ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിച്ചും വിദേശനയത്തില്‍ നടത്തിയ ചാഞ്ചാട്ടം മോസ്കോക്ക് ദഹിച്ചിട്ടില്ല. സിറിയ അടക്കമുള്ള റഷ്യയുടെ നിര്‍ണായകവിഷയങ്ങളില്‍ അമേരിക്കന്‍ നിലപാടുകള്‍ക്കൊത്ത് ഇന്ത്യ നീങ്ങിയതോടെ ഈ ദഹനക്കേട് വര്‍ധിച്ചു. മറുഭാഗത്ത് ഇന്ത്യയും നിവൃത്തികേടിലാണ്. ‘ആദ്യം അയല്‍പക്കക്കാര്‍’ എന്ന മോദിയുടെ സത്യപ്രതിജ്ഞ തൊട്ടു തുടങ്ങിയ പാകിസ്താനുമായുള്ള നയതന്ത്ര അടവ് നവാസ് ശരീഫിന്‍െറ വീട്ടിലെ വിവാഹസല്‍ക്കാരത്തോടെ അവസാനിക്കുകയല്ല, ആജീവനാന്ത ശത്രുതയിലേക്ക് മാറുകയാണ് ചെയ്തത്.

അതിര്‍ത്തിയില്‍ ഇന്ത്യക്ക് ഭീഷണിയും അന്താരാഷ്ട്രീയതലത്തില്‍ പാരയുമായി നിലയുറപ്പിച്ച ചൈന ഇസ്ലാമാബാദിനെ പിന്തുണക്കുകയും ചെയ്യുമ്പോള്‍ മോസ്കോയുടെ സഹകരണം ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍, അതുറപ്പിക്കാന്‍ മോദി ഗവണ്‍മെന്‍റ് ഇപ്പോള്‍ തുടരുന്ന അഴകൊഴമ്പന്‍ നയതന്ത്രം മാറ്റിപ്പണിയേണ്ടിവരും. പഞ്ചശീല തത്ത്വങ്ങളുടെയും ചേരിചേരായ്മയുടെയും പാരമ്പര്യക്കാരനായ പഴയ മിത്രമാണിപ്പോഴും തങ്ങളെന്ന് ബോധ്യപ്പെടുത്തേണ്ടിവരും. ഇല്ളെങ്കില്‍ വാചകക്കസര്‍ത്ത് മാത്രമാകും മോദിക്കും ഇന്ത്യക്കും മിച്ചം.

Tags:    
News Summary - bricks meeting,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.