നിയമപാലകരും നീതിപീഠങ്ങളും അന്യായം ചെയ്താല്‍

വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ട ഒരു സുപ്രീംകോടതി വിധിയാണ് രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ച് ഈയിടെ രാജ്യം കേട്ടത്. രാജ്യദ്രോഹക്കുറ്റവും അപകീര്‍ത്തിക്കുറ്റവും വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയില്‍ തീര്‍പ്പുനല്‍കവേയാണ് പരമോന്നത കോടതി, വിയോജിപ്പും വിമര്‍ശവും രാജ്യദ്രോഹമാകില്ളെന്ന് ചൂണ്ടിക്കാട്ടിയത്. ഇതാകട്ടെ, കേദാര്‍നാഥ് സിങ് കേസില്‍ സുപ്രീംകോടതി 1962ല്‍ തന്നെ വിധിച്ചതുമാണ്. അത്തരം വിധി നിലനില്‍ക്കെയാണ് രാജ്യദ്രോഹക്കുറ്റം വ്യാപകമായും അന്യായമായും ചാര്‍ത്തപ്പെടുന്നത് എന്നതാണ് പ്രശ്നത്തിന്‍െറ മര്‍മം. ഭരണഘടനയും അതനുസരിച്ചുള്ള നിയമങ്ങളും കോടതിവിധികളും നിലനില്‍ക്കത്തെന്നെ അതെല്ലാം ലംഘിക്കപ്പെടുന്നു; അങ്ങനെ ലംഘിക്കുന്നത് പൊലീസും സര്‍ക്കാറുകളും തന്നെയാണുതാനും. അതുകൊണ്ട്, പരാതിക്കാരായ ‘കോമണ്‍കോസി’ന് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണ്‍ ഒരാവശ്യം ഉന്നയിച്ചു. നിയമമെന്തെന്ന് തീര്‍ച്ചയുണ്ടായിരിക്കെതന്നെ അത് ലംഘിക്കപ്പെടുന്നതാണ് പ്രശ്നമെന്നതിനാല്‍ കോടതിവിധി ഒരു നിര്‍ദേശമായി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും അയക്കണം എന്നായിരുന്നു ആ ആവശ്യം. ഇത് സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്. കോടതിയുടെ ഈ വിസമ്മതം ഫലത്തില്‍ കോടതിവിധിയെതന്നെ റദ്ദാക്കിയെന്നു പറയേണ്ടി വന്നിരിക്കുന്നു.

പൊലീസും സര്‍ക്കാറും മാത്രമല്ല, കീഴ്ക്കോടതികള്‍പോലും രാജ്യദ്രോഹ നിയമത്തിന്‍െറ ദുരുപയോഗം നിര്‍ത്തുന്നില്ളെന്ന സൂചനകള്‍ ഇതിനകം വന്നുകഴിഞ്ഞു. വ്യക്തമായ ഉദാഹരണം ഒരു ഫേസ്ബുക് ‘ലൈക്കി’ന്‍െറ പേരില്‍ ഒരു യുവാവിനുമേല്‍ ചാര്‍ത്തിയ കേസാണ്. സുപ്രീംകോടതിയുടെ പുതിയ തീര്‍പ്പ് (അഥവാ, മുന്‍ തീര്‍പ്പിന്‍െറ സ്ഥിരീകരണം) വന്ന വേളയിലാണ് ഛത്തിസ്ഗഢില്‍ തൗസീഫ് അഹ്മദ് ഭട്ടിനെ പൊലീസ് പിടികൂടി രാജ്യദ്രോഹക്കേസെടുത്തത്. ഫേസ്ബുക്കില്‍ ആരോ ഇട്ട ഒരു കാര്‍ട്ടൂണ്‍ ‘ലൈക്’ ചെയ്തതാണ് കാരണം! ഒരു എലിയായി ഇന്ത്യയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ഭട്ട് ഉണ്ടാക്കിയതല്ല; അയാള്‍ പോസ്റ്റ് ചെയ്തതല്ല; അയാള്‍ എന്തെങ്കിലും കമന്‍റ് ചേര്‍ത്തുമില്ല. അതിന്‍െറ ‘ലൈക്’ ബട്ടനമര്‍ത്തിയെന്നുമാത്രം. ഇതു ശ്രദ്ധിച്ച ഒരു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ പൊലീസിന് പരാതി നല്‍കേണ്ട താമസം, അയാളെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തി ജയിലിലിട്ടു. കശ്മീരിയാണെന്ന ഗുരുതരമായ ‘തെറ്റും’ അയാള്‍ ചെയ്തിട്ടുണ്ടായിരുന്നു. അറസ്റ്റും അയാള്‍ക്കുവേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ കീഴ്കോടതി തള്ളിയതും കേദാര്‍നാഥ് കേസ് വിധി നിയമപുസ്തകത്തില്‍ ഇരിക്കെ തന്നെയാണ്. അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണ്‍ ഇത്തരം കേസുകളെക്കുറിച്ച് പൊതുവായി വാദിക്കവെ, പൊലീസുകാര്‍ക്ക് കോടതിവിധികളെപ്പറ്റി വിവരമില്ലാത്തതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി. അപ്പോള്‍ സുപ്രീംകോടതി ബെഞ്ചിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: പൊലീസുകാര്‍ക്ക് അതറിയേണ്ട കാര്യമില്ല. മറിച്ച്, മജിസ്ട്രേറ്റാണ് നിയമം അറിഞ്ഞിരിക്കേണ്ടതും രാജ്യദ്രോഹക്കേസുകളില്‍ നിയമനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും.

എന്നാല്‍, തൗസീഫ് ഭട്ടിന്‍െറ കാര്യത്തില്‍ കീഴ്കോടതി ഇത് പാലിച്ചില്ല. സുപ്രീംകോടതിവിധി വന്ന ശേഷമാണ് അയാള്‍ക്കുവേണ്ടിയുള്ള രണ്ടാമത്തെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. സുപ്രീംകോടതി വ്യക്തമാക്കിയതനുസരിച്ച് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്താല്‍പോലും രാജ്യദ്രോഹമാകില്ളെന്നിരിക്കെയാണ് വെറും ‘ലൈക്’ ചെയ്തയാള്‍ക്കെതിരെ ആ കുറ്റം ചാര്‍ജ് ചെയ്യപ്പെടുന്നത്. എന്നിട്ടും സെഷന്‍സ് കോടതി സുപ്രീംകോടതിയുടെ തീര്‍പ്പ് ലംഘിക്കുംവിധമാണ് പ്രവര്‍ത്തിച്ചതെങ്കില്‍, പരമോന്നത നീതിപീഠത്തിന്‍െറ വിധിക്ക് എന്തുവില? വ്യക്തമായ കല്‍പനയായി അത് ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും അയക്കുക തന്നെയല്ളേ ശരിയായ വഴി? അതല്ളെങ്കില്‍, നിയമം ലംഘിച്ച പൊലീസിനും കീഴ്കോടതിക്കുമെതിരെ നടപടിയെടുക്കേണ്ടതല്ളേ? നിയമം ഇല്ലാത്തതല്ല പ്രശ്നം - അത് നിയമപാലകരും നീതിന്യായകേന്ദ്രങ്ങളും പാലിക്കാത്തതാണ്. സുപ്രീംകോടതിയുടെ ഈയിടത്തെ വിധിക്കുമുമ്പും അതിനുശേഷവും ഇതുതന്നെ സ്ഥിതി. നിയമലംഘനം നടക്കുന്നുവെന്ന പേരില്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കാനാകില്ളെന്നും ഓരോ കേസിലും പ്രത്യേക അപേക്ഷ നല്‍കണമെന്നുമാണ് കോടതി പറഞ്ഞത്. വ്യാപകമായ നിയമലംഘനം നടക്കുമ്പോള്‍ -അതും കീഴ്കോടതികളില്‍നിന്നുവരെ- കുറെക്കൂടി സക്രിയത സുപ്രീംകോടതിയില്‍നിന്നുണ്ടാകേണ്ടതുണ്ടെന്ന് തോന്നുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍തന്നെ ഭരണഘടനയെ ധിക്കരിക്കുമ്പോള്‍, നിയമപാലകര്‍ നിയമം ലംഘിക്കുമ്പോള്‍, അതിന്‍െറ ധ്വനികള്‍ ഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.