കാവേരി നദീജലം പങ്കിടുന്നതിനെച്ചൊല്ലി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്നാടും തമ്മില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട തര്‍ക്കം സംഘര്‍ഷാവസ്ഥയും കടന്നു ‘യുദ്ധാ’വസ്ഥയിലേക്ക് മൂര്‍ച്ഛിക്കുകയാണോ എന്നാശങ്കിക്കേണ്ട പതനത്തിലാണ് സംഭവഗതികള്‍. ക്രമസമാധാനപാലനത്തിന് കര്‍ണാടകയില്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കുകയും നിരോധാജ്ഞ ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ച സംസ്ഥാന ബന്ദിനെ തുടര്‍ന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കുകയും തമിഴരുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കുകയും ചെയ്തുകൊണ്ട് മുന്നേറുന്ന കര്‍ണാടക പ്രക്ഷോഭകാരികള്‍ നൂറിലേറെ വാഹനങ്ങള്‍ കത്തിച്ചതിന് പുറമെ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ബസ് സര്‍വിസുകള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
തന്മൂലം ബക്രീദ്-ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ബംഗളൂരുവില്‍നിന്നെത്തേണ്ട യാത്രക്കാര്‍ ദുരിതത്തിലകപ്പെട്ടിരിക്കുന്നു. ഭാഗ്യവശാല്‍, തീവണ്ടി ഗതാഗതത്തെ പ്രക്ഷോഭം ബാധിച്ചിട്ടില്ലാത്തതുകൊണ്ട് ആയിരക്കണക്കില്‍ യാത്രക്കാര്‍ക്ക് അതു മാത്രമാണവലംബം. കേരള സര്‍ക്കാര്‍ കര്‍ണാടക മുഖ്യമന്ത്രിയോട് പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കടുത്ത സമ്മര്‍ദത്തിലാണ് അദ്ദേഹവും മറ്റുള്ളവരും. പുറമേക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാരും പ്രക്ഷോഭരംഗത്തില്ളെങ്കിലും പരോക്ഷമായി ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കാവേരി നദീജലത്തിനായുള്ള സമരത്തെ പിന്തുണക്കുന്നു. കര്‍ണാടകയിലെ അക്രമ സംഭവങ്ങള്‍ അതേപടി തമിഴ്നാട്ടില്‍ ആവര്‍ത്തിക്കുന്നില്ളെങ്കിലും ചില കര്‍ണാടക വാഹനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും പ്രകോപിതരായ തമിഴ്നാട്ടുകാര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പെട്ടെന്നൊരു വെടിനിര്‍ത്തല്‍ ഉണ്ടായില്ളെങ്കില്‍ രണ്ടു സംസ്ഥാനങ്ങളും കത്തുമെന്നുറപ്പ്. മാത്രമല്ല, കലാപത്തില്‍ കക്ഷിചേരാത്ത കേരളം പോലുള്ള അയല്‍സംസ്ഥാനങ്ങളെയും അത് ദുരിതത്തിലാഴ്ത്തും.
ഏതെങ്കിലും സര്‍ക്കാറിന്‍െറ രാഷ്ട്രീയ തീരുമാനമല്ല ഇപ്പോഴത്തെ ജലയുദ്ധത്തിന് നിമിത്തമായതെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. കുടകിലെ തലക്കാവേരിയില്‍ നിന്നുദ്ഭവിച്ച് കേരളത്തെ സ്പര്‍ശിച്ച് തമിഴ്നാട്ടിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നുചേരുന്ന 802 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാവേരിയിലെ ജലത്തിന്‍െറ മുഖ്യ ഗുണഭോക്താക്കളായ കര്‍ണാടകയും തമിഴ്നാടും തമ്മിലെ തര്‍ക്കത്തിന് കുറച്ചേറെ പഴക്കമുണ്ട്. തമിഴ്നാടിന്‍െറ പരാതിയുടെ പുറത്ത് ഏറ്റവും ഒടുവില്‍ ഇടപെടേണ്ടിവന്ന സുപ്രീംകോടതി പ്രതിദിനം 15,000 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഉത്തരവിട്ടതിന്‍െറ ഫലമായാണ് മൈസൂരു-ബംഗളൂരു പാതയിലെ മാണ്ഡ്യ ജില്ലയില്‍ ആദ്യമായും തുടര്‍ന്ന് ബന്ധപ്പെട്ട മറ്റു പ്രദേശങ്ങളിലും അക്രമാസക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഈ സീസണിലെ മഴ ദൗര്‍ലഭ്യം കാരണം നദിയില്‍ ജലവിതാനം താഴ്ന്നതാണ് പശ്ചാത്തലം. 1892ലും 1924ലും ബ്രിട്ടീഷിന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയും മൈസൂര്‍ നാട്ടുരാജ്യവും തമ്മില്‍ കാവേരി ജലം പങ്കിടാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടെങ്കിലും തര്‍ക്കം എന്നന്നേക്കുമായി പരിഹരിക്കാന്‍ അത് പര്യാപ്തമായില്ല.
ബന്ധപ്പെട്ട കക്ഷികള്‍ നിരന്തരമായി കൂടിയാലോചിച്ചെങ്കിലും പ്രശ്നപരിഹാരം സാധ്യമാവാതെ വന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 1990ല്‍ ഒരു ട്രൈബ്യൂണലിനെ ഏര്‍പ്പെടുത്തിയത്. 16 സംവത്സരങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ 2007ല്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച അന്തിമ വിധി പ്രകാരം 419 ബില്യന്‍ അടി വെള്ളം തമിഴ്നാടിനും 270 ബില്യന്‍ അടി കര്‍ണാടകക്കും 30 ബില്യന്‍ കേരളത്തിനും ഏഴു ബില്യന്‍ പുതുച്ചേരിക്കും ലഭിക്കേണ്ടതാണ്. പക്ഷേ, പ്രധാന കക്ഷികളായ കര്‍ണാടകയും തമിഴ്നാടും വിധിയില്‍ തൃപ്തരാവാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു സംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കായ കര്‍ഷകരുടെ മുഖ്യ ഉപജീവനമാര്‍ഗം ജലലഭ്യതയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് അതൃപ്തിയുടെ മര്‍മം. കോടതി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതല്ലാതെ അന്തിമമായ പരിഹാരത്തിന് ഫലപ്രദമായ പോംവഴി കണ്ടത്തെിയിട്ടില്ളെന്നതാണ് ഇടക്കിടെ തര്‍ക്കം മൂര്‍ച്ഛിക്കാനും അക്രമാസക്തമാവാനും വഴിയൊരുക്കുന്നത്. 1995ലും 2002ലും 2012ലും കാവേരി കത്തി. കാവേരി ട്രൈബ്യൂണല്‍ നിര്‍ദേശിച്ചപോലെ ഒരു സ്ഥിരം കാവേരി മാനേജ്മെന്‍റ് ബോര്‍ഡും റെഗുലേറ്ററി അതോറിറ്റിയും യഥാസമയം രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിരുന്നെങ്കില്‍ ഒരുവേള വെള്ളം നീതിപൂര്‍വം പങ്കിടാന്‍ വഴിതുറക്കുമായിരുന്നു. അതിന് മുതിരാതെ കേന്ദ്ര സര്‍ക്കാറിന്‍െറയും ജലകമീഷന്‍െറയും രണ്ടു സംസ്ഥാന സര്‍ക്കാറുകളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഒരു മേല്‍നോട്ട സമിതിക്കാണ് കേന്ദ്രം രൂപം നല്‍കിയത്. ആ സമിതിയെ സമീപിക്കാനാണ് സുപ്രീംകോടതി ഇപ്പോള്‍ തമിഴ്നാടിനോട് നിര്‍ദേശിച്ചിരിക്കുന്നതും.
ആഗോള വ്യാപകമായ പരിസ്ഥിതി ദൂഷീകരണത്തിന്‍െറയും പ്രകൃതിവിരുദ്ധമായ വികസന ഭ്രാന്തിന്‍െറയും ഫലമായി മൊത്തം ആവാസവ്യവസ്ഥയും അതിന്‍െറ ഭാഗമായ കാലാവസ്ഥയും താറുമാറായിക്കൊണ്ടിരിക്കെ ഗുരുതരമായ മഴക്കമ്മി ഇനിയുള്ളകാലം പൂര്‍വാധികം രൂക്ഷതരമാവുമെന്നാണ് ശാസ്ത്രജ്ഞ പ്രവചനം. അതുകൂടി കണക്കിലെടുത്തുകൊണ്ട് ഇന്ത്യയുടെതന്നെ ഭാഗമായ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലെ നദീജല തര്‍ക്കം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് മുതിരാതെ രമ്യമായും ശാശ്വതമായും പരിഹരിക്കാനാണ് വഴികണ്ടെത്തേണ്ടത്. 900 കോടി രൂപയുടെ നഷ്ടം ഇതിനകം വരുത്തിവെച്ച കര്‍ണാടകയിലെ കാവേരി പ്രക്ഷോഭം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുത്തില്ളെങ്കില്‍ കൂടുതല്‍ നാശകരവും അപരിഹാര്യവുമായിരിക്കും പ്രത്യാഘാതങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.