‘വികസന’ത്തിന് അനുകൂലമായി ട്രൈബ്യൂണല്‍ തീര്‍പ്പ്

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയ നടപടി ദേശീയ ഹരിത ട്രൈബ്യൂണല്‍ ശരിവെച്ചതോടെ, സംസ്ഥാനത്തിന്‍െറ ‘സ്വപ്നപദ്ധതി’യെന്നു വിശേഷിപ്പിക്കപ്പെട്ട ഇതിന് മുന്നിലെ നിയമതടസ്സം നീങ്ങിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉപാധികളോടെയാണ് ട്രൈബ്യൂണല്‍ പദ്ധതിക്ക് പച്ചക്കൊടി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നതാണ് പ്രധാന ഉപാധി. ആറുമാസം കൂടുമ്പോള്‍ വിദഗ്ധ സമിതി ട്രൈബ്യൂണലിന് നിര്‍മാണ പുരോഗതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങള്‍ കടലില്‍ തള്ളാന്‍ പാടില്ല. പദ്ധതിപ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണം. പവിഴപ്പുറ്റ് അടക്കമുള്ളവ പരിരക്ഷിക്കണം. ഉപാധി ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. ചെന്നൈ ഹരിത ട്രൈബ്യൂണലിലും ഡല്‍ഹിയിലെ ഹരിത ട്രൈബ്യൂണലിലും നല്‍കിയ പരാതികള്‍ ഒറ്റഹരജിയായി പരിഗണിച്ചുകൊണ്ടാണ് ഈ തീര്‍പ്പ്.

പ്രത്യക്ഷത്തില്‍ ന്യായമെന്ന് പറയാവുന്ന ഈ വിധി പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നത് സ്വാഭാവികം. പദ്ധതി എന്തു വിലകൊടുത്തും നടപ്പാക്കിയേ പറ്റൂ എന്ന പൊതുമനസ്സിന് ഈ വിധി മുന്നോട്ടുള്ള വഴികാണിച്ചുകൊടുക്കുന്നുണ്ട്. അതേസമയം, പരിസ്ഥിതിരക്ഷയും വിഴിഞ്ഞം പദ്ധതിയും ഒത്തുപോകാത്തവിധം വിരുദ്ധ താല്‍പര്യങ്ങളാണെന്ന കാഴ്ചപ്പാടിന് പരിഗണന കിട്ടിയിട്ടില്ളെന്ന് വ്യക്തമാണ്. പദ്ധതി വന്നേ തീരൂ എന്ന താല്‍പര്യം പരിസ്ഥിതി സംരക്ഷണ തല്‍പരതയെ മറികടന്നതിന്‍െറ ഫലമാണ് ട്രൈബ്യൂണല്‍ വിധിയെന്ന നിരീക്ഷണം അസ്ഥാനത്തല്ല. വികസനത്തിന് പരിസ്ഥിതിപോലും ‘തടസ്സ’മാകരുത് എന്ന കാഴ്ചപ്പാട് പൊതുവെ അംഗീകാരം നേടിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനത്തില്‍ അസാംഗത്യമില്ല. എന്നാല്‍, പരിസ്ഥിതി സംബന്ധിച്ച ആശങ്കകളെ മതിയായ വിധത്തില്‍ അഭിമുഖീകരിച്ചുവെന്ന് നാം നടിക്കുന്നുവെങ്കില്‍ അത് കാപട്യമായിപ്പോകും. കാരണം ആശങ്കകളെ ആര്‍ജവത്തോടെ പരിഗണിക്കുന്നതിനു പകരം അവ പരിഗണിച്ചെന്ന് വരുത്തുകയാണ് നാം ചെയ്തിട്ടുള്ളത്.

പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് പരിസ്ഥിതി-തീരദേശ അനുമതികള്‍ നല്‍കിയതെന്ന് ഹരജിക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇപ്പോള്‍ ട്രൈബ്യൂണലും അവ പരിഗണിച്ചില്ളെന്ന പരാതിയാണ് ബാക്കിയാവുന്നത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്, പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സമാകരുതെന്നും പദ്ധതി പ്രദേശത്തുനിന്ന് ആളുകളെ മാറ്റുന്നുണ്ടെങ്കില്‍ അവരുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍  വ്യക്തത വേണമെന്നും ഇതിനെല്ലാം വിദഗ്ധ സമിതിയുടെ മേല്‍നോട്ടമുണ്ടാവണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നു. പക്ഷേ, ഇക്കാര്യങ്ങളില്‍ പാളിച്ചയുണ്ടായാല്‍ പദ്ധതി ഉപേക്ഷിക്കാനേതായാലും ആരും പറയില്ളെന്ന് ഉറപ്പുണ്ടെന്നിരിക്കെ ഈ ഉപാധികള്‍ പദ്ധതിക്കുമുന്നിലെ തടസ്സം നീക്കാനുള്ള സൂത്രമായേ വിലയിരുത്തപ്പെടൂ.

കാരണം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഒട്ടും മുടക്കാതെയും  പവിഴപ്പുറ്റുകളടക്കമുള്ള ജൈവ കലവറകള്‍ക്ക് ക്ഷതമേല്‍പിക്കാതെയും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക സാധ്യമല്ല. ഒരുകാലത്ത് അനേകായിരം തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോയിരുന്ന കടലില്‍ ഇന്ന് ആയിരംപേര്‍ പോലും പോകുന്നില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഴിഞ്ഞം പദ്ധതിക്കായി കടല്‍ കുഴിക്കല്‍ തുടങ്ങിയതു മുതലേ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നു. കടല്‍ത്തീരത്തിന്‍െറ സൗന്ദര്യം പഴങ്കഥയാകുമെന്ന കാര്യത്തിലും ജൈവവൈവിധ്യം നശിക്കുമെന്നതിലും സംശയമില്ല. പക്ഷേ, വികസനമെന്ന സ്വപ്നത്തിനുവേണ്ടി പലതും ത്യജിക്കണമെന്ന് വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന പരസഹസ്രം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പുനരധിവാസമെന്ന ഒരു പ്രത്യാശ മാത്രമാണ് വെച്ചു നീട്ടിയിരിക്കുന്നത്.

ഇത്രയെല്ലാം കനത്ത വിലകൊടുത്ത് ഒരു സ്വകാര്യവത്കൃത തുറമുഖം വന്നാല്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കും? വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് തൃപ്തികരമായ പുനരധിവാസം നല്‍കിയോ? വല്ലാര്‍പാടത്തിന്  ഏറെ ദൂരെയല്ലാതെ തുടങ്ങുന്ന വിഴിഞ്ഞത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്ര വിജയസാധ്യത സത്യത്തിലുണ്ടോ? പൊതുഭൂമിയും പൊതുസ്വത്തായ തീരദേശവുമെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് കൈകാര്യം ചെയ്യാന്‍ പാകത്തില്‍ മാറ്റപ്പെടുമെന്നതുമാത്രമാണ് ഇത്തരം ‘സ്വപ്ന’ പദ്ധതികളെപ്പറ്റി ഉറപ്പിച്ചു പറയാവുന്നത്.  അദാനി കമ്പനി ഏറ്റെടുത്ത ഒരുപാട് പദ്ധതികളെപ്പറ്റി ഇത്തരം ആക്ഷേപം വന്നുകഴിഞ്ഞതാണ്. വിഴിഞ്ഞം വന്നേ തീരൂ എന്ന ശാഠ്യത്തിനുമുന്നില്‍ ആശങ്കകള്‍ അവഗണിക്കപ്പെടുകയാണ്. വികസനം എങ്ങനെയും നടക്കട്ടെ. എന്നാല്‍, പരിസ്ഥിതിക്ക് പരിക്കേല്‍പിക്കാതെയാണ് ഇതെല്ലാമെന്ന് മേനി നടിക്കുന്നതില്‍ അര്‍ഥമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.