ജനാധിപത്യ വളര്‍ച്ചയുടെ ശുഭലക്ഷണങ്ങള്‍ക്കപ്പുറം

രാജവാഴ്ചയുടെ നൈരന്തര്യം ഒരു പിറവികൊണ്ട് സാധ്യമാവുമെങ്കിലും ജനാധിപത്യത്തിന്‍െറ നിലനില്‍പിനു കോടിക്കണക്കിനു മനുഷ്യരുടെ അത്യധ്വാനം അനിവാര്യമാണെന്ന് ഒരുവേള ഓര്‍മപ്പെടുത്തിയത് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ടി.എന്‍. ശേഷനാണ്. അദ്ദേഹം ഇലക്ഷന്‍ കമീഷന്‍െറ തലപ്പത്ത് വന്നശേഷം നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കുറ്റമറ്റതാക്കുകയും രാഷ്ട്രീയ-ഭരണ ഇടപെടലുകളെ പരമാവധി കുറച്ചുകൊണ്ടുവരാനുള്ള ബലതന്ത്രങ്ങള്‍ സജ്ജീകരിക്കുകയുമുണ്ടായി.  അതിന്‍െറ ഫലം വോട്ടര്‍മാര്‍ക്ക് ഇന്ന് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്.

വോട്ടര്‍പട്ടികയില്‍നിന്ന് അനര്‍ഹരെ തൂത്തുവാരി കൂടുതല്‍ വെടിപ്പാക്കാനും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കള്ളവോട്ടര്‍മാരെ ഓടിക്കാനും നടത്തിയ ശ്രമങ്ങള്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ സംവിധാനിച്ച സൗകര്യങ്ങള്‍ ‘വോട്ടര്‍ ഫ്രന്‍ഡ്ലി’ ആണെന്ന്  മാത്രമല്ല, കള്ളവോട്ടും കൃത്രിമങ്ങളും വലിയൊരളവോളം കുറച്ചുകൊണ്ടുവരാന്‍ സഹായകമായിട്ടുമുണ്ട്. ജനാധിപത്യ പക്വതയിലേക്ക് നടന്നടുക്കുന്നതിനും അക്രമരഹിതമായ ഒരു സംസ്കാരം വളര്‍ത്തിക്കൊണ്ടുവരുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കുന്നുണ്ട് എന്നതിന്‍െറ തെളിവാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം രണ്ടര മാസത്തോളം നീണ്ടിട്ടും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ കടന്നുപോകാന്‍ സാധിച്ചത്. മത്സരവാശി കൂടുകയും ത്രികോണ-ചതുഷ്കോണ പോരാട്ടത്തിന് വഴിതുറക്കുകയും ചെയ്തതോടെ  താരതമ്യേന കുറഞ്ഞ പോളിങ് രേഖപ്പെടുത്താറുള്ള തിരുവനന്തപുരത്തുപോലും ഇത്തവണ വന്‍തോതിലാണ് ജനം പോളിങ് ബൂത്തിലേക്ക് ഒഴുകിയത്.

സംസ്ഥാനത്ത് മൊത്തത്തില്‍ 77.35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന ഒടുവിലത്തെ വിവരം. ആറു ഘട്ടങ്ങളിലായി നടന്ന  പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ എണ്‍പത് ശതമാനത്തിനു മുകളില്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ട് ഈ വിഷയത്തില്‍ രാഷ്ട്രീയപ്രബുദ്ധതക്ക് പേരുകേട്ട കേരളം ചിലപ്പോഴെങ്കിലും പിറകിലാവുന്നു എന്ന ചോദ്യത്തിന് ഉത്തരം വ്യത്യസ്തമാവാം. രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തുന്നതുകൊണ്ട് വോട്ടര്‍പട്ടിക കൂടുതല്‍ സത്യസന്ധമാകുന്നതും പ്രവാസികളില്‍ വലിയൊരു വിഭാഗത്തിനു വോട്ട് ചെയ്യാന്‍ സാധിക്കാതെ വരുന്നതും പോളിങ് ശതമാനം കുറയാന്‍ കാരണമാവുന്നുണ്ട്. അപ്പോഴും നഗരവാസികളില്‍ പ്രകടമാവുന്ന അലസതക്ക് ന്യായീകരണം കണ്ടത്തൊന്‍ ബുദ്ധിമുട്ടേണ്ടിവരും. ആദിവാസി, ദലിത് വിഭാഗങ്ങള്‍ അടക്കം ഗ്രാമീണജനത കൂടുതല്‍ ആവേശത്തോടെ ജനാധിപത്യപ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ മുന്നോട്ടുവരുമ്പോഴും ഭരണത്തിന്‍െറയും അധികാരത്തിന്‍െറയും ആനുകൂല്യങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന നഗരവാസികളിലെ ‘ക്രീമിലെയര്‍’ തെരഞ്ഞെടുപ്പിനെ പുച്ഛത്തോടെയാണോ കാണുന്നതെന്ന് സംശയിക്കേണ്ടിവരുന്നു.

തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, എക്സിറ്റ് പോള്‍ നിഗമനങ്ങള്‍ മുന്നില്‍വെച്ച് നടത്തുന്ന വാദപ്രതിവാദങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാവുന്ന ഒരു കാര്യം യാഥാര്‍ഥ്യബോധത്തോടെ രാഷ്ട്രീയത്തെ സമീപിക്കാന്‍ ഇതുവരെ നാം പക്വത നേടിയിട്ടില്ല എന്നതാണ്. ഓരോ തെരഞ്ഞെടുപ്പും കൂടുതല്‍ രാഷ്ട്രീയ അവബോധം പരത്താനും പ്രബുദ്ധത ഏറ്റാനും പ്രയോജനപ്പെടേണ്ടതുണ്ട്. കള്ളപ്പണത്തിന്‍െറയും അവിഹിതബന്ധങ്ങളുടെയും ദു$സ്വാധീനങ്ങളില്‍നിന്ന് മുക്തമായ ഒരു രാഷ്ട്രീയസംസ്കാരം പുഷ്കലിച്ചുവന്നാല്‍ മാത്രമേ ജനകീയ അജണ്ടകള്‍ക്കും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതക്കും നമ്മുടെ രാഷ്ട്രീയജീവിതത്തില്‍ ഇടം നേടാന്‍ അവസരമുണ്ടാവുകയുള്ളൂ. ഈ തെരഞ്ഞെടുപ്പില്‍ വിവിധ ബാനറുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളെക്കുറിച്ച് ഇലക്ഷന്‍ കമീഷന്‍ പങ്കുവെച്ച വിവരങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ പണാധിപത്യം കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ മുന്‍കാലങ്ങളെ അപേക്ഷിച്ച് വല്ലാതെ മലീമസപ്പെടുത്തിയതായി കാണാന്‍ സാധിക്കും. വ്യക്തിവിശുദ്ധിയും ജനാംഗീകാരവും കൈമുതലായ നേതാക്കളെ ഗോദയിലിറക്കി ജനകീയ കോടതികളില്‍നിന്ന് ജയിച്ചുകയറാന്‍ സാധിക്കില്ല എന്ന് ബോധ്യമുള്ളതുകൊണ്ടാണ് സിനിമാതാരങ്ങളെയും മറ്റേതെങ്കിലും മേഖലയില്‍ തിളങ്ങുന്നവരെയും വലയിലാക്കി കുറുക്കുവഴിയിലൂടെ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ജനായത്ത വ്യവസ്ഥയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് എത്രകണ്ട് ഇത് സഹായകമാവുമെന്ന് രാഷ്ട്രീയനേതൃത്വം ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.

ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയപാര്‍ട്ടികള്‍ അനുഭവപാഠമായി എടുത്താലേ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് ഇന്ധനമായും പ്രചോദനമായും പ്രയോജനപ്പെടുകയുള്ളൂ. ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുന്ന നേതാക്കള്‍ക്ക് അത് ആത്മവിചിന്തനത്തിനുള്ള സുവര്‍ണാവസരം കൂടിയാണ്. അഴിമതിയും സ്വജനപക്ഷപാതവും ദുര്‍ന്നടപ്പും ജീവിതശീലമാക്കിയവര്‍ക്ക് ജനങ്ങളില്‍നിന്ന് ഏല്‍ക്കുന്ന പ്രഹരത്തില്‍ സമൂഹത്തിനു മൊത്തം പാഠമുണ്ട്. എന്നും ജനങ്ങളെ കബളിപ്പിക്കാമെന്നും കുത്സിത അജണ്ടകളുമായി എക്കാലവും സമൂഹമധ്യേ സൈ്വരവിഹാരം നടത്താമെന്നും കരുതുന്നവര്‍ക്കുള്ള പരസ്യമായ ശിക്ഷയാണ് ജനകീയ കോടതിയില്‍നിന്നുള്ള തിരിച്ചടികള്‍. രാഷ്ട്രീയമായി ഒരു സമൂഹം പക്വത ആര്‍ജിക്കുന്നതിന്‍െറ നല്ല ലക്ഷണം കണ്ടുതുടങ്ങുമ്പോഴാണ് പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിക്കാന്‍ രാജ്യത്തിനു ധൈര്യം കൈവരുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.