ദുരൂഹത വിട്ടുമാറാത്ത ഭീകരവാദിവേട്ട

ശിവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രമടക്കമുള്ള ദേവാലയങ്ങളില്‍ ആക്രമണം നടത്താന്‍ പാകിസ്താനില്‍നിന്ന് പത്തു ഭീകരര്‍ അതിര്‍ത്തികടന്ന് ഇന്ത്യയിലത്തെിയിട്ടുണ്ടെന്നും തലസ്ഥാനനഗരിയില്‍ അടക്കം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും  മാര്‍ച്ച് ആദ്യവാരം കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയപ്പോള്‍ സ്വാഭാവികമായും ജനം ആശങ്കാകുലരാവുകയുണ്ടായി. ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടാറുള്ള നൃത്തോത്സവവും മറ്റു പരിപാടികളും മാറ്റിവെച്ചു എന്ന് മാത്രമല്ല, ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള കാവല്‍ ശക്തമാക്കാന്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍െറ നാല് സംഘങ്ങളെ ഡല്‍ഹിയില്‍നിന്ന് ഗുജറാത്തിലേക്ക് ഞൊടിയിടയില്‍ പറഞ്ഞയക്കേണ്ടിയുംവന്നു.

നമ്മുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു  പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ഖാന്‍ ജുന്‍ജുവാണ് രഹസ്യവിവരം കൈമാറിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആക്രമണ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളിലും വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരുന്നുവത്രെ. ശിവരാത്രിയില്‍ അനിഷ്ട സംഭവങ്ങളൊന്നും രാജ്യത്തൊരിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെങ്കിലും നാം ഭയപ്പെട്ട ഭീകരവാദികളില്‍ മൂന്നുപേരുടെ കഥകഴിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെട്ടിരിക്കയാണ്. എവിടെവെച്ചാണ് ഓപറേഷന്‍ നടത്തിയതെന്ന് കൃത്യമായി പറയാതെ ‘പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഒരിടത്ത്’ എന്നു മാത്രമാണ് പുറത്തുവിട്ട വിവരം. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ ഭീകരവാദിസംഘത്തില്‍പ്പെട്ടവരാവാം ആക്രമികളെന്നാണ് അധികൃതര്‍ നല്‍കുന്ന ഭാഷ്യം.

ശേഷിക്കുന്ന ഭീകരവാദികള്‍ക്കു വേണ്ടിയുള്ള തെരച്ചിലിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ളെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് മോദിസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അവധാനത തൊട്ടുതീണ്ടാത്ത സമീപനത്തിന്‍െറ ദൃഷ്ടാന്തമാണ് ഭീകരവാദിവേട്ടയെ കുറിച്ചുള്ള പാതിവേവാത്ത ഇത്തരം വാര്‍ത്തകള്‍. അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണങ്ങള്‍ പെരുകിവരുന്ന പ്രത്യേകസാഹചര്യത്തില്‍ ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് സുതാര്യത ചോരാതെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. അല്ലാത്തപക്ഷം, ജനങ്ങളില്‍ കൂടുതല്‍ സംശയവും ഭീതിയും വളര്‍ത്താനേ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍െറ ഭാഗത്തുനിന്നുള്ള നടപടികള്‍ ഉപകരിക്കുകയുള്ളൂ. പാക് സുരക്ഷാഉപദേഷ്ടാവ് അതിര്‍ത്തികടന്നുവരുന്ന ഭീകരവാദികളെ കുറിച്ച് നമുക്ക് വിവരം കൈമാറുന്നതുതന്നെ ആദ്യസംഭവമായിരിക്കാം. പ്രധാനമന്ത്രിയുടെ മന്ത്രാലയത്തിലിരുന്ന് ഏകഛത്രാധിപതിയായി സുരക്ഷാകാര്യങ്ങള്‍ നോക്കുന്ന അജിത് ഡോവലിന്‍െറ പ്രവര്‍ത്തനരീതിയെ കുറിച്ച് വിവിധ കോണുകളില്‍നിന്ന് നിശിതവിമര്‍ശം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

അയല്‍രാജ്യങ്ങള്‍ തമ്മില്‍ ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന രീതി നല്ല കീഴ്വഴക്കങ്ങളുടെ തുടക്കമാണ്. എന്നാല്‍, ഇരുരാജ്യങ്ങളിലെയും സുരക്ഷാഉപദേശകര്‍ മാത്രം കൈകാര്യം ചെയ്യേണ്ട സ്വകാര്യവിഷയമല്ല ഇത്. ഒരു ജനായത്തക്രമത്തില്‍ ആഭ്യന്തരസുരക്ഷ ജനങ്ങളുടെ ജീവിതസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ രംഗത്തെ ഓരോ കാല്‍വെപ്പും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സുരക്ഷിതത്വത്തിന്‍െറ പേരുപറഞ്ഞ് വിശദാംശങ്ങള്‍ എന്നെന്നേക്കുമായി തമസ്കരിക്കുന്നത് ബ്യൂറോക്രസിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അതിരുകടന്ന സ്വാതന്ത്ര്യത്തിലേക്കായിരിക്കും വാതില്‍ തുറന്നിടുക. അതിന്‍െറ തിക്തഫലം അനുഭവിക്കേണ്ടിവരുക ജനങ്ങള്‍തന്നെയായിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഒഴികെ, ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മുടെ രാജ്യം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ ഇതുവരെ കാര്യക്ഷമമായി വര്‍ത്തിച്ചുപോന്ന ജനായത്തസ്ഥാപനങ്ങളെ പോലും മോദിസര്‍ക്കാര്‍ തകര്‍ത്തിരിക്കയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാജ്പേയി സര്‍ക്കാറിന്‍െറ  കാലത്ത് രൂപംകൊടുത്ത നാഷനല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് ഫലത്തില്‍ ഇല്ലാതായ മട്ടാണ്. ബോര്‍ഡിന്‍െറ കാലാവധി 2015 ജനുവരിയില്‍ തീര്‍ന്നെങ്കിലും പുന$സംഘടിപ്പിക്കാന്‍ കൂട്ടാക്കാതിരുന്നത് ഇത്തരമൊരു സമിതിയുടെ ആവശ്യമില്ളെന്ന് പ്രധാനമന്ത്രിക്ക് ഉപദേശം ലഭിച്ചതുകൊണ്ടായിരിക്കണം. സുരക്ഷക്കായുള്ള കാബിനറ്റ് കമ്മിറ്റിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍ക്കൊള്ളുന്ന നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുകയോ രാജ്യം നേരിടുന്ന സുരക്ഷാഭീഷണികളെ കുറിച്ച് വിലയിരുത്തുകയോ പ്രതിവിധി നിര്‍ദേശിക്കുകയോ ഒന്നും ചെയ്യാറില്ലത്രെ. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ രീതിയും ശൈലിയുമൊക്കെ തന്‍െറ സ്വേച്ഛാഭരണത്തിനു നിരക്കുന്നതല്ല എന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി മോദി, തന്‍െറ ഉപദേഷ്ടാവ് അജിത് ഡോവലിന്‍െറ കൈയില്‍ കടിഞ്ഞാണ്‍ ഏല്‍പിച്ച് എല്ലാം ഭദ്രമാണെന്ന് നടിക്കുകയാണ്. അതിന്‍െറ പ്രത്യാഘാതമാണ് നാം കണ്ടുകൊണ്ടിരിക്കുന്നതിപ്പോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.