വിജയിച്ചത് സര്‍ക്കാറിന്‍െറ ഇച്ഛാശക്തി

സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശവിഷയത്തില്‍ സര്‍ക്കാറും മാനേജ്മെന്‍റും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിക്കാനായതും ജൂണ്‍ 30നകം ആദ്യ അലോട്ട്മെന്‍റ് നടത്തണമെന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍െറ നിര്‍ദേശം പാലിക്കുന്നതിനു വഴി തെളിഞ്ഞതും കോളജ് നടത്തിപ്പുകാര്‍ക്ക്  മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍, തീര്‍ത്തും കച്ചവടവത്കരിക്കപ്പെട്ട ഒരു മേഖലയില്‍ അച്ചടക്കവും നിലവാരത്തെ കുറിച്ചുള്ള ചിന്തയും കടന്നുവന്നുവെന്നതാണ് മാനേജ്മെന്‍റുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്‍െറ എടുത്തുപറയേണ്ട നേട്ടം. മുന്‍ സര്‍ക്കാറില്‍നിന്ന് വ്യത്യസ്തമായി ഈ ദിശയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തി പ്രശംസനീയമാണ്. പ്രവേശ പരീക്ഷ കമീഷണര്‍ തയാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്ന് മാത്രമേ മാനേജ്മെന്‍റ് സീറ്റിലേക്ക് പ്രവേശം അനുവദിക്കാവൂ എന്ന നിലപാട് അംഗീകരിക്കാന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ നിര്‍ബന്ധിതമായത് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാവാഞ്ഞതുകൊണ്ടാണ്. മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാരവും ആലോചനയില്ലാത്തതുമായ നിലപാടിന്‍െറ തിരുത്താണിത്. പ്രവേശ പരീക്ഷക്കൊപ്പം പ്ളസ് ടു മാര്‍ക്കുകൂടി ചേര്‍ക്കുന്ന സമീകരണ പ്രക്രിയക്കുമുമ്പുള്ള (പ്രീനോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് പ്രവേശം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു മാനേജ്മെന്‍റ് ശഠിച്ചത്.

പ്രവേശ പരീക്ഷയില്‍ 10 മാര്‍ക്ക് പോലും കിട്ടാത്ത മണ്ടന്മാര്‍ക്കുപോലും അതോടെ പ്രവേശം നല്‍കാന്‍ കഴിയും. യു.ഡി.എഫ് സര്‍ക്കാറുമായി ഇക്കാര്യത്തില്‍ ഒപ്പിട്ട ത്രിവത്സര കരാര്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചത് ഉചിതമായി. എന്നല്ല, എന്‍ജിനീയറിങ് പഠനമേഖലയിലെ നിലവാരത്തകര്‍ച്ച പരിഹരിക്കുന്നതിനുള്ള ചുവടുവെപ്പിന്‍െറ തുടക്കമായി ഈ തീരുമാനത്തെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇടതുസര്‍ക്കാര്‍ ഗൗരവപൂര്‍വം ഇനി ആലോചിക്കേണ്ടത്. ഒരുജോലിക്കും കൊള്ളാത്ത ലക്ഷക്കണക്കിനു എന്‍ജിനീയറിങ് ബിരുദധാരികളെ സൃഷ്ടിച്ചുവിടുന്ന സ്വാശ്രയമേഖല നമ്മുടെ സംസ്ഥാനത്തിന്‍െറ ശാപമായി മാറിയത് വിദ്യാഭ്യാസത്തെക്കുറിച്ച് വല്ല കാഴ്ചപ്പാടോ പ്രതിബദ്ധതയോ ഇല്ലാത്ത സാക്ഷാല്‍ കങ്കാണിമാര്‍ ഈ രംഗത്ത് നിലയുറപ്പിച്ചതോടെയാണ്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ പ്ളസ് ടു മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം അനുവദിക്കണമെന്ന മാനേജ്മെന്‍റിന്‍െറ ആവശ്യത്തോട് സര്‍ക്കാര്‍ മേലിലും ഒരുതരത്തിലും വിട്ടുവീഴ്ചക്ക് തയാറാവരുത്. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് മാനേജ്മെന്‍റിന്‍െറ സാമ്പത്തികലാഭം അല്‍പം കുറയുമെന്നല്ലാതെ, സംസ്ഥാനത്തിനോ വിദ്യാര്‍ഥി സമൂഹത്തിനോ ഒരുനഷ്ടവും വരാന്‍ പോകുന്നില്ല.

ഫീസ് ഏകീകരിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടംതന്നെയാണ്. മുന്‍ കരാര്‍പ്രകാരം പകുതി മെറിറ്റ് സീറ്റില്‍ 75,000 രൂപയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 50,000 രൂപയുമായിരുന്നു. എന്നാല്‍, രണ്ടുതരം സീറ്റുകളിലും പ്രവേശസമയത്ത് 75,000 രൂപ ഒടുക്കേണ്ടിവന്നിരുന്നു. പിന്നീട് അര്‍ഹതപ്പെട്ടവര്‍ക്ക് 25,000 രൂപ തിരിച്ചുകൊടുക്കുന്ന ഒരു സമ്പ്രദായമാണ് തുടര്‍ന്നുപോന്നത്. എന്നാല്‍, 57 കോളജുകളിലും മുഴുവന്‍ മെറിറ്റ് സീറ്റുകളിലും വാര്‍ഷിക ഫീസ് അര ലക്ഷമാക്കി നിജപ്പെടുത്തിയതോടെ മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ക്ക് കാല്‍ലക്ഷം രൂപ ലാഭിക്കാന്‍ അവസരമുണ്ടായിരിക്കുന്നു. ഈ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി കൈക്കൊണ്ട ഉറച്ച സമീപനം നല്ല മാറ്റത്തിന്‍െറ തുടക്കമാണ്. ഫീസ്കുറവ് തേടി മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളിലെ കോളജുകളിലേക്ക് ചേക്കേറുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ഇതുകൊണ്ട് സാധിച്ചേക്കാം. കേരളത്തില്‍ ഇത്രയേറെ പ്രഫഷനല്‍ കോളജുകളുണ്ടായിട്ടും പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറുന്ന പ്രതിഭാസത്തിന് മാനേജ്മെന്‍റുകളാണ് ഉത്തരവാദി. പഠിച്ച സ്ഥാപനമേതെന്ന് നോക്കിയാണ് തൊഴില്‍ദായകര്‍ ഇക്കാലത്ത് ജോലിക്കെടുക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ സല്‍പ്പേരും കീര്‍ത്തിയുമുള്ള എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്ന് മാനേജ്മെന്‍റുകള്‍ സ്വയം വിലയിരുത്തട്ടെ. പ്രവേശ മാനദണ്ഡം കര്‍ക്കശമാക്കുന്നതോടെ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ സംജാതമാകുമെന്ന ഭീതി അധികൃതരെ ആശങ്കാകുലരാക്കേണ്ടതില്ല. കഴിഞ്ഞവര്‍ഷംതന്നെ 20,000ത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതിനര്‍ഥം ആവശ്യത്തില്‍ കൂടുതല്‍ കോളജുകള്‍ സ്വാശ്രയമേഖലയില്‍ കഴിഞ്ഞ സര്‍ക്കാറുകള്‍ അനുവദിച്ചിട്ടുണ്ട് എന്നാണ്.

പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയെകുറിച്ച് സമഗ്രപഠനം നടത്തി അനിവാര്യമായ തിരുത്തലുകള്‍ക്കും പൊളിച്ചെഴുത്തുകള്‍ക്കും ഇടതുസര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ് ഓര്‍മിപ്പിക്കാനുള്ളത്. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ മാനേജ്മെന്‍റുകളുടെ കടന്നുവരവ് ഗുരുതരമായ നിലവാരത്തകര്‍ച്ചക്കും കഴുത്തറപ്പന്‍ കച്ചവടവത്കരണത്തിനും വഴിവെച്ചത് കേരളത്തിന്‍െറ ഭാവിയെക്കുറിച്ച് ഒരുപാട്  ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. എന്‍ജിനീയറിങ് ബിരുദധാരികളുടെ വലിയൊരു പടതന്നെ തൊഴില്‍രഹിതരായി ഇപ്പോള്‍ സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നുണ്ട്. ഇവരെ ഏതുനിലക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ആലോചിക്കേണ്ട ബാധ്യത രക്ഷിതാക്കളുടേത് മാത്രമല്ല; ഇത്തരമൊരു  അവസ്ഥാവിശേഷം സൃഷ്ടിച്ചുവിട്ട രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്‍േറതുകൂടിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.