‘ബ്രെക്സിറ്റ്’ ഫലമല്ല, അതിന്‍െറ കാരണമാണ് പ്രശ്നം

ബ്രിട്ടീഷ് ജനത ‘ബ്രെക്സിറ്റി’നെ (ബ്രിട്ടീഷ് എക്സിറ്റ്) വരിച്ചിരിക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) വിട്ടുപോകണമെന്നാണ് ഹിതപരിശോധനയിലെ തീര്‍പ്പ്. ഇത് രാഷ്ട്രീയ-സാമ്പത്തിക-വ്യാപാര മേഖലകളിലെല്ലാം പ്രത്യാഘാതമുണ്ടാക്കും. അന്താരാഷ്ട്ര ബന്ധങ്ങളെയും അത് ബാധിക്കാം. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറണ്‍ രാജി തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ അസ്ഥിരതക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളും ബ്രിട്ടനെ പിടികൂടുമെന്ന് നിരീക്ഷകര്‍ പറയുന്നു. വളര്‍ച്ച മന്ദഗതിയിലാകും. 3600 കോടി പൗണ്ടിന്‍െറ നികുതി വരുമാനം നഷ്ടപ്പെടും. ഇ.യുവുമായി ഇനിയങ്ങോട്ടുള്ള ബന്ധത്തിന്‍െറ സ്വഭാവം കര്‍ക്കശമായ ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ടതായിവരും. വ്യാപാരരംഗത്ത് വരാന്‍പോകുന്ന കമ്മി മറികടക്കാന്‍ കഴിയണം. അതേസമയം, തൊഴിലാളികളടങ്ങുന്ന സാധാരണക്കാര്‍ വന്‍തോതില്‍ യൂറോപ്യന്‍ ബന്ധം വിച്ഛേദിക്കുന്നതിനെ അനുകൂലിച്ചതായാണ് മനസ്സിലാകുന്നത്.

‘ബ്രെക്സിറ്റ്’ പക്ഷത്തെ സംബന്ധിച്ചിടത്തോളം, യൂറോപ്യന്‍ കൂട്ടായ്മയില്‍ തുടരാന്‍ 1975ല്‍ തീരുമാനിച്ചപ്പോഴത്തെ അവസ്ഥയല്ല ഇന്ന്. വ്യാപാര-തൊഴില്‍ രംഗങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ ബ്രിട്ടന് സ്വാതന്ത്ര്യമില്ലാത്തതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന വലതുപക്ഷവാദം പൊതുജനങ്ങളില്‍ വലിയൊരു വിഭാഗം വിശ്വസിച്ചിരിക്കുന്നു. ഇതില്‍ ഭാഗികമായ ശരിയുണ്ടെങ്കിലും ഇ.യു വിട്ടുപോകുന്നതോടെ ബ്രിട്ടന്‍െറ അത്തരം പ്രശ്നങ്ങള്‍ വര്‍ധിക്കാനാണിട. രണ്ടുവര്‍ഷം മുമ്പ് സ്കോട്ലന്‍ഡ് ബ്രിട്ടനുമായി പിരിയണോ വേണ്ടേ എന്ന് ഹിതപരിശോധന നടന്നപ്പോള്‍ വിട്ടുപോകരുതെന്ന് അഭ്യര്‍ഥിച്ചവരാണ് ഇപ്പോള്‍ ബ്രിട്ടന്‍ ഇ.യു വിടണമെന്ന് പറയുന്നത്. കള്ളപ്രചാരണങ്ങളും വ്യാജ അവകാശവാദങ്ങളും ‘ബ്രെക്സിറ്റ്’ വോട്ടിനെ നന്നായി സ്വാധീനിച്ചു എന്നുവേണം മനസ്സിലാക്കാന്‍.
പക്ഷേ, സാമ്പത്തിക-വ്യാപാര പരിഗണനകള്‍ക്കപ്പുറം, വര്‍ഗീയ-വംശീയ ചായ്വുകളുടെയും തീവ്ര ദേശീയതയുടെയും ശക്തമായ അടിയൊഴുക്കുകള്‍ ‘ബ്രെക്സിറ്റി’ന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നത് ശരിക്കും ആശങ്കയുയര്‍ത്തേണ്ടതാണ്.

സാമ്പത്തികവളര്‍ച്ചയോ തൊഴില്‍പ്രശ്നമോ പരമാധികാര വിഷയമോ മനുഷ്യാവകാശ തൊഴിലവകാശ വിഷയങ്ങളോ അല്ല ഈ തീര്‍പ്പിനെ നിര്‍ണായകമായി ബാധിച്ചത്. മറിച്ച്, കുടിയേറ്റക്കാര്‍ക്കും വിദേശികള്‍ക്കുമെതിരെ തീവ്ര വംശീയവാദി നൈജല്‍ ഫറാഷും കൂട്ടരും അഴിച്ചുവിട്ട വിദ്വേഷപ്രചാരണമാണ്. ഈ പ്രതിഭാസമാകട്ടെ ബ്രിട്ടനില്‍ ഒതുങ്ങുന്നില്ലതാനും. വര്‍ഷങ്ങളായി തുര്‍ക്കിയെ ഇ.യുവിന്‍െറ പടിക്കുപുറത്തുതന്നെ നിര്‍ത്തുന്ന അതേ മനോഭാവമാണ് ഇപ്പോള്‍ ഇ.യു വിടാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചിരിക്കുന്നത്. യു.എസിലെ ഡൊണാള്‍ഡ് ട്രംപ് എന്ന വലതുപക്ഷ വര്‍ഗീയവാദി ‘ബ്രെക്സിറ്റി’നെ പിന്താങ്ങിയത് വെറുതെയല്ല. അമേരിക്കയിലെന്നപോലെ യൂറോപ്പിലും ഏഷ്യന്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരായ വികാരം ശക്തിപ്പെട്ടുവരുന്നുണ്ട്. വിദ്വേഷ രാഷ്ട്രീയം പയറ്റി അധികാരം നേടാന്‍ ശ്രമിക്കുന്നവര്‍ യൂറോപ്യന്‍ നാടുകളിലും തലപൊക്കിവരുന്നു. ഫ്രാന്‍സില്‍ ഫ്രാങ്സ്വാ ഓലന്‍ഡിന്‍െറ ‘സോഷ്യലിസ്റ്റ്’ ഭരണകൂടമാണ് മുസ്ലിംകള്‍ക്കെതിരായ പക്ഷപാതപരമായ നിയമങ്ങള്‍ നിര്‍മിക്കുന്നതും തൊഴിലാളികളുടെ അടിസ്ഥാനാവകാശങ്ങള്‍വരെ നിരാകരിക്കുന്നതും. ഹംഗറിയില്‍ വിക്തോര്‍ ഒര്‍ബാനും ഭിന്നിപ്പിന്‍െറ രാഷ്ട്രീയത്തിലൂടെ സ്വന്തം അധികാരം ഉറപ്പിക്കുന്നു; ഓസ്ട്രിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വംശീയവാദി നോര്‍ബര്‍ട്ട് ഹോഫര്‍ ഈയിടെ തോറ്റത് വളരെ കുറഞ്ഞ വോട്ടുകള്‍ക്ക് മാത്രം. പോളണ്ടില്‍ പ്രസിഡന്‍റ് ആന്‍ഡ്രേ ദൂദയും നിലനില്‍ക്കുന്നത് കുടിയേറ്റക്കാര്‍ക്കെതിരെ വിഷം ചീറ്റിക്കൊണ്ടാണ്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്മനസ്സ് കാട്ടിയ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനാകട്ടെ ജനപിന്തുണ കുറയുന്നു -അവിടെയും തീവ്രവലതുപക്ഷ പാര്‍ട്ടി ശക്തിപ്പെടുകയാണ്.

‘ബ്രെക്സിറ്റ്’ തീര്‍പ്പും വംശീയവിദ്വേഷത്തിന്‍െറ വ്യക്തമായ സൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഐക്യപ്പെടാനായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കണ്ടത്തെിയ വഴി അടഞ്ഞുതുടങ്ങുന്നോ എന്ന ഭയം ന്യായമാണ്. എന്നാല്‍, കൂടുതല്‍ പ്രത്യക്ഷവും കൂടുതല്‍ ആശങ്കാജനകവും കൂടുതല്‍ പ്രത്യാഘാതമുള്‍ക്കൊള്ളുന്നതുമായ വസ്തുത, ഈ ഹിതപരിശോധനയിലും അതിന്‍െറ ഫലത്തിലും നിഴലിക്കുന്ന പരവിദ്വേഷമാണ്. ബ്രിട്ടനും ഇ.യുവും ഈ വേര്‍പാടിനെ കാലക്രമേണ അതിജീവിക്കും. എന്നാല്‍, യൂറോപ്പില്‍ വീശിയടിക്കുന്ന വംശീയ ചിന്തയും വര്‍ഗീയ പ്രചാരണങ്ങളും യൂറോപ്പിനെയും ലോകത്തെതന്നെയും ഒരുപാട് പിറകോട്ട് നയിക്കുമെന്ന് പേടിക്കണം. ‘ബ്രെക്സിറ്റ്‘ ഹിതപരിശോധനയുടെ ഫലത്തെ ചൊല്ലിയല്ല, അതിനിടയാക്കിയ കാരണങ്ങളെ ചൊല്ലിയാണ് ലോകം ഉത്കണ്ഠപ്പെടേണ്ടത്. പ്രമുഖ രാഷ്ട്രങ്ങളില്‍ വര്‍ഗീയവാദം അധികാരകേന്ദ്രങ്ങളെ തീരുമാനിക്കുമ്പോള്‍ തോല്‍ക്കുക ആ രാജ്യങ്ങളും കൂട്ടായ്മകളുമല്ല, മനുഷ്യരാശി തന്നെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.