ഫല്ലൂജ ‘വിമോചിതമായി’, ഇറാഖോ?

ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ആഹ്ളാദവാനായി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പ്രഖ്യാപിച്ചു, ഫല്ലൂജ തിരിച്ചുപിടിച്ചിരിക്കുന്നു. 2014 ജൂണിനുശേഷം ഇറാഖിന്‍െറ പതാക ഫല്ലൂജയിലെ നഗരസഭാലയത്തിന് മുകളില്‍ വീണ്ടും ഉയര്‍ന്നുപാറിയിരിക്കുന്നു. അങ്ങേയറ്റം ക്രൗര്യം നിറഞ്ഞ വിധ്വംസക ശക്തികളായ ഐ.എസിന്‍െറ അടിത്തറ ഇറാഖില്‍ തകര്‍ന്നിരിക്കുന്നു എന്നതിന്‍െറ പ്രത്യക്ഷ തെളിവാണ് കാര്യമായ ചെറുത്തുനില്‍പുപോലുമില്ലാതെ ഫല്ലൂജയിലെ കീഴടങ്ങല്‍. ഐ.എസിനെതിരായ പോരാട്ടത്തിലെ നിര്‍ണായക വിജയം തന്നെയാണ് ഫല്ലൂജയിലേത്. ഇറാഖിലും സിറിയയിലും നിരന്തരം നടക്കുന്ന വ്യോമാക്രമണങ്ങളില്‍ ഐ.എസിനെ ശിഥിലമാക്കിയിട്ടുണ്ട് എന്ന തിരിച്ചറിവില്‍നിന്നുകൊണ്ടുതന്നെയാണ് അടുത്ത ലക്ഷ്യം മൂസിലാണെന്ന്  ഇറാഖ് പ്രതിരോധ മന്ത്രി ഖലീല്‍ അല്‍ഉബൈദി പ്രഖ്യാപിച്ചിരിക്കുന്നത്. മൂസില്‍ ഐ.എസിന്‍െറ പ്രഖ്യാപിത തലസ്ഥാനവും ഇറാഖില്‍ അവശേഷിക്കുന്ന പ്രധാന നഗരപ്രദേശവുമാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതിനുള്ള ഓപറേഷന്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രത്യാശയിലാണ് അല്‍ ഉബൈദി.

ഐ.എസ് എന്ന കൊടും തീവ്രവാദ സംഘം ഇറാഖില്‍ ദുര്‍ബലമായിരിക്കുന്നുവെന്ന  ആഹ്ളാദകരമായ  വാര്‍ത്തമാനം മാത്രമാണ് സത്യത്തില്‍ ഫല്ലൂജയില്‍ നിന്നുള്ളത്.  അതത്ര ചെറിയ കാര്യമല്ല. എന്നിരുന്നാലും  ഈ വിമോചനം  ഇറാഖിന്‍െറ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനോ ജനങ്ങളുടെ സമാധാന ജീവിതം തിരിച്ചുകൊണ്ടുവരുന്നതിനോ സഹായകരമാകുമെന്ന് ആരും കരുതുന്നില്ല്ള. കാരണം, ഫല്ലൂജയെ തിരിച്ചുപിടിക്കാന്‍ ഐ.സിനെതിരെ അമേരിക്കന്‍ സഹകരണത്തോടെ പോരാടിയത്  ഇറാഖിലെ വിവിധ സൈനിക ഗ്രൂപ്പുകള്‍ക്ക് പുറമെ നാല്‍പതിലധികം സായുധസംഘങ്ങളുടെ കൂട്ടായ്മയായ ജനകീയ സൈനിക സംഘം (പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ്) കൂടിയാണ്. ഇത്തരം സായുധ ശക്തികള്‍ കടുത്ത വിഭാഗീയ, ഗോത്ര സംഘബോധങ്ങളില്‍ ആണ്ടുകിടക്കുന്നവരും മുന്‍കാലങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ പരസ്പരം ആയുധമേന്തിയവരുമാണ്. ഐ.എസ് വിരുദ്ധതയില്‍ ഒത്തുചേര്‍ന്ന ഈ ശക്തികളുടെ ആഭ്യന്തര അധികാര വടംവലികള്‍ ഉണ്ടാക്കുന്ന പോരാട്ടങ്ങളെ ഇല്ലായ്മചെയ്യാനുള്ള ശേഷി നിലവിലെ ഇറാഖ് സര്‍ക്കാറിനില്ല. കഴിഞ്ഞ കുറെ ആഴ്ചകളായി ഐ.എസിന്‍െറ സൈനിക പരിചയായി വെടിയുണ്ട ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഫല്ലൂജ നിവാസികള്‍ ‘വിമോചിതരായി’ തെരുവിലിറങ്ങിയപ്പോള്‍ കിട്ടിയത് പരസ്പരം പോരാടാന്‍ തയാറായി നില്‍ക്കുന്ന ഈ ഗോത്ര, വംശീയ സായുധസംഘങ്ങളുടെ വെടിയുണ്ടകളാണ്. വീടും ജീവിതായോധനവുമില്ലാത്ത 50,000ത്തിലധികം വരുന്ന സാധാരണക്കാരുടെ ക്യാമ്പില്‍ നടന്ന സംഘര്‍ഷത്തില്‍ ശനിയാഴ്ച മാത്രം പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ശിയാക്കള്‍ക്ക് പ്രാബല്യമുള്ള ഇറാഖ് സൈന്യം ഗോത്ര, ശിയാ സായുധ സംഘങ്ങളെയും അണിചേര്‍ത്ത് മൂസിലിലേക്ക് നടത്തുന്ന സൈനിക മാര്‍ച്ച്, സുന്നികള്‍ പ്രബലമായ  മൂസിലില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം  കനത്തതും വമ്പിച്ച രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്നതുമാവാന്‍ സാധ്യതയുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ ഭയപ്പെടുന്നുണ്ട്്.  പ്രാദേശിക സംഘങ്ങളെ  സായുധമായി പ്രബലപ്പെടുത്തി ഐ.എസിനെ തകര്‍ക്കുക എന്ന അമേരിക്കയുടെ സൈനിക തന്ത്രത്തിന്‍െറ ഫലമായി ചെറുതും വലുതുമായ സംഘങ്ങള്‍ ആയുധങ്ങളാല്‍ സമ്പന്നരുമാണ്. സിറിയ- ഇറാഖ് അതിര്‍ത്തിയില്‍ ഇപ്പോഴും പ്രബലരായ ഐ.എസ് നടത്തുന്ന ചാവേറാക്രമണങ്ങള്‍ ഇറാഖ് നഗരങ്ങളെ കൂടുതല്‍ അരക്ഷിതവും രക്തപങ്കിലവുമാക്കുകയെന്ന ആശങ്കകളും ശക്തമാണ്.

എണ്ണ കള്ളക്കടത്ത് കുറയുകയും ആയുധ ലഭ്യതക്ക് വിഘ്നം സംഭവിക്കുകയും ചെയ്തപ്പോള്‍തന്നെ ഐ.എസിന്‍െറ പതനം രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചതാണ്. ഐ.എസ് പ്രബലമായത് മുതല്‍ അവരില്‍നിന്ന് കരിഞ്ചന്തയില്‍ എണ്ണ വാങ്ങി ഡോളര്‍ നല്‍കുകയും ഡോളര്‍ തിരിച്ചുവാങ്ങി ആയുധം നല്‍കുകയും ചെയ്തവര്‍ ആരാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം ലഭിക്കാതെ കിടക്കുന്നു. ആ ഉത്തരത്തിലാണ് പശ്ചിമേഷ്യയെയും ലോകത്തത്തെന്നെയും അരക്ഷിതമായ രാഷ്ട്രീയ പകിടകളിയുടെ ഗൂഢാലോചനകളും കുതന്ത്രങ്ങളും ഒളിഞ്ഞിരിക്കുന്നത്.  പശ്ചിമേഷ്യന്‍ അധിനിവേശം ആ മേഖലയുടെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തെ മാത്രമല്ല, അമേരിക്കയുടെയും യൂറോപ്പിന്‍െറയും സമാധാന ജീവിതത്തെകൂടി തകര്‍ക്കുന്ന രൂപത്തില്‍ വികാസം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും നവ ഫാഷിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്നത് പശ്ചിമേഷ്യന്‍ യുദ്ധങ്ങളുടെ അനന്തരഫലമായ കുടിയേറ്റത്തിലും ഇസ്്ലാമോഫോബിയയിലുമാണ്. മറുഭാഗത്ത് അധിനിവേശത്തിലൂടെ നാടും ബന്ധുക്കളും നഷ്ടപ്പെട്ടവരുടെ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ തീവ്രരോദനം  പ്രതികാരദാഹികളായി സായുധസംഘങ്ങളിലേക്ക് ചേക്കേറുന്നതിന് കാരണമാകുകയും അങ്ങേയറ്റത്തെ മനുഷ്യവിരുദ്ധതയുടെ പ്രയോക്താക്കളാക്കി മാറ്റുകയും ചെയ്യുകയാണ്. പരസ്പരം ശക്തിപ്പെടുത്തുന്ന ഈ വൈരുധ്യാത്മക രാഷ്ട്രീയത്തെ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ ലോകം പ്രാപ്തി കാണിക്കാത്ത കാലത്തോളം ഐ.എസ് എന്ന ഭീകരസംഘത്തെ  താല്‍ക്കാലികമായി ദുര്‍ബലപ്പെടുത്താന്‍ സാധിച്ചാലും അവരോ മറ്റൊരു ഭീകരസംഘമോ  വീണ്ടും കരുത്താര്‍ജ്ജിക്കാനുള്ള സാമൂഹിക സാഹചര്യത്തില്‍ ഒരു മാറ്റവും അടുത്തൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഫല്ലൂജയിലെ വിജയം സമകാലിക സാഹചര്യത്തില്‍ ഒരു നാഴികക്കല്ലായിരിക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാഖിലെ നിയമവാഴ്ചയും നീതിയും പുലരുന്നതില്‍ സഹായകരമാകുമോ എന്നാണ് ചോദിക്കുന്നതെങ്കില്‍  ഉത്തരം നിരാശജനകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.