എന്‍ഡോസള്‍ഫാന്‍ ഇരകളെ മറക്കരുത്

കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ കീടങ്ങളെ കൊല്ലാനെന്ന പേരില്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് ആ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം നിശ്ചലമായിപ്പോയതിനെ കുറിക്കാനാണ് നാം എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നു വിളിക്കുന്നത്. ആരുടെയും കണ്ണലിയിപ്പിക്കുന്ന ദുരിതങ്ങളുടെ വര്‍ത്തമാനങ്ങളാണ് ആ ഗ്രാമീണ ജനതക്ക് പങ്കുവെക്കാനുള്ളത്. ജനിതകവൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കൊണ്ട് നിറഞ്ഞതാണ് ആ പ്രദേശം. ഏതാനും വര്‍ഷങ്ങളായി കേരളത്തിന്‍െറ നീറ്റലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്നു നാം വിളിക്കുന്ന നിസ്സഹായരായ ആ ജനത. സ്വതേ ദുര്‍ബലരായ ജനതയായിരുന്നതിനാലും സംസ്ഥാനത്തിന്‍െറ വടക്കേ അറ്റത്ത് ജീവിക്കുന്നവരായതിനാലും ഭരണകൂടങ്ങളുടെ ശ്രദ്ധയില്‍ അവര്‍ വന്നിട്ടുണ്ടായിരുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരെ അവഗണിക്കുകയായിരുന്നു. അതിനിടെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ, നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സമരങ്ങളെ തുടര്‍ന്ന്, അവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തോന്നലിലേക്ക് ഭരണകൂടങ്ങളും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തിയത്. അങ്ങനെ അവര്‍ക്ക് വേണ്ടിയുള്ള പലവിധ സുരക്ഷാ, ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, വാഗ്ദാനം ചെയ്യപ്പെട്ട പലതും ഇനിയും നടപ്പാക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും ചെലവഴിച്ച തുകയും വിശദീകരിച്ചു കൊണ്ട് സര്‍ക്കാര്‍ വക പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് രണ്ടുദിവസം മുമ്പാണ്. ‘ഇവരുടെ സംരക്ഷണം നമ്മുടെ കടമ’ എന്ന, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയോടൊപ്പം പ്രസിദ്ധീകരിച്ച പ്രസ്തുത പരസ്യത്തില്‍ 150.71 കോടി രൂപ ഇതിനകം ദുരിതബാധിതര്‍ക്ക് വേണ്ടി ചെലവഴിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 2014 ജനുവരി 26ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉമ്മന്‍ ചാണ്ടിയുടെ വസതിക്കുമുമ്പില്‍ കഞ്ഞിവെപ്പ് സമരം നടത്തിയിരുന്നു. സമരം കേരളത്തിന്‍െറ സാമൂഹിക മണ്ഡലത്തില്‍ ചര്‍ച്ചയായപ്പോള്‍ അവരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അന്ന് ഉറപ്പു നല്‍കിയ ഒരു കാര്യവും നടപ്പാക്കിയില്ളെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. അങ്ങനെ അവര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുകയാണ്. റിപ്പബ്ളിക് ദിനം മുതല്‍ അവര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച അടിയന്തര സഹായം വിതരണം ചെയ്യുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവര്‍ നിരാഹാരം നടത്തുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന പരസ്യത്തില്‍ ദുരിതബാധിതരായ രണ്ടു കുട്ടികളുടെ ചിത്രങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പോലും ഇനിയും പെടുത്തിയിട്ടില്ലാത്തവരാണ് ആ കുട്ടികള്‍ എന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. വേദനതിന്നു കഴിയുന്ന ഈ മനുഷ്യരുടെ കാര്യം എത്ര അലസമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നതിന്‍െറ മികച്ച തെളിവാണിത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ഏതെങ്കിലും രാഷ്ട്രീയ മുന്നണിക്കെതിരായ നീക്കമായി തെറ്റിദ്ധരിക്കരുത്. അവരുടെ ദുരിതത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യമായ പങ്കുണ്ട്. ആ മനുഷ്യരുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുത്. അവരോടുചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യേണ്ടത് കേരള സമൂഹത്തിന്‍െറയാകെ ഉത്തരവാദിത്തമാണ്. അതിനാല്‍, കാസര്‍കോട്ടെ ഗ്രാമങ്ങളില്‍നിന്ന് വണ്ടികയറി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പടിക്കല്‍വന്ന് നിരാഹാരമിരിക്കുന്ന ആ മനുഷ്യരെ മുഖ്യമന്ത്രി കാണണം. അവരുടെ സമരം എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം. സരിതയും ബാറും മറ്റ് അശ്ളീലതകളും നുരഞ്ഞു പൊന്തുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഈ നിസ്സഹായരുടെ പൊള്ളുന്ന പ്രശ്നത്തില്‍ പ്രത്യേകിച്ച് താല്‍പര്യമുണ്ടാകില്ളെന്ന് അറിയാം. എന്നാലും, ദുര്‍ബലരില്‍ ദുര്‍ബലരായ ഒരു ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്താതിരിക്കാന്‍ നമുക്കാവുമോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.