സി.പി.എമ്മിന്‍െറ പഠന ‘കോണ്‍ഗ്രസ്’

സി.പി.എം നിയന്ത്രണത്തിലുള്ള എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കാറുള്ള അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്‍െറ നാലാമത് എഡിഷന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ചു. കേരളവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങള്‍കൊണ്ട് സമ്പന്നമാകാറുള്ള പഠനകോണ്‍ഗ്രസുകള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞ പരിപാടിയാണ്. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കാനിടയുള്ള വികസനനയങ്ങളെക്കുറിച്ച ധാരണകള്‍ ഉറപ്പിക്കല്‍കൂടിയാണ് പഠനകോണ്‍ഗ്രസുകളില്‍ നടക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറിന്‍െറ നയരൂപവത്കരണം എന്ന രീതിയിലും ഇതിനെ കാണാവുന്നതാണ്.
കേരള വികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ സി.പി.എം ഒൗദ്യോഗികമായിതന്നെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന നിഗമനം വ്യാപകമായി എന്നതാണ് ഇത്തവണത്തെ പഠനകോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രധാന കൗതുകം. സി.പി.എം പുതിയ ലൈന്‍ രൂപവത്കരിക്കുന്നുവെന്നതിന്‍െറ സൂചനയാണ് പി.ബി അംഗമായ പിണറായി വിജയന്‍ നടത്തിയ അധ്യക്ഷ പ്രഭാഷണം എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ വിദേശ/സ്വകാര്യ നിക്ഷേപം വേണ്ടത്ര വരാത്തതില്‍ പരിഭവപ്പെടുന്നതും ആറ് മണിക്കൂര്‍കൊണ്ട് കാസര്‍കോട് എത്താന്‍ പറ്റുന്ന അതിവേഗ പാതയുടെ ആവശ്യകത ഊന്നിപ്പറയുന്നതുമായിരുന്നു പിണറായിയുടെ അധ്യക്ഷ പ്രഭാഷണം. തങ്ങള്‍ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്ന പിണറായി വിജയന് മധ്യ-ഉപരി വര്‍ഗത്തെ പ്രലോഭിപ്പിക്കാന്‍ പറ്റുന്നതരത്തിലുള്ള ‘വികസന പ്രതിച്ഛായ’ സൃഷ്ടിക്കാന്‍വേണ്ടി നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമാണിതെന്ന് വിചാരിക്കുന്നവരുമുണ്ട്. എന്തായാലും സി.പി.എമ്മിന്‍െറ പഠനകോണ്‍ഗ്രസ് കഴിയുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് താനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. തന്‍െറ വികസനനയങ്ങളെ അംഗീകരിക്കുന്നതാണ് പിണറായിയുടെ പ്രസംഗം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് പിന്തുടരുന്ന വികസനനയങ്ങള്‍ നടപ്പാക്കാന്‍ പിന്നെന്തിനാണ് മറ്റൊരു കൂട്ടര്‍ എന്ന ചോദ്യം, ഇനി മുതല്‍ കോണ്‍ഗ്രസും യു.ഡി.എഫും അവരുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കും.
പിണറായി വിജയന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞ വികസനസങ്കല്‍പം സി.പി.എം പുതുതായി എടുത്തണിഞ്ഞതല്ല. കഴിഞ്ഞ കാലങ്ങളിലും പാര്‍ട്ടി നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ ആ നിലക്കുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ബംഗാളിലെ സിംഗൂരും കേരളത്തിലെ കിനാലൂരുമൊക്കെ അതിന്‍െറ രക്തം കിനിയുന്ന ഉദാഹരണങ്ങളാണ്. ഭരണത്തിലത്തെിയാല്‍ സിംഗൂരില്‍ ഇനിയും കാര്‍ ഫാക്ടറി കൊണ്ടുവരുമെന്നാണ് അവിടത്തെ നേതാക്കള്‍ പ്രസംഗിച്ചിട്ടുള്ളത്. സ്വത$സിദ്ധമായ അഹന്ത കൂടെയുള്ളത് കാരണം, ജനകീയ പ്രസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന്‍ കഴിയാത്തതുകൊണ്ട് സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വികസനനീക്കങ്ങള്‍ വലിയ സംഘര്‍ഷങ്ങളിലാണ് കലാശിക്കാറുള്ളത്.
വികസനം, ആധുനികവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ ഒരു സമൂഹമെന്ന നിലക്ക് മലയാളികള്‍ക്ക് ഏറെ പിഴച്ചിട്ടുണ്ട് എന്നത് നേരാണ്. ഈ പിഴവില്‍ ഇടതുപക്ഷത്തിന്‍െറ പങ്ക് വളരെ വലുതുമാണ്. ഇടതുപക്ഷത്തിനെതിരെയുള്ള വലതുപക്ഷത്തിന്‍െറ വലിയൊരു പ്രചാരണായുധവുമാണിത്. വലതുപക്ഷം മുന്നോട്ടുവെക്കുന്ന കടിഞ്ഞാണില്ലാത്ത വികസനവാദത്തിനും ഇടതുപക്ഷം മുമ്പ് പ്രയോഗിച്ച അന്ധമായ ലൈസന്‍സ്രാജിനുമിടയിലുള്ള, ആധുനികോന്മുഖവും ജനക്ഷേമകരവുമായ ഒരു മധ്യമപാത വികസിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടിയിരുന്നത്. അത്തരമൊരു കാഴ്ചപ്പാടിലേക്ക് എന്തെങ്കിലും വ്യക്തതയുണ്ടാക്കാന്‍ സി.പി.എമ്മിന്‍െറ പഠനകോണ്‍ഗ്രസിന് സാധിച്ചുവെന്ന് തോന്നുന്നില്ല.
കേരള വികസനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും പഠനകോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നതാണ് സത്യം. കേരള വികസനം എന്ന് ഒറ്റവാക്കില്‍ പറയാന്‍ പറ്റാത്ത വിധം, വികസനവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനദണ്ഡങ്ങള്‍പ്രകാരവും, മാറ്റിനിര്‍ത്തപ്പെട്ട പ്രദേശമാണ് മലബാര്‍ മേഖല. മലബാര്‍ അനുഭവിക്കുന്ന വികസന വിവേചനം എന്നത് പലരും ഉന്നയിക്കാന്‍ മടിക്കുന്ന ഒരു പ്രശ്നമാണ്. ഡസന്‍കണക്കിന് സമാന്തര സെഷനുകളില്‍ അത്തരമൊന്ന് ഉള്‍പ്പെടുത്താന്‍ പഠനകോണ്‍ഗ്രസ് സംഘാടകര്‍ക്കായില്ല. എന്നല്ല, മലബാറിന്‍െറ വികസനത്തെക്കുറിച്ച് പ്രത്യേകമായി സംസാരിക്കുന്നതുതന്നെ തീവ്രവാദമാണെന്ന് സി.പി.എം നേതാക്കള്‍ മുമ്പ് പറഞ്ഞുവെച്ചിട്ടുമുണ്ട്. ദലിതര്‍, പല കാര്യങ്ങളിലും ദലിതരെക്കാള്‍ പിറകിലെന്ന് സച്ചാര്‍ സമിതി കണ്ടത്തെിയ മുസ്ലിംകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അനുഭവിക്കുന്ന സവിശേഷമായ വികസനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനും പഠനകോണ്‍ഗ്രസ് മെനക്കെട്ടില്ല. മാറ്റിനിര്‍ത്തപ്പെട്ടവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന കാലമാണിത്. ആ കാലത്തെ അഭിമുഖീകരിക്കുന്നതായിരുന്നോ പഠനകോണ്‍ഗ്രസ് എന്ന ആത്മവിചാരണ നല്ലതാണ്. ചുരുക്കത്തില്‍, വിദേശനിക്ഷേപം, അടിസ്ഥാന സൗകര്യ വര്‍ധന, അതിവേഗ പാത തുടങ്ങിയ വിഷയങ്ങളില്‍ യു.ഡി.എഫിന് ഇടതുപക്ഷത്തിനെതിരെ മികച്ച പ്രചാരണായുധങ്ങള്‍ നല്‍കി എന്നതില്‍ കവിഞ്ഞ് എന്ത് ഗുണമാണ് ഏറെ പ്രചാരണം നല്‍കി നടത്തിയ ഈ പരിപാടി നല്‍കിയത് എന്നാലോചിക്കുന്നത് നന്നാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.