സിറിയയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍

രണ്ടേമുക്കാല്‍ ലക്ഷത്തോളംപേരെ കുരുതികൊടുക്കുകയും 11 ലക്ഷം പേരെ വഴിയാധാരമാക്കുകയുംചെയ്ത സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായി താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തലിന് വഴിതെളിഞ്ഞത് ആശ്വാസകരമാണ്. അമേരിക്കയും റഷ്യയും തമ്മില്‍ ഉരുത്തിരിച്ചെടുത്ത വെടിനിര്‍ത്തല്‍ കരാറിന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദും അദ്ദേഹത്തിന്‍െറ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതുന്ന പ്രക്ഷോഭകാരികളും വഴങ്ങിയതോടെ സമാധാനശ്രമങ്ങള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയാണ് സമാധാനപ്രവര്‍ത്തകര്‍ക്കുള്ളത്. ജനീവയില്‍ ശനിയാഴ്ച യോഗംചേര്‍ന്ന പ്രത്യേക ദൗത്യസംഘം മോസ്കോയിലും വാഷിങ്ടണിലുമുള്ള ഓഫിസുകള്‍ വെടിനിര്‍ത്തല്‍ ധാരണയുടെ പുരോഗതി പരിശോധിക്കുമെന്നറിയിച്ചു. അതേസമയം, സിറിയയില്‍ വ്യാപകമായി ആധിപത്യമുറപ്പിച്ച ഭീകരസംഘങ്ങളായ ഐ.എസ്, അന്നുസ്റ മുന്നണികള്‍ക്കെതിരെ ആക്രമണം തുടരുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഐ.എസ്, നുസ്റ ഭീകരര്‍ക്കെതിരായ സൈനികനീക്കം എത്രടംവരെ പരിമിതപ്പെടുമെന്നതിനെ ആശ്രയിച്ചാണ് വെടിനിര്‍ത്തലിന്‍െറ ഭാവിയെന്ന് പ്രക്ഷോഭകാരികളും പറയുന്നു.

ബശ്ശാറിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള പോരാട്ടത്തില്‍ പ്രസിഡന്‍റിന് പിടിവിടുന്നു എന്ന ഘട്ടത്തില്‍ അഞ്ചുമാസം മുമ്പാണ് റഷ്യ സിറിയയില്‍ ബശ്ശാറിനെ രക്ഷിക്കാനായി ഭീകരമായ സൈനികാക്രമണം തുടങ്ങിയത്. വഷളായി തുടര്‍ന്ന ആഭ്യന്തരയുദ്ധത്തിന്‍െറ കെടുതികള്‍ റഷ്യന്‍ ഇടപെടലോടെ അതിദയനീയമാകുകയായിരുന്നുവെന്നാണ് കണക്കുകള്‍. ഐ.എസിനെതിരായെന്ന പേരില്‍ റഷ്യ നടത്തിയ ആക്രമണങ്ങള്‍ പലതും ബശ്ശാര്‍ വിരുദ്ധപ്രക്ഷോഭകാരികള്‍ക്കെതിരെയായിരുന്നതിനാല്‍ ഇനിയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്ന് അവര്‍ ആശങ്കിക്കുന്നു. അതേസമയം, ബോംബിങ്ങില്‍ നിന്നൊഴിവാക്കുന്ന 6111 പോരാളികളുടെയും 74 ജനവാസകേന്ദ്രങ്ങളുടെയും പേരുവിവരങ്ങള്‍ റഷ്യ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. ‘അബദ്ധ ആക്രമണം’ ഒഴിവാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്.

2011 മാര്‍ച്ചില്‍ സിറിയയില്‍ ബശ്ശാറിന്‍െറ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ ജനാധിപത്യവാദികള്‍ തുടങ്ങിവെച്ച പ്രക്ഷോഭം ആഗോളരാഷ്ട്രീയത്തിന്‍െറ ഗതി മാറ്റിക്കുറിച്ച പരിണാമദശകള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ഭരണാധികാരിയെ മാറ്റി രാജ്യത്തേക്ക് സ്വാതന്ത്ര്യത്തിന്‍െറ കാറ്റുംവെളിച്ചവും കടത്തിവിടാന്‍ ആരംഭിച്ച പ്രക്ഷോഭത്തിന് സമീപ അറബ് നാടുകളുടെയും അമേരിക്കയുടെയും പിന്തുണലഭിച്ചു. മറുഭാഗത്ത് ന്യൂനപക്ഷ അലവി വംശഭരണകൂടത്തിന് ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ശിയാ വംശീയപിന്തുണയും റഷ്യ രാഷ്ട്രീയപിന്തുണയും നല്‍കിയപ്പോള്‍ ചിത്രം മാറിമറിയുകയായിരുന്നു. അധോലോകമാഫിയ സംഘങ്ങളുടെയും സ്വകാര്യ കൂലിപ്പട്ടാളങ്ങളുടെയും പിന്തുണയോടെ പ്രക്ഷോഭത്തെ നിര്‍ദയം അടിച്ചമര്‍ത്തിയ ബശ്ശാറിന്  സ്വന്തം സുരക്ഷ മാത്രമേ പ്രശ്നമായുള്ളൂ. പിന്നീട് ഇറാഖിലും സിറിയയിലും ശിയാ വിരുദ്ധതയുടെ പേരില്‍ രൂപംകൊണ്ട് മുസ്ലിം രാഷ്ട്രങ്ങളിലും പയ്യെ ആഗോളതലത്തിലും ഭീകരസംഘമായി മാറിയ ഐ.എസും അല്‍ ഖാഇദയുടെ ഉടപ്പിറപ്പായ അന്നുസ്റ മുന്നണിയും ബശ്ശാറിനെ ഒരര്‍ഥത്തില്‍ രക്ഷിച്ചെടുത്തു എന്നു പറയാം.

ലോകത്ത് ഇസ്ലാമിന്‍െറ പേരുകെടുത്തിയ ആക്രമിസംഘത്തിനെതിരായ പോരാട്ടം അറബ് മുസ്ലിം രാജ്യങ്ങളുടെ പ്രഥമപരിഗണനയായിത്തീരുകയും ബശ്ശാറിന്‍െറ നിഷ്കാസനവും സിറിയയിലെ ജനാധിപത്യ പുനഃസ്ഥാപനവും അജണ്ടയുടെ പിറകോട്ടുപോകുകയും ചെയ്തു. എന്നാല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ സിറിയന്‍ പ്രതിപക്ഷത്തെ ഒന്നിച്ചിരുത്തി സിറിയയില്‍ ബശ്ശാറിന്‍െറ നിഷ്കാസനമടക്കമുള്ള ഭാവി രാഷ്ട്രീയപരിഹാരശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഈ രാഷ്ട്രീയനീക്കങ്ങള്‍ ഒരുഭാഗത്തും പ്രക്ഷോഭകാരികളുടെ പോരാട്ടവും ഐ.എസ് ഭീഷണിയും മറുഭാഗത്തുമായി ബശ്ശാറിന് ഒഴിയാതെതരമില്ളെന്ന ഘട്ടമത്തെിയപ്പോഴാണ് കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യ ഐ.എസ് ഭീകരര്‍ക്കെതിരെയെന്ന പേരില്‍ സൈനികനീക്കം തുടങ്ങിയത്. സമ്പൂര്‍ണനശീകരണം എന്ന സ്ഥിരംരീതി തന്നെയാണ് റഷ്യ സിറിയയിലും പയറ്റിയത്. നാടും ജനതയും തരിപ്പണമായാലും ഡമസ്കസിലെ ബശ്ശാറിനെ സുരക്ഷിതമായി വീണ്ടും കുടിയിരുത്തുകയാണ് വ്ളാദിമിര്‍ പുടിന്‍െറ ലക്ഷ്യം.

ഐ.എസിനെതിരെയും മറ്റും ഒച്ചവെക്കുന്നെങ്കിലും അമേരിക്കക്കും സിറിയയിലെ പ്രക്ഷോഭം കെട്ടടങ്ങണമെന്നോ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നോ വാശിയൊന്നുമില്ല. എന്നാല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെയും തുര്‍ക്കി അടക്കമുള്ളവരുടെയും നിരന്തരസമ്മര്‍ദങ്ങളുയരുമ്പോള്‍ അവര്‍ക്കും വല്ലതും ചെയ്തെന്നു വരുത്തണം. അതിന് കണ്ടത്തെിയ വഴിയാണ് രണ്ടാഴ്ചത്തേക്കുള്ള ഈ താല്‍ക്കാലിക വെടിനിര്‍ത്തലെന്ന വിമര്‍ശവും തള്ളിക്കളയാനാവില്ല. പ്രക്ഷോഭകാരികളായ പ്രതിപക്ഷവുമായി കൂടുതല്‍ ചര്‍ച്ചക്ക് അവസരമൊരുങ്ങുമെന്നാണ് അമേരിക്കയും റഷ്യയും അവര്‍ക്കു മറപറ്റിയ യു.എന്നും പറയുന്നത്. എന്നാല്‍ ഐ.എസ് താവളങ്ങളിലേക്ക് റഷ്യ ഉന്നംപിടിക്കുകയും ബശ്ശാറിന്‍െറ ഇറക്കിവിടാതിരിക്കാനുള്ള ചതുരുപായങ്ങളൊരുക്കുകയും ചെയ്യുമ്പോള്‍ പിന്നെ സിറിയയിലെ ഭാവി രാഷ്ട്രീയക്രമത്തിനു വേണ്ടി നടത്തുന്ന ചര്‍ച്ചകള്‍ എവിടെയത്തെുമെന്ന് കണ്ടറിയണം. എങ്കിലും ജനം പുല്ലുപോലും തിന്നേണ്ടത്ര ദുരിതത്തിലത്തെിനില്‍ക്കെ, ബോംബുകള്‍ക്കും മിസൈലുകള്‍ക്കും താഴെ അത്താഴവും അന്തിയുറക്കവും മുട്ടിയ അശരണര്‍ക്ക് രണ്ടാഴ്ചയെങ്കിലും ഒരു യുദ്ധവിരാമം ലഭിക്കുന്നത് നിസ്സാരകാര്യമല്ല. മുട്ടുശാന്തിയില്‍നിന്ന് ഈടുറ്റ സമാധാനത്തിലേക്ക് വഴിതുറക്കാനുള്ള ഇടവേളയായി അതുമാറട്ടെ എന്നുകൂടി ആശംസിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.