തന്നെയും തന്‍െറ സര്‍ക്കാറിനെയും തകര്‍ക്കാന്‍ ചില എന്‍.ജി.ഒകളും കരിഞ്ചന്തക്കാരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് പരാതിപ്പെട്ടിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ഒഡിഷയിലെ ബര്‍ഗവില്‍ കര്‍ഷകര്‍ക്കായുള്ള ‘റൂര്‍ബെന്‍ മിഷന്‍’ ഉദ്ഘാടനം ചെയ്യവെയാണ് തനിക്കെതിരെയുള്ള ഭീഷണിയെക്കുറിച്ച് മോദി വാചാലനായത്. ചായ വില്‍പനക്കാരനായ താന്‍ പ്രധാനമന്ത്രിയായത് സഹിക്കാനാവാത്ത ചിലരാണ് ഗൂഢാലോചനക്കു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. വിദേശ സഹായം ലഭിക്കുന്ന ചില സന്നദ്ധ സംഘടനകളോട് മോദി സര്‍ക്കാര്‍ കണക്കു ചോദിച്ചതുകൊണ്ടാണത്രെ അവര്‍ അദ്ദേഹത്തിനെതിരായത്. എന്നാല്‍, താന്‍ ആരുടെയും മുന്നില്‍ മുട്ടുമടക്കാന്‍ പോവുന്നില്ളെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.
പതിവില്ലാത്തവിധം സര്‍ക്കാറിനെതിരായ ഗൂഢാലോചനയെപ്പറ്റി സംസാരിക്കാനും പേരെടുത്തുപറയാതെ, വിദേശ ഫണ്ട് ലഭിക്കുന്ന എന്‍.ജി.ഒകളെയും കരിഞ്ചന്തക്കാരെയും അതിലെ പങ്കാളികളായി ചിത്രീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച സാഹചര്യം ചിന്താര്‍ഹമാണ്. കേവലം 38 ശതമാനം വോട്ടുകളാണ് നേടിയതെങ്കിലും പാര്‍ലമെന്‍റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നയാളാണ് നരേന്ദ്ര മോദി. ജനാധിപത്യ വ്യവസ്ഥ പുലരുന്ന ഇന്ത്യാ മഹാരാജ്യത്ത് രണ്ടിലൊരു ഭീഷണിയേ ആ സര്‍ക്കാറിന് നേരിടേണ്ടതുള്ളൂ. ഒന്നുകില്‍ സൈനിക അട്ടിമറി അല്ളെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ വിധിയെഴുത്ത്. ഇതിലെ ഒന്നാമത്തെ ഭീഷണിക്ക് ഒരു സാധ്യതയും ഇല്ളെന്നിരിക്കെ അവശേഷിക്കുന്ന ഭീഷണിക്ക് സമയമായിട്ടുമില്ല. എന്നുവെച്ചാല്‍ മോദി സര്‍ക്കാറിന് മൂന്നു വര്‍ഷത്തിലധികം കാലാവധി ഇനിയുമുണ്ടെന്നര്‍ഥം. എന്‍.ഡി.എയിലോ ബി.ജെ.പിയിലോ പ്രകടമായ അനൈക്യംപോലും രൂപപ്പെടാതിരിക്കെ നരേന്ദ്ര മോദി അധികാരത്തകര്‍ച്ചയെ ഭയക്കുന്നതെന്തിന് എന്നതാണ് പ്രസക്തമായ ചോദ്യം. അത് ഏറ്റവുമൊടുവില്‍ രാജ്യത്ത് ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ജനകീയ പ്രതിഷേധത്തിന്‍െറ അന്തരീക്ഷം തന്നെയാവാനേ വഴിയുള്ളൂ. സവിശേഷ പാരമ്പര്യവും വ്യതിരിക്തതയും അവകാശപ്പെടാവുന്ന ഇന്ത്യന്‍ സര്‍വകലാശാലയായ ജെ.എന്‍.യുവിലെ അധ്യാപകരും വിദ്യാര്‍ഥികളും സംഘ്പരിവാറിന്‍െറ ഒളിയജണ്ടക്ക് വിധേയരാവാന്‍ തയാറില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചതിലൂടെ എതിര്‍ശബ്ദങ്ങളാകെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ആസൂത്രിത നീക്കത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രഥമ എന്‍.ഡി.എ ഭരണകാലത്ത് നടന്ന പാര്‍ലമെന്‍റാക്രമണക്കേസില്‍ മരണശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന അഫ്സല്‍ ഗുരുവിന്‍െറ അനുസ്മരണ പരിപാടി ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സംഘടിപ്പിച്ചതിന്‍െറ പേരില്‍ ജെ.എന്‍.യു ആകെ രാജ്യദ്രോഹികളുടെയും ദേശീയവിരുദ്ധരുടെയും സങ്കേതമായി മാറിയിരിക്കുന്നുവെന്ന കാവിപ്പടയുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും പ്രചണ്ഡമായ പ്രചാരണവും തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്വീകരിച്ച നടപടികളും ആഗോളതലത്തില്‍തന്നെ കടുത്ത വിമര്‍ശവും പ്രതിഷേധവുമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ നിര്‍മിത വ്യാജ സീഡികള്‍ തെളിവുകളായി ഉപയോഗിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികളെ രാജ്യദ്രോഹികളായി മുദ്രകുത്താനും ജയിലിലടക്കാനുമുള്ള പുറപ്പാട് മനുഷ്യാവകാശങ്ങളും ജനാധിപത്യവും രാജ്യത്ത് പുലരണമെന്നാഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും അസ്വസ്ഥരാക്കിയിരിക്കുന്നു. മാത്രമല്ല, ഇന്ത്യയിലെ മൊത്തം സര്‍വകലാശാലകളെ ആര്‍.എസ്.എസിന്‍െറ തീവ്രഹിന്ദുത്വ ദേശീയതയില്‍ മുക്കിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കങ്ങളെ ലോകം കാണുന്നതും. ബുദ്ധിശൂന്യമായ മാട്ടിറച്ചി നിരോധത്തിന്‍െറയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ കാവിവത്കരണ ശ്രമങ്ങളുടെയും നേരെ നേരത്തെ ഉയര്‍ന്ന പ്രതിഷേധവും എതിര്‍പ്പും തുടരുമ്പോഴാണ് കടുത്ത അസഹിഷ്ണുതയുടെ പുതിയ പുതിയ സംഭവങ്ങള്‍ ദിനേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോദി 2014 മേയില്‍ അധികാരമേല്‍ക്കുമ്പോള്‍ ഹിന്ദുത്വ അജണ്ടയെക്കാള്‍ വികസനത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുക എന്ന് പ്രതീക്ഷിച്ച മിതവാദികള്‍പോലും നഗ്ന യാഥാര്‍ഥ്യങ്ങളുടെ മുന്നില്‍ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ്. സ്വദേശത്തും അതിലേറെ വിദേശത്തുമായി തന്‍െറ വികസന പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായ നരേന്ദ്ര മോദി തന്നെയും ഒരുവേള ഇത്ര പെട്ടെന്ന് ഇത്തരമൊരു പരിണാമം പ്രതീക്ഷിച്ചിരിക്കുകയില്ല. ഇതാണുതാനും തന്‍െറ പദവിയും സര്‍ക്കാറും നേരിടുന്ന ഭീഷണിയെക്കുറിച്ച ഉത്കണ്ഠ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച യഥാര്‍ഥ പശ്ചാത്തലം. സ്വന്തക്കാര്‍ ഏര്‍പ്പെട്ട വിവേകരഹിതവും ബുദ്ധിശൂന്യവുമായ നടപടികളെ പക്ഷേ, പരസ്യമായി തള്ളിപ്പറയാന്‍ അദ്ദേഹത്തിനാവില്ല. തന്മൂലം സാങ്കല്‍പികലോകത്തെ കരിഞ്ചന്തക്കാരെയും എന്‍.ജി.ഒകളെയും ശത്രുക്കളായി അവതരിപ്പിക്കേണ്ടിവരുകയാണ്. അല്ളെങ്കില്‍ ഗ്രീന്‍പീസ് പോലുള്ള രാഷ്ട്രാന്തരീയ സന്നദ്ധ സംഘടനയുടെ ഫണ്ടുകള്‍ മരവിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്ത നരേന്ദ്ര മോദി വെറും വാമനന്മാരായ എന്‍.ജി.ഒകളെ എന്തിന് ഭയപ്പെടണം? കര്‍ഷകരെയും പാവങ്ങളെയും പിഴിഞ്ഞ് കൊഴുത്ത് വീര്‍ക്കുന്ന മഹാ കോര്‍പ്പറേറ്റുകളുടെ മുഴുവന്‍ പിന്തുണ അദ്ദേഹത്തിനുള്ളപ്പോള്‍ ഭീഷണിയാവുന്ന കരിഞ്ചന്തക്കാര്‍ ആരാണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.