സമസ്തയുടെ 90ാം വാര്‍ഷികസമ്മേളനം

1926 ജനുവരി 26ന് രൂപവത്കരിക്കപ്പെട്ട സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, കേരള മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും ജനസ്വാധീനമുള്ള മതസംഘടനയാണ്. സംഘടനയുടെ 90ാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 14ന് ആലപ്പുഴയില്‍ സമാപിച്ചു. സംഘാടന മികവുകൊണ്ടും ജനബാഹുല്യംകൊണ്ടും ശ്രദ്ധിക്കപ്പെട്ട സമ്മേളനം സമസ്തയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമായി രേഖപ്പെടുത്തപ്പെടും. 90 വര്‍ഷങ്ങള്‍ക്കുമുമ്പ് സമസ്ത രൂപവത്കരിക്കപ്പെടുമ്പോഴുള്ള സാഹചര്യമല്ല ഇന്നുള്ളത്. എല്ലാ അര്‍ഥത്തിലുമുള്ള മാറ്റങ്ങള്‍ സമൂഹത്തിന്‍െറ എല്ലാ ഘടകങ്ങളിലും വന്നുചേര്‍ന്നിട്ടുണ്ട്. എന്നാല്‍, 90 വര്‍ഷങ്ങള്‍ക്കുശേഷവും  തളര്‍ച്ചയോ വാര്‍ധക്യമോ ബാധിക്കാതെ സംഘടനയെ നിലനിര്‍ത്താന്‍ സാധിച്ചുവെന്നതില്‍ അതിന്‍െറ നേതാക്കള്‍ക്ക് അഭിമാനിക്കാം. പരമ്പരാഗത പണ്ഡിതന്മാരുടെ നേതൃത്വവും പുതുതലമുറയുടെ കര്‍മകുശലതയും സംഘടനക്ക് വലിയ ഊര്‍ജമായി വര്‍ത്തിക്കുന്നുണ്ട്.

1926ല്‍നിന്ന് 2016ലത്തെുമ്പോള്‍ പലവിധത്തിലുള്ള പോഷക സംഘടനകളും സംവിധാനങ്ങളും സ്ഥാപനങ്ങളുമായി സമസ്ത വികസിച്ചിട്ടുണ്ട്. അവയില്‍ ഊന്നിപ്പറയേണ്ടതാണ് അതിന്‍െറ കീഴില്‍ നടത്തപ്പെടുന്ന ആയിരക്കണക്കിന് മദ്റസകള്‍. ഇസ്ലാമിക വിദ്യാഭ്യാസത്തെയും അറബിഭാഷയെയും ജനകീയമാക്കുന്നതില്‍ പ്രസ്തുത സ്ഥാപന ശൃംഖലക്കുള്ള പങ്ക് നിഷേധിക്കാനാവാത്തതാണ്. ഈ ശൃംഖലയാകട്ടെ കേന്ദ്രീകൃതമായ കോര്‍പറേറ്റ് മാനേജ്മെന്‍റിനു കീഴിലല്ല പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി  ജനാധിപത്യ രീതിയില്‍ രൂപവത്കരിക്കപ്പെട്ട കമ്മിറ്റികള്‍ക്കാണ് അവയുടെ ചുമതല. അതേസമയം, കേന്ദ്രീകൃത സിലബസും മൂല്യനിര്‍ണയ രീതികളും അവ പിന്തുടരുകയും ചെയ്യുന്നു. നടത്തിപ്പില്‍ ആധുനികമായ രീതികളും സങ്കേതങ്ങളും കൊണ്ടുവരാന്‍ അവര്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ലോകതലത്തില്‍ മുസ്ലിംകള്‍ക്ക് അപൂര്‍വമായ  മാതൃകയാണ് കേരളത്തിലെ മദ്റസാപ്രസ്ഥാനം. തുടക്കത്തില്‍ സമസ്ത അതിനോട് വിമുഖത കാണിച്ചിരുന്നുവെങ്കിലും പിന്നീട് അതിനെ ജനകീയമാക്കുന്നതില്‍ അതിന്‍െറ പങ്ക് നിസ്തുലമാണ്. ഇപ്പോള്‍, അല്‍ബിര്‍റ് എന്ന പേരില്‍ പുതിയ പ്രീപ്രൈമറി സ്ഥാപന ശൃംഖലകള്‍ സ്ഥാപിക്കാനുള്ള പ്രഖ്യാപനവും ആലപ്പുഴ സമ്മേളനത്തിലുണ്ടായി.

സമസ്തയുടെ മറ്റൊരു ശക്തിയാണ് അതിന്‍െറ കീഴിലുള്ള പ്രാദേശിക മഹല്ലുകള്‍. ഒരു പ്രദേശത്തെ മുസ്ലിം സാമൂഹിക ജീവിതത്തെ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് മഹല്ലു കമ്മിറ്റികള്‍. സംസ്ഥാനത്ത് ഏറ്റവുമധികം മഹല്ലുകള്‍ സമസ്തയുടെ കീഴിലാണുള്ളത്. ഇതുകൊണ്ടു തന്നെയാവണം, ‘നമ്മുടെ മഹല്ല്’ എന്ന പ്രത്യേക സെഷന്‍ സമ്മേളനത്തിലുണ്ടായിരുന്നു. വലിയ വിഭവശേഷിയുള്ളവയാണ് ഓരോ മഹല്ലും. സാമാന്യം സമ്പത്തും യുവാക്കളുടെ വര്‍ധിച്ച സാന്നിധ്യവും ഓരോ മഹല്ലിലുമുണ്ട്. എന്നാല്‍, ഈ വിഭവങ്ങളെ ശാസ്ത്രീയമായി വിനിയോഗിക്കാന്‍ ഭൂരിഭാഗം മഹല്ലുകള്‍ക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. മഹല്ല് പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയാല്‍ മുസ്ലിംകള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലാകമാനം അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ആ നിലക്കുള്ള ഏകാഗ്രതയോടെയുള്ള ശ്രമങ്ങള്‍ വേണ്ടത്രയുണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ മഹല്ലുകള്‍ക്ക് നേതൃത്വംനല്‍കുന്ന പ്രസ്ഥാനം എന്ന നിലക്ക് സമസ്തക്ക് ആ ദിശയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആലപ്പുഴ സമ്മേളനം അതിന് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.

സമസ്ത സമ്മേളനവുമായി ബന്ധപ്പെട്ട ഒരു സന്ദര്‍ഭത്തിലും സ്ത്രീകളുടെ സാന്നിധ്യം ഒട്ടുമേ ഉണ്ടായില്ല എന്നതാണ് പ്രധാന ന്യൂനത. അതിന് സംഘാടകര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട് എന്നത് വാസ്തവം തന്നെ.  പക്ഷേ, സ്ത്രീകള്‍ അവരുടെ സ്വത്വവും സാന്നിധ്യവും കൂടുതല്‍ നിശ്ചയംവരുത്തിക്കൊണ്ടിരിക്കുന്ന കാലത്ത്, സമൂഹത്തിന്‍െറ നേര്‍പകുതിയായ വിഭാഗത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് എങ്ങനെ മുന്നോട്ടുപോകും എന്ന ചോദ്യം പ്രസക്തമാണ്. സുന്നി-ശിയാ വിഭജനങ്ങളെ തീവ്രമാക്കി സാമ്രാജ്യത്വ ശക്തികള്‍ മുസ്ലിംനാടുകളെ ചോരക്കളങ്ങളാക്കി മാറ്റുന്നതാണ് സമകാലിക സാര്‍വദേശീയ സാഹചര്യം. നമ്മുടെ രാജ്യത്താകട്ടെ, വലതുപക്ഷ സമഗ്രാധിപത്യ ഭരണകൂടം മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൂടുതല്‍ അപരവത്കരിച്ച് വിഭാഗീയ അജണ്ടകള്‍ ശക്തിപ്പെടുത്തുകയാണ്. ഫെബ്രുവരിയില്‍ തന്നെയാണ്, ഓള്‍ ഇന്ത്യ തന്‍സീമെ ഉലമായേ ഇസ്ലാം എന്ന സംഘടനയുടെ ബാനറില്‍ ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു ഉലമ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മോദിക്കും ആര്‍.എസ്.എസിനും സര്‍വപിന്തുണയും പ്രഖ്യാപിച്ച പ്രസ്തുത സമ്മേളനം, ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ബറേല്‍വി-ദയൂബന്തി വിഭജനം ശക്തമാക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായിരുന്നു. ‘തീവ്രവാദത്തെ’ ചെറുക്കാന്‍ ചെച്നിയയില്‍ വ്ളാദ്മിര്‍ പുടിനും ഈജിപ്തില്‍ അല്‍സീസിയും സ്വീകരിച്ച നയങ്ങള്‍ സ്വീകരിക്കണമെന്നാണ് സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അതായത്, ഭരണകൂടവേട്ടക്ക് സര്‍വപിന്തുണയും നല്‍കാന്‍ ഉലമ സംഘടനകള്‍ തന്നെ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, വളരെ കരുതലോടെ വേണം മതപണ്ഡിതന്മാര്‍ക്ക് മുന്നോട്ടുപോകാന്‍. അത്തരമൊരു കെട്ടകാലത്ത് മതപണ്ഡിതന്മാര്‍ നിര്‍വഹിച്ച  ചരിത്രപരമായ കടമകള്‍ ഏറ്റെടുക്കാന്‍ സമസ്തക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.