ഈ നിരക്കിളവുകൊണ്ട് എന്തുകാര്യം?

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്ചാര്‍ജ് നിരക്ക് മാര്‍ച്ച് ഒന്നുമുതല്‍ ഒരുരൂപ കുറക്കാന്‍ കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. ആഗോള വിപണിയില്‍ ഇന്ധനവില കുറഞ്ഞതിന്‍െറ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് നിരക്ക് കുറക്കുന്നതെന്നും ഇത് പ്രതിദിനം 22 ലക്ഷം യാത്രക്കാര്‍ക്കെങ്കിലും ഗുണംചെയ്യുമെന്നുമാണ് തീരുമാനം വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇതുവഴി കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിനവരുമാനത്തില്‍ 27 ലക്ഷം രൂപയുടെ കുറവുണ്ടാകുമത്രെ. ചരിത്രത്തില്‍ ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും ഇളവ് അനുവദിക്കുന്നതെന്നും ഇതുവഴി പ്രതിവര്‍ഷം 72 കോടിയുടെ സൗജന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നുമാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അവകാശവാദം. സര്‍ക്കാര്‍ തീരുമാനത്തെയും അവകാശവാദങ്ങളെയും മുഖവിലക്കെടുത്താല്‍ പോലും, എന്തുകൊണ്ട് നിരക്ക് ഇളവില്‍നിന്ന് സ്വകാര്യ ബസുകളെയും കെ.എസ്.ആര്‍.ടി.സിയുടെതന്നെ മറ്റു സര്‍വിസുകളെയും ഒഴിവാക്കി എന്ന ചോദ്യം അവശേഷിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ ഗിമ്മിക്കുകളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. എന്നല്ല, സ്വകാര്യ ബസ് ലോബികള്‍ക്കായി സര്‍ക്കാര്‍തലത്തില്‍തന്നെ ചരടുവലി നടക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നുണ്ട്  ഈ നിരക്കിളവ് നാടകം.

ഇന്ധന വിലവര്‍ധനയുടെ പേരിലാണ് ഓരോ ഘട്ടത്തിലും നമ്മുടെ നാട്ടില്‍ ബസ്, ഓട്ടോ, ടാക്സി  നിരക്കുകള്‍ വര്‍ധിപ്പിക്കാറുള്ളത്. ഏറ്റവും ഒടുവില്‍, 2014 മേയ് 20നാണ് ബസ് യാത്രാനിരക്ക് മിനിമം ആറില്‍നിന്ന് ഏഴാക്കി ഉയര്‍ത്തിയത്. കിലോമീറ്റര്‍ ചാര്‍ജ് 58 പൈസയില്‍നിന്ന് 64 പൈസയാക്കി. സൂപ്പര്‍ ക്ളാസ് സര്‍വിസുകളുടെ നിരക്കുകളും ആനുപാതികമായി കൂട്ടി. ഈ തീരുമാനമെടുക്കുമ്പോള്‍, ഡീസല്‍ ലിറ്ററിന് 60.88 രൂപയാണ് വില. ഭാവിയിലുണ്ടാകാവുന്ന ഇന്ധന വിലവര്‍ധനകൂടി കണക്കിലെടുത്താണ് ചാര്‍ജ് വര്‍ധനയെന്നും അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട്, ഡീസല്‍ വില 63 രൂപവരെയത്തെിയെങ്കിലും തുടര്‍ന്നങ്ങോട്ട് ആഗോളവിപണിയിലെ മാറ്റത്തിനനുസൃതമായി എണ്ണവില കുറയുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഡീസല്‍ വിലയില്‍ 14.50 രൂപയുടെ കുറവ് വന്നിട്ടും മിനിമം ചാര്‍ജിലോ കി.മീ നിരക്കിലോ കുറവു വരുത്താന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനെതിരെ ഭരണകക്ഷിയിലെ യുവജന സംഘടനകള്‍ വരെ രംഗത്തത്തെിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്കുപോലും തയാറായില്ല. സമ്മര്‍ദം കൂടിയപ്പോള്‍ നിരക്ക് കുറക്കാനാണ് വ്യക്തിപരമായ താല്‍പര്യമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. എന്നാല്‍, രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും അവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ നിരക്ക് കുറക്കാനാവൂ എന്ന അഴകൊഴമ്പന്‍ നിലപാടറിയിച്ച് സര്‍ക്കാര്‍ ആ അധ്യായം അവിടെ അവസാനിപ്പിക്കുകയായിരുന്നു.

നാമമാത്രമായ ഈ ഇളവിലൂടെ, യാത്രാനിരക്ക് കുറക്കണമെന്ന സാധാരണക്കാരുടെ നിരന്തരമായ ആവശ്യത്തെ പരിഗണിച്ചിരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നു പറയാതെ വയ്യ. അല്ളെങ്കില്‍, ഇത് നേരത്തേതന്നെ ആകാമായിരുന്നില്ളേ. മാത്രമല്ല, നിലവിലെ ഇന്ധനവിലയനുസരിച്ച് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കിളവ് നന്നേ കുറവുമാണ്. ഡീസല്‍വില കുറഞ്ഞതോടെ പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഏകദേശം 65 ലക്ഷം രൂപയാണ് ഒരു ദിവസം ഈയിനത്തില്‍ ലാഭമെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഓര്‍ഡിനറി ബസുകളുടെ നിരക്കില്‍ മാത്രം കുറവുവരുത്തി വിഷയം അവസാനിപ്പിച്ചിരിക്കുന്നു. ഈ പൊടിക്കൈകള്‍കൊണ്ട് ജനങ്ങളുടെ ഭാരം കുറയുമോ? സ്വകാര്യ ബസുകളുടെയും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റുകളുടെയും മറ്റും നിരക്ക് അതുപോലെ നിലനിര്‍ത്തുന്നതിന്‍െറ അടിസ്ഥാനമെന്താണ്? ദീര്‍ഘദൂര യാത്രക്കാര്‍ ഓര്‍ഡിനറിയെക്കാള്‍ മറ്റു സര്‍വിസുകളെയാണ് കൂടുതലായും ആശ്രയിക്കുക എന്നിരിക്കെ, നിരക്കിളവ് പ്രാഥമികമായിത്തന്നെ അതിനും ബാധകമാകേണ്ടതായിരുന്നു. ഇപ്പോള്‍തന്നെ, ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പേരില്‍ കഴിഞ്ഞ ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ സെസിന്‍െറ ഭാഗമായി ദീര്‍ഘദൂര യാത്രക്കാര്‍ നല്ളൊരു തുക അധികമായി അടക്കുന്നുണ്ട്. 100 രൂപക്കു മുകളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 രൂപയാണ് സെസ്.  നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂലി ഈടാക്കുന്ന പൊതുഗതാഗത സംവിധാനമായി കെ.എസ്.ആര്‍.ടി.സി മാറിയത് ഇത്തരം തീവെട്ടിക്കൊള്ളയിലൂടെയാണ്. നിരക്കിനൊപ്പം സെസുംകൂടി ഒഴിവാക്കിയാലേ നിരക്കിളവില്‍ അല്‍പമെങ്കിലും ആശ്വാസം ലഭിക്കൂ.

മലബാര്‍ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളെക്കാള്‍ സ്വകാര്യ ബസുകളാണ് കൂടുതലായും സര്‍വിസ് നടത്തുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കിളവുമൂലം മലബാറുകാര്‍ക്ക് പ്രയോജനം ലഭിക്കണമെങ്കില്‍ അത് സ്വകാര്യ ബസുകള്‍ക്കുകൂടി ബാധകമാക്കണം. എന്നാല്‍, സ്വകാര്യ ബസുടമകളുമായി ചര്‍ച്ചനടത്തുമെന്ന് വെറുതേ പറഞ്ഞുപോവുകയല്ലാതെ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണത്തിനുപോലും സര്‍ക്കാര്‍ തയാറല്ല. യഥാര്‍ഥത്തില്‍, കെ.എസ്.ആര്‍.ടി.സിയുടെ മറ്റു സര്‍വിസുകളുടെ നിരക്ക് കുറക്കാത്തതുപോലും സ്വകാര്യ ബസ് ലോബിക്കുവേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്. ഇന്ധന വിലവര്‍ധനയുടെ പേരില്‍ ബസ്ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട ബസുടമകള്‍ ഇപ്പോള്‍ പറയുന്നത്, തങ്ങളുടെ പ്രതിദിന ചെലവില്‍ ഡീസലിന്‍െറ പങ്ക് 40 ശതമാനം മാത്രമാണെന്നാണ്. ഈ വിചിത്ര വാദം അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സ്വകാര്യ ബസുകളെ തൊടാതിരിക്കുന്നത്. ഓട്ടോ, ടാക്സി നിരക്കു സംബന്ധിച്ച് എന്തെങ്കിലും പറയാനും സര്‍ക്കാര്‍ ഈയവസരത്തില്‍ തയാറാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.