കൂടങ്കുളം പദ്ധതി മുന്നോട്ടു നീങ്ങുമ്പോള്‍

കൂടങ്കുളം ആണവ വൈദ്യുതി നിലയത്തിന്‍െറ ഒന്നാം യൂനിറ്റ് കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൂടി ചേര്‍ന്നാണ് ആയിരം മെഗാവാട്ട് ശേഷിയുള്ള ഒന്നാം യൂനിറ്റിന്‍െറ സമര്‍പ്പണം വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന നിര്‍വഹിച്ചത്. ഇതുസംബന്ധിച്ച കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് മൂന്നു പതിറ്റാണ്ടോളം മുമ്പാണ്. 1988ല്‍ ആ കരാറിലൊപ്പിടുമ്പോള്‍ സോവിയറ്റ് യൂനിയന്‍ നിലവിലുണ്ടായിരുന്നു. പിന്നീട് സോവിയറ്റ് യൂനിയന്‍തന്നെ ഇല്ലാതായി. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാറുകള്‍ പത്തുവട്ടം മാറി. രാജീവ്ഗാന്ധിയും ഗോര്‍ബച്ചേവും തമ്മിലുണ്ടാക്കിയ കരാര്‍ ഒടുവില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ മോദിയും പുടിനുമാണ് അരങ്ങത്ത്. അവര്‍ ഇന്ത്യ-റഷ്യ ബന്ധങ്ങളെ കീര്‍ത്തിച്ചു. 13,000 കോടി രൂപ ചെലവു പ്രതീക്ഷിച്ചിരുന്ന പദ്ധതി 22,000 കോടി രൂപയിലത്തെിനില്‍ക്കുന്നു. വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടങ്കുളമടക്കമുള്ള ആണവോര്‍ജ ശാലകള്‍ പര്യാപ്തമാകുമെന്ന കണക്കുകൂട്ടല്‍ ഇന്ത്യക്കുണ്ട്. അതേസമയം, യു.എസും റഷ്യയുമടക്കമുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ആണവ സാങ്കേതിക വിദ്യകള്‍ക്ക് നല്ളൊരു വിപണിയാണ് ഇന്ത്യ. എല്ലാവര്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതികളെങ്കില്‍ ഇവ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ.

എന്നാല്‍, ഇന്ത്യക്ക് ആണവരാജ്യങ്ങള്‍ കൈമാറുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നും അതുപോലും നമുക്ക് പൂര്‍ണസ്വാശ്രയത്വം നല്‍കുന്ന രീതിയിലല്ല എന്നും വിമര്‍ശമുയര്‍ന്നതാണ്. കൂടങ്കുളം ഒന്നാം യൂനിറ്റിന്‍െറ സമര്‍പ്പണച്ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി മറ്റൊരു വലിയ ആശങ്കകൂടി ആവര്‍ത്തിച്ചിരിക്കുന്നു. ഇതുവരെ ആണവനിലയത്തെക്കുറിച്ച് ഉയര്‍ന്ന ഭീതിയും സംശയങ്ങളും മറികടക്കാന്‍ കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍തന്നെയാണ് ജയലളിത, ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷന്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ചത്. വാസ്തവത്തില്‍, കൂടങ്കുളം നിലയത്തെപ്പറ്റി ഉയര്‍ന്നിരുന്ന ആശങ്കകള്‍ ദൂരീകരിക്കപ്പെട്ടിട്ടില്ളെന്നാണ് പല ശാസ്ത്രജ്ഞരും ഇപ്പോഴും പറയുന്നത്. ജനങ്ങളുടെ പ്രക്ഷോഭത്തെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും അവരിലും ശാസ്ത്രജ്ഞരിലും ഭീതി ഇല്ലാതായിട്ടില്ല. സുതാര്യതയില്ലായ്മ തന്നെ പ്രശ്നം. 1962ലെ ആണവോര്‍ജ നിയമം, ആണവനിലയങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കിയിട്ടുണ്ട്. തന്ത്രപ്രധാനമായ മേഖലയില്‍ ഇത്തരമൊരു നിയമകവചം ആവശ്യമായിരിക്കാമെങ്കിലും ജനത്തെ ബാധിച്ചേക്കാവുന്ന വിപത്തുകളെക്കുറിച്ച ആശങ്ക ദൂരീകരിക്കാന്‍ കുറച്ച് സുതാര്യത ആവശ്യവുമാണ്. ചട്ടം കാണിച്ച് അടങ്ങിയിരിക്കാന്‍ പറഞ്ഞാല്‍ പ്രതിഷേധബഹളം ശമിച്ചേക്കും; ജനമനസ്സുകളിലെ ഭീതി ഒഴിവാകില്ല. സംശയങ്ങള്‍ ഇല്ലാതാക്കുംവിധമുള്ള ആധികാരിക വിശദീകരണങ്ങള്‍ വലിയ പ്രയോജനം ചെയ്യുകയും ചെയ്യും.

ചെര്‍ണോബില്‍, ഫുകുഷിമ തുടങ്ങിയ ആണവ നിലയങ്ങളില്‍ മികച്ച സുരക്ഷാ സജ്ജീകരണങ്ങളുണ്ടായിട്ടും റഷ്യക്കോ ജപ്പാനോ ദുരന്തം തടയാനായില്ല. ആണവനിലയങ്ങളില്‍ പിന്നീട് ഭൂകമ്പത്തെയും സുനാമിയെയും ചെറുക്കാന്‍ മതിയായ സംവിധാനങ്ങളുണ്ടാക്കിയതായി അധികൃതര്‍ അവകാശപ്പെടാറുണ്ട്. അത് ശാസ്ത്രജ്ഞരെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയണം. ലഭ്യമായ വിവരമനുസരിച്ച്, 2014 ഡിസംബറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന നിരീക്ഷണവും വാറന്‍റിയുമാണ് റഷ്യന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നത്; അതു കഴിഞ്ഞാല്‍ പൂര്‍ണമായും ഇന്ത്യക്ക് കൈമാറുമെന്നും. എന്നാല്‍, 13 മാസം കഴിഞ്ഞ്, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആ കാലാവധി ഏതാനും മാസത്തേക്ക് നീട്ടി. ഇതിന് കാരണം വിശദീകരിക്കാനോ ജനങ്ങളോട് വിശദീകരിക്കനോ ആരും തയാറായതുമില്ല. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് നിര്‍ണയിച്ച 100 ദിവസം നൂറു ശതമാനം ശേഷിയോടെ തുടര്‍ച്ചയായി അവിരാമം, പ്രവര്‍ത്തിച്ചുനോക്കുകയെന്ന പരീക്ഷണവും നടന്നിട്ടില്ലത്രെ. 217 ദിവസം പൂര്‍ണശേഷിയോടെ പ്രവര്‍ത്തിച്ചെങ്കിലും 13 ഗഡുക്കളായിട്ടായിരുന്നു. 2013ല്‍ 60 ശാസ്ത്രജ്ഞര്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞപോലെ, ആണവോര്‍ജത്തോട് എന്നും പുറംതിരിഞ്ഞുനില്‍ക്കേണ്ടതില്ല; പക്ഷേ, നൂറുശതമാനം സുരക്ഷിതത്വം ഉറപ്പാക്കാവുന്ന സാങ്കേതിക സംവിധാനങ്ങള്‍ അതിലുണ്ടായിരിക്കണം; അക്കാര്യം ജനത്തെ ബോധ്യപ്പെടുത്തുകയും വേണം. അതിന് സാങ്കേതിക ലോകം ഇപ്പോഴും സജ്ജമായിട്ടില്ളെന്നാണ് അഞ്ചുമാസം മുമ്പ് യു.എസിലെ ഡേവിഡ് ഷ്ളിസല്‍ ഇറക്കിയ വിദഗ്ധ റിപ്പോര്‍ട്ട് (ബാഡ് ചോയ്സ്: ദ റിസ്ക്സ്, കോസ്റ്റ്സ് ആന്‍ഡ് വയബ്ലിറ്റി ഓഫ് പ്രപോസ്ഡ് യു.എസ് ന്യൂക്ളിയര്‍ റിയാക്ടേഴ്സ് ഇന്‍ ഇന്ത്യ) സമര്‍ഥിക്കുന്നത്. ആണവോര്‍ജം ഇപ്പോഴും ചെലവേറിയതും സുരക്ഷിതത്വം കുറഞ്ഞതുമാണത്രെ. ഇത്തരം ഭീതികള്‍ ഇല്ലാതാക്കുംവിധം അധികൃതര്‍ വിശദീകരണം നല്‍കേണ്ട സമയമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.