പിള്ളയും ബാങ്കുവിളിയും

കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനും നായര്‍ സര്‍വിസ് സൊസൈറ്റി നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയുടേതായി പുറത്തുവന്ന പ്രഭാഷണം വലിയ വിവാദമായിരിക്കുകയാണല്ളോ. മുസ്ലിം പള്ളികളില്‍ നിന്നുയരുന്ന ബാങ്കുവിളിയെ ഉറക്കം നഷ്ടപ്പെടുത്തുന്ന നായയുടെ കുരയോട് ഉപമിച്ചുകൊണ്ടുള്ള പിള്ളയുടെ വാക്കുകള്‍ വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ബാബരി മസ്ജിദ്, കാശി വിശ്വനാഥ ക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികള്‍ കാലങ്ങളായി പ്രചരിപ്പിക്കുന്ന കാര്യങ്ങളും പിള്ള പ്രസ്തുത പ്രഭാഷണത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത കമുകംചേരിയില്‍ നടന്ന എന്‍.എസ്.എസ് കരയോഗത്തിന്‍െറ ആഭ്യന്തര യോഗത്തിലാണ് പിള്ളയുടെ പ്രസംഗം നടക്കുന്നത്. പുറത്തുവന്ന പ്രസംഗത്തിലെ വാക്കുകള്‍ പരസ്പരം മാറ്റി മുറിച്ചെടുത്താണ് പുറത്തുവന്നിരിക്കുന്നതെന്നും, തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാനുള്ള  നിക്ഷിപ്തതാല്‍പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പിള്ള വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും തന്‍െറ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ഛന്‍െറ വാക്കുകളുടെ പേരില്‍ മാപ്പുചോദിക്കുന്നതായി അദ്ദേഹത്തിന്‍െറ മകനും എം.എല്‍.എയുമായ ഗണേഷ്കുമാറും പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെ, പിള്ളയുടെ പ്രസംഗവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും വിവാദങ്ങളും അവസാനിപ്പിക്കുകയെന്നതാണ് ശരിയായ നിലപാട്.

ഖേദം പ്രകടിപ്പിക്കാന്‍വേണ്ടി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പിള്ള പറഞ്ഞ മറ്റു ചില കാര്യങ്ങള്‍ പക്ഷേ, അദ്ദേഹത്തിന്‍െറ പ്രസംഗത്തെക്കാള്‍ അപകടം നിറഞ്ഞതാണ്. അതായത്, സമുദായാംഗങ്ങള്‍ മാത്രം പങ്കെടുത്ത, നാല് ചുവരുകള്‍ക്കകത്ത് നടന്ന ഒരു പ്രസംഗം എന്തിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പള്ളികളിലും മറ്റും നടക്കുന്ന പ്രസംഗങ്ങള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ടോ എന്നും അദ്ദേഹം അന്വേഷിക്കുന്നു. അതായത്, പുറത്തുപറയുന്ന അലക്കിത്തേച്ച വാക്കുകളില്‍നിന്ന് വ്യത്യസ്തമായി അകത്ത് പലതും പറയാറുണ്ടെന്നാണ് പിള്ള പരോക്ഷമായി സമ്മതിക്കുന്നത്. അപകടകരമായ ഇരട്ട സമീപനം കൊണ്ടുനടക്കുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയാണ്. പരിണതപ്രജ്ഞരായ രാഷ്ട്രീയ നേതാക്കള്‍വരെ ഇത്തരം ഇരട്ട സമീപനം കൊണ്ടുനടക്കുകയാണെങ്കില്‍ അത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അകത്ത് പറയുന്നതും പുറത്ത് പറയുന്നതും തമ്മില്‍ വ്യത്യാസമില്ലാതിരിക്കുകയാണ് വേണ്ടത്. പത്രക്കാരോട് മഹത്തായ മതസൗഹാര്‍ദം പറയുകയും സമുദായാംഗങ്ങളെ കാണുമ്പോള്‍ മുരത്ത വര്‍ഗീയത പ്രസംഗിക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്.

ബാലകൃഷ്ണപിള്ളയുടെ പ്രസംഗം മറ്റു ചില കാര്യങ്ങളിലേക്കുകൂടി വിരല്‍ചൂണ്ടുന്നുണ്ട്. മറ്റു സമുദായങ്ങളെയും അവരുടെ ആചാരങ്ങളെയും കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എന്തുമാത്രം ദരിദ്രമാണ് എന്നതാണത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറാന്‍ അവകാശമില്ളെന്നും അഥവാ അങ്ങനെ ചെയ്താല്‍ അവരെ കഴുത്തറുത്ത് കൊന്നുകളയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നതിനെ ന്യായീകരിക്കാനാണ് അദ്ദേഹം ഇതു പറഞ്ഞത്. മുസ്ലിംകളുടെ മൂന്ന് തീര്‍ഥാടനകേന്ദ്രങ്ങളായ മക്ക, മദീന, ജറൂസലം എന്നിവിടങ്ങളിലെ പള്ളികളില്‍ ഒരു തടസ്സവുമില്ലാതെ സ്ത്രീകള്‍ പ്രവേശിക്കുകയും ആരാധനകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിലും സ്ത്രീകള്‍ ആരാധന നിര്‍വഹിക്കുന്ന നൂറുകണക്കിന് പള്ളികളുണ്ട്. സ്ത്രീകള്‍ക്ക് ആരാധനക്ക് പള്ളിയേക്കാള്‍ ഉത്തമം വീടാണ് എന്നു പറയുന്ന വിഭാഗങ്ങള്‍പോലും അവര്‍ക്കുവേണ്ടി പള്ളിയോട് ചേര്‍ന്ന് ഇപ്പോള്‍ പ്രത്യേകം പ്രാര്‍ഥനാഹാളുകള്‍ നിര്‍മിക്കുന്നുണ്ട്. അത്തരമൊരു നാട്ടിലാണ് സ്ത്രീകള്‍ പള്ളിയില്‍ കയറിയാല്‍ തലവെട്ടിക്കളയുമെന്നൊക്കെ കാബിനറ്റ് മന്ത്രിയൊക്കെയായിരുന്ന രാഷ്ട്രീയ നേതാവ് പ്രസംഗിക്കുന്നത്. തൊട്ട് അയല്‍പക്കത്തുള്ള സമുദായത്തിന്‍െറ ജീവിതരീതികള്‍ അറിയുന്നതില്‍പോലും നമ്മള്‍ അങ്ങേയറ്റം അലസരാണ് എന്നതാണിത് കാണിക്കുന്നത്.

പലതരത്തിലുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്ന ഒരു സാമൂഹികസന്ദര്‍ഭത്തില്‍ ഒട്ടും ആശ്വാസ്യമല്ലാത്ത പ്രയോഗങ്ങളാണ് ബാലകൃഷ്ണപിള്ള നടത്തിയിരിക്കുന്നത് എന്നതില്‍ സംശയമില്ല. അതിന്‍െറ പേരില്‍ പരിധിവിട്ട പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ മുസ്ലിം സംഘടനകള്‍ ശ്രദ്ധിച്ചത് ശ്ളാഘനീയമാണ്. കാര്യത്തിന്‍െറ ഗൗരവം മനസ്സിലാക്കി പിള്ള പെട്ടെന്ന് ഖേദം പ്രകടിപ്പിച്ചതും നന്നായി. ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് ഈ സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നത്.

ഈ വിവാദവുമായി നേരിട്ട് ബന്ധപ്പെട്ടതല്ളെങ്കിലും മറ്റൊരു കാര്യംകൂടി സൂചിപ്പിക്കട്ടെ. ആളുകളെ പ്രാര്‍ഥനാസമയം അറിയിക്കാനുള്ള സംവിധാനമാണ് അഞ്ചു നേരത്തെ ബാങ്കുവിളി. ഒരു പ്രദേശത്തെ മുഴുവന്‍ പള്ളികളില്‍നിന്നും അത് ഉച്ചഭാഷിണിയിലൂടെതന്നെ വേണമോ എന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഗൗരവത്തില്‍ പുനരാലോചന നടത്തണം. ഒരു പ്രദേശത്തെ ഒരു പള്ളിയില്‍ മാത്രം ഉച്ചഭാഷിണി എന്ന കാഴ്ചപ്പാട് അവര്‍ക്ക് അംഗീകരിച്ചുകൂടേ? റമദാന്‍, നബിദിനം പോലുള്ള വിശേഷ അവസരങ്ങളില്‍ രാത്രിയും പകലും ഉച്ചഭാഷിണി നിര്‍ബാധം ഉപയോഗിക്കുന്ന സംസ്കാരവും അടുത്തിടെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. റമദാനിലെ രാത്രിനമസ്കാരത്തിനും പ്രാര്‍ഥനക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്‍െറ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിലൊക്കെ ഒരു പുനരാലോചനക്ക് മുസ്ലിം സംഘടനകളും സന്നദ്ധരാകേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.