‘നീറ്റ്’: പരിഹാരത്തിലെ പ്രശ്നങ്ങള്‍

മെഡിക്കല്‍ കോഴ്സുകള്‍ക്ക് രാജ്യമൊട്ടാകെ ഒരു പൊതു പ്രവേശപരീക്ഷ മതി എന്ന സുപ്രീംകോടതി തീര്‍പ്പിന് എതിര്‍പ്പ് നേരിടേണ്ടിവന്നത് അതിന്‍െറ അടിസ്ഥാന യുക്തിയോടുള്ള വിയോജിപ്പുകൊണ്ടല്ല. മറിച്ച്, വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത വിദ്യാഭ്യാസ ധാരകളിലും നിലനില്‍ക്കുന്ന വൈജാത്യങ്ങളെ അഭിമുഖീകരിക്കാന്‍ സാവകാശം കാണിച്ചില്ല എന്നതുകൊണ്ടാണ്. ഇക്കൊല്ലംതന്നെ ഇത്ര സമഗ്രമായി ഇത്ര വ്യാപ്തിയുള്ള ഒരു പരിഷ്കാരം കൊണ്ടുവരുന്നതില്‍ യാഥാര്‍ഥ്യബോധത്തിന്‍െറ കമ്മിയുണ്ടുതാനും. ഇതാകട്ടെ ഏറ്റവും ബാധിക്കുക പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളെയും. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പും കേന്ദ്രസര്‍ക്കാറിന്‍െറ അപ്പീലും കോടതി തള്ളിയിരിക്കുകയാണ്. അതേസമയം, പൊതുപരീക്ഷയത്തെന്നെ ചോദ്യംചെയ്തുകൊണ്ടുള്ള  ഹരജികള്‍ വാദം കേള്‍ക്കാനിരിക്കുന്നുമുണ്ട്. അതിനിടെ, മേയ് ഒന്നിലെ പരീക്ഷ നടക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത് -അത് പൊതു പ്രവേശപരീക്ഷയുടെ ഒന്നാംഘട്ടമായി കണക്കാക്കുമെന്നും പ്രധാന ഹരജി തീര്‍പ്പാക്കാന്‍ ബാക്കിയിരിക്കെ ഇക്കുറി പൊതുപരീക്ഷ അനുവദിക്കുന്നതിലെ നിയമസാംഗത്യവും ചോദ്യംചെയ്യപ്പെടാം.
പൊതുപരീക്ഷ ആവശ്യപ്പെട്ടുകൊണ്ട് സങ്കല്‍പ് ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ദേശീയ യോഗ്യതാ പ്രവേശപരീക്ഷ (നീറ്റ്) സംബന്ധിച്ച പുതിയ തീര്‍പ്പുനല്‍കിയത്. അതിനാധാരമായ വാദങ്ങള്‍ ശക്തവും യുക്തിഭദ്രവുമാണ്. വിവിധ സംസ്ഥാനങ്ങളും സ്വകാര്യ പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ വെവ്വേറെ എന്‍ട്രന്‍സ് ടെസ്റ്റുകള്‍ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് അധികച്ചെലവും അനാവശ്യ അധ്വാനവും വരുത്തിവെക്കുന്നുണ്ട്. മെഡിക്കല്‍ കോഴ്സിന് പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥി, ലക്ഷക്കണക്കിന് രൂപ പരീക്ഷക്കുവേണ്ടി മാത്രം ചെലവഴിക്കേണ്ടിവരുന്നു. മാത്രമല്ല, പല പരീക്ഷകളും നീതിപൂര്‍വകമായല്ല നടക്കുന്നതും. മെഡിക്കല്‍ കൗണ്‍സിലും സി.ബി.എസ്.ഇയും ചേര്‍ന്ന് നടത്തുന്ന ‘നീറ്റ്’ ഈ അവസ്ഥക്ക് പരിഹാരമാകുമെന്ന വാദം കോടതി അംഗീകരിക്കുകയാണ് ചെയ്തത്. വിദ്യാര്‍ഥികളുടെ താല്‍പര്യമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് എന്നര്‍ഥം. എന്നാല്‍, തിടുക്കത്തില്‍ ഇതു കൊണ്ടുവരുമ്പോള്‍ പരിഹാരത്തോടൊപ്പം പുതിയ ആശയക്കുഴപ്പങ്ങള്‍കൂടി ഉണ്ടാകുന്നുവെന്നതും ഇത് വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ.
അനിശ്ചിതത്വത്തിന്‍െറ ചരിത്രമാണ് ‘നീറ്റി’നുള്ളത്. പൊതു പ്രവേശപരീക്ഷ നടത്താന്‍ 2010ല്‍ എടുത്തിരുന്ന തീരുമാനം 2013ല്‍ സുപ്രീംകോടതി റദ്ദാക്കി. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പുന$പരിശോധനാ ഹരജിയില്‍ 2013ലെ ഉത്തരവ് ഭരണഘടനാ ബെഞ്ച് പിന്‍വലിച്ചു. ‘നീറ്റ്’ സംബന്ധിച്ച മുന്‍ വിജ്ഞാപനം വീണ്ടും പ്രാബല്യത്തിലാക്കി. വിവിധ സംവരണ ക്വോട്ടകളടക്കം മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലേക്ക് വിദ്യാര്‍ഥികള്‍ ഇനിമേല്‍ പല പരീക്ഷകള്‍ എഴുതി വലയേണ്ടിവരില്ല. അതേസമയം, ഇക്കുറി ഇത് നടപ്പില്‍വരുത്താന്‍ വേണ്ടത്ര സാവകാശം ലഭ്യമല്ല എന്ന പ്രശ്നമുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ‘നീറ്റ്’ വിധി അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇതിനകം പലരും കുറെ പരീക്ഷകള്‍ എഴുതിക്കഴിഞ്ഞു. അതെല്ലാം അസാധുവാകുന്നതോടെ വിദ്യാര്‍ഥികള്‍ ഒരു പരീക്ഷകൂടി എഴുതേണ്ടിവന്നിരിക്കുകയാണ്. എഴുതിയ പരീക്ഷകള്‍ക്ക് മുടക്കിയ ഫീസ് പാഴായി. കേരളത്തിലെ മെഡിക്കല്‍ പരീക്ഷ എഴുതിയ ലക്ഷത്തില്‍പരം വിദ്യാര്‍ഥികളോട് ഇപ്പോള്‍ പറയുന്നു, അതെല്ലാം വെറുതെയായി എന്ന്. ഈ പ്രവേശപരീക്ഷയില്‍നിന്നാണ് മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശവും കേരളത്തില്‍ നടത്തിയിരുന്നത്. ‘നീറ്റി’ന്‍െറ പേരില്‍ ഈ പരീക്ഷ അസാധുവായാല്‍ അനുബന്ധ കോഴ്സുകള്‍ക്കും മറ്റു പരീക്ഷ വേണ്ടിവരും.
സി.ബി.എസ്.ഇയെ പരീക്ഷയുടെ നടത്തിപ്പുകാരാക്കുമ്പോള്‍ സംസ്ഥാന സിലബസനുസരിച്ച് പഠനംനടത്തിയവര്‍ക്ക് തുല്യസാധ്യത ലഭിക്കാതെ പോകുമോയെന്ന ആശങ്കയും പ്രകടിപ്പിക്കപ്പെടുന്നു. മാത്രമല്ല, ഇംഗ്ളീഷും ഹിന്ദിയും മാത്രം പരീക്ഷയെഴുതാവുന്ന ഭാഷകളായി പരിമിതപ്പെടുത്തുന്നതിലും വിവേചനമുണ്ട്. അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ കൂടി പരിഗണനയില്‍ വരേണ്ടതുണ്ട്. കാതലായ പ്രശ്നങ്ങള്‍ ബാക്കിയാക്കിക്കൊണ്ട് തിടുക്കത്തില്‍ ഇക്കൊല്ലം ‘നീറ്റി’ലേക്ക് എടുത്തുചാടുന്നത് ഗുണം ചെയ്യുമോ എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അനേകം പരീക്ഷകളുടെ പീഡനത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് മോചനം വേണ്ടതുതന്നെ. പക്ഷേ, പരിഹാരം ശരിക്കും പരിഹാരംതന്നെ ആയിരിക്കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.