നിര്‍ണായകമായ കോടതിവിധി

ഭരണഘടനയോ ഭരണകൂടമോ വലുത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ വിധി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണമേര്‍പ്പെടുത്തിയത് ഭരണഘടനയുടെ 356ാം വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഷ്ട്രപതിഭരണം റദ്ദാക്കിയത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ബോധ്യപ്പെട്ട കോടതി ഭരണഘടനയുടെ ജനാധിപത്യ-ഫെഡറല്‍ സ്വഭാവം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഉത്തരാഖണ്ഡിലടക്കം ഏതാനും സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിസഭ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന അട്ടിമറിതന്ത്രത്തിന് നിയമസാധുതയില്ളെന്ന സന്ദേശംകൂടി കോടതിവിധി ഉള്‍ക്കൊള്ളുന്നുണ്ടെന്നു പറയാം.

ഉത്തരാഖണ്ഡ് നിയമസഭയില്‍ ഒമ്പതുപേര്‍ കോണ്‍ഗ്രസില്‍നിന്ന് മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. കുറുക്കുവഴിയിലൂടെ ഭരണംപിടിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്‍െറ ഭാഗമായി, മുഖ്യമന്ത്രി ഹരീഷ് റാവത്തിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് പൊടുന്നനെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. നേരത്തേ അരുണാചല്‍പ്രദേശിലും ഇതേ കൗശലം പ്രയോഗിച്ചു. ബി.ജെ.പി ഇതര സര്‍ക്കാറുകളെ ലക്ഷ്യമിട്ടാണ് കൂറുമാറ്റയജ്ഞങ്ങള്‍ നടക്കുന്നത്. നേര്‍ക്കുനേരെ പറഞ്ഞാല്‍, ജനഹിതത്തിന് വിരുദ്ധമായി, ജനപിന്തുണയില്ലാത്ത സര്‍ക്കാറുകളെ വാഴിക്കുക, അതിനുവേണ്ടിയോ അതിനു പകരമായോ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക എന്നതാണ് സംഭവിക്കുന്നത്. സ്വാഭാവികമായും ഭരണഘടനയുടെയും സുപ്രീംകോടതി തീര്‍പ്പുകളുടെയും അന്തസ്സത്ത പരിഗണിച്ച കോടതിക്ക് ഈ നീക്കം അനുവദിക്കാന്‍ കഴിയുമായിരുന്നില്ല.

കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകവഴി കേന്ദ്രം തെറ്റായ സന്ദേശമാണ് വീണ്ടും നല്‍കിയത്. സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണമേര്‍പ്പെടുത്താന്‍ 356ാം വകുപ്പ് കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ടെങ്കിലും ആ അധികാരം ചില മാനദണ്ഡങ്ങള്‍ക്കു വിധേയമാണ്. ഭരണഘടനാ തകര്‍ച്ച ഉണ്ടായെന്ന് ബോധ്യപ്പെട്ടെങ്കിലേ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താവൂ. ഉത്തരാഖണ്ഡില്‍ ഉണ്ടായത് കൂറുമാറ്റമാണ്. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടോ ഇല്ളേ എന്ന് തീരുമാനിക്കേണ്ട വേദി നിയമസഭയാകയാല്‍ ഗവര്‍ണര്‍ മാര്‍ച്ച് 28ന് സഭ വിളിച്ചതുമാണ്.

എന്നാല്‍, സഭ ചേരുന്നതിനു തൊട്ടുതലേന്ന് കേന്ദ്ര മന്ത്രിസഭ അസാധാരണ യോഗം ചേര്‍ന്ന്, രാഷ്ട്രീയ അസ്ഥിരതയുള്ളതായി ഗവര്‍ണറില്‍നിന്ന് റിപ്പോര്‍ട്ട് വരുത്തി, സംസ്ഥാനസര്‍ക്കാറിനെ തിടുക്കത്തില്‍ പിരിച്ചുവിടുകയായിരുന്നു. വിശ്വാസവോട്ടിന് സാവകാശം നല്‍കിയിരുന്ന ഗവര്‍ണര്‍ എങ്ങനെ രാഷ്ട്രപതിഭരണത്തിന് കൂട്ടുനില്‍ക്കും? രാഷ്ട്രപതിഭരണമേര്‍പ്പെടുത്താന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ അതൊന്നും പരിശോധിക്കാതെ രാഷ്ട്രപതിയെങ്ങനെ ഉത്തരവില്‍ ഒപ്പുവെച്ചു? ഭരണഘടനയുടെ സത്ത തകര്‍ക്കപ്പെട്ടത് ഉത്തരാഖണ്ഡിലോ അതോ ഡല്‍ഹിയിലോ എന്ന സംശയത്തിലേക്കാണ് ഇതെല്ലാം നമ്മെ എത്തിക്കുന്നത്.

മോദിസര്‍ക്കാറിന് വീഴ്ചകള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കിട്ടിയ സന്ദര്‍ഭമായിരുന്നു ഉത്തരാഖണ്ഡ് കോടതിവിധി. സര്‍ക്കാറുകളെ മാറ്റാനുള്ള മാര്‍ഗം ജനവിധിയാണ്. അല്ലാതെ ജനാധിപത്യത്തിന്‍െറ ആത്മാവിനു നിരക്കാത്ത പഴുതുകളല്ല എന്ന് അംഗീകരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുകയേ ചെയ്യൂ. രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍തന്നെ ഭരണഘടനയുമായി തട്ടിച്ചുനോക്കി പരിശോധിക്കാവുന്നതാണെന്ന് ജുഡീഷ്യറി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയും മനുഷ്യനാണ്, അയാള്‍ക്കും തെറ്റു പറ്റാം എന്ന നിരീക്ഷണം രാഷ്ട്രീയ-വ്യക്തിഗത വീഴ്ചകള്‍ക്കുമേല്‍ ഭരണഘടനയുടെ പ്രാമാണികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

കേന്ദ്ര മന്ത്രിസഭ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്താല്‍ രാഷ്ട്രപതി അത് സ്വീകരിക്കുകയെന്നതാണ് വഴക്കം; എങ്കിലും, അതിനുമുമ്പ് വിശദീകരണം തേടാനും ഉചിതമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതിക്ക് അവസരവും ഉത്തരവാദിത്തവുമുണ്ട്. ഉത്തരാഖണ്ഡ് ഹൈകോടതി വിധി രാഷ്ട്രപതിയുടെ ഉദാത്തമായ പദവിയിലേക്കും ബാധ്യതയിലേക്കുംകൂടി ഫലത്തില്‍ വിരല്‍ചൂണ്ടുന്നുണ്ട്. രാഷ്ട്രപതിഭരണം അവസാന പോംവഴി മാത്രമാണെന്നും അത് യഥേഷ്ടം പ്രയോഗിക്കാന്‍ പാടില്ളെന്നും ഹൈകോടതി പറഞ്ഞത് കേന്ദ്രസര്‍ക്കാറിന് മാര്‍ഗദര്‍ശനമാകേണ്ടതായിരുന്നു. ഏതായാലും സുപ്രീംകോടതി ഇടപെട്ടിരിക്കെ ഫെഡറലിസവും ജനാധിപത്യസംവിധാനവും സംബന്ധിച്ച നിര്‍ണായകമായ വിധിതീര്‍പ്പിനാണ് രാജ്യം ഇപ്പോള്‍ കാതോര്‍ക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.