ഐ.എസിന് ഏല്‍ക്കുന്ന തിരിച്ചടികള്‍

ആധുനിക ലോകം കണ്ട ഏറ്റവും അപകടകാരികളായ ഭീകരവാദി ഗ്രൂപ് എന്ന് വന്‍ശക്തികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ അഥവാ ‘ദാഇശി’ന്  (ഐ.എസ് എന്ന് ചുരുക്കപ്പേര്) എതിരെ ആഗോളസഖ്യം തുടങ്ങിവെച്ച യുദ്ധം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതിന്‍െറ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ സുപ്രധാന നഗരമായ റമാദിയും സിറിയയിലെ പൗരാണിക പട്ടണമായ പല്‍മീറയും ഐ.എസ് നിയന്ത്രണത്തില്‍നിന്ന് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് ഗ്രൂപ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ ‘ഖിലാഫത്തി’ന് ഏറ്റ കനത്ത തിരിച്ചടിയായാണ് ആഘോഷിക്കപ്പെടുന്നത്. തീവ്രവാദഗ്രൂപ്പിന്‍െറ സൈനികനേതൃത്വത്തിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കുന്ന അബ്ദുറഹ്മാന്‍ മുസ്തഫ അല്‍ഖദൂലിയും ‘പ്രതിരോധമന്ത്രി’ ഉമര്‍ അല്‍ശീശാനിയും യു.എസ് സൈനിക ഓപറേഷനില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തക്കു പിറകെയാണ് സിറിയന്‍ സൈന്യത്തിന് പല്‍മീറ തിരിച്ചുപിടിക്കാന്‍ സാധിച്ചുവെന്ന റിപ്പോര്‍ട്ട്.

സിറിയന്‍ കാലുഷ്യത്തിലേക്ക് റഷ്യ കടന്നുവന്നതോടെ അതുവരെയുള്ള ശാക്തിക സന്തുലിതത്വം തെറ്റുകയും ബശ്ശാര്‍ അല്‍അസദ് കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്തത് ഐ.എസിനെതിരായ പോരാട്ടത്തിന്‍െറ ദിശമാറ്റി എന്നുവേണം അനുമാനിക്കാന്‍. പത്തുമാസം മുമ്പ് പല്‍മീറ ഐ.എസ് നിയന്ത്രണത്തിലേക്ക് വന്നപ്പോള്‍ റോമന്‍ഭരണ കാലഘട്ടത്തിലെ അത്യപൂര്‍വ ചരിത്രശേഷിപ്പുകളുടെ സുരക്ഷിതത്വക്കുറിച്ചായിരുന്നു ലോകമൊന്നടങ്കം വേവലാതി പൂണ്ടത്. ഒളിപ്പിച്ചുവെച്ച ചരിത്രാവശിഷ്ട ശേഖരത്തെക്കുറിച്ചുള്ള വിവരം നല്‍കാന്‍ വൈമനസ്യം കാട്ടിയതിന്‍െറ പേരില്‍ രാജ്യത്തെ ഏറെ പ്രശസ്തനായ പുരാവസ്തു ഗവേഷകന്‍ ഖാലിദ് അല്‍അസദിനെ കഴുത്തറുത്ത് കൊന്നതും 3000 വര്‍ഷം പഴക്കമുള്ള ചില ദേവാലയങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തതുമെല്ലാം രാഷ്ട്രാന്തരീയതലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി.

അഞ്ചുവര്‍ഷം മുമ്പ് ലോകത്തിന്‍െറ മുന്നില്‍ ഉത്തരംകിട്ടാത്ത പ്രഹേളികയായി രംഗപ്രവേശം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് മിലിഷ്യ ആദ്യമായി ആധിപത്യം ഉറപ്പിക്കുന്നത് ഇറാഖിലെ മൂസിലിലും റമാദിയിലും തിക്രീത്തിലുമൊക്കെയാണ്. ഇറാനില്‍നിന്നുള്ള വിവിധ ബാനറിലുള്ള ശിയാ സായുധസംഘങ്ങളുടെ പിന്‍ബലമുണ്ടായിരുന്നിട്ടും ബഗ്ദാദ് ഭരണകൂടത്തിന് ആദ്യഘട്ടത്തില്‍ ഐ.എസ് മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെവന്നപ്പോഴാണ് പടിഞ്ഞാറന്‍ ശക്തികളും അറബ്-ഇസ്ലാമിക ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും അബൂബക്കര്‍ ബഗ്ദാദിക്കും അനുയായികള്‍ക്കുമെതിരെ  സൈനികനീക്കത്തിനു കച്ചകെട്ടിയിറങ്ങുന്നത്.

എന്നാല്‍, സദ്ദാം ഹുസൈന്‍െറ ജന്മദേശമായ തിക്രീത്ത് ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനിടയില്‍ 2015 മേയില്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചുവെങ്കിലും അപ്പോഴും മൂസിലും റമാദിയും കീഴടക്കാന്‍ പറ്റാത്ത കോട്ടകളായി നിലകൊണ്ടു. മേഖലയിലെ എണ്ണഖനികളില്‍നിന്ന് പെട്രോളിയം ഊറ്റിയെടുക്കാനും ബാങ്കുകള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും സിവില്‍ ഭരണത്തിന്‍െറ ചുക്കാന്‍ പിടിക്കാനും അവസരം കൈവന്നതോടെ ‘ഖിലാഫത്തി’ന്‍െറ സംസ്ഥാപനം യാഥാര്‍ഥ്യമായി എന്ന മട്ടിലാണ് കാര്യങ്ങള്‍ വിലയിരുത്തപ്പെട്ടത്.   ഐ.എസിനെതിരായ പോരാട്ടത്തില്‍  സജീവപങ്കാളികളാവാന്‍ റഷ്യ  അസദ് ഭരണകൂടത്തെ സഹായിച്ചുതുടങ്ങുകയും ശക്തമായ ബോംബാക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ ഐ.എസില്‍നിന്നു ശ്രദ്ധ മറ്റൊരുവഴിക്ക് തിരിച്ചുവിടപ്പെടുകയും പശ്ചിമേഷ്യ ശാക്തിക ബലാബലത്തിന്‍െറ പരീക്ഷണകേന്ദ്രമായി മാറുകയും ചെയ്തു. എല്ലാറ്റിനുമൊടുവില്‍, റഷ്യയും അമേരിക്കയും മറ്റു രാജ്യങ്ങളും സമാധാന ഉടമ്പടിയിലത്തെിയതോടെ ഐ.എസ് വിരുദ്ധ സൈനിക നടപടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുകയായിരുന്നു.  

ഐ.എസിന്‍െറ ആധിപത്യത്തിലുള്ള 15 ശതമാനം ഭൂപ്രദേശം ഇതിനകം അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നാണ് ഏറ്റവുമൊടുവിലത്തെ കണക്കുകൂട്ടല്‍. തുര്‍ക്കിയുടെ ആസ്ഥാനത്ത് അടുത്തടുത്തുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ക്കു ശേഷം റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടം കൂടുതല്‍ കര്‍ക്കശനിലപാട് സ്വീകരിച്ചതും അതിര്‍ത്തി ഭദ്രമായി അടച്ചതും ആയുധങ്ങളുടെയും വിഭവങ്ങളുടെയും ഒഴുക്ക് നിലക്കാന്‍ ഇടയാക്കിയത് ഐ.എസ് മിലിഷ്യയെ ദുര്‍ബലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടത്രെ. സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ തല്‍അബ്യദ് പട്ടണത്തിന്‍െറ കടിഞ്ഞാണ്‍ ഐ.എസില്‍നിന്ന് കുര്‍ദിഷ് പോരാളികള്‍ പിടിച്ചടക്കിയത് ഈ ദിശയില്‍ നിര്‍ണായകമായി.

ഐ.എസിന്‍െറ എണ്ണ ടാങ്കര്‍വ്യൂഹങ്ങള്‍ ബോംബിട്ട് നശിപ്പിക്കാനും ദേശീയപാതകളിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലാതാക്കാനും യു.എസ് സൈനികര്‍ ആവിഷ്കരിച്ച പദ്ധതി വിജയിച്ചതോടെ തീവ്രവാദികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ടാവാം. ശിഥിലീകരണ വഴിയിലാണെങ്കിലും ഐ.എസിനെ പൂര്‍ണമായി എഴുതിത്തള്ളാനായിട്ടില്ല. കൂടുതല്‍ നാശകാരികളായ ആക്രമണങ്ങളിലൂടെ ‘ദാഇശ്’ കൂടുതല്‍ കരുത്ത് പ്രദര്‍ശിപ്പിച്ചേക്കാം. ഐ.എസിന്‍െറ ഭാവി നിര്‍ണയിക്കുന്നത് അതിന്‍െറ നേതൃത്വമല്ളെന്നും അവര്‍ നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മറ്റേതൊക്കെയോ ശക്്തികളാകാമെന്നുമുള്ള നിഗമനങ്ങളെ നാം പൂര്‍ണമായി തള്ളിക്കളയേണ്ടതുണ്ടോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.