വിദ്യാഭ്യാസരംഗം അറിവുല്‍പാദന കേന്ദ്രങ്ങളെന്ന കാഴ്ചപ്പാട് അപഹാസ്യമാവുകയും കാശുല്‍പാദന കേന്ദ്രങ്ങളായി പരിണമിക്കുകയുംചെയ്തിട്ട് കാലം ഒത്തിരിയായി. മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്‍റണി തുറന്നിട്ട സ്വാശ്രയ കോളജ് എന്ന ഭൂതത്തെ സാമൂഹികനീതിയുടെയും ഗുണമേന്മയുടെയും അടിസ്ഥാനത്തില്‍ മെരുക്കാന്‍ ഇന്നുവരെയുള്ള ഒരു സര്‍ക്കാറിനും സാധിച്ചിട്ടില്ല. സ്വാശ്രയ മാനേജ്മെന്‍റുകളാകട്ടെ, വിദ്യാഭ്യാസം സമൂഹത്തിന്‍െറയും സമുദായങ്ങളുടെയും നവോത്ഥാനത്തിനും വളര്‍ച്ചക്കുമെന്നുപറഞ്ഞ് ന്യൂനപക്ഷപദവി കരസ്ഥമാക്കുകയും പിന്നീട് ആരെയും ലജ്ജിപ്പിക്കുംവിധം പണസമ്പാദനത്തിനുള്ള കച്ചവടസ്ഥാപനമായി മാറ്റിത്തീര്‍ക്കുകയുമാണ് ചെയ്തത്. നമ്മുടെ ആരോഗ്യരംഗം പണത്തിന് അടിപ്പെട്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് മെറിറ്റ് അട്ടിമറിച്ച് അരങ്ങേറുന്ന അനാശാസ്യപ്രവണതകള്‍ക്ക് കടിഞ്ഞാണിട്ടില്ളെങ്കില്‍ കേരളത്തിലെ ആശുപത്രികള്‍ മനുഷ്യജീവന്‍െറ അറവുകേന്ദ്രങ്ങളാകുന്ന ദുരവസ്ഥക്ക് നാം സാക്ഷികളാകേണ്ടിവരും.
ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷമായ അവരുടെ സാംസ്കാരിക നിലനില്‍പ്പിനും വിദ്യാഭ്യാസ വളര്‍ച്ചക്കുമായി അനുവദിച്ചുനല്‍കിയ പരിരക്ഷ എന്തിന്‍െറ പേരിലാണെങ്കിലും ഇല്ലാതാക്കരുതെന്ന് സുപ്രീംകോടതി ടി.എം.എ. പൈ കേസിലും ഇനാംദാര്‍ കേസിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിരക്ഷയുടെ മറപിടിച്ച് ന്യൂനപക്ഷ പദവിനേടുന്ന സ്ഥാപനങ്ങള്‍ വെള്ളാനകളാകുന്നത് സര്‍ക്കാറും സമുദായവും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ലാത്തതാണ്. ലക്ഷങ്ങള്‍ തലവരിയും ഫീസും ഈടാക്കി സീറ്റ് കച്ചവടം നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്നും നിയമപരമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യായയുക്തവും അത്യന്താപേക്ഷിതവുമാണ്. വിദ്യാഭ്യാസ നിലവാരവും സാമൂഹിക നിയന്ത്രണവും പാലിക്കാന്‍ എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധ്യതയുണ്ട്. അതിനാലാണ് ന്യൂനപക്ഷ അവകാശം അംഗീകരിച്ച സുപ്രീംകോടതി, തലവരിവാങ്ങുന്നത് തടയുകയും വിദ്യാര്‍ഥികളുടെ പ്രവേശത്തില്‍ മെറിറ്റ് കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തത്.
അതാത് കാലത്തെ സര്‍ക്കാറുകളുടെ പിന്തുണയോടെ ഈ വിധി കേരളത്തില്‍ സമര്‍ഥമായി അട്ടിമറിക്കപ്പെടുകയാണ്. വിദ്യാഭ്യാസം സേവനമായും ദൈവമാര്‍ഗത്തിലുള്ള പുണ്യമായും പ്രചരിപ്പിക്കുന്ന മുസ്ലിം മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍െറയും കേന്ദ്രങ്ങളാകുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് സ്വയം ആലോചിക്കേണ്ടതാണ്. ദരിദ്രവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ധ്വംസിക്കുന്നവരായി ന്യൂനപക്ഷ കമീഷന്‍െറ മുന്നില്‍ അവര്‍ക്കെതിരെ പരാതികളുയരുന്നതില്‍ ഇത്തരം മാനേജ്മെന്‍റുകള്‍ ലജ്ജിക്കുകയും തെറ്റുതിരുത്തുകയും ചെയ്യേണ്ടതുണ്ട്. സുതാര്യതയും നിലവാരവും ഉറപ്പിക്കുന്നതിനും തലവരിപ്പണം ഇല്ലാതാക്കുന്നതിനുംവേണ്ടി സര്‍ക്കാര്‍ പ്രവേശപരീക്ഷയുടെ മെറിറ്റിന്‍െറ അടിസ്ഥാനത്തില്‍ ന്യൂനപക്ഷസ്ഥാപനങ്ങള്‍ പ്രവേശംനടത്താന്‍ തയാറാകണം. സമുദായതാല്‍പര്യങ്ങള്‍ പണത്തിനുവേണ്ടി അട്ടിമറിക്കുന്നവര്‍ സമുദായനേതാക്കളായി വിലസുന്ന ഗതികേട് തിരുത്താന്‍ യുവതലമുറ രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നാണ് യഥാര്‍ഥത്തില്‍ ന്യൂനപക്ഷ കമീഷന്‍ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തുന്നത്.
ന്യൂനപക്ഷപദവി നേടിയതും നേടാത്തതുമായ സ്വാശ്രയസ്ഥാപനങ്ങളെ കയറൂരിവിട്ടതില്‍ സര്‍ക്കാറിനുള്ള പങ്കും നിഷേധിക്കാനാവില്ല. മുസ്ലിം-ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ സമീപനങ്ങളാണ് ഈപ്രശ്നത്തെ ഇത്ര വഷളാക്കിയത്. എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങളോടും തുല്യസമീപനം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഫീസ് നിര്‍ണയത്തിലും പ്രവേശത്തിലും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുമായി ഉണ്ടാക്കിയ ധാരണക്കനുസൃതമായ സമീപനം മുസ്്ലിം മാനേജ്മെന്‍റുകളോട് പുലര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കണം. അതിന് മുസ്്ലിം മാനേജ്മെന്‍റ് തയാറല്ളെങ്കില്‍ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താന്‍ നിലവിലെ കോടതി വിധികള്‍തന്നെ പ്രയോജനപ്പെടുത്താവുന്നതാണ്. ആത്യന്തികമായി ന്യൂനപക്ഷപദവി നേടിയ സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങളോട് നീതിപുലര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
പണത്തോടുള്ള ആര്‍ത്തിമൂത്ത്, യോഗ്യതയില്ലാതിരുന്നിട്ടും മക്കളെ ഡോക്ടറാക്കാന്‍ മെനക്കെടുന്ന രക്ഷിതാക്കളെക്കൂടി വിചാരണചെയ്യാതെ നിലവിലെ വിദ്യാഭ്യാസ ജീര്‍ണത പരിഹരിക്കാന്‍ സാധ്യമല്ല. വൈദ്യസേവനത്തില്‍ അഭിരുചിയും കഴിവുമില്ലാത്ത കുട്ടികളെ എന്തിന് മെഡിക്കല്‍ രംഗത്തേക്ക് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചയക്കണം? ലക്ഷങ്ങള്‍ മുടക്കി ഇങ്ങനെ ഡോക്ടര്‍മാരായിത്തീരുന്നവരില്‍നിന്ന് ഏതെങ്കിലും അര്‍ഥത്തിലുള്ള വൈദ്യശാസ്ത്ര നൈതികത സമൂഹത്തിന് പ്രതീക്ഷിക്കാനാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.