നിയമലംഘനത്തിനും അതിന് അരുനില്‍ക്കുന്ന ഒൗദ്യോഗിക സംവിധാനങ്ങളുടെ അരുതായ്മക്കും നല്‍കേണ്ടിവന്ന വിലയാണ് മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പെറ്റ്ലവാഡ് ടൗണില്‍ ശനിയാഴ്ച നടന്ന സ്ഫോടനം. ജനത്തിരക്കുള്ള അങ്ങാടിയിലെ കെട്ടിടത്തില്‍ സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകളുടെ ശേഖരം പൊട്ടിത്തെറിച്ചപ്പോള്‍ സമീപത്തെ റസ്റ്റാറന്‍റും പരിസരവും തകര്‍ത്ത് നൂറോളം ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റ നൂറിലേറെ പേരില്‍ പലരും ജീവച്ഛവങ്ങളായിത്തീര്‍ന്നിട്ടുണ്ട്. റസ്റ്റാറന്‍റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം എന്നായിരുന്നു ആദ്യ പ്രചാരണമെങ്കിലും നാട്ടുകാരാണ് സമീപത്തെ കെട്ടിട ഉടമ വന്‍തോതില്‍ സംഭരിച്ചുവെച്ചിരുന്ന സ്ഫോടകവസ്തു ശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇത്ര വലിയൊരു ദുരന്തം നടന്നിട്ടും ലോക്കല്‍ പൊലീസ് മുതല്‍ സംസ്ഥാന ഗവണ്‍മെന്‍റ് വരെ വേണ്ടവണ്ണം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ളെന്ന് നാട്ടുകാര്‍ പറയുന്നു. അതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും മന്ത്രി അന്തര്‍സിങ് ആര്യയെയും അവര്‍ തടഞ്ഞുവെച്ചു.
ജാബുവ സ്ഫോടനം ആദ്യത്തേതല്ല. നിയമലംഘനത്തിന് ഒത്താശചെയ്യുന്ന ഒൗദ്യോഗിക സംവിധാനങ്ങള്‍ നിലനില്‍ക്കുവോളം അത് അവസാനത്തേതുമാകില്ല. ഉത്സവത്തിന്‍െറ പടക്കനിര്‍മാണവും വിപണനവും മുതല്‍ കിണര്‍, ക്വാറി പോലെയുള്ള പതിവ് ആവശ്യങ്ങള്‍ക്കുള്ള സ്ഫോടകവസ്തു ശേഖരണത്തിനും സംഭരണത്തിനും കൃത്യമായ നിയമങ്ങളുണ്ട്. എന്നാല്‍, അതൊക്കെയും ലംഘിക്കാനും വളഞ്ഞ വഴിയില്‍ സമ്പത്ത് തേടുന്ന കച്ചവടക്കാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും തരംപോലെ ഉപയോഗിക്കാനുമുള്ളതാണ്. അതിനുവേണ്ടി എത്ര പേര്‍ ബലിയായാലും ആര്‍ക്കും ഒരു പ്രശ്നമല്ല എന്നതിന് ഇപ്പോള്‍ മുന്നിലുള്ള ജാബുവ സംഭവംതന്നെ തെളിവ്. മാധ്യമങ്ങളില്‍ അതൊരു പതിവുവാര്‍ത്തയായി അവസാനിക്കും. ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ സ്ഫോടകശേഖരം സൂക്ഷിച്ചയാളുടെ പേരില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. വ്യാപംപോലുള്ള വന്‍കുംഭകോണങ്ങളുടെ നാടായ മധ്യപ്രദേശില്‍ അതിന്‍െറ ഗതിയെന്താകും എന്നതിനെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചത്.
സ്ഫോടകവസ്തു കൈവശം വെക്കാനുള്ള ലൈസന്‍സ് തരപ്പെടുത്തിയശേഷം അതൊരു വന്‍ വ്യവസായമാക്കി മാറ്റുന്ന രീതി സര്‍വസാധാരണമായുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ പ്രാഥമിക മര്യാദപോലും അവിടെ ദീക്ഷിക്കപ്പെടാറില്ല. പടക്കക്കടകള്‍ക്കും ജലാറ്റിന്‍ സ്റ്റിക്കുപോലെ സാധാരണ ആവശ്യങ്ങള്‍ക്കുള്ള സ്ഫോടകവസ്തു സൂക്ഷിപ്പുസ്ഥലങ്ങള്‍ക്കും വിശദമായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. അതെല്ലാം ഒന്നൊന്നായി ലംഘിക്കപ്പെട്ടതാണ് ബസ് സ്റ്റേഷനു സമീപം ഏറ്റവുമധികം ജനത്തിരക്കുള്ള കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജാബുവയിലെ സ്ഥാപനത്തിന്‍െറ ചരിത്രം. കാര്‍ഷികോല്‍പന്നങ്ങളുടെ കച്ചവടത്തിനെന്നു പറഞ്ഞാണ് കരാറുകാരനായ രാജേന്ദ്ര കസ്വ അഞ്ചു വര്‍ഷം മുമ്പ് കെട്ടിടം വാടകക്കെടുക്കുന്നത്. കിണര്‍, ക്വാറി ആവശ്യങ്ങള്‍ക്കായുള്ള സ്ഫോടകവസ്തു എന്ന നിലയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൈവശം വെക്കാന്‍ ലൈസന്‍സുണ്ടെങ്കിലും അത് സൂക്ഷിക്കാനുള്ള അനുമതി കെട്ടിടത്തില്‍ വാങ്ങിയെടുത്തിരുന്നില്ല. പട്ടണനടുവില്‍ പൊട്ടിത്തെറിവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇയാള്‍ക്കായത് ഭരണകക്ഷിയുടെ പ്രാദേശിക നേതാവായതുകൊണ്ടാണ് എന്ന പ്രതിപക്ഷ ആരോപണം മുഖവിലക്കെടുക്കേണ്ടതാണ്.
ബി.ജെ.പിയുടെ ജില്ലാ വ്യാപാരമണ്ഡലം പ്രസിഡന്‍റ് പദവി ഉപയോഗിച്ചാണ് പച്ചയായ നിയമലംഘനത്തിന് ഇയാള്‍ ഒൗദ്യോഗിക അനുമതി നേടിയെടുത്തത്. ആപത്കരമായ ഈ കച്ചവടത്തിനെതിരെ പലവട്ടം നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ അനങ്ങിയില്ല. ജില്ലാ മജിസ്ട്രേറ്റിനുവരെ പരാതി അയച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ സ്ഫോടനമുണ്ടായപ്പോള്‍പോലും അന്വേഷണത്തിന്‍െറ വഴി തിരിച്ചുവിട്ട് കുറ്റവാളിക്ക് സ്ഥലംവിടാന്‍ ഒൗദ്യോഗികകേന്ദ്രങ്ങള്‍ സുരക്ഷിതപാത ഒരുക്കിയെന്ന് ആരോപിച്ചാണ് ജനം മുഖ്യമന്ത്രിയെ തടഞ്ഞത്.
തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്ഫോടനങ്ങളില്‍ മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും വര്‍ധിത ആവേശം കാണിക്കാറുണ്ട്. അവിടെയും ആവേശത്തിന്‍െറ ചൂടും പുകയും പ്രയോഗത്തില്‍ കാണാറില്ല. കള്ളന്മാര്‍ പിടിയിലാകാറില്ല എന്നതും നിരപരാധികളും കഥയറിയാത്തവരും നിരന്തരം വേട്ടയാടപ്പെടുന്നുണ്ടെന്നതും മറ്റൊരു നേര്. എന്നാല്‍, ജാബുവയില്‍ നടന്നതുപോലെ അപരാധികള്‍ വ്യക്തമായ സംഭവത്തില്‍ ഈ കോലാഹലങ്ങളൊന്നുമുണ്ടാകാറില്ല.
നാട്ടില്‍ തീവ്രവാദികളടക്കമുള്ള വിധ്വംസകശക്തികളുമായി ഇത്തരം സംഹാരായുധ കച്ചവടക്കാര്‍ക്കുള്ള അവിഹിത ബന്ധമൊന്നും ആരും വിഷയമാക്കാറില്ല. രണ്ടു നാളത്തെ വാര്‍ത്തകള്‍ക്കും അധികാരകേന്ദ്രങ്ങളുടെ നഷ്ടപരിഹാര, അന്വേഷണപ്രഖ്യാപനങ്ങള്‍ക്കും പിറകെ സംഭവം കെട്ടടങ്ങിപ്പോകും. കൊലയാളികള്‍ അടുത്ത ദുരന്തത്തിന് വഴിതേടുകയും ചെയ്യും. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പിക്കപ്പെടുകയും ചെയ്തിട്ടും എത്ര ലാഘവത്തോടെയാണ് അധികാരകേന്ദ്രങ്ങള്‍ ജാബുവ വിഷയം കൈകാര്യം ചെയ്യുന്നതെന്നും എല്ലാം ആഘോഷിക്കുന്ന മാധ്യമലോകം ഇടപെടുന്നതെന്നും ശ്രദ്ധിക്കുക. നിയമം മുഖംനോക്കാതെ അതിന്‍െറ വഴിക്കു നീങ്ങും എന്ന വിടുവായത്തമൊക്കെ ഇക്കാലത്ത് അധികാരരാഷ്ട്രീയക്കാര്‍ക്ക് അക്രമികളായ സ്വന്തക്കാരെ അവരുടെ പാട്ടിനുവിടാനുള്ള പഴുത് മാത്രമാണ്. അപ്പോള്‍പിന്നെ, പൊതുജനങ്ങളുടെ ജീവിതംകൊണ്ട് ഇങ്ങനെയൊക്കെ പന്താടാന്‍ ആര് ആരെ പേടിക്കണം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.