ആ കുഞ്ഞുടല്‍ ലോകത്തോട് വിളിച്ചുപറയുന്നത്

തുര്‍ക്കിയിലെ ബോദ്റും കടല്‍ത്തീരത്തടിഞ്ഞ മൂന്നുവയസ്സുള്ള ഒരു കുഞ്ഞിന്‍െറ ചേതനയറ്റ ശരീരം മനസ്സാക്ഷി മരവിക്കാത്ത മനുഷ്യരുടെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണിന്ന്. മണലില്‍ മുഖംകുത്തി കിടക്കുന്ന മൂന്നുവയസ്സുള്ള കുട്ടി പിറന്നമണ്ണില്‍ അഭയം നഷ്ടപ്പെട്ട് ദിശയറിയാതെ പരക്കംപായുന്ന ഒരു ജനതയുടെ കരളലിയിക്കുന്ന വര്‍ത്തമാനകാല അവസ്ഥാവിശേഷത്തിന്‍െറ പ്രതീകമാവുകയാണ്. വിവിധ സൈന്യങ്ങളും മിലിഷ്യകളും പരസ്പരം ഏറ്റുമുട്ടുന്ന, വന്‍ശക്തികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്ന, സംഘര്‍ഷഭരിതമായ സിറിയയിലെ കോബാനില്‍നിന്ന് ഗ്രീസിലെ കോസ് ദ്വീപിലേക്ക് രണ്ടുബോട്ടുകളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച 23 പേരില്‍ മരണത്തിന്‍െറ കാണാക്കയത്തില്‍ അകപ്പെട്ടപ്പോഴാണത്രെ ഐലന്‍ കുര്‍ദി എന്ന ഈ മൂന്നുവയസ്സുകാരന് ദാരുണമരണം ഏറ്റുവാങ്ങേണ്ടിവന്നത്. അഞ്ചുവയസ്സുള്ള സഹോദരനടക്കം അഞ്ചുകുഞ്ഞുങ്ങളും ഒരു സ്ത്രീയും ബോട്ട് മറിഞ്ഞ് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനകം മധ്യധരണ്യാഴിയില്‍ മുങ്ങിമരിച്ച 2500നുമേല്‍  അഭയാര്‍ഥികളുടെ കൂട്ടത്തില്‍ ഇവരുടെ പേരും കൂട്ടിച്ചേര്‍ക്കുന്നതിലപ്പുറം ഈ കുഞ്ഞിന്‍െറ കരള്‍പിളര്‍ക്കുന്ന അനുഭവം ലോകത്തിന്‍െറ മനോഗതിയില്‍ വല്ല മാറ്റവും വരുത്താന്‍ ഉതകുമോ എന്ന് സംശയമാണ്. ‘ഈ ചിത്രം അഭയാര്‍ഥികളോടുള്ള യൂറോപ്പിന്‍െറ മനോഭാവത്തില്‍ മാറ്റംവരുത്തുന്നില്ളെങ്കില്‍ പിന്നെന്താണ് മാറ്റുക’ എന്ന് ഇന്‍ഡിപെന്‍ഡന്‍റ് പത്രം ഉയര്‍ത്തിയ ചോദ്യം വൃഥാവിലാവില്ളെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക?
അഭയാര്‍ഥിപ്രശ്നം പശ്ചിമേഷ്യയിലും യൂറോപ്പിലും അത്യപൂര്‍വ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധവും സംഘര്‍ഷവുംകൊണ്ട് ശിഥിലീകരണ വഴിയിലൂടെ കുതിക്കുന്ന സിറിയ, ലിബിയ, ഇറാഖ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹതഭാഗ്യരാണ് പ്രാണനുംകൊണ്ട് ഓടിരക്ഷപ്പെടുന്നത്. എല്ലാവരുടെയും ലക്ഷ്യം സാമ്പത്തികമായി ഭദ്രതയും സമാധാനവുമുള്ള യൂറോപ്പാണ്; വിശിഷ്യാ ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങള്‍. കടലും കരയും താണ്ടി ഈ രാജ്യങ്ങളില്‍ എത്തിപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ബോട്ട് മറിഞ്ഞും ട്രക്കുകളില്‍ ശ്വാസംമുട്ടിയും മരിക്കുന്നവരുടെ ദയാര്‍ഹമായ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇനി അഭയാര്‍ഥികളെ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധ്യമല്ല എന്ന നിലപാടാണ് ഫ്രാന്‍സും ഇംഗ്ളണ്ടുമൊക്കെ കൈക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം എട്ടുലക്ഷത്തോളം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ നിലപാടിനെതിരെ അവിടത്തെ തീവ്ര വലതുപക്ഷം രംഗത്തുവന്നതോടെ പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ് അവരിന്ന്. ഹംഗറി-ഓസ്ട്രിയന്‍ അതിര്‍ത്തി അഭയാര്‍ഥി പ്രശ്നത്തിന്‍െറ പേരില്‍ സംഘര്‍ഷഭരിതമായി തുടരുന്നു. അതിരുകളില്ലാത്ത യൂറോപ്പില്‍ 16 അടി ഉയരമുള്ള മുള്ളുവേലികള്‍ ഉയരുന്ന കാഴ്ച ഒരു പ്രതിസന്ധിക്കുമുന്നില്‍ മനുഷ്യത്വം മറക്കുന്ന സമൂഹത്തിന്‍െറ സഹതാപാര്‍ഹമായ നിസ്സഹായതയാണ് അനാവൃതമാക്കുന്നത്. തങ്ങള്‍ക്കിനി കൂടുതലായി കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സാധ്യമല്ല എന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ഈ നിലപാടിനെതിരെ രാഷ്ട്രീയ-മത നേതൃത്വം പരസ്യമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് അവിടത്തെന്നെയാവണം എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. ഗ്രീസില്‍ മാത്രം 2,05,000 ശരണാര്‍ഥികള്‍ തുടര്‍യാത്രക്കായി തങ്ങുന്നുണ്ടെന്നാണ് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി വെളിപ്പെടുത്തുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ സെപ്റ്റംബര്‍ 24ന് യൂറോപ്യന്‍ യൂനിയന്‍ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും ഈ മാനുഷികപ്രതിസന്ധിക്ക് പോംവഴി കാണാന്‍ സാധിക്കുമെന്ന് കരുതുന്നത് അമിതപ്രതീക്ഷയാവും.
സ്വയംകൃതാനര്‍ഥങ്ങള്‍ക്കാണ് ആഗോളസമൂഹം ശമ്പളം കൊടുത്തുതീര്‍ക്കുന്നത്. ഇന്നത്തെ പശ്ചിമേഷ്യ വന്‍ശക്തികളുടെ സൃഷ്ടിയാണ്. സിറിയയിലും ലിബിയയിലും ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ അധിനിവേശസേന കടന്നുചെന്നപ്പോള്‍ അവിടത്തെ മനുഷ്യരെ മറന്നുകളിക്കരുതെന്ന് വിവേകശാലികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അന്ന് അവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവര്‍ക്കുതന്നെയാണ് അധിനിവേശവും തജ്ജന്യമായ ഭീകരവാദവും തുറന്നുവിട്ട മനുഷ്യദുരന്തത്തിന്‍െറ ഒഴുക്കിനു മുന്നില്‍ സ്തബ്ധരായി നില്‍ക്കേണ്ടിവന്നിരിക്കുന്നത്. സിറിയയും ലിബിയയുമൊക്കെ ഇന്ന് സങ്കല്‍പത്തിലെ രാജ്യങ്ങളാണ്. മൂന്നുലക്ഷം മനുഷ്യരാണത്രെ ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്. ഒരുകോടി പൗരന്മാര്‍ അഭയാര്‍ഥികളായി അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടിരിക്കുകയുമാണ്. ഈ ഹതഭാഗ്യരാണ് പെരുവഴിയില്‍ ദയാരഹിതരായ മനുഷ്യരെയും രാജ്യങ്ങളെയും കണ്ടുമുട്ടുന്നതും ദിശതെറ്റി നട്ടം തിരിയുന്നതും കൂട്ടമരണങ്ങള്‍ക്ക് ഇരയാവുന്നതും. അപരിമേയമായ ഈ മാനുഷിക ദുരന്തത്തിനു മുന്നില്‍ ലോകത്തിനു കൈയുംകെട്ടി നില്‍ക്കാന്‍ സാധ്യമല്ല. ലോകമനസ്സാക്ഷി ഞെട്ടിയുണര്‍ന്ന് പോംവഴി കണ്ടത്തെുകയേ നിര്‍വാഹമുള്ളൂ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.