രാജ്യസുരക്ഷയുടെ പേരില്‍ ഭരണകൂട ഭീകരതയോ?

2001 സെപ്റ്റംബര്‍ 11നുശേഷമുള്ള ആഗോള അവസ്ഥാവിശേഷത്തിലേക്ക് ലോകം തിരിച്ചുപോകുന്ന ലക്ഷണങ്ങളാണ് പാരിസ് ആക്രമണത്തിനുശേഷം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന കടുത്ത നിയമങ്ങളില്‍നിന്നും സുരക്ഷാക്രമീകരണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.  രാപ്പകല്‍ ലോകം സന്ധിക്കുന്ന പാരിസ് പോലുള്ള ഒരു മഹാനഗരത്തില്‍ ഒരേസമയം ആറു കേന്ദ്രങ്ങളില്‍ ആസൂത്രിതമായി ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഭീകരവാദികള്‍ക്ക് പഴുത് ഒരുക്കിക്കൊടുത്ത സുരക്ഷാപാളിച്ചയുടെ അടിസ്ഥാനകാരണങ്ങളെക്കുറിച്ച് ഗൗരവപൂര്‍വമായ വിചിന്തനങ്ങള്‍ക്ക് തയാറാവുന്നതിനുപകരം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നഗ്നമായി ഉല്ലംഘിക്കപ്പെടുന്ന നടപടികളാണ് ഫ്രഞ്ച് ഭരണകൂടവും ഭീകരവാദികളുടെ റിക്രൂട്ട്മെന്‍റ് കേന്ദ്രമായി മാറിയ ബെല്‍ജിയവും സ്വീകരിക്കാന്‍ പോകുന്നതെന്ന പരാതി രാഷ്ട്രാന്തരീയ മനുഷ്യാവകാശ സംഘടനകളില്‍നിന്ന് ഉയരുകയാണിന്ന്. നവംബര്‍13ന്‍െറ ആക്രമണത്തിനുശേഷം ഫ്രാന്‍സ്, രാജ്യത്തിന്‍െറ ഭരണഘടനാവ്യവസ്ഥകളെപോലും മറികടന്നുകൊണ്ടുള്ള നടപടികള്‍ക്കാണ് മുതിര്‍ന്നിരിക്കുന്നത്. അത്തരമൊരു നീക്കത്തിനു ന്യായീകരണം കണ്ടത്തെുന്നതിനു ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരവാദികളില്‍നിന്ന് ജൈവ-രാസായുധ ആക്രമണങ്ങള്‍പോലും പ്രതീക്ഷിക്കാമെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു ആക്രമണത്തിന്‍െറ ഒരു തെളിവും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന റെയ്ഡുകളില്‍നിന്നോ പരിശോധനകളില്‍നിന്നോ ലഭിച്ചിട്ടില്ളെന്ന് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് തന്നെ പാര്‍ലമെന്‍റില്‍ സമ്മതിക്കുകയുണ്ടായി. ആക്രമണം ഉണ്ടായ നിമിഷംതന്നെ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ മൂന്നുമാസത്തേക്ക് നീട്ടിക്കിട്ടാനുള്ള ശ്രമത്തില്‍  ദേശീയ അസംബ്ളിയെ മാനസികമായി സജ്ജമാക്കുകയായിരുന്നു ഇത്തരം പ്രചാരണങ്ങളിലൂടെ. അതേസമയം, പാരിസിന്‍െറ ഹൃദയഭാഗത്ത് ഭീകരാക്രമണത്തിന്‍െറ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന അബ്ദുല്‍ ഹമീദ് അബൂ ഒൗദിനെ പോലുള്ളവര്‍ കടന്നുകൂടിയതെങ്ങനെ എന്നോ സ്വന്തം പൗരന്മാരെ തന്നെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച സാമൂഹിക സാഹചര്യമെന്തെന്നോ വസ്തുനിഷ്ഠമായി വിലയിരുത്താനോ പ്രതിവിധി കാണാനോ ഉത്തരവാദപ്പെട്ടവരില്‍നിന്ന് നീക്കങ്ങളൊന്നും കാണാനില്ല എന്നത് ഭീകരവാദ ഭീഷണി ഇല്ലായ്മ ചെയ്യാനുള്ള പുതിയ ലോകത്തിന്‍െറ ഇച്ഛാശക്തിയെതന്നെ ചോദ്യം ചെയ്യുന്നു.
ഫ്രാന്‍സ്, ബെല്‍ജിയം, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സെപ്റ്റംബര്‍ 11നുശേഷം ബുഷ് ഭരണകൂടം കൊണ്ടുവന്ന ‘പാട്രിയോട്ട് ആക്ടിനു’ സമാനമായതാണ് കൊണ്ടുവരാന്‍ നീക്കങ്ങളാരംഭിച്ചിരിക്കുന്നതെന്നും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളെയും സ്വകാര്യതയെയും ഹനിക്കുന്ന കടുത്ത നടപടികള്‍ വിപരീതഫലമായിരിക്കും സൃഷ്ടിക്കാന്‍ പോകുന്നതെന്നുമാണ് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ കൂട്ടായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്. ഏതുസമയത്തും ഏതുവീട്ടിലും കയറിച്ചെന്ന് വാറന്‍റ് ഇല്ലാതെ പൗരന്മാരെ അറസ്റ്റ് ചെയ്യാനും അത് രേഖപ്പെടുത്താനുള്ള നിയമ അനുശാസനകളെ മറികടക്കാനും ഈ സര്‍ക്കാറുകള്‍ അധികാരങ്ങള്‍ പ്രയോഗിച്ചുതുടങ്ങിക്കഴിഞ്ഞു. ഭീകരവാദികളെന്ന് സംശയിക്കുന്നവരെ ഏതു സമയവും അറസ്റ്റ് ചെയ്യാനും വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കാനും കേസുകള്‍ ചാര്‍ജ്ചെയ്യുന്നതിന് നിലവിലെ കാലപരിധി കൂട്ടാനുമൊക്കെ ബെല്‍ജിയവും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ സൂചിപ്പിക്കുന്നു. സിറിയയില്‍നിന്നും മറ്റും തിരിച്ചത്തെുന്ന തീവ്രവാദികള്‍ക്ക് മറ്റു പൗരന്മാര്‍ക്ക് ബാധകമായ നിയമപരിരക്ഷ ആവശ്യമില്ളെന്നും രാജ്യത്തിനു ഭീഷണിയായി കണക്കാക്കുന്ന ആരെയും തിരിച്ചറിയാന്‍ കൈവളകള്‍ അണിയിക്കാനും ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. തീവ്രവാദം പ്രസംഗിക്കുന്ന പള്ളികളും മതപഠനസ്ഥാപനങ്ങളും അടച്ചുപൂട്ടാനും മതപ്രബോധനത്തിലേര്‍പ്പെട്ട വിദേശികളെ പിടിച്ചു പുറത്താക്കാനും ഫ്രാന്‍സും ബെല്‍ജിയവും തീരുമാനിച്ചുകഴിഞ്ഞു. അതുപോലെ, തീവണ്ടിയിലും വിമാനത്തിലും യാത്രചെയ്യുന്ന മുഴുവന്‍ യാത്രികരെയും നിരീക്ഷണം നടത്താനും വ്യക്തമായ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ യാത്ര സാധ്യമാകൂ എന്ന അവസ്ഥ ഉറപ്പുവരുത്താനും സംവിധാനം ഏര്‍പ്പെടുത്തുകയാണത്രെ. 1955ലെ ഫ്രഞ്ച് അടിയന്തരാവസ്ഥ നിയമം ഭേദഗതി ചെയ്തു തീവ്രവാദ ചിന്ത പ്രചരിപ്പിക്കുന്നുവെന്ന് സംശയിക്കുന്ന കൂട്ടായ്മകള്‍ പിരിച്ചുവിടാനും അവര്‍ നടത്തുന്ന ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും താഴിടാനും വെബ്സൈറ്റുകള്‍ ബ്ളോക് ചെയ്യാനും വീട്ടുതടങ്കലില്‍ കഴിയുന്നവരുടെമേല്‍ ഇലക്ട്രോണിക് ടാഗിങ് ഏര്‍പ്പെടുത്താനും അധികൃതര്‍ക്ക് അധികാരം നല്‍കാനാണ് നീക്കം.
പാരിസിലെ ഐ.എസ് ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ളെന്നും സമീപകാലത്ത് സൗദി, തുനീഷ്യ, കുവൈത്ത്, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍ കൂട്ടമരണങ്ങളും വന്‍ നാശനഷ്ടങ്ങളും വരുത്തിവെച്ച എണ്ണമറ്റ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഏവര്‍ക്കുമറിയാവുന്നതാണ്. അപ്പോഴൊന്നും വിഷയത്തിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാനോ ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്താനോ ഈ രാജ്യങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നില്ല. ഭീകരവാദത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ കൊണ്ടുവരുന്ന ഏത് കരിനിയമവും പിടികൂടാന്‍ പോകുന്നത് പ്രാന്തവത്കൃത, കുടിയേറ്റ വിഭാഗത്തെയായിരിക്കാം. കുടിയേറ്റ-ഇസ്ലാം വിരുദ്ധവികാരം ഉദ്ദീപിപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന, തീവ്രവലതുപക്ഷം അന്തരീക്ഷം കൈയിലെടുക്കാന്‍ തക്കംപാര്‍ത്തുകഴിയുന്ന ചുറ്റുപാടില്‍ വിശേഷിച്ചും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.