ഭീകരതക്കെതിരായ ഇസ് ലാമിക സൈനികസഖ്യം

ഭീകരതക്കെതിരെ സൗദി അറേബ്യയുടെ മുന്‍കൈയില്‍ രൂപവത്കരിച്ച ഇസ്ലാമിക സൈനികസഖ്യത്തെ അന്താരാഷ്ട്രസമൂഹം കൗതുകപൂര്‍വം വീക്ഷിച്ചുവരികയാണ്. 34 അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാഷ്ട്രങ്ങളടങ്ങുന്ന മുന്നണി ഭീകരതരോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള യജ്ഞത്തില്‍ ലോകത്തിനൊപ്പം നിലകൊള്ളുമെന്ന് സഖ്യരൂപവത്കരണം വെളിപ്പെടുത്തി സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. സൗദിക്കുപുറമെ ജോര്‍ഡന്‍, യു.എ.ഇ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബഹ്റൈന്‍, ബംഗ്ളാദേശ്, ബനിന്‍, തുര്‍ക്കി, ഛാദ്, ടോഗോ, തുനീഷ്യ, ജിബൂതി, സെനഗാള്‍, സിയറാലിയോണ്‍, സോമാലിയ, ഗബോണ്‍, ഗിനി, ഫലസ്തീന്‍, ഖമറൂസ്, ഖത്തര്‍, കുവൈത്ത്, ഐവറികോസ്റ്റ്, ലബനാന്‍, ലിബിയ, മാലദ്വീപ്, മാലി, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, മോറിത്താനിയ, നൈജര്‍, നൈജീരിയ, യമന്‍ എന്നീ രാജ്യങ്ങളാണ് റിയാദ് കേന്ദ്രമായുള്ള സഖ്യത്തില്‍ ചേരുന്നത്. ഇതിനുപുറമെ 10 രാഷ്ട്രങ്ങള്‍ പിന്തുണയറിയിച്ചിട്ടുണ്ടെന്നും വൈകാതെ അവര്‍ സഖ്യത്തില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരതക്കെതിരെ സൈനികവും ബൗദ്ധികവും പ്രചാരണപരവുമായ യുദ്ധമാണ് ഉദ്ദേശ്യമെന്നും ഐ.എസിനെതിരെ മാത്രമല്ല, ഏതുഭീകരസംഘടനയെയും ചെറുത്തുതോല്‍പിക്കാന്‍ സഖ്യം ബാധ്യസ്ഥമായിരിക്കുമെന്നും അമീര്‍ മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

ഐ.എസ് ഭീകരത ലോകത്തിന്‍െറയാകെ ഉറക്കംകെടുത്തുകയും അതിനെതിരെ അറബ് രാജ്യങ്ങളുടെ പിന്തുണയോടെ പടിഞ്ഞാറിന്‍െറ നേതൃത്വത്തില്‍ സിറിയയിലും ഇറാഖിലുമൊക്കെ സൈനികനീക്കം നടത്തുകയും ചെയ്യുന്നതിനിടെയാണ് സ്വന്തംനിലക്ക് ഭീകരതക്കെതിരെ മുന്നിട്ടിറങ്ങാനുള്ള മുസ്ലിം രാജ്യങ്ങളുടെ തീരുമാനം. ഈജിപ്ത്, യമന്‍, ലിബിയ, മാലി, നൈജീരിയ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഭീകരതകൊണ്ട് പൊറുതിമുട്ടുന്നുണ്ടെന്നും ഇറാഖിലും സിറിയയിലും മാത്രം സൈനികനീക്കം പരിമിതപ്പെടുത്തുന്നതുകൊണ്ട് ഈ രോഗം മാറ്റാന്‍ കഴിയില്ളെന്നുമാണ് അവരുടെ നിലപാട്. ഐ.എസ് ഭീകരതക്കെതിരെ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഓപറേഷന്‍ മാത്രം വിജയംകാണില്ളെന്നും മുസ്ലിം രാജ്യങ്ങള്‍ സ്വന്തംനിലക്ക് തന്നെ മുന്നിട്ടിറങ്ങണമെന്നും പാശ്ചാത്യശക്തികള്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതുമാണ്. അതോടൊപ്പം ഇക്കാര്യത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പും അറബ് മുസ്ലിം രാഷ്ട്രങ്ങളെ പലപ്പോഴും വിഷമസന്ധിയില്‍ അകപ്പെടുത്തുന്നുമുണ്ട്. ഐ.എസ് എന്ന ആഗോള വിധ്വംസകശക്തിയുടെ പിന്നിലെ ദുരൂഹതകള്‍ ഇനിയും വിട്ടകന്നിട്ടില്ല. അതുനീക്കി കാര്യങ്ങള്‍ സുതാര്യമാക്കാനുള്ള താല്‍പര്യം പടിഞ്ഞാറന്‍ ശക്തികള്‍ കാണിക്കുന്നില്ല.

ജി-20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഐ.എസിനെ സഹായിക്കുന്നവരുടെ വിവരങ്ങള്‍ ലോകനേതാക്കളുടെ മുന്നില്‍ സമര്‍പ്പിച്ചതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞ ശേഷവും ലോകത്തിന് വ്യക്തത കൈവന്നിട്ടില്ല. എന്നാല്‍ ഐ.എസിനെതിരായ യുദ്ധത്തിന് അറബ് മുസ്ലിം രാഷ്ട്രങ്ങളുടെ സഹായംതേടുന്ന അമേരിക്കയും മറ്റ് വന്‍ശക്തികളും മുസ്ലിം രാഷ്ട്രങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ളെന്നുമാത്രമല്ല, ഭീകരതയുടെ പേരില്‍ പലപ്പോഴും ഈ രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഈയിടെ കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ ദമ്പതികള്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് അവര്‍ അല്‍പകാലം സൗദി അറേബ്യയില്‍ ചെലവിട്ടതും ചൂണ്ടി മോശമായ തരത്തിലുള്ള പ്രചാരണയുദ്ധമാണ് അറബ് മുസ്ലിം സമൂഹത്തിനെതിരെ പാശ്ചാത്യമാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. ഭീകരത വിരുദ്ധയുദ്ധത്തിന് ഒപ്പം നിര്‍ത്തുന്നവരെ അവസരമൊത്തുവരുമ്പോഴൊക്കെ അതേ ഭീകരതയുടെ ചാപ്പകുത്തുന്ന ഈ ഇരട്ടത്താപ്പ് അറബ് മുസ്ലിം രാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ ഐ.എസിനെതിരെയെന്ന പേരില്‍ നടത്തുന്ന സൈനികനീക്കങ്ങളിലൂടെ സ്വന്തം രാഷ്ട്രീയ, സൈനികതാല്‍പര്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. റഷ്യയുടെ സിറിയയിലെ സൈനികാക്രമണങ്ങളെ സൗദിയും തുര്‍ക്കിയും എതിര്‍ത്തത് മോസ്കോയുടെ ഒളിയജണ്ട ചൂണ്ടിയാണ്.

ഈദൃശകാരണങ്ങളാല്‍ ഭീകരതക്കെതിരായ പോരാട്ടം സ്വന്തംനിലയില്‍ നടത്താനുള്ള ഉറച്ച തീരുമാനമാണ് സൗദിയുടെ മുന്‍കൈയില്‍ അറബ് മുസ്ലിം നാടുകള്‍ എടുത്തിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തോട് ചേര്‍ന്നുനിന്ന് ഭീകരതക്കെതിരെ നിലകൊള്ളുന്നതോടൊപ്പം ഈ മാരകരോഗത്തില്‍നിന്ന് സ്വന്തംജനതയെ ശുദ്ധീകരിക്കാനും ഈ പേരില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തെ പ്രതിരോധിക്കാനുമുള്ള ബഹുമുഖ പരിപാടികളാണ് നടപ്പാക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രയോഗത്തിലത്തെിയാല്‍ വമ്പിച്ച ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിക്കുമെന്നതില്‍ സംശയമില്ല. ഭീകരതയെ തകര്‍ക്കുന്നതോടൊപ്പം അതിന്‍െറ പേരിലുള്ള രാഷ്ട്രീയ, സാമ്പത്തിക മുതലെടുപ്പുകളെ ചെറുക്കുന്നതിനും 1.031 ശതകോടി ജനതയുടെയും നാല് ദശലക്ഷം സൈനിക ആള്‍ശേഷിയുടെയും പിന്തുണയുള്ള ഈ വിശാലസഖ്യത്തിന് സാധിച്ചാല്‍ ആഗോള ശാക്തിക സമവാക്യങ്ങള്‍തന്നെ തിരുത്തിയേക്കും. ആ ദൂരക്കാഴ്ചയില്‍ നിന്നാകാം പടിഞ്ഞാറുനിന്ന് ‘അപായം’ മണത്തുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ വന്നത്. സഖ്യത്തിന്‍െറ ആദ്യചുവട് തെറ്റിയില്ളെന്നുതന്നെ അത് തെളിയിക്കുന്നു. ഈ ദിശയില്‍ അതിന്‍െറ മുന്നേറ്റം എങ്ങനെയെന്നാണ് ലോകം ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.