50 വര്‍ഷം പിന്നിടുന്ന ഗള്‍ഫ് പ്രവാസം കേരളക്കരയില്‍ സാധ്യമാക്കിയ സാമൂഹിക-സാമ്പത്തിക വിപ്ളവം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണ്. 60കളുടെ രണ്ടാംപാദത്തില്‍ അറേബ്യന്‍ മണല്‍ക്കാട്ടിലേക്ക് ആരംഭിച്ച മലയാളികളുടെ ജീവസന്ധാരണം തേടിയുള്ള നിലക്കാത്ത പ്രവാഹം നമ്മുടെ നാട്ടിന്‍െറ സമ്പദ്ഘടനയെ ആകമാനം പുതുക്കിപ്പണിതു എന്ന് മാത്രമല്ല, സമ്പത്തിന്‍െറയും ധന്യതയുടെയും അഭൂതപൂര്‍വമായ ഒഴുക്ക് സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ പോയ നൂറ്റാണ്ടുകളില്‍ സ്വപ്നം കാണാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്തു. ദാരിദ്ര്യവും പട്ടിണിയും ആത്യന്തിക രാഷ്ട്രീയ വിചാരധാരകളിലേക്ക് കേരളത്തിലെ ക്ഷുഭിതയൗവനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്ന ഒരു കാലസന്ധിയിലാണ് അക്കരെ പച്ച തേടി പത്തേമാരികളില്‍ കയറി ഒരു തലമുറ നാട്ടിന്‍െറ ഭാഗധേയം തിരുത്തിക്കുറിക്കുന്ന ജീവിതപരീക്ഷണങ്ങളിലേര്‍പ്പെട്ടത്. അരനൂറ്റാണ്ടുകൊണ്ട് നമ്മുടെ നാട്ടിന്‍െറ ശിരോലിഖിതം മാറ്റിയെഴുതിയ മലയാളികള്‍ വിരചിച്ച അറബിക്കഥ അലാവുദ്ദീന്‍െറ അദ്ഭുതവിളക്കുകളുടെ ഇന്ദ്രജാലംകൊണ്ടായിരുന്നില്ല, മറിച്ച് മരുഭൂമിയില്‍ ഒഴുക്കിയ ചോരയുടെയും വിയര്‍പ്പിന്‍െറയും ശക്തിയിലായിരുന്നു. അരനൂറ്റാണ്ട് മുമ്പ് നമ്മുടെ നാട് സന്ദര്‍ശിച്ച ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം കേരളത്തിന്‍െറ മുഖച്ഛായയും ജനങ്ങളുടെ ജീവിതരീതിയും മനോഗതിയുമൊക്കെ പരിവര്‍ത്തിപ്പിച്ചത് ഇവിടെ കെട്ടഴിഞ്ഞുവീണ ഏതെങ്കിലും രാഷ്ട്രീയപരിവര്‍ത്തനത്തിന്‍െറയോ സാംസ്കാരിക വിപ്ളവത്തിന്‍െറയോ സ്വാധീനശേഷികൊണ്ടായിരുന്നില്ല എന്ന് എല്ലാവരും സമ്മതിക്കും.
എന്നാല്‍, ഏത് കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന പൊതുതത്ത്വം ഗള്‍ഫ്പ്രവാസത്തിന്‍െറ കാര്യത്തിലും ഗൗരവമേറിയ പുനര്‍വിചിന്തനങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്. ധന്യതമുറ്റിനില്‍ക്കുന്ന നാടുകളിലെ ജീവിതപരിസരം നിറംപിടിപ്പിച്ച കേവല സ്വപ്നങ്ങളും സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ സഹജമായി പിന്തുടരുന്ന പൈശാചിക ചിന്തകളും ഗള്‍ഫുകാരന്‍െറയും കുടുംബത്തിന്‍െറയും ജീവിതതാളം പലവിധേന തെറ്റിച്ചിരിക്കയാണെന്ന സത്യം ഇനിയും മറച്ചുവെച്ചിട്ട് ഫലമില്ല. യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട പ്രവാസികളെ ദുരഭിമാനവും ധൂര്‍ത്തും ദുരാഗ്രഹങ്ങളും ഏതുവിധം ആത്മഹത്യാമുനമ്പിലേക്ക് ആനയിക്കുന്നുവെന്ന് തുറന്നുകാട്ടുന്ന പരമ്പര -കണക്കുപിഴക്കുന്ന പ്രവാസം എന്ന ശീര്‍ഷകത്തില്‍, ആറു ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത് ഗൗരവമേറിയ ഒരു വിഷയത്തിന്‍െറ സന്ദര്‍ഭോചിതമായ ഉണര്‍ത്തലാണെന്ന് കടലിനക്കരെനിന്നും ഇക്കരെനിന്നും ഒരുപോലെ വിളിച്ചുപറഞ്ഞത് ദുരന്തമുഖത്ത് ജീവിതവെല്ലുവിളികളുമായി മുഖാമുഖം നില്‍ക്കുന്നവരുടെ അവസ്ഥ അതിഭയാനകമാണെന്നത് അംഗീകരിച്ചുകൊണ്ടാണ്. ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഒരു നാട്ടില്‍ എത്രയോ മലയാളികള്‍ ജീവിതപ്പെരുവഴിയില്‍ കൈകാലിട്ടടിക്കുകയാണെന്നും കടക്കെണിയില്‍ കുടുങ്ങിക്കിടക്കുകയുമാണെന്ന ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനം ഇവിടെ മണിമാളികകളില്‍ കഴിയുന്ന കുടുംബമോ ബന്ധുക്കളോ അറിയണമെന്നില്ല. വിമാനം കയറി അവിടെ എത്തേണ്ടതേയുള്ളൂ അറബിപ്പൊന്ന് വാരിയെടുക്കാമെന്ന മിഥ്യാധാരണയാണ് ഇവിടെയുള്ളവര്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത്. അക്കരെനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പണത്തിന്‍െറ ഉറവിടമെന്തെന്നോ അത് ഏതുവിധത്തിലാണ് ക്രിയാത്മകമായി വിനിയോഗിക്കേണ്ടതെന്നോ നാളേക്കുവേണ്ടി വല്ലതും മാറ്റിവെക്കാന്‍ സാധിക്കുമോ എന്നൊന്നും ചിന്തിക്കാതെ കോണ്‍ക്രീറ്റ് സൗധങ്ങളിലും ആര്‍ഭാട കാറുകളിലും ധൂര്‍ത്തിന്‍െറ മംഗല്യമാമാങ്കങ്ങളിലും കോടികള്‍ പൊടിപൊടിക്കുന്ന ജീര്‍ണതയിലാമഗ്നമായ ഒരു സംസ്കാരത്തിന് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന മുന്നറിയിപ്പാണ് പരമ്പരയില്‍ തൊട്ടുകാണിച്ച അനിഷേധ്യപരമാര്‍ഥങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. കടക്കെണിയിലകപ്പെട്ട പ്രവാസികള്‍ സ്വയം ജീവനൊടുക്കിയാണ് അവിവേകത്തിന്‍െറ ഋണബാധ്യത വീട്ടിക്കൊണ്ടിരിക്കുന്നതെന്ന് ഒൗദ്യോഗിക കണക്കുകള്‍ സമര്‍ഥിക്കുന്നു. മൂന്നുകൊല്ലത്തിനിടയില്‍ യു.എ.ഇയില്‍ മാത്രം 541 പേര്‍ ജീവനൊടുക്കിയിട്ടുണ്ടത്രെ. അതേസമയം, ഗള്‍ഫുകാരന്‍ കൊടുംപലിശക്ക് കടം വാങ്ങിയും വിശ്വസിച്ച കൂട്ടുകാരനെ വഞ്ചിച്ചും തണലേകിയ സ്പോണ്‍സറെ പറ്റിച്ചും സ്വരൂപിച്ച പണംകൊണ്ട് കെട്ടിപ്പൊക്കിയ 10-12 ലക്ഷത്തോളം മുന്തിയ വീടുകള്‍ താമസിക്കാനാളില്ലാതെ പ്രേതഭവനങ്ങളായി ഇവിടെ പൂട്ടിക്കിടക്കുകയാണെന്ന യാഥാര്‍ഥ്യം ഒരു സാമൂഹിക പ്രഹേളികയായി നമ്മെ പരിഹസിക്കുന്നു.
അരനൂറ്റാണ്ടുകൊണ്ട് വളര്‍ത്തിയെടുത്ത വികലമായ ജീവിതകാഴ്ചപ്പാടും കടിഞ്ഞാണില്ലാത്ത ഉപഭോഗതൃഷ്ണയും തിരുത്താന്‍ സ്വയം ശ്രമിക്കുകയും യാഥാര്‍ഥ്യബോധത്തോടെ എല്ലാറ്റിനെയും സമീപിക്കാനുള്ള മാനസികകരുത്ത് ആര്‍ജിക്കുകയും ചെയ്യുക മാത്രമാണ് ഈ ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. ഈ ദിശയില്‍ ഫലപ്രദമായ അവബോധം സൃഷ്ടിക്കാനും മാര്‍ഗദര്‍ശനം നല്‍കാനും സാമൂഹിക, മത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതും ചെയ്യാനുണ്ടെന്നുകൂടി ഓര്‍മപ്പെടുത്തട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.