ഗുലാം അലി പാടട്ടെ

ഗണിതമല്ലല്ലോ താളം; താളമാകുന്നു കാലം...
കാലമോ സംഗീതമായ്, പാടുന്നു ഗുലാം അലി ! –ബാലചന്ദ്രൻ ചുള്ളിക്കാട്

അവിഭക്ത ഇന്ത്യയിൽ ജനിച്ച് പാകിസ്​താനിൽ ജീവിക്കുന്ന ഗസൽ ചക്രവർത്തി ഗുലാം അലിക്കുനേരെ ശിവസേന ഉയർത്തിയ ഭീഷണിയെ തുടർന്ന്  പ്രശസ്​ത ഗസൽ ഗായകൻ ജഗ്ജിത് സിങ്ങിെൻറ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ ആദ്യവാരത്തിൽ മുംബൈയിലും പുണെയിലും സംഘടിപ്പിച്ച സംഗീതനിശ  മാറ്റിവെക്കപ്പെട്ടപ്പോൾ വ്രണിത ഹൃദയനായി ഗുലാം അലി പ്രതികരിച്ചു:  ‘ദുഃഖിതനും മുറിവേറ്റവനുമാണ് ഞാൻ. തിന്മയാണ്  രാഷ്ട്രീയവൈരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്നത്. സംഗീതംകൊണ്ട് സ്​നേഹവും സമാധാനവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവനാണ് ഞാൻ. ഇന്ത്യയോടുള്ള സ്​നേഹത്തിന് തരിമ്പും കുറവില്ല. ജഗ്ജിത്  എനിക്ക് സഹോദരനായിരുന്നു പാകിസ്​താനിയാണോ ഇന്ത്യക്കാരനാണോ എന്ന് നോക്കിയായിരുന്നില്ല അത്. അതിനാൽത്തന്നെ ആ പരിപാടി എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.’ പിന്നീട് നവംബറിൽ  ഉസ്​താദ് അബ്ദുൽ കരീം ഖാെൻറ ഓർമക്കായി മുംബൈയിൽ സംഘടിപ്പിച്ച സംഗീതമേളയിൽനിന്നുകൂടി  തീവ്രവലതുപക്ഷ ഭീഷണയെത്തുടർന്ന് പിന്മാറേണ്ടിവന്നതോടെ  ധാരാളം ആസ്വാദകർ ഉള്ളതും ഏറെ സ്​നേഹിക്കുന്നതുമായ ഇന്ത്യയിലേക്ക് താനിനിയില്ലെന്ന് പ്രഖ്യാപിക്കാൻ ആ മനുഷ്യസ്​നേഹി നിർബന്ധിതനായി. ഉസ്​താദ് അബ്ദുൽ കരീം ഖാൻ അത്ര നിസ്സാരക്കാരനല്ല.   ഭാരത്രത്ന നൽകി നാം ആദരിച്ച വിഖ്യാത സംഗീതജ്ഞൻ ഭീംസെൻ ജോഷി, അബ്ദുൽ കരീം ഖാനോടുള്ള ആദരവുനിമിത്തം ഖാെൻറ ശിഷ്യനായ സവായി ഗന്ധർവയെ സ്വന്തം ഗുരുവായി സ്വീകരിക്കാൻമാത്രം സംഗീതജ്ഞാനത്തിെൻറ ഗിരിശൃംഗം കീഴ്പ്പെടുത്തിയ മഹാ വ്യക്തിത്വമാണ്.

അദ്ദേഹത്തിെൻറ ദീപ്ത സ്​മരണ നിലനിർത്താനുള്ള പരിപാടിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നത് ജീവിതത്തിലെ കടുത്ത വേദനയായി ഗുലാം അലിക്ക്.  സംഗീതത്തിനും സംഗീതജ്ഞർക്കും കൂടി വേർതിരിവ് സൃഷ്ടിച്ച് അസഹിഷ്ണുതയുടെ രാഷ്ട്രീയം വെറുപ്പിെൻറ പുതുഭൂപടം തീർക്കുന്ന കാലത്ത് അതിനെതിരെയുള്ള സർഗാത്മക പ്രതികരണവും  അനുപമ നാദത്തിെൻറ ഉടമയും സംഗീതപ്രതിഭയുമായ ഗുലാം അലിക്കുള്ള ആദരവുമായി, സ്വരലയയും എം.എ. ബേബിയും കേരളത്തിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നുവെന്നത്  ഏറെ ശ്ലാഘനീയമാണ്.

ദേശാതിർത്തികളെയും രാഷ്ട്രീയവൈരങ്ങളെയും ഉല്ലംഘിച്ച ചരിത്രമാണ്  എക്കാലത്തും സംഗീതത്തിനുമുള്ളത്. ആ ചരിത്രധാരയിൽനിന്ന് ഒട്ടും ഭിന്നമല്ല  ഹിന്ദുസ്​ഥാനി സംഗീതവും. രാഗസമ്പ്രദായത്തിെൻറ അടിസ്​ഥാനം കർണാടക സംഗീതമാണെങ്കിലും കൂടുതൽ വികസിച്ചതും സ്വീകാര്യമായതും പേർഷ്യൻ സംഗീതത്തിലൂടെയാണ്; പുഷ്കലമായത് മുഗൾ ഭരണകാലത്തും. റാഡ് ക്ലിഫിെൻറ വരക്ക് ഇന്ത്യാ ഭൂഖണ്ഡത്തിലെ മണ്ണിനേയും മനുഷ്യരേയും പിളർത്തുന്നതിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ടാകാം. എന്നാൽ, സംഗീതത്തെയും ഭാഷയേയും പിളർത്താനവക്ക് സാധ്യമല്ല. വിഭജനാനന്തര ഇന്ത്യയിലെ ഹിന്ദുസ്​ഥാനി സംഗീത പാരമ്പര്യം സ്വർണലിപികളിൽ ഈ യാഥാർഥ്യം നമ്മെ അനുഭവിപ്പിച്ചുകൊണ്ടേയിരിക്കുന്നു.  

പാകിസ്​താൻകാരനായ ഉസ്​താദ് മെഹ്ദി ഹസൻ മരണാസന്നനായ സമയത്ത് ആദരസൂചകമായി അദ്ദേഹത്തിെൻറ പാട്ടുകൾ സമാഹരിച്ച് ഇന്ത്യയിലേയും പാകിസ്​താനിലേയും പ്രശസ്​ത ഗായകർ ആലപിച്ച ആൽബം പുറത്തിറക്കുകയുണ്ടായി. അതിെൻറ നിർമാണത്തിന് മുന്നിട്ടിറങ്ങിയത്  ഇന്ത്യൻ കവിയും ഗാനരചയിതാവുമായ ഗുൽസാറായിരുന്നു.  ഗായകരിൽ ഗുലാം അലിയും മലയാളികളുടെ പ്രിയപ്പെട്ട ഹരിഹരനുമുൾപ്പെടും. സംഗീതം സ്​നേഹത്തിെൻറ അനന്തസാഗരമാണ്. ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള വിദ്വേഷത്തെ ഉരുക്കിക്കളയാനുള്ള ത്രാണിയുണ്ടതിന്. ഒരുപക്ഷേ, ക്രിക്കറ്റ് നയതന്ത്രത്തേക്കാൾ ഈടും പാവുമുണ്ട് സംഗീതത്തിെൻറ നയതന്ത്രത്തിന്. വാജ്പേയി സർക്കാർ തുടക്കം കുറിച്ച ലാഹോർ–ഡൽഹി ബസ്​ സർവിസിെൻറ  പ്രഥമ യാത്രയിൽ ഉദ്യോഗസ്​ഥർക്ക്  പുറമെ പങ്കാളിയായത് സംഗീതജ്ഞ രേഷ്മ എന്ന പാകിസ്​താനിയായിരുന്നു. ആ സംഗീതസപര്യയുടെപേരിൽ രേഷ്മ അറിയപ്പെടുന്നതുതന്നെ ഇന്ത്യ–പാക് സൗഹൃദത്തിെൻറ അംബാസഡർ എന്നനിലയിലാണ്്. വെറുപ്പിെൻറ രാഷ്ട്രീയത്തെ ചെറുക്കാനുള്ള സംഗീതത്തിെൻറ ഈ അപാര സാധ്യതതന്നെയാണ് തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് കലാകാരന്മാരേയും സംഗീതജ്ഞരേയും  അത്രയേറെ ചതുർഥരാക്കുന്നതും.

സംഘർഷഭരിതമായ മനസ്സുകൾക്ക് കായചികിത്സയാണ് സംഗീതം. മനസ്സിെൻറ ലയനമാണ് സംഗീതത്തിലൂടെ സംഭവിക്കുന്നത്. ഹൃദയങ്ങൾ തമ്മിൽ താദാത്മ്യം പ്രാപിക്കുകയും മനുഷ്യരെ വേർതിരിക്കുന്ന എല്ലാ അതിർത്തികളെയും അലിയിപ്പിച്ച് സ്​നേഹത്തിെൻറ  അലൗകികതയിൽ എല്ലാവരുമൊന്നായി വിലയം പ്രാപിക്കുകയും ചെയ്യുന്ന വിസ്​മയസിദ്ധിയാണത്. അതുകൊണ്ട് ഗസൽ ഇതിഹാസം ഗുലാം അലി പ്രണയത്തിെൻറയും വിരഹത്തിെൻറയും നൊമ്പരങ്ങളുള്ള  ശബ്ദപ്രവാഹത്തിലൂടെ മലയാളികളുടെ ഹൃത്തടത്തിലെ കന്മഷത്തെ വിശുദ്ധമാക്കട്ടെ. സംഗീതത്തിെൻറ സ്​നേഹധാരയിൽ അതിർത്തികൾ അലിഞ്ഞില്ലാതാകട്ടെ.  വൈകാരിക ഭാവഭേദങ്ങൾകൊണ്ട് സങ്കുചിതമായ അതിർത്തികളെ ഉല്ലംഘിക്കാൻ  ഉസ്​താദ് ഗുലാം അലി മനം തുറന്ന് പാടട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.