ജനസംഖ്യാ അവസ്ഥകള്‍ രേഖപ്പെടുത്താനും വിശകലനം ചെയ്യാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓഫിസ് ഓഫ് ദ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യ. ഒരു സ്ഥാപനമെന്ന നിലയില്‍ അതിബൃഹത്തായ ജോലിയാണ് അത് ചെയ്യുന്നത്. പത്തു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യവ്യാപകമായ സെന്‍സസ് ആണ് പ്രസ്തുത സ്ഥാപനത്തിന്‍െറ പ്രധാന ജോലി. 2011ല്‍ നടത്തിയ സെന്‍സസിന്‍െറ മതം തിരിച്ചുള്ള കണക്കുകള്‍ ആഗസ്ത് 25ന് രജിസ്ട്രാര്‍ ജനറലിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധം ചെയ്ത് പൊതുജനത്തിന് ലഭ്യമാക്കിയിരിക്കുകയാണ്. വൈകാരികതലം ഏറെയുള്ള വിഷയമാണ് മതക്കണക്കുകള്‍ എന്നതിനാല്‍തന്നെ, പ്രസ്തുത കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
മതം തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍ തങ്ങളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തുവെന്നല്ലാതെ, പശ്ചാത്തല വിവരണങ്ങളോ മുന്‍കണക്കുകളോ ചരിത്രപരമായ വിശകലനങ്ങളോ ഒന്നും തന്നെ രജിസ്ട്രാര്‍ ജനറലിന്‍െറ ഓഫിസ് നല്‍കിയിട്ടില്ല. ഇത്രയും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുന്ന പത്രസമ്മേളനം പോലും വിളിച്ചു ചേര്‍ത്തിട്ടില്ല. പൊടുന്നനെയൊരു ദിവസം മതക്കണക്കുകള്‍ വെബ്സൈറ്റില്‍ ചേര്‍ക്കുക മാത്രമാണ് ചെയ്തത്. കണക്കുകള്‍ തയാറായ ഉടനെ അതെടുത്ത് വെബ്സൈറ്റില്‍ നല്‍കുകയായിരുന്നു വെന്ന് നിഷ്കളങ്കമായി ഇതിനെക്കുറിച്ച് കരുതരുത്. 2013ല്‍തന്നെ ഈ കണക്കുകള്‍ തയാറായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍െറയും പ്രധാനമന്ത്രി കാര്യാലയത്തിന്‍െറയും മുന്നറിവോടുകൂടി തന്നെയാണ് ഇത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത്, കേവലമായ ഉദ്യോഗസ്ഥ നടപടിക്രമമല്ല, രാഷ്ട്രീയ തീരുമാനം തന്നെയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ആ രാഷ്ട്രീയ തീരുമാനത്തിന്‍െറ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുമ്പോഴാണ് സദുദ്ദേശ്യത്തോടെയല്ല, സര്‍ക്കാര്‍ ഇത് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാവുക.
രാജ്യത്ത് മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഇന്ത്യ ദാറുല്‍ ഇസ്ലാമായി മാറുമെന്നും സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മുസ്ലിം ജനസംഖ്യാ അധിനിവേശത്തെ ചെറുക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കണമെന്ന് പാര്‍ലമെന്‍റ് അംഗങ്ങളുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇപ്പോള്‍, ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ, തങ്ങളുടെ പ്രചാരണത്തിന് ശക്തിപകരാന്‍ തന്നെയായിരിക്കണം ഇപ്പോള്‍ ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുസ്ലിംകള്‍ പെറ്റുപെരുകി രാജ്യം കീഴടക്കാന്‍ പോവുകയാണെന്ന പ്രചാരണത്തിന് ഒൗദ്യോഗിക വര്‍ണം നല്‍കാനുള്ള ശ്രമം.
ജനസംഖ്യാ വര്‍ധനവും മതവും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചൈനയെപ്പോലെ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ നടപ്പിലാക്കിയിട്ടില്ലാത്ത ഇന്ത്യയില്‍ ജനസംഖ്യ വര്‍ധനയെ സമ്പൂര്‍ണമായി നിയന്ത്രിക്കാന്‍ പറ്റിയിട്ടില്ല എന്നതും യാഥാര്‍ഥ്യമാണ്. അതിവിപുലമായ ഒരു യുവജന സഞ്ചയമുള്ള രാജ്യമാണ് നമ്മുടേത്. ഈ യുവജനങ്ങള്‍ രാജ്യത്തിന്‍െറ വലിയ കരുത്താണെന്ന് നാം പറയാറുമുണ്ട്. പല പടിഞ്ഞാറന്‍ രാജ്യങ്ങളും യുവജനശേഷിയുടെ അഭാവത്താല്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ നമ്മുടെ രാജ്യത്തിന്‍െറ ഉല്‍പാദനക്ഷമതയെയും ഭാവിയെയും കുറിച്ച ശുഭസൂചനകള്‍ നല്‍കുന്നതാണ് യുവജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം. ധാരാളം യുവാക്കളുള്ള രാജ്യത്ത് ജനസംഖ്യ ഇനിയും മുന്നോട്ടുപോവുമെന്നതും യാഥാര്‍ഥ്യമാണ്. ഒരു വശത്ത് ജനസംഖ്യയെക്കുറിച്ച് ആശങ്കപ്പെടുകയും മറുവശത്ത് യുവാക്കളുടെ ആധിക്യത്തെക്കുറിച്ച് അഭിമാനം കൊള്ളുകയും ചെയ്യുന്നത് ഇരട്ട സമീപനമാണ്.
വികസിത രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, മൂന്നാം ലോക രാജ്യമായ ഇന്ത്യയില്‍ ജനസംഖ്യാ വര്‍ധനവിന് വേഗമുണ്ടെന്നത് വാസ്തവമാണ്. ഇതിന് മതപരമായ ഭേദങ്ങളില്ല. നഗരവാസികളും അഭ്യസ്തവിദ്യരുമായ ആളുകള്‍ക്ക് ഇടയില്‍ ജനസംഖ്യാ വര്‍ധന നിരക്ക് കുറവാണെങ്കില്‍ നിരക്ഷരരും താഴ്ന്ന ജീവിത നിലവാരത്തില്‍ കഴിയുന്നവരുമായ ആളുകള്‍ക്കിടയില്‍ അത് കൂടുതലാണ്. ഭൂമിശാസ്ത്രപരവും മറ്റുമായ വിശകലനങ്ങള്‍ നടത്തിയാല്‍ ഇക്കാര്യം ബോധ്യമാവുന്നതേയുള്ളൂ. അതായത്, ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസ അവസ്ഥയും മാറുന്നതിനനുസരിച്ച് അവരുടെ പ്രത്യുല്‍പാദന നിരക്കിലും മാറ്റം വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വകതിരിച്ച് കാണിക്കുകയായിരുന്നു ഉത്തരവാദപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനം ചെയ്യേണ്ടിയിരുന്നത്.
രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യ 0.8 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, മുസ്ലിം ജനസംഖ്യാ വര്‍ധനവിന്‍െറ നിരക്ക് 2001ലെ 29.52 ശതമാനത്തില്‍നിന്നും 2011ലത്തെുമ്പോള്‍ 24.52 ശതമാനമായി താഴ്ന്നിരിക്കുകയാണ്. 2001ല്‍ 19.92 ശതമാനമാണ് ഹിന്ദു ജനസംഖ്യാ വര്‍ധന നിരക്കെങ്കില്‍ 2011ല്‍ അത് 16.76 ശതമാനമാണ്. അതായത്, വര്‍ധന നിരക്കിലെ കുറവ് ഹിന്ദുക്കളിലേതിനേക്കാള്‍ വേഗത്തില്‍ മുസ്ലിംകളിലാണ് എന്നാണിത് വ്യക്തമാക്കുന്നത്. മുസ്ലിംകള്‍ ബോധപൂര്‍വം ജനസംഖ്യ വര്‍ധിപ്പിക്കുന്നുവെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങളെ നിഷേധിക്കുന്നതാണ് മതക്കണക്കിലെ സൂക്ഷ്മ വായനകള്‍. മതഭേദമന്യേ രാജ്യനിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഭരണകൂടത്തിന്‍െറ ഉത്തരവാദിത്തം. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലയില്‍ ഇന്നും അതിപിന്നാക്കമായ അവസ്ഥയിലാണ് രാജ്യത്തിന്‍െറ പല മേഖലകളും. ഇത്തരം കാര്യങ്ങളില്‍ ആധുനികമായ മാനദണ്ഡങ്ങളിലേക്ക് രാജ്യത്തെ മൊത്തം വികസിപ്പിക്കാനുള്ള ഉപായങ്ങള്‍ ആരായുകയാണ് ആസൂത്രണ വിദഗ്ധര്‍ ചെയ്യേണ്ടത്. അതു ചെയ്യാതെ അപ്പണി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരെക്കൊണ്ട് മതച്ചോര മാന്തിക്കാനാണ് ഭരണകൂടം ഒരുമ്പെടുന്നത് എന്ന് വേദനയോടെ പറയേണ്ടിവന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.