പട്ടേല്‍ സമുദായത്തിനും സംവരണമോ?

സാമ്പത്തികമായും സാമൂഹികമായും വളരെയേറെ മുന്നാക്കം നില്‍ക്കുന്ന ഗുജറാത്തിലെ പട്ടേല്‍ സമുദായം തങ്ങളെ മറ്റു പിന്നാക്കവിഭാഗമായി  (ഒ.ബി.സി ) പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് മൂന്നു മാസമായി നടത്തിവരുന്ന പ്രക്ഷോഭം സംസ്ഥാനത്തിന്‍െറ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച അഹ്മദാബാദില്‍ നടത്തിയ മഹാറാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി ഭൂവുടമകളാണ് ഈ സമുദായം. വ്യവസായ, ബിസിനസ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന പട്ടേല്‍മാര്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചുപോകുന്ന ജനവിഭാഗമാണ്.  സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലും നിലവിലെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദ്ബെന്‍ പട്ടേലുമൊക്കെ ഇവരുടെ പ്രതിനിധികളാണ്.

കുര്‍മി ക്ഷത്രിയ വിഭാഗത്തില്‍പെട്ട ഈ ഭൂപ്രഭുക്കളും മാടമ്പിമാരും  ചരിത്രത്തിലൊരിക്കലും ഒരുവിധത്തിലുള്ള പിന്നാക്കാവസ്ഥയോ അവഗണനയോ നേരിട്ടതായി ചൂണ്ടിക്കാട്ടാനാവില്ല. എന്നിട്ടും, പിന്നാക്കത്തിന്‍െറ മുദ്ര സ്വയംചാര്‍ത്താന്‍ ഇപ്പോള്‍ ആരംഭിച്ച പ്രക്ഷോഭം ദുരുദ്ദേശ്യപരവും എല്ലാം കൈപ്പിടിയിലൊതുക്കുകയെന്ന ദുഷ്ടലാക്കോടെയുള്ളതുമാണ്. എണ്‍പതുകളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം നല്‍കിയപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരാണ് ഇക്കൂട്ടര്‍. ബക്ഷ് കമീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1981ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധസ്ഥിതി വിഭാഗങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ ഘട്ടത്തില്‍ അതിനെതിരെ തെരുവിലിറങ്ങിയവരാണ് ഇപ്പോള്‍ സംവരണത്തിനുവേണ്ടി മുറവിളികൂട്ടുന്നത്.

സംവരണ വിരുദ്ധരുടെ രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായ ഘട്ടത്തില്‍ സോളങ്കി രാജിവെച്ച് വീണ്ടും ജനവിധിതേടിയപ്പോള്‍ 182ല്‍ 149 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചുവന്നത് പട്ടേല്‍വിഭാഗത്തിനു പ്രഹരമേല്‍പിച്ചിരുന്നു. ക്ഷത്രിയര്‍, ഹരിജനം, ആദിവാസികള്‍, മുസ്ലിംകള്‍ എന്നീ സാമൂഹിക വിഭാഗങ്ങള്‍ യോജിച്ചുകൊണ്ടുള്ള ‘ഖം’ (KHAM ) സൂത്രവാക്യം ഒരുവേള ഗുജറാത്ത് രാഷ്ട്രീയത്തിനു ഭദ്രതയും മതേതരമുഖവും പ്രദാനംചെയ്യുകയുണ്ടായി. ഈ വിഭാഗം ജനസംഖ്യാപരമായി 15 ശതമാനത്തിനു താഴെയാണെങ്കിലും 120 ബി.ജെ.പി അംഗങ്ങളില്‍ 40 പേര്‍ പട്ടേല്‍ സമുദായത്തില്‍നിന്നുള്ളവരാണ്. നിലവിലെ മന്ത്രിസഭയില്‍ ഇവരെ പ്രതിനിധാനംചെയ്ത് മുഖ്യമന്ത്രിയടക്കം  എട്ട് അംഗങ്ങളുണ്ട്.  

ഗുജറാത്തില്‍ നിലവില്‍ ഒ.ബി.സി വിഭാഗത്തിന് 27ഉം പട്ടികജാതിക്ക് ഏഴും പട്ടികവര്‍ഗത്തിനു 14ഉം ശതമാനം സംവരണമുണ്ട്. തുടക്കത്തില്‍ 81 സമുദായമാണ് സംവരണ പട്ടികയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 146 ആണ്. മൊത്തം 48 ശതമാനമാണ് സംവരണം. സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്ന പരിധിലംഘിച്ച് ഇനി ആര്‍ക്കും സംവരണം നല്‍കാന്‍ സാധ്യമല്ളെന്ന് മുഖ്യമന്ത്രി ആനന്ദ്ബെന്‍ അഭ്യര്‍ഥിച്ചിട്ടും സംസ്ഥാനവ്യാപകമായി യോഗങ്ങള്‍ സംഘടിപ്പിച്ച് പട്ടേല്‍സമുദായത്തെ ഇളക്കിവിടാനാണ് ഇതിനു നേതൃത്വം കൊടുക്കുന്ന ‘പതിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി’ ശ്രമിച്ചത്. ഹാര്‍ദിക പട്ടേല്‍ എന്ന 22 കാരനാണ് പ്രക്ഷോഭത്തിന്‍െറ മുന്‍നിരയിലുള്ളത്. സ്വസമുദായാംഗങ്ങളെ വൈകാരികമായി ഇളക്കിവിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കി സര്‍ക്കാറിനു തലവേദന സൃഷ്ടിക്കുകയല്ലാതെ, വ്യക്തമായ കാഴ്ചപ്പാടോ ദിശാബോധമോ മറ്റൊരു മോദിയാവാന്‍ കൊതിക്കുന്ന ഈ ചെറുപ്പക്കാരന് ഇതുവരെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം തങ്ങള്‍ പിഴുതെറിയുമെന്ന ഭീഷണിമുഴക്കിയാണ് സംസ്ഥാന സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. ആര്‍ക്കും സംവരണത്തിന്‍െറ പേരില്‍ മുറവിളികൂട്ടാം എന്നുവന്നതോടെ, ബ്രാഹ്മണരും താക്കൂര്‍മാരും വൈഷ്ണവരും രഘുവംശരുമൊക്കെ ഒ.ബി.സി പട്ടമണിയാന്‍ ഒരുങ്ങിപ്പുറപ്പെടാന്‍ പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 70 ശതമാനം വരുന്ന സംവരണവിഭാഗങ്ങള്‍ ഒ.ബി.സി ഏകതാമഞ്ചിന്‍െറ ബാനറില്‍ പട്ടേല്‍ സമരത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ സമരം ഈയിടെ അവസാനിച്ചത് അഞ്ചുശതമാനം സംവരണത്തിന് സര്‍ക്കാര്‍ സമ്മതം മൂളിയതോടെയാണ്. ജാട്ടുകളെ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പിന്നാക്കവിഭാഗമായി പ്രഖ്യാപിച്ചത് സുപ്രീംകോടതി പിന്നീട് റദ്ദാക്കുകയുണ്ടായി. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കത്തിന്‍െറ ഭാണ്ഡം പേറി നടക്കുന്ന ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് രാഷ്ട്രശില്‍പികള്‍ വിഭാവനചെയ്ത ഒരു സംവിധാനത്തെ ചൂഷണം ചെയ്യാന്‍, ഒരുതരത്തിലും അതിനര്‍ഹതയില്ലാത്ത വിഭാഗങ്ങള്‍ ശ്രമിക്കുമ്പോള്‍ ശക്തമായി നേരിടുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍െറ ബാധ്യതയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.