പ്രവൃത്തിപരാജയത്തിന്‍െറ ലക്ഷണങ്ങള്‍

ചൊല്ലില്‍നിന്ന് ചെയ്തിയിലേക്കുള്ള ദൂരം വര്‍ധിക്കുകയാണെന്നുതന്നെ തെളിയിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രഭാഷണം. കഴിഞ്ഞ വര്‍ഷത്തെ ആദ്യപ്രഭാഷണത്തില്‍ ഉയര്‍ത്താന്‍ കഴിഞ്ഞ ആവേശമോ പ്രത്യാശയോ ഭരണം മുന്നോട്ടുനീങ്ങി രണ്ടാമത്തെ വര്‍ഷം അദ്ദേഹം ചെങ്കോട്ടയില്‍ എഴുന്നേറ്റുനില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. പ്രഭാഷണത്തില്‍നിന്നു പ്രയോഗത്തിലത്തെുമ്പോള്‍ കേന്ദ്ര ഭരണകൂടം എവിടെയത്തെിനില്‍ക്കുന്നുവെന്ന് ജനം നേര്‍ക്കുനേര്‍ കണ്ടുകൊണ്ടിരിക്കുന്നു എന്നതുതന്നെ കാര്യം.

ജനാധിപത്യക്രമത്തിന് ഏറെ നാണക്കേടുണ്ടാക്കിയ പാര്‍ലമെന്‍റ് സ്തംഭനത്തിനുശേഷമാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നത്. ഭരണത്തിലേറി ഗുജറാത്തില്‍നിന്ന് ഡല്‍ഹിയിലത്തെുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്‍െറ അകത്തളങ്ങളില്‍ കണ്ട കെടുകാര്യസ്ഥതയുടെ ചിത്രം വരക്കുകയായിരുന്നു കഴിഞ്ഞ പ്രഭാഷണത്തില്‍ മോദി. അവിടെ വരുത്താന്‍ പോകുന്ന മാറ്റങ്ങളായിരുന്നു അന്നത്തെ മുഴുവന്‍ വാഗ്ദാനങ്ങളും. ഇത്തവണ 85 മിനിറ്റെടുത്ത് നടത്തിയ പ്രഭാഷണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനങ്ങള്‍ എവിടെയത്തെി എന്നതിന് എല്ലാ സ്കൂളുകള്‍ക്കും ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയതും ജന്‍ധന്‍ യോജന വഴി കുറെയാളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനായതുമാണ് പ്രധാനമന്ത്രി എടുത്തുപറഞ്ഞത്. അതേസമയം, കന്നിപ്രസംഗത്തില്‍ അഴിമതി, ജനക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ എങ്ങുമത്തൊതെ പോയതിന് സാമാന്യമായ ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.

രോഗി മറ്റുള്ളവരോട് ആരോഗ്യത്തെക്കുറിച്ചു സംസാരിക്കുന്നതുപോലെയാണ് അഴിമതി സംബന്ധിച്ച വിമര്‍ശങ്ങളും വിലയിരുത്തലുകളും എന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം ഉന്നമിട്ടത്പ്രതിപക്ഷത്തെയാവാമെങ്കിലും അത് അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തുന്നതാണ്. ഒരു വര്‍ഷത്തിനകം മന്ത്രിസഭയിലെയും പാര്‍ട്ടിയിലേയും പ്രമുഖര്‍ക്കെതിരെ വന്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും വിഷയത്തില്‍ അഭിപ്രായപ്രകടനത്തിനു വിസമ്മതിച്ചു മാറിനില്‍ക്കുകയാണ് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് ഇത്ര കാലം അതിന്‍െറ പേരില്‍ സ്തംഭിച്ചിട്ടും നേതൃത്വം കൈയാളുന്ന പ്രധാനമന്ത്രിക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കളങ്കിത മന്ത്രിമാരെ കൈയൊഴിയാനോ ആക്രമണമഴിച്ചുവിടുന്ന അംഗസംഖ്യയില്‍ ദുര്‍ബലമായ പ്രതിപക്ഷവുമായി അനുരഞ്ജനത്തിനോ സാധിച്ചില്ല. നിരന്തരം പിരിഞ്ഞുകൊണ്ടിരുന്ന പാര്‍ലമെന്‍റ് സീസണിലെ സമ്മേളനം അവസാനിപ്പിച്ചതുപോലും അനിശ്ചിതത്വത്തിലാണ്.

ഉണര്‍ന്നെണീക്കാനും ഒരു ടീമായി മുന്നേറാനും ആഹ്വാനം മുഴക്കുന്ന പ്രധാനമന്ത്രിക്ക് പക്ഷേ, അക്കാര്യത്തില്‍ തന്‍െറ പങ്കുനിര്‍വഹിക്കാന്‍ കഴിയാത്ത നിലയാണ്. കീഴ്ത്തട്ടിലെ ജോലികള്‍ക്കുള്ള അഭിമുഖങ്ങള്‍ സുതാര്യവും അഴിമതിമുക്തവുമാക്കാന്‍ ഓണ്‍ലൈന്‍ പരിഷ്കരണം കൊണ്ടുവരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എന്നാല്‍, അക്കാര്യത്തില്‍ കോടികള്‍ വെട്ടിവിഴുങ്ങുകയും നിരവധി പേരെ കൊലക്കുകൊടുക്കുകയും ചെയ്ത വ്യാപം അഴിമതിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഉന്നതങ്ങളിലെ അഴിമതിക്ക് കൂട്ടുനിന്ന സുഷമ സ്വരാജിനെപ്പോലുള്ളവര്‍ പാര്‍ലമെന്‍റിനകത്തുപോലും പ്രശ്നം സുതാര്യവത്കരിക്കാനോ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാനോ ശ്രമിക്കുന്നതിനുപകരം പ്രതിപക്ഷ നേതൃസ്ഥാനത്തുള്ള സോണിയക്കും രാഹുലിനും മേല്‍ ആരോപണവര്‍ഷമുന്നയിക്കാനാണ് മിനക്കെട്ടത്.

സ്വന്തം അഴിമതിക്ക് മറ്റുള്ളവരുടേത് മറയാക്കുന്ന വഷളന്‍ രാഷ്ട്രീയതന്ത്രം മാത്രമേ മോദി ടീമിന്‍െറയും കൈവശമുള്ളൂ. അഴിമതിവിരുദ്ധ കാഹളം മുഴക്കുന്ന വ്യക്തികളെയും മാധ്യമങ്ങളെയുമൊക്കെ അശുഭചിന്ത വളര്‍ത്തുന്നവരെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തുന്നുണ്ട്. അഥവാ, ഭരണ കെടുകാര്യസ്ഥതയെയല്ല, അത് വിളിച്ചുപറയുന്നതിനെയാണ് പ്രധാനമന്ത്രി പ്രശ്നവത്കരിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരായ ഹിന്ദുത്വവര്‍ഗീയവാദികള്‍ തിരികൊളുത്തുന്ന കലാപങ്ങളെ അടിച്ചമര്‍ത്തുന്നതിനുപകരം വര്‍ഗീയതക്കെതിരെ പതിവുപല്ലവി ഉരുവിട്ടു മതിയാക്കുകയാണ് അദ്ദേഹം.

ഇങ്ങനെ, വസ്തുതാവിശകലനത്തില്‍ വാക്കുകളില്‍നിന്ന് പ്രവര്‍ത്തനത്തിലേക്കുള്ള ദൂരം വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. മുന്‍ പ്രധാനമന്ത്രിമാരില്‍നിന്ന് വ്യത്യസ്തത സൃഷ്ടിക്കാന്‍ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലൂടെ മോദിക്ക് കഴിഞ്ഞു. എന്നാല്‍, പ്രഭാഷണത്തിലെ ഈ വ്യതിരിക്തത പ്രവര്‍ത്തനത്തിലത്തെിക്കുന്നതില്‍ അവരേക്കാള്‍ മുമ്പേ അദ്ദേഹം പരാജയപ്പെടുന്നതിന്‍െറ ലക്ഷണങ്ങളാണ് കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.