ഭീകരവാദ ഭീഷണിക്കെതിരെ ഒരേസമയം വിവിധ പോര്‍മുഖങ്ങള്‍ തുറക്കാന്‍ നിര്‍ബന്ധിതമായ തുര്‍ക്കി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അപ്രതീക്ഷിതമല്ളെങ്കിലും ആഗോളരാഷ്ട്രീയത്തിലെ കെണിവെപ്പുകളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സൂക്ഷ്മപഠനത്തില്‍ വ്യക്തമാകുന്നുണ്ട്. ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ സായുധസംഘത്തിനെതിരെ ഇതുവരെ സജീവമായി പോര്‍ക്കളത്തില്‍ ഇറങ്ങാതിരുന്ന തുര്‍ക്കിയെ മറിച്ചൊരു തീരുമാനം എടുപ്പിക്കുന്നതില്‍ അമേരിക്കയും സഖ്യകക്ഷികളും വിജയിച്ചപ്പോള്‍ എല്ലാവിധത്തിലും സ്വാസ്ഥ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ആ രാജ്യത്തിന്. തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയില്‍ ഐ.എസിനെതിരെ ബോംബിങ് തുടങ്ങിയ അങ്കാറ ഭരണകൂടം തങ്ങളുടെ രണ്ട് എയര്‍ബേസുകള്‍ യു.എസിനും മറ്റു രാജ്യങ്ങള്‍ക്കും തുറന്നുകൊടുത്തുകൊണ്ട് പോരാട്ടത്തില്‍ സജീവമായ പങ്കാളിയാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഐ.എസിന് എതിരെ മാത്രമല്ല, കുര്‍ദിഷ് മേഖലയിലും ആക്രമണം ശക്തമാക്കിയതോടെ ഒരേസമയം പല യുദ്ധമുഖങ്ങള്‍ തുറക്കാനും കൂടുതല്‍ നാശങ്ങള്‍ ഏറ്റുവാങ്ങാനും പോവുകയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടം. കഴിഞ്ഞദിവസം ഇസ്തംബൂളില്‍ യു.എസ് കോണ്‍സുലേറ്റിനുനേരെയും തെക്കുകിഴക്കന്‍ മേഖലയിലുമുണ്ടായ ആക്രമണ പരമ്പരകളില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ അമേരിക്ക നേതൃത്വംകൊടുക്കുന്ന അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തില്‍ തുടക്കം മുതല്‍ തുര്‍ക്കി അംഗമായിരുന്നുവെങ്കിലും സൈനിക ഓപറേഷനില്‍ ഭാഗഭാക്കായിരുന്നില്ല. അതേസമയം, സിറിയന്‍ സ്വേച്ഛാധിപതി ബശ്ശാര്‍ അല്‍അസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനാവണം മുന്‍ഗണന എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മിലിഷ്യകള്‍ക്ക് ആയുധങ്ങളും മറ്റു സഹായങ്ങളുമത്തെിക്കുന്നതില്‍ തുര്‍ക്കിയുടെ മണ്ണാണ് ഉപയോഗപ്പെടുത്തിയിരുന്നത്. 2012കാലത്ത് ഇന്നത്തെ ഐ.എസ്, ജബ്ഹതുന്നുസ്റ എന്ന പേരില്‍ അസദ്വിരുദ്ധ പോരാട്ടത്തില്‍ മുന്നേറിയപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കൊപ്പം ആ ഗ്രൂപ്പിനെ പിന്നില്‍നിന്ന് സഹായിക്കുന്നതില്‍ തുര്‍ക്കിയായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്. ഡമസ്കസില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയമാറ്റം സാധ്യമാണെന്ന് അങ്കാറഭരണകൂടം കണക്കുകൂട്ടിയിരുന്നു. എന്നാല്‍, പിന്നീട് സംഭവിച്ചതെല്ലാം ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബശ്ശാര്‍ അല്‍അസദിനെ നിഷ്കാസിതനാക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ ആവേശം കുറഞ്ഞുവരുകയും, ഐ.എസ് ഭീകരവാദം ഉന്മൂലനംചെയ്യുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന നിലപാടിലേക്ക് അറബ് രാജ്യങ്ങളെക്കൂടി എത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. അപ്പോഴും തങ്ങള്‍ മുറുകെപ്പിടിച്ച നയനിലപാടാണ് തുര്‍ക്കിക്ക് ഇപ്പോള്‍ തിരുത്തേണ്ടിവന്നിരിക്കുന്നത്. ഐ.എസിനോടുള്ള മൃദുസമീപനം രഹസ്യധാരണയുടെ പുറത്താണോയെന്നു പോലും അന്താരാഷ്ട്രസമൂഹം സംശയിച്ചിരുന്നു. അതേസമയം, സിറിയയുടെ ശിഥിലീകരണത്തിന്‍െറ പ്രത്യാഘാതം അഭയാര്‍ഥിപ്രവാഹമായി തുര്‍ക്കിയിലേക്ക് ഒഴുകിയപ്പോള്‍ രണ്ടു ദശലക്ഷത്തോളം സിറിയക്കാരെ സ്വീകരിക്കാനും അവര്‍ക്കു ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കാനും ഉര്‍ദുഗാന്‍ സര്‍ക്കാര്‍ കാണിച്ച വിശാലമനസ്കത വേണ്ടവിധം പ്രശംസിക്കപ്പെടാതെപോവുകയും ചെയ്തു.
തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം രാജ്യം നാലുപതിറ്റാണ്ട് നേരിടുന്ന മുഖ്യപ്രശ്നം കുര്‍ദു വിഘടനവാദത്തിന്‍േറതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നിരോധിക്കപ്പെട്ട കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി (പി.കെ.കെ) വെടിനിര്‍ത്തല്‍ ഉടമ്പടിയിലായിരുന്ന സര്‍ക്കാര്‍ ജയിലില്‍ കഴിയുന്ന കുര്‍ദ് നേതാവ് അബ്ദുല്ല ഒൗജ്ലാനുമായി സമാധാനചര്‍ച്ചകള്‍ക്കു പോലും മുന്നോട്ടുവന്നിരുന്നു. അതേസമയം, പടിഞ്ഞാറന്‍ യജമാനന്മാരുടെ ഇംഗിതങ്ങള്‍ക്കൊത്ത് തുള്ളാന്‍ സന്നദ്ധമല്ലാത്ത തുര്‍ക്കിക്ക് മേഖലയിലെ അഞ്ചു രാജ്യങ്ങളില്‍ -സിറിയ, യമന്‍, ഈജിപ്ത്, ഇസ്രായേല്‍, ലിബിയ- നയതന്ത്രപ്രതിനിധികള്‍ പോലും ഇല്ലാത്ത അവസ്ഥ സംജാതമാക്കി. അതിനിടയിലാണ് കഴിഞ്ഞ മാസാന്ത്യം തുര്‍ക്കിയെ ഐ.എസ് വിരുദ്ധ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തില്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ സുറൂജില്‍ 32 പേരുടെ ജീവന്‍ അപഹരിച്ച ആക്രമണമുണ്ടാവുന്നത്. ഐ.എസ് നിയന്ത്രണത്തില്‍നിന്ന് പിടിച്ചെടുത്ത കോബാന്‍ നഗരത്തിന്‍െറ പുനര്‍നിര്‍മാണത്തിലേര്‍പ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു ആ ആക്രമണം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണപൂര്‍വ തുര്‍ക്കി വിവിധ മിലിഷ്യകളുടെ നേരിട്ടുള്ള പോരാട്ടഭൂമിയായി മാറിയത് അങ്കാറ സര്‍ക്കാറിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇസ്ലാമിക് ഫ്രണ്ട്, ഫ്രീ സിറിയന്‍ ആര്‍മി, ഐ.എസ്, കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പോഷകഘടകമായ പീപ്ള്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ് തുടങ്ങിയ സായുധസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി രക്തം ചിന്തുകയാണിവിടെ.
കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കരസ്ഥമാക്കാനാവാതെ രാഷ്ട്രീയാനിശ്ചിതത്വത്തിലായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയെ അപൂര്‍വമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സിറിയയിലെ തീരാപ്രശ്നങ്ങളും ഐ.എസ് ഉയര്‍ത്തുന്ന ഭീകരവാദ ഭീഷണിയും. എത്ര ശ്രമിച്ചാലും ആഗോളശക്തികള്‍ എഴുതിത്തയാറാക്കുന്ന തിരക്കഥയില്‍നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ളെന്ന യാഥാര്‍ഥ്യമാണ് പുതിയ സംഭവവികാസങ്ങള്‍ കൈമാറുന്ന സന്ദേശം. തുര്‍ക്കിയുടെ അനുഭവങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പാഠമാവേണ്ടതുണ്ട്. സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വിധേയമായി രൂപപ്പെടുത്തുന്ന ഏത് വിദേശനയവും ക്ഷണിച്ചുവരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതമായിരിക്കാം. വരുംദിവസങ്ങളില്‍ വിവിധ തീവ്രവാദ മിലിഷ്യകളില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവരുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്ത് ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് പഴയ ഒട്ടോമന്‍ സാമ്രാജ്യത്തിന്‍െറ ബാക്കിപത്രമായ ഈ യൂറോപ്യന്‍ രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.