കുടിയേറ്റക്കാര്‍ക്ക് പൗരത്വദാനം: മനുഷ്യത്വമാവണം മാനദണ്ഡം

അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ‘പീഡിതര്‍ക്ക്’ പൗരത്വം നല്‍കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി 1955ലെ പൗരത്വ നിയമവും 1920ലെ പാസ്പോര്‍ട്ട് നിയമവും ഭേദഗതി ചെയ്യാനുള്ള സര്‍ക്കാറിന്‍െറ നീക്കം വിവാദങ്ങള്‍ക്കും പലവിധ വ്യാഖ്യാനങ്ങള്‍ക്കും ഇടംനല്‍കുമെന്നുറപ്പാണ്. കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇവ്വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ളെങ്കിലും പാകിസ്താനില്‍നിന്നും ബംഗ്ളാദേശില്‍നിന്നും സാമുദായിക പീഡനങ്ങളത്തെുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കാന്‍ പഴുതുണ്ടാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ ഉന്നമിടുന്നതെന്നാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഇതുവരെ കിട്ടിയ വിവരം. നമ്മുടെ മണ്ണില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയെന്ന ശ്രേഷ്ഠമായ ഒരു സമീപനത്തില്‍നിന്നാണ് ഇത്തരമൊരു ചിന്ത ഉദയം ചെയ്തതെന്ന് കരുതാന്‍ നിവൃത്തിയില്ല. ഒരുഭാഗത്തൂടെ, കുടിയേറ്റക്കാരെ നിയമവിരുദ്ധരായും രാജ്യദ്രോഹികളായും മുദ്രകുത്തി, അവരെ പുറന്തള്ളാന്‍ മാര്‍ഗങ്ങള്‍ ആരായുന്ന ഭരണ-രാഷ്ട്രീയ നേതൃത്വം മറ്റൊരു ഭാഗത്തൂടെ അന്യദേശക്കാര്‍ക്ക് പൗരത്വം ദാനംചെയ്യാന്‍ വിശാലമനസ്കത കാട്ടുമ്പോള്‍ ആ വൈരുധ്യത്തില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ട കാണാതിരിക്കാന്‍ സാധ്യമല്ല. അയല്‍രാജ്യങ്ങളില്‍ മതധ്വംസനങ്ങള്‍ക്ക് ഇരയാവുന്നവരെ കണ്ടുപിടിച്ച് അഭയമരുളാന്‍ നാം നടത്തുന്ന ശ്രമങ്ങള്‍പോലും വ്യക്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍െറ പ്രയോഗവത്കരണമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടില്ളെങ്കിലേ അദ്ഭുതമുള്ളൂ.
കുടിയേറ്റത്തിന്‍െറയും അഭയാര്‍ഥികളുടെയും പ്രശ്നം ഇന്ന് ലോകസമൂഹത്തെ ഒന്നാകെ അലട്ടുന്ന സമസ്യയാണ്. രാഷ്ട്രാന്തരീയ മനുഷ്യാവകാശ പ്രഖ്യാപനം 14 (1) ഖണ്ഡികയില്‍, ക്രൂരതകളില്‍നിന്ന് രക്ഷതേടി മറ്റുരാജ്യങ്ങളില്‍ അഭയംതേടാന്‍ പൗരന്മാര്‍ക്ക് അവകാശമുള്ളതായി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ കുടിയേറ്റപ്രശ്നത്തിന്‍െറ വേരുകള്‍ നീളുന്നത് ആറര പതിറ്റാണ്ടുമുമ്പ് രാജ്യം വിഭജിക്കപ്പെട്ടപ്പോഴുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലാണ്. രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ 15 ദശലക്ഷത്തോളം മനുഷ്യര്‍ ഇരുരാജ്യങ്ങളില്‍ അഭയാര്‍ഥികളായി മാറിയ ദുരന്തത്തിനാണ് കാലം സാക്ഷിയായത്. വിഭജനാനന്തരം നിലനിന്ന പ്രക്ഷുബ്ധമായ സാമൂഹിക-സാമുദായിക പരിസരം പ്രശ്നം കൂടുതല്‍ വഷളാക്കിയപ്പോഴാണ് ഓരോ രാജ്യത്തിനും അവരുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കാനുള്ള പൂര്‍ണബാധ്യതയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന നെഹ്റു-ലിയാഖത്തലി ഖാന്‍ ഉടമ്പടി ഒപ്പുവെക്കുന്നത്. ഇന്ത്യ-പാക് യുദ്ധവേളകളിലും മറ്റേതു യുദ്ധങ്ങളിലേതുപോലെ,  അതിര്‍ത്തിനിവാസികള്‍ പരമാവധി സുരക്ഷിതമായ ഇടങ്ങളിലേക്ക് ചേക്കേറിയത് നമ്മുടെ രാജ്യത്ത് കുടിയേറ്റ പ്രവാഹം രൂക്ഷമാക്കിയിരുന്നു. ഇതിനെല്ലാം പുറമെ, മോശപ്പെട്ട ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള മോചന പ്രതീക്ഷയുമായി ജോലിതേടി വടക്കുകിഴക്കന്‍ മേഖലയിലേക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്ന് കുടിയേറ്റമുണ്ടായിട്ടുണ്ട്. വിഷയത്തെ അതിന്‍െറ സമഗ്രതയില്‍ വീക്ഷിക്കുന്നതിനു പകരം മതപീഡനത്തിന്‍െറ കുടുസ്സായ കോണിലൂടെ മാത്രം സമീപിക്കുന്നത് പ്രശ്നപരിഹാരമല്ല ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നു.
അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അംഗബലം ശക്തിപ്പെടുത്തുകയെന്ന തികച്ചും പ്രതിലോമപരമായ കാഴ്ചപ്പാട് മുറുകെ പിടിക്കുന്നവരാണ് സംഘ്പരിവാര്‍ നേതൃത്വം. ഇന്ത്യ ‘പീഡിതരായ ഹിന്ദുക്കളുടെ സ്വാഭാവിക അഭയകേന്ദ്രമായിരിക്കു’മെന്ന് 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി പറയുന്നുണ്ട്. ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറാന്‍ ഹിന്ദുസമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ മുമ്പ് ആഹ്വാനം ചെയ്തിരുന്നു.  ജൂതസമൂഹത്തോട് ഇസ്രായേലിലേക്ക് പ്രവഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന സയണിസ്റ്റ് നിലപാടിന്‍െറ മറ്റൊരു രൂപമാണിത്. നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് ഒരുവര്‍ഷത്തിനകം പാകിസ്താനില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമുള്ള 4200 പേര്‍ക്ക് പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.പി.എ സര്‍ക്കാറിന്‍െറ അഞ്ചുവര്‍ഷത്തിനിടയില്‍ മൊത്തം നല്‍കിയത് 1023 പേര്‍ക്കായിരുന്നുവത്രെ. നിര്‍ദിഷ്ട നിയമഭേദഗതി പാസാവുന്നതോടെ അനധികൃത കുടിയേറ്റമുദ്ര പേറുന്ന വലിയൊരു വിഭാഗത്തിനു പൗരത്വം കിട്ടാന്‍ വഴിതെളിയും. വളരെ നല്ലത്. എന്നാല്‍,  മാനുഷിക പരിഗണനയായിരിക്കില്ല പൗരത്വ ദാനത്തിന്‍െറ മാനദണ്ഡമെന്നുവരുന്നത് അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘര്‍ഷം വര്‍ധിപ്പിക്കുന്ന സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടുക. കുടിയേറ്റക്കാരെ മതത്തിന്‍െറ പേരില്‍ വേര്‍തിരിച്ച് നയരൂപവത്കരണം നടത്തുന്നത് ഒരു മതത്തോടും പ്രത്യേക വിവേചനമോ വിധേയത്വമോ പാടില്ലായെന്ന നമ്മുടെ മതേതര സങ്കല്‍പത്തിന്‍െറ കടയ്ക്കല്‍ കത്തിവെക്കുന്നതിനു തുല്യമാണെന്ന് മനസ്സിലാക്കി  ആ നീക്കം തിരുത്തിക്കാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.