കുഞ്ഞിനെ ചുട്ടുകൊല്ലുന്ന ഭീകരത

ഏറ്റവും കടുത്ത പക്ഷപാതിക്കുപോലും ന്യായീകരിക്കാന്‍ പറ്റാത്തവിധം സയണിസ്റ്റ് ക്രൂരത പത്തിവിടര്‍ത്തിയാടുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ  ദൂമഗ്രാമത്തില്‍ ഒന്നരവയസ്സുകാരനെ പച്ചക്ക് ചുട്ടുകൊന്നു, അനധികൃത ജൂത കുടിയേറ്റക്കാര്‍. അലി  സഅദ്  ദവാബ്ശ എന്ന പിഞ്ചുകുഞ്ഞും  മാതാപിതാക്കളും സഹോദരനുമടങ്ങുന്ന വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ അക്രമികള്‍ ചുമരില്‍ ‘പ്രതികാരം’ എന്നും മറ്റും എഴുതിവെക്കാനും മറന്നില്ല. കുടുംബത്തിലെ മറ്റംഗങ്ങള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ്. അവരോട് ‘പ്രതികാരം’ ചെയ്തവരോട് അവരാരെങ്കിലും എന്തെങ്കിലും ചെയ്തിട്ടല്ല ഈ പൈശാചികത.  മറിച്ച്, അനധികൃത കുടിയേറ്റം ഇനിയും എളുപ്പം സാധിക്കുന്നില്ല എന്നതിലുള്ള രോഷപ്രകടനം മാത്രം. സാധാരണയായി സയണിസ്റ്റ് അതിക്രമങ്ങളെ വെള്ളപൂശാറുള്ളവര്‍ക്കുപോലും നടുക്കമുണ്ടാക്കിയിട്ടുണ്ട് സംഭവം. യു.എസ് വിദേശകാര്യവകുപ്പിനും യു.എന്‍ സെക്രട്ടറി ജനറലിനും മാത്രമല്ല ഇസ്രായേലി അധികൃതര്‍ക്കുപോലും അതിനെ അപലപിക്കേണ്ടിവന്നിരിക്കുന്നു. ഇത്തരം കൊടുംകൃത്യത്തിലേക്ക് നയിച്ച ഇസ്രായേലിന്‍െറ വംശീയതയും സങ്കുചിത ദേശീയതയും ആ രാജ്യത്തിന്‍െറതന്നെ നാശത്തിന് വഴിവെക്കുന്നതിന്‍െറ ലക്ഷണംകൂടിയാണ് ഇപ്പോള്‍ ലോക രാജ്യങ്ങളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍.
കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ ഇതാദ്യമല്ല. ഫലസ്തീന്‍ പ്രദേശങ്ങള്‍ അന്യായമായി കൈയേറി കുടിയേറ്റംനടത്തുന്ന ഇസ്രായേലികള്‍ നിത്യേനയെന്നോണം ചെറുതും വലുതുമായ അക്രമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. 2004 മുതല്‍ 11,000 അക്രമങ്ങള്‍ കുടിയേറ്റക്കാര്‍ നടത്തിയതായി ഒൗദ്യോഗിക രേഖകള്‍ പറയുന്നു. പരാതി കിട്ടിയാല്‍ അത് രജിസ്റ്റര്‍ ചെയ്തശേഷം ആളറിയാത്ത ഏതാനും പേര്‍ക്കെതിരെ ഇസ്രായേല്‍ അധികൃതര്‍ കേസെടുക്കും; ഏതാനും ദിവസങ്ങള്‍ക്കകം അന്വേഷണം അവസാനിപ്പിക്കും. കുറ്റവാളികള്‍ക്ക് കിട്ടുന്ന ഈ കുറ്റമുക്തിതന്നെ അക്രമങ്ങള്‍ക്ക് പ്രേരണയാകുന്നുണ്ട്. പിഞ്ചുകുഞ്ഞിനെ ചുട്ടുകൊന്നസംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 17 വയസ്സുകാരായ രണ്ടു ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മറച്ചുപിടിക്കാനാവാത്തവിധം സയണിസ്റ്റ് ഭീകരത തനിനിറം പുറത്തെടുത്തുകൊണ്ടിരിക്കുന്നു.
ജൂത കുടിയേറ്റം നീതിയുടെയും നിയമത്തിന്‍െറയും സകല അതിരുകളും ഭേദിച്ചുതുടങ്ങിയതായാണ് പുതിയ സംഭവവികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. അധിനിവിഷ്ട പ്രദേശങ്ങളുടെ സുരക്ഷക്ക് അധിനിവേശരാഷ്ട്രം ഉത്തരവാദിയാണ് എന്നതാണ് അന്താരാഷ്ട്രനിയമം. അതുകൊണ്ടുതന്നെ, ഫലസ്തീന്‍ പ്രദേശങ്ങളിലെ ഓരോ കുടിയേറ്റവും നാലാം ജനീവാ കരാറിന്‍െറ ലംഘനമാണ്. ഇസ്രായേലാകട്ടെ നൂറുകണക്കിന് പ്രദേശങ്ങള്‍ കൈയേറി ജൂത കുടിയേറ്റകേന്ദ്രങ്ങളുണ്ടാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെങ്കിലും കുടിയേറ്റങ്ങളെ ഇസ്രായേലി നിയമവും കോടതികളും ന്യായീകരിക്കാറുണ്ട്.  എന്നാല്‍, അവക്കുപോലും ന്യായീകരിക്കാനാകാത്തവിധം കുടിയേറ്റവും അക്രമവും വര്‍ധിക്കുമ്പോള്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍വേണ്ടി ഇസ്രായേലി അധികൃതര്‍ക്ക് കുടിയേറ്റക്കാരെ നിയന്ത്രിക്കേണ്ടിവരുന്നുണ്ട്. ചിലപ്പോള്‍ അനധികൃത കുടിയേറ്റ ഗൃഹങ്ങള്‍ പൊളിച്ചുനീക്കേണ്ടി വരാറുമുണ്ട്. ആ വിലക്കിനെയും ധിക്കരിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം കുടിയേറ്റക്കാര്‍ക്ക് കിട്ടുന്നത് ഭരണകൂടത്തിന്‍െറ ഉദാരസമീപനം കൊണ്ടുതന്നെ. അതുകൊണ്ട്, കൂടുതല്‍ കുടിയേറ്റം നടത്താന്‍ കഴിയാത്തതിന്‍െറ പക അവര്‍ തീര്‍ക്കുന്നത്  ഇരകളായ ഫലസ്തീന്‍കാര്‍ക്കുനേരെ കൂടുതല്‍ അക്രമം നടത്തിക്കൊണ്ടാണ്- ‘പ്രൈസ് ടാഗ്’ അക്രമങ്ങളെന്നാണ് ഈ പൈശാചികതക്ക് അവര്‍ പറയുന്നപേര്. ദൂമഗ്രാമത്തില്‍ വീട്ടില്‍ തീയിട്ടതിനെ ഇങ്ങനെ അവര്‍ ന്യായീകരിക്കുന്നു.
കൊടും ഭീകരര്‍ക്കുമാത്രമേ ഇത്തരം നിലപാടെടുക്കാനാവൂ. ഈ സയണിസ്റ്റ് ഭീകരതയാകട്ടെ അടുത്തകാലത്ത് പിഞ്ചുകുഞ്ഞുങ്ങളെയാണ് ഉന്നമിടുന്നത്. ഇക്കൊല്ലം മാത്രം ഇസ്രായേലി കുടിയേറ്റക്കാര്‍ 120 അക്രമങ്ങള്‍ നടത്തിയതായി യു.എന്‍ സാക്ഷ്യപ്പെടുത്തുന്നു.18 മാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുകൊന്നത്, ജറൂസലമില്‍ നടത്തിയ മറ്റൊരു ‘പ്രൈസ് ടാഗ്’ കൊലയുടെ വാര്‍ഷികവേളയിലാണ്- 16 കാരന്‍ അബൂ ഖദീറിനെ 2014ല്‍ ചുട്ടുകൊന്നതും ഇതേപോലെ, ഇതേ ‘ന്യായം’ പറഞ്ഞായിരുന്നു. കഴിഞ്ഞ ഗസ്സ ആക്രമണകാലത്ത് ഒരു കുടുംബത്തിലെ നാലുബാലന്മാരെ ഫുട്ബാള്‍ കളിക്കിടെ വെടിവെച്ചുകൊന്നത് മറ്റൊരുസംഭവം. ഇസ്രായേലി തടവറകളില്‍ 6000 ഫലസ്തീനികള്‍ രാഷ്ട്രീയത്തടവുകാരായി കഴിയുന്നുണ്ട് -ബാലന്മാരടക്കം. ഗസ്സ ആക്രമണത്തില്‍ 2220 ഗസ്സക്കാര്‍ കൊല്ലപ്പെട്ടതില്‍ 1492 പേര്‍ സിവിലയന്മാരാണ്. അതില്‍തന്നെ 551 പേര്‍ കുട്ടികളും.
യുദ്ധക്കുറ്റങ്ങളുടെ ഗണത്തില്‍ നിസ്സംശയം പെടുന്നതാണ് ഇതെല്ലാം. ഇസ്രായേലില്‍ പെരുകിവരുന്ന വലതുപക്ഷ അക്രമങ്ങള്‍ അവര്‍ക്കുതന്നെ തലവേദനയായി തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി ബോധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫലസ്തീന്‍. ഇസ്രായേലിനെതിരായ ഉപരോധത്തിന് ആഗോളപിന്തുണ വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍, പ്രശ്നത്തിന് സ്ഥായിയായ പരിഹാരമുണ്ടാകാന്‍ പതിറ്റാണ്ടുകളായി ഇസ്രായേല്‍ തുടരുന്ന നിയമവിരുദ്ധ അധിനിവേശംതന്നെ തിരുത്തപ്പെടണം. അതിന് ലോകരാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണം.  തൊട്ടിലിലുറങ്ങുന്ന കുഞ്ഞിനെ തീയിട്ടുകൊല്ലുന്ന ഹിംസയില്‍ നമുക്കാര്‍ക്കും പങ്കുണ്ടാകരുത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.