നിത്യക്കടക്കാരന്‍െറ സങ്കടങ്ങള്‍

‘അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമേ...’ എന്നത് പണ്ട് കേരളത്തിലെ ചെറുപ്പക്കാര്‍ തെരുവുതോറും വിളിച്ചുനടന്ന മുദ്രാവാക്യമായിരുന്നു. കാര്യങ്ങള്‍ ഇത്തിരിയൊക്കെ ഭേദമായെങ്കിലും പഴയ മുദ്രാവാക്യം വീറോടെ വിളിക്കേണ്ടിവരുമെന്നാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന. തുണിയും പണിയും തല്‍ക്കാലം മാറ്റിവെച്ചാലും അരിക്കുവേണ്ടി ഇക്കുറി അയല്‍സംസ്ഥാനത്തോട് യുദ്ധംതന്നെ വേണ്ടിവന്നേക്കും.
കഴിഞ്ഞ ദിവസം ആന്ധ്രയില്‍നിന്ന് മുണ്ടും തോളിലിട്ട് കൊച്ചിയില്‍ ചര്‍ച്ചക്കുവന്ന അരിമില്‍ മുതലാളികള്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയുടെ മുഖത്തുനോക്കി തട്ടുപൊളിപ്പന്‍ തെലുങ്കു സിനിമാ സ്റ്റൈലില്‍ പറഞ്ഞിട്ട് പോയത് ഇത്രമാത്രം: തരാനുള്ള കാശ് മര്യാദക്ക് തന്നില്ളെങ്കില്‍ ആന്ധ്രയില്‍നിന്ന് കാക്കക്ക് കൊത്താന്‍ പോലും ഒരുമണി അരി കേരളത്തിലത്തെില്ല. മൂന്നുനേരം അരിയാഹാരം കഴിക്കുകയും ആ ഒറ്റക്കാരണത്താല്‍ ബുദ്ധി പെരുത്തെന്ന് വീമ്പിളക്കുകയും ചെയ്യുന്ന മലയാളിയുടെ വയറ്റില്‍ കുത്തുന്ന പ്രഖ്യാപനമാണിത്. അല്ലറച്ചില്ലറയൊന്നുമല്ല കണ്‍സ്യൂമര്‍ ഫെഡ്, മില്ലുടമകള്‍ക്ക് കൊടുക്കാനുള്ളത്. 82 കോടി രൂപയാണ്.
സഹകരണ വകുപ്പിന്‍െറ കീഴിലെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ അരി മാത്രമല്ല തടയുന്നത്. സ്ഥിരം ഇടപാടുകാരനെങ്കിലും കുടിശ്ശിക വരുത്താത്ത ഭക്ഷ്യവകുപ്പിന്‍െറ കീഴിലെ സപൈ്ളകോക്കുള്ള അരിയുംകൂടിയാണ്. അതായത്, റേഷന്‍ കടകളും മാവേലി സ്റ്റോറുകളും ഈ ഓണക്കാലത്ത് മാനംനോക്കി ഇരിക്കേണ്ടിവരുമെന്ന് സാരം. ഓണം തൊട്ടപ്പുറത്ത് നില്‍ക്കുമ്പോഴാണ് മില്‍ മുതലാളികള്‍ കടുംവെട്ടുമായി വന്നിരിക്കുന്നത്. ഓണമെന്ന മര്‍മത്തില്‍ കുത്തുമ്പോള്‍ തങ്ങളുടെ ലക്ഷ്യം എളുപ്പം നേടാമെന്ന് മില്ലുടമകള്‍ കണക്കുകൂട്ടുന്നു.
മാസംതോറും 75,000 ടണ്‍ അരിയാണ് ആന്ധ്രയില്‍നിന്ന് ട്രെയിനില്‍ മാത്രം കേരളത്തില്‍ എത്തുന്നത്. ഇതിനു പുറമേ 15,000 ടണ്‍ അരി ലോറി വഴിയും എത്തും. ഉത്സവസീസണുകളില്‍ ഇതിന്‍െറ അളവ് വന്‍തോതില്‍ വര്‍ധിക്കും. ആന്ധ്രയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും 1500 ഓണച്ചന്തകള്‍ ഇക്കുറി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് തലയില്‍തൊട്ട് സത്യംചെയ്തിരിക്കുകയാണ്. മില്‍മുതലാളിമാര്‍ ഭീഷണി മുഴക്കുന്നതിന് മുമ്പ് എങ്ങനെയോ ഭക്ഷ്യവകുപ്പ് ഗോഡൗണുകളില്‍ എത്തിയ 37,000 ടണ്‍ അരിയുടെ ബലത്തിലാണ് ഈ ഉറപ്പ്. പക്ഷേ, ഒരു ലക്ഷം ടണ്ണോളം അരി വേണ്ടിവരുന്ന ഈ സീസണില്‍ ഗോഡൗണിലുള്ളത് വളരെ അപര്യാപ്തമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?
യഥാര്‍ഥത്തില്‍ ആന്ധ്ര മില്‍മുതലാളിമാരുടെ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാത്തതിന്‍െറ കാരണം കണ്‍സ്യൂമര്‍ ഫെഡിലെ കുമ്മിയടിയാണ്. സഹകരണ വകുപ്പ് മന്ത്രിയുടെ ഗ്രൂപ്പുകാരന്‍കൂടിയായ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ. ജോയ് തോമസും എം.ഡി ടോമിന്‍ തച്ചങ്കരിയും തമ്മില്‍ നടക്കുന്ന പോരുകാരണം കുടിശ്ശിക അടക്കാന്‍ കണ്ടുപിടിച്ച പോംവഴിയും അടയുകയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സഹകരണ ബാങ്കുകളില്‍നിന്ന് 25 കോടി വീതം വായ്പ കണ്ടത്തൊന്‍ നടത്തിയ നീക്കമാണ് തമ്മിലടിയില്‍ പൊളിഞ്ഞത്.
പ്രതിസന്ധി പരിഹരിക്കാന്‍ അറ്റകൈ പ്രയോഗത്തിന് സര്‍ക്കാര്‍ മുതിര്‍ന്നില്ളെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും. കേരളത്തിലേക്ക് ഇറച്ചി ആവശ്യത്തിനായി കന്നുകാലികളെ കൊണ്ടുവരുന്നത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും വ്യാപാരികള്‍ ഇതിനെതിരെ ഈ മാസം ഏഴിന് കോയമ്പത്തൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനിരിക്കുകയാണ്.
മുല്ലപ്പെരിയാറില്‍ വെള്ളം കുറഞ്ഞാലും ട്രക്കുകള്‍ പണിമുടക്കിയാലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടാലും വയറ്റില്‍ തീയാളുന്നവരായി മലയാളികള്‍ മാറിയിട്ട് കാലങ്ങളായി. കേരളത്തിലത്തെുന്നത് വിഷംകലര്‍ന്ന ഭക്ഷ്യവസ്തുക്കളാണെന്ന് തിരിച്ചറിവുണ്ടായിട്ടും ചുരം കടന്നുവരുന്ന ലോറികള്‍ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ടവരായി മലയാളി പാകപ്പെട്ടുകഴിഞ്ഞു. വിഷത്തെക്കുറിച്ചുള്ള വീണ്ടുവിചാരംകൊണ്ട് വീടിനു മുകളില്‍ പച്ചക്കറി വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നല്ല കാര്യം. പക്ഷേ, വീടുതന്നെ നില്‍ക്കുന്നത് നൂറുമേനി വിളഞ്ഞ നെല്‍വയലുകള്‍ക്കു മുകളിലാകുമ്പോള്‍ അരി തിരിച്ചുപിടിക്കാനുള്ള അവസാനത്തെ സാധ്യതയും അടയുകയും മറ്റു സംസ്ഥാനങ്ങള്‍ക്കുമുന്നില്‍ നിത്യക്കടക്കാരനായിത്തീരുകയുമാണ്. അതുകൊണ്ട്, കുടിശ്ശിക എത്രയും വേഗമടച്ച് അരിമുട്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ളെങ്കില്‍, ജനങ്ങള്‍ പഴയ മുദ്രാവാക്യം വീണ്ടും വിളിക്കേണ്ടിവരും!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.