ചില സംഭവങ്ങള്‍ അങ്ങനെയാണ്. വലിയ കൊടുങ്കാറ്റിന് തുടക്കമിടുന്ന ഇലമര്മരങ്ങളാവാം അവ. ആര്‍ച്ച് ഡ്യൂക് ഫെര്‍ഡിനാന്റിന്റെ കൊലപാതകം ഒന്നാം ലോകയുദ്ധത്തിന് തുടക്കമിട്ടതുപോലെ. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയെ വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അപമാനിച്ചുവിട്ട സംഭവം ചരിത്രത്തിലെ അത്തരമൊരു നാഴികക്കല്ലാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്. രണ്ടാം ലോക യുദ്ധശേഷം ലോകത്തിന്റെ ഗതി നിര്‍ണയിച്ചത് അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയും സോവിയറ്റ് നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ചേരിയും തമ്മിലെ ശീതയുദ്ധമാണ്.1990കളില്‍ സോവിയറ്റ് യൂനിയന്റെ പതനത്തോടെ കമ്യൂണിസ്റ്റ് ചേരി ഛിദ്രമായി. ഗോര്‍ബച്ചേവിന്റെയും ബോറിസ് യെല്റ്റ്സിന്റെയും കാലഘട്ടം മുതലാളിത്ത-കമ്യൂണിസ്റ്റ് ചേരികള്‍ തമ്മിലെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ചൈനയും റഷ്യയും പിന്നീട് മുതലാളിത്ത ചേരിക്കെതിരെ ശക്തമായി നിലയുറപ്പിക്കുന്നതാണ് കണ്ടത്. ഒരേസമയം റഷ്യയുമായി ചങ്ങാത്തം സ്ഥാപിച്ചും ചൈനക്കെതിരെ തീരുവയുദ്ധം നടത്തിയും മുതലാളിത്ത ചേരിയെയും കമ്യൂണിസ്റ്റ് ചേരിയെയും നെടുകെ പിളര്‍ത്തി ആ സമവാക്യം മാറ്റിത്തിരുത്താൻ ശ്രമിക്കുകയാണ് ട്രംപ്.
യുക്രെയ്നെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതും റഷ്യയെ പ്രകോപിപ്പിച്ചതും അമേരിക്കയാണെന്നും സെലന്‍സ്കി അവരുടെ കരു മാത്രമാണെന്നുമാണ് ഇന്ത്യന്‍ നയതന്ത്ര വിദഗ്ധൻ പങ്കജ് സരണ്‍ വിലയിരുത്തിയത്. ചതുരംഗപ്പലകയില്‍ ഒരു കാലാളായി സെലന്‍സ്കി അടിതെറ്റിവീഴുന്നത് ചരിത്രത്തിലെ മറ്റൊരു തമാശയാവാം.
വിചിത്ര യുക്തി
അധിനിവേശത്തിനെതിരെ പൊരുതുക എന്നത് ഏതൊരു രാജ്യത്തിന്റെയും അവകാശമായി അംഗീകരിക്കുമെങ്കില്‍, യുക്രെയ്ന് വര്‍ത്തമാനകാലഘട്ടത്തില്‍ ഏറ്റവും സമാനതകളുള്ളത് ഫലസ്തീനുമായാണ്. അതിശക്തരായ ആണവരാജ്യങ്ങളാണ് റഷ്യയും ഇസ്രായേലും. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയാണ് ഇരു രാജ്യങ്ങളും കൊടിയ ആക്രമണം അഴിച്ചുവിട്ടത്. അധിനിവിഷ്ട യുക്രെയ്നില്‍ റഷ്യ പുലര്‍ത്തുന്ന വംശീയവിവേചനത്തിന്റെ പതിന്മടങ്ങാണ് ഫലസ്തീനില്‍ ഇസ്രായേല്‍ പുലര്‍ത്തുന്നത്. എന്നിട്ടും സ്വയംപ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം അനിഷേധ്യമാണെന്ന വിചിത്രയുക്തിയാണ് സെലന്‍സ്കി പ്രകടിപ്പിച്ചത്. ഇസ്രായേല്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സെലന്‍സ്കി പറഞ്ഞു, ഭീകരതക്കുമുന്നില്‍ ഒരു നിയമത്തിന്റെയും ആവശ്യമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിയമം നോക്കുകുത്തി മാത്രമാണ്.
റഷ്യന്‍ അധിനിവേശത്തിനെതിരെ ധീരമായാണ് യുക്രെയ്ന് ചെറുത്തുനിന്നത്. റഷ്യന്‍ സേനക്കെതിരെ മാത്രമായിരുന്നില്ല അവരുടെ ആക്രമണം. ഓയില്‍ റിഫൈനറികള്ക്കുനേരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. യുക്രെയ്ന് ആക്രമണങ്ങളില്‍ എണ്ണൂറിലേറെ സിവിലിയന്മാര് കൊല്ലപ്പെടുകയും അയ്യായിരത്തോളം സിവിലിയന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് 2024ല്‍ റഷ്യ പുറത്തുവിട്ട കണക്ക്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സെലന്‍സ്കിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഇത് യുദ്ധമാണ്. യുക്രെയ്ന് സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ എല്ലാ അവകാശവുമുണ്ട്. റഷ്യക്ക് ഭൂമി വിട്ടുകൊടുത്തുകൊണ്ട് സമാധാനസന്ധിയുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത്തരമൊരു പരിഹാരം തന്റെ മുന്നിലില്ലെന്നായിരുന്നു പ്രതികരണം.
അതേസമയം അധിനിവിഷ്ട ഇസ്രായേലിനെതിരായ ഹമാസിന്റെ പോരാട്ടത്തെ ഭീകരാക്രമണമായി സെലന്‍സ്കി വിശേഷിപ്പിച്ചു. ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അവരുടെ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ യുക്രെയ്ന് വംശജയായ മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്ഡാമെയറിനെ അഭിമാനപൂര്‍വം പ്രകീര്‍ത്തിച്ചു. യുക്രെയ്നും ഇസ്രായേലും സമാനമായ അവസ്ഥയിലാണ്. ഇരു രാജ്യങ്ങള്‍ക്കുമെതിരായ ഭീഷണി സമാനമാണ്. നമ്മുടെ രാജ്യവും സംസ്കാരവും പേരുകള്‍ പോലും നിലനില്ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ അയല്‍ക്കാര്‍. തങ്ങള്‍ ജീവിച്ചിരിക്കരുതെന്ന് കൊതിക്കുന്നവരാണ് അവര്‍ -സെലന്‍സ്കി പറഞ്ഞു. ഫലസ്തീന് രാഷ്ട്രീയ നിരീക്ഷകന് ആസാദ് ഗാനിം വിശേഷിപ്പിച്ചതു പോലെ ഒരു പ്രസംഗത്തിലൂടെ സെലന്‍സ്കി അധിനിവേശം നടത്തുന്നവരുടെയും അധിനിവിഷ്ട ജനതയുടെയും തലകള്‍ മാറ്റിവെച്ചു. സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള വിപ്രവാസികളായ ഫലസ്തീനികളുടെ അവകാശം പേരിനെങ്കിലും സംരക്ഷിക്കുന്ന യു.എന്‍ കമ്മിറ്റിയില്‍നിന്ന് 2020ല്‍ യുക്രെയ്ന് രാജിവെച്ചു. 2022 ജനുവരിയില്‍ യുക്രെയ്നിൽ നിന്നുള്ള യഹൂദ ജനതയെ ഇസ്രായേല്‍ സ്വാഗതം ചെയ്തത് സ്വന്തം ഭവനത്തിലേക്ക് കടന്നുവരൂ എന്ന് ആശംസിച്ചാണ്. അവരെ കുടിയിരുത്തിയത് അധിനിവിഷ്ട ഫലസ്തീന് മണ്ണിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സിറിയയില്‍നിന്ന് പിടിച്ചെടുത്ത ഭൂമിയിലും അധിനിവിഷ്ട ഗോലാന്‍ കുന്നുകളിലുമാണ്.
യുക്രെയ്നും ഇസ്രായേലും സമമല്ല
യുക്രെയ്നെയും ഇസ്രായേലിനെയും സമീകരിക്കുന്നതിലൂടെ ഇസ്രായേലിന് ലഭിക്കുന്ന നിരുപാധിക അമേരിക്കന്‍ പിന്തുണ യുക്രെയ്നും അര്‍ഹിക്കുന്നുവെന്നാണ് സെലന്‍സ്കി സ്ഥാപിക്കാൻ ശ്രമിച്ചത്. ആ വിചിത്രയുക്തിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു വൈറ്റ് ഹൗസിലെ സംഭവങ്ങള്‍. രണ്ടാം തവണ അധികാരമേറ്റതു മുതല്‍ ട്രംപ് ഭരണകൂടം പെരുമാറുന്നത് ഒരു നിയമവും ബാധകമല്ലാത്ത ഗുണ്ടാസംഘത്തെപ്പോലെയാണ്. അധിക നികുതി ചുമത്തി നിങ്ങളുടെ സമ്പദ്ഘടന തകര്ക്കേണ്ടതില്ലെങ്കില്, നിങ്ങളുടെ ഭൂമി പിടിച്ചെടുക്കേണ്ടതില്ലെങ്കില് അമേരിക്കക്ക് വഴങ്ങുക. ഇതാണ് വൈറ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തിയും അല്ലാതെയും ഓരോ രാഷ്ട്രത്തലവന്മാര്ക്കും അവര്‍ നല്കിയ സന്ദേശം. സെലന്സ്കിപോലും അമേരിക്കയിലേക്ക് വന്നത് അമേരിക്കന്‍ സഹായത്തിന് പകരമായി യുക്രെയ്ന്റെ പ്രകൃതി വിഭവങ്ങളില്‍ അമേരിക്കക്ക് അവകാശം പതിച്ചുനല്‍കുന്ന കരാറില്‍ ഒപ്പുവെക്കാനായാണ്. ലോകത്തിലെ അപൂര്‍വ ധാതുലവണങ്ങളുടെ അഞ്ച് ശതമാനം യുക്രെയ്നിലാണ്, രണ്ടുകോടി ടണ്‍ ഗ്രാഫൈറ്റിന്റെ ശേഖരമുണ്ട് അവിടെ. യൂറോപ്പിലെ ലിതിയം ശേഖരത്തിന്റെ മൂന്നിലൊന്നും യുക്രെയ്നിലാണ്. ചെമ്പ്, ലെഡ്, സിങ്ക്, വെള്ളി, നിക്കല്‍, കോബാള്‍ട്ട് എന്നിവയുടെയും വലിയ ശേഖരമുള്ള രാജ്യമാണ് അത്.
സൈനിക സഹായത്തിന് പകരമായി യുക്രെയ്ന്റെ പ്രകൃതിവിഭവങ്ങളിലുള്ള അവകാശം അമേരിക്ക പിടിച്ചുവാങ്ങുമ്പോള്‍ സെലന്‍സ്കി ഒരു വേള ബിന്യമിന് നെതന്യാഹുവിനെക്കുറിച്ച് ചിന്തിച്ചുപോയിട്ടുണ്ടാവാം. ഇസ്രായേലും യുക്രെയ്നും സമാനമല്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുമുണ്ടാവാം. വൈറ്റ് ഹൗസിലെ വാക്കുതര്‍ക്കത്തിനിടെ ട്രംപ് ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ആയുധം നല്കി സഹായിച്ചില്ലെങ്കില്‍ യുക്രെയ്ന് എത്രകാലം റഷ്യക്കുമുന്നില്‍ പിടിച്ചുനില്ക്കാന് സാധിക്കുമെന്ന്. സ്വാഭാവികമായും ഇതേ ചോദ്യം നെതന്യാഹുവിനോടും ചോദിക്കാവുന്നതാണ്.
അതേറ്റവും നന്നായി മനസ്സിലാക്കുന്നതും ഇസ്രായേലാണ്. സെലന്‍സ്കിക്ക് പറ്റിയ പിഴവ് എന്താണെന്ന് ദ ജറൂസലം പോസ്റ്റ് പത്രം വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്: ധാര്‍മികവും ആശയപരവുമായ നിലപാടാണ് ചര്‍ച്ചയില്‍ സെലന്‍സ്കി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ട്രംപിന് ആ ഭാഷ മനസ്സിലാവില്ല. അദ്ദേഹത്തോട് കച്ചവടത്തിന്റെ ഭാഷയില്‍ സംസാരിക്കണം. അവിടെ സഖ്യവും സ്നേഹവുമില്ല. താല്പര്യങ്ങള് മാത്രമേയുള്ളൂ. ജനാധിപത്യത്തെയും ധാര്മികതയെയുമൊക്കെക്കുറിച്ച വാഗ്ധോരണികള്ക്കുപകരം സെലന്‍സ്കി സംസാരിക്കേണ്ടിയിരുന്നത് യുക്രെയ്നെ സഹായിക്കുന്നതിലൂടെ അമേരിക്കക്കുണ്ടാവുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചായിരുന്നു. യുക്രെയ്ന്റെ പ്രകൃതിവിഭവങ്ങളില്‍ നിന്ന് റഷ്യക്കും ചൈനക്കും ലഭിക്കുന്നതിനേക്കാള്‍ വലിയ ലാഭം അമേരിക്കക്ക് നേടാം എന്ന കച്ചവടഭാഷയായിരുന്നു ട്രംപിന് മനസ്സിലാവുക. ഇതില്‍നിന്ന് ഇസ്രായേല്‍ പാഠം പഠിക്കണം. യുദ്ധത്തിലുഴറുന്ന യുക്രെയ്നില്‍ നിന്നുപോലും ട്രംപ് ഭരണകൂടം തിരിച്ച് ലാഭം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, എല്ലായ്പ്പോഴും അമേരിക്ക തങ്ങളെ നിരുപാധികം സഹായിക്കുമെന്ന ധാരണ ഇസ്രായേല്‍ തിരുത്തണം-പത്രം ഓര്‍മിപ്പിച്ചു.
ഈ ധാരണ ഇസ്രായേലിനുണ്ട്. ഇസ്രായേലിനുള്ള അന്ധമായ പിന്തുണയാണ് അമേരിക്കന്‍ ജൂത ലോബിയെയും റിപ്പബ്ലിക്കന്‍ പാർട്ടിയെയും ഒരുമിപ്പിക്കുന്ന ഘടകം. ഇസ്രായേല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം വിദേശനയത്തിന്റെ പ്രശ്നമല്ല. ആഭ്യന്തര പ്രശ്നമാണ്. സെലന്‍സ്കിക്കെതിരായ അഭൂതപൂര്‍വമായ വൈറ്റ് ഹൗസ് ആക്രമണത്തെ റിപ്പബ്ലിക്കന്‍ അനുകൂലികള്‍ പൊതുവേ സ്വാഗതം ചെയ്യുകയാണുണ്ടായത്. നെതന്യാഹുവിനെതിരെയായിരുന്നു ആക്രമണമെങ്കില്‍ ട്രംപ് ആ കസേരയിലുണ്ടാവില്ല. അത്രയധികമുണ്ട് ജൂതലോബിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള സ്വാധീനം. അധികാരത്തില്‍നിന്ന് ഏതുനിമിഷവും തെറിക്കുമെന്നിരിക്കെ, സെലന്‍സ്കി തിരിച്ചറിയുന്നത് ആ യാഥാര്‍ഥ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.